ബിഅ്‌റു റൂമ: ഉസ്മാന്‍ (റ) വിന്റെ ജീവിക്കുന്ന വഖഫ്

പരിശുദ്ധ മദീനാ മുനവ്വറയില്‍ മസ്ജിദുന്നബവിയില്‍നിന്നും വടക്കു ഭാഗത്തേക്കിറങ്ങുമ്പോള്‍ നാം എത്തിച്ചേരുക കിംഗ് ഫൈസല്‍ സ്ട്രീറ്റിലേക്കാണ്. അതു മുറിച്ചുകടന്ന് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് പോകുമ്പോള്‍ അബൂബക്കര്‍ സ്വിദ്ദീഖ് സ്ട്രീറ്റിലെത്തും. പിന്നെ, നേരെ മുമ്പോട്ടു പോയി കിംഗ് അബ്ദുല്ല റോഡ് മുറിച്ചുകടന്നാല്‍ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെത്തും മുമ്പായി പ്രമുഖ മൊബൈല്‍ കമ്പനിയുടെ കാര്യാലയത്തിനടുത്തുനിന്ന് വലത്തോട്ടു തിരിഞ്ഞുകയറുന്നത് സാലിം ബിന്‍ ഔഫ് റോഡിലേക്കാണ്. ആ റോഡിലൂടെ നേരെ മുമ്പോട്ടു പോയാല്‍ നാം ഇരുമ്പ് ഗ്രില്ല് കൊണ്ട് ചുറ്റുവേലിയിട്ടിരിക്കുന്ന ഒരു തോട്ടത്തിനു മുമ്പിലെത്തും. ആ തോട്ടവും അതിനുള്ളിലെ കിണറും ഒരു വലിയ ചരിത്രത്തിന്റെ വികാരങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. കാരണം, ഈ തോട്ടമാണ് റാശിദികളിലെ മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ വീട് നിന്നിരുന്ന തോട്ടം. അതിനുള്ളിലുള്ള ചരിത്രക്കിണറാണ് ബിഅ്‌റു റൂമ. മദീനായിലെ പുരാതനമായ ഒരു നീര്‍ത്തടമായിരുന്നു ബിഅ്‌റു റൂമ. നബി തിരുമേനി(സ്വ) മദീനായിലെത്തുമ്പോള്‍ റൂമ എന്നു പേരായ ഒരു ജൂതന്റേതായിരുന്നു ഇീ കിണര്‍ എന്നു ചില ചരിത്രങ്ങളിലുണ്ട്.

എങ്കിലും ബനൂ മുസൈന വംശജനായ ഒരാളുടേതായിരുന്നു ഈ കിണറെന്ന് ഹദീസില്‍ സൂചനയുണ്ട്. ഈ കിണറിനെയും ജലത്തെയും പ്രകീര്‍ത്തിച്ചുകൊണ്ട് നബിതിരുമേനി(സ്വ) പറഞ്ഞത് മുസൈനിയുടെ കിണര്‍ എന്നാണ്. ഗിഫാര്‍ വംശജനായ റൂമ എന്നയാളുടെതായിരുന്നു കിണര്‍ എന്ന അഭിപ്രായവും പ്രബലമാണ്. ഇദ്ദേഹം പിന്നീട് മുസ്‌ലിമായതായും സ്വഹാബിമാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നതായും കാണാം. അവസാനത്തെ ഈ അഭിപ്രായത്തിനാണ് ചരിത്രപഠനങ്ങളില്‍ പ്രാമുഖ്യം. ഒരു കാര്‍ഷിക മേഖലയായിരുന്നെങ്കിലും മദീനായില്‍ അക്കാലത്ത് കടുത്ത ശുദ്ധജലക്ഷാമമുണ്ടായിരുന്നു. കുടിവെള്ളം വളരെ അപൂര്‍വം ചില കിണറുകളില്‍ മാത്രമേ ഉണ്ടായിരുന്നു. ഉള്ള കിണറുകളില്‍ തന്നെ സ്വാദിഷ്ടമായ വെള്ളമുണ്ടായിരുന്ന കിണറായിരുന്നു ബിഅ്‌റു റൂമ. നബി തിരുമേനി(സ്വ) പലപ്പോഴും ഈ കിണറില്‍നിന്ന് വെള്ളം കുടിക്കാറുണ്ടായിരുന്നു. കിട്ടാക്കനിയായിരുന്ന കുടിവെള്ളക്കാര്യത്തില്‍ ജനങ്ങളെ ആകെ വലച്ചിരുന്നത് റൂമയുടെ സമീപനമായിരുന്നു. അയാളുടെ കിണറിലെ വെള്ളം പണത്തിനു പകരമായി മാത്രമാണ് അയാള്‍ കൊടുത്തിരുന്നത്. അതും വലിയ വിലക്ക്. ഒരു തോല്‍പ്പാത്രം വെള്ളത്തിന് ഒരു മുദ്ദ് (ഏകദേശം 600 ഗ്രാം) ധാന്യം നല്‍കേണ്ടിയിരുന്നു. ഇതില്‍ ജനങ്ങള്‍ പൊറുതിമുട്ടി. നബിതിരുമേനി(സ്വ) അതറിഞ്ഞു. നബി(സ്വ) റൂമയെ വിളിച്ചുവരുത്തി. ''സ്വര്‍ഗത്തില്‍ ഒരു നീര്‍ത്തടത്തിനു പകരമായി അതു മുസ്‌ലിങ്ങള്‍ക്ക് സംഭാവന ചെയ്തുകൂടെ?'' എന്നു നബി(സ്വ) ആരാഞ്ഞു. റൂമ പറഞ്ഞു: ''എനിക്കും കുടുംബത്തിനും ഉപജീവനത്തിനായി ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല, ആയതിനാല്‍ അതു കഴിയില്ല.'' അയാള്‍ കൈ മലര്‍ത്തി. അയാളുടെ വാക്കുകളില്‍ ന്യായം പ്രകടമായിരുന്നതിനാല്‍ നബിതിരുമേനി(സ്വ) പിന്നെ നിര്‍ബന്ധിച്ചില്ല.

ഈ സംഭവം ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) അറിഞ്ഞു. അദ്ദേഹം റൂമയുടെ അടുത്തെത്തി കിണര്‍ വില്‍ക്കുമോ എന്ന് ചോദിച്ചു. ഉസ്മാന്‍ ബിന്‍ അഫ്ഫാനെ പോലൊരു ധനികന്‍ വില പറയുമ്പോള്‍ നല്ല വില കിട്ടും എന്നു തോന്നിയ റൂമയുടെ ഉള്ളുണര്‍ന്നു. തെല്ലു കൗശലക്കാരനായിരുന്ന റൂമ കിണറിന്റെ പകുതി വില്‍ക്കാമെന്നു പറഞ്ഞു; വിലയും പറഞ്ഞു. തര്‍ക്കിക്കാതെ ഉസ്മാന്‍(റ) അതു വാങ്ങി. മുപ്പത്തി അയ്യായിരം ദിര്‍ഹമായിരുന്നുവെന്നും ആദ്യ പകുതിയുടെ വില പന്ത്രണ്ടായിരവും രണ്ടാം പകുതിയുടേത് എണ്ണായിരവും കൂട്ടി ഇരുപതിനായിരമായിരുന്നു എന്നും വിലയെ പറ്റി അഭിപ്രായങ്ങളുണ്ട്. പകുതി എന്നാല്‍ ഒരു ദിവസം കിണര്‍ റൂമക്കും പിറ്റേന്ന് ഉസ്മാന്‍(റ)വിനും എന്നായിരുന്നു. ഉസ്മാന്‍(റ) നബി(സ്വ)യുടെ മുമ്പിലെത്തി. അദ്ദേഹം ചോദിച്ചു: ''ബിഅ്‌റു റൂമ ഞാന്‍ വാങ്ങിത്തന്നാല്‍ അങ്ങ് പറഞ്ഞ സ്വര്‍ഗത്തിലെ തണ്ണീര്‍തടം എനിക്ക് ലഭിക്കുമോ?'' നബി(സ്വ) പറഞ്ഞു: ''തീര്‍ച്ചയായും.'' അതോടെ അദ്ദേഹം താന്‍ റൂമയില്‍ നിന്നും കിണറിന്റെ പകുതി വാങ്ങിയിരിക്കുന്നുവെന്നും അതു മുസ്‌ലിങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് എന്നും പറഞ്ഞു. ഇതോടെ ജനങ്ങള്‍ക്ക് ആശ്വാസമായി. റൂമയാണ് ശരിക്കും നിരാശനായത്. കിണറിന്റെ പകുതി വിറ്റ് ജീവിക്കാമെന്ന് കരുതിയിരുന്ന റൂമയുടെ തന്ത്രം ഫലിച്ചില്ല. ഉസ്മാന്‍(റ)വിന്റെ ദിനത്തില്‍ വെള്ളം വെറുതെ തന്നെ കിട്ടുമ്പോള്‍ റൂമയുടെ കൈയ്യില്‍ നിന്ന് പണം കൊടുത്ത് വെള്ളം വാങ്ങാന്‍ ആരും വരുമായിരുന്നില്ല. അങ്ങനെ റൂമക്ക് തന്റെ അരക്കിണര്‍ വില്‍ക്കുവാനല്ലാതെ മറ്റൊന്നിനും പറ്റാതെവന്നു. വാങ്ങുവാനാണെങ്കിലോ വേരെയൊരാള്‍ വരാത്ത സാഹചര്യവും. അവസാനം ഉസ്മാന്‍(റ)വിനു തന്നെ രണ്ടാം പാതിയും നല്‍കുകയായിരുന്നു റൂമ.

ഈ കിണറിനടുത്തായി കിടക്കുന്ന തോട്ടവും തോട്ടത്തിന്റെ ആസ്ഥികളില്‍ പെട്ടതായിരുന്നു. ഇവിടെത്തന്നെ ഉസ്മാന്‍(റ) തന്റെ വീടും പണികഴിച്ചു. മദീനായിലെ ഏറ്റവും വലിയ വീടുകളിലൊന്നായിരുന്നു ഇത്. ഈ വീടിന്റെ പില്‍ക്കാലത്തെ അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴും കാണാം. നബി തിരുമേനി(സ്വ)യുടെ മകള്‍ ഉമ്മുകുസൂം(റ) ഈ വീട്ടിലായിരുന്നു ജീവിച്ചിരുന്നത്. ഉസ്മാന്‍(റ) ആദ്യം വിവാഹം ചെയ്ത നബിയുടെ രണ്ടാമത്തെ മകള്‍ റുഖിയ്യ(റ)യുടെ മരണത്തിനു ശേഷമായിരുന്നു അദ്ദേഹം ഇവരെ വിവാഹം ചെയ്തത്. മസ്ജിദുന്നബവിയില്‍ നിന്നും അഞ്ചു കിലോമീറ്ററും മസ്ജിദു ഖിബ്‌ലത്തൈനിയില്‍നിന്നും ഏകദേശം ഒരു കിലോമീറ്ററും ദൂരമുള്ള അഖീഖ് എന്ന താഴ്‌വരയിലാണ് ഈ കിണറും തോട്ടവും സ്ഥതിചെയ്യുന്നത്. ഇത് മസ്ജിദുന്നബവിയുടെ വഖ്ഫുകളില്‍ പെടുന്നതാണ്. ഇത് ആദ്യം ഒരു വെറും ജലസ്രോതസ്സായിരുന്നുവെന്നും ഉസ്മാന്‍(റ) അതു കുഴിച്ച് കിണറിന്റെ രീതിയിലാക്കുകയായിരുന്നുവെന്നുമാണ് ഇതു സംബന്ധിച്ച ഹദീസുകളില്‍നിന്ന് വ്യക്തമാകുന്നത്. മസ്ജിദുന്നബവിയുടെ ഭരണസംവിധാനം ഇപ്പോള്‍ ഈ സ്ഥലവും കിണറും കൃഷിവകുപ്പിനു പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. കൃഷി വകുപ്പിലെ ചില കാര്യാലയങ്ങള്‍, ചെടിത്തോട്ടം തുടങ്ങിയവയും ഒരു മൃഗാശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.

യമനിലെ ഹിംയര്‍ രാജാവായിരുന്ന തുബ്ബഅ് ജാഹിലിയ്യാ യുഗത്തില്‍ ഈ കിണറില്‍നിന്നു വെള്ളം കുടിച്ചിട്ടുണ്ടെന്ന് പല ചരിത്രങ്ങളിലുമുണ്ട്. അന്നത്തെ യസ്‌രിബ് കീഴടക്കുവാനുള്ള ഒരു സൈനിക നീക്കവുമായി വന്നതായിരുന്നു തുബ്ബഅ്. പില്‍ക്കാലത്ത് ഈ ചരിത്രക്കിണര്‍ ഏറെ അവഗണിക്കപ്പെട്ടുവെങ്കിലും അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഇതു പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്തുവരുന്നു. ആദ്യം ഇതിന്റെ പരിപാലനം ഗവണ്‍മെന്റ് പ്രാദേശികരായ ചില കര്‍ഷകരെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. പിന്നീടാണ് കൃഷിവകുപ്പിനു കൈമാറിയത്. കിണറില്‍ ഇപ്പോഴും വെള്ളമുണ്ട്. തോട്ടം കേന്ദ്രീകരിച്ചുകൊണ്ടുള്ള കൃഷികള്‍ക്ക് ഇതുപയോഗപ്പെടുത്തുന്നുണ്ട്. അടുത്ത കാലത്തായി പണികഴിപ്പിച്ച ഏതാനും കിണറുകളും ഈ തോട്ടത്തിലുണ്ട്. തോട്ടവും കിണറും നില്‍ക്കുന്ന സ്ഥലത്തിന്റെ മൊത്തം വ്യാസം ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പത്തിനാലായിരം ചതുരശ്ര മീറ്റര്‍ വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)വിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായാണ് ബിഅ്‌റു റൂമ രേഖപ്പെടുത്ത പ്പെട്ടിരിക്കുന്നത്. ഇന്നും നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരു വഖ്ഫ് കൂടിയാണ് ഈ കിണറെന്നു വരുമ്പോള്‍ ആ സംഭാവനയുടെ അര്‍ഥതലം വികസിക്കുന്നു.

അദ്ദേഹത്തെ വിശേഷിപ്പിക്കുന്നിടത്തെല്ലാം ഈ ധര്‍മമുണ്ട്. ഇതോടൊപ്പം അദ്ദേഹം അടയാളപ്പെടുത്തപ്പെട്ട ദാനമായിരുന്നു ഹിജ്‌റ ഒമ്പതാം വര്‍ഷം നടന്ന തബൂക്ക് യുദ്ധത്തിന് അദ്ദേഹം നല്‍കിയ സഹായം. ഹിജാസിന്റെ വടക്കേത്തലയില്‍ വളരെ ദൂരത്തുവച്ചു നടന്ന ഈ യുദ്ധത്തിനു പോകുവാന്‍ സാമ്പത്തികമായ വലിയ പ്രതിസന്ധി നേരിടുകയുണ്ടായി. കടുത്ത ചൂടും ദീര്‍ഘയാത്രയും അല്ലെങ്കില്‍തന്നെ വെല്ലുവിളിയുയര്‍ത്തുന്ന സമയമായിരുന്നു ഇത്. ഈ യുദ്ധത്തിലെ സൈന്യത്തിന്റെ ആകെ മൂന്നിലൊന്നും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു എന്നാണ് ചരിത്രം. ബിഅ്‌റു റൂമയുടെ കാര്യത്തില്‍ നബിതിരുമേനി(സ്വ) വാഗ്ദാനം ചെയ്തതുപോലെ ഈ യുദ്ധത്തിനു സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കും നബി(സ്വ) സ്വര്‍ഗത്തിലൊരു ഇരിപ്പിടം വാഗ്ദാനം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter