ഇസ്‍ലാമിക ചരിത്ര നഗരങ്ങള്‍: (5)  കൊര്‍ഡോബ: യൂറോപ്പിന്റെ ഗുരുനാഥന്‍

ആമുഖം

കോര്‍ഡോബയെ യൂറോപ്യന്മാര്‍ 'ലാ ഡോക്റ്റ'  എന്നാണ് വിളിച്ചിരുന്നത്, പഠിച്ചവന്‍, അഭ്യസ്തവിദ്യന്‍ എന്നെല്ലാമാണ് ആ വാക്കിനര്‍ത്ഥം. സ്പെയിന്‍ യൂറോപ്പിന് നല്കിയ സംഭാവനകളെ ആ പേര് തന്നെ ഉറക്കെ പറയുന്നുണ്ട്. ഇസ്‍ലാമിക പരമ്പരാഗത ജ്ഞാനങ്ങളെ യൂറോപ്യന്‍ വേരുകളുമായി സമന്വയിപ്പിച്ചത്, അന്‍ഡലൂസിയയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊര്‍ഡോബയായിരുന്നു. ആ നഗരത്തിന് സംഭവബഹുലമായ ചരിത്രമാണ് പറയാനുള്ളത്. വാസ്തുവിദ്യാ വിസ്മയങ്ങള്‍, അത്യുന്നതമായ സംസ്‌കാരം, അതിശയിപ്പിക്കുന്ന ശാസ്ത്ര-ബൗദ്ധിക നേട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് പേരുകേട്ട കൊര്‍ഡോബ മധ്യകാല സ്പെയിനിലെ മുസ്‍ലിം ഭരണകാലത്തെ നേട്ടങ്ങളുടെ മികച്ച തെളിവായി ഇന്നും നിലകൊള്ളുന്നു.  നഗരത്തിന്റെ കൗതുകകരമായ ചരിത്രം, മുസ്‍ലിം കുടിയേറ്റം, ജീവിത രീതികള്‍, ചരിത്ര പാരമ്പര്യങ്ങള്‍, കൊര്‍ഡോബ നഗരത്തെ രൂപപ്പെടുത്തിയ പ്രമുഖ മുസ്‍ലിം വ്യക്തികള്‍ തുടങ്ങിയവയാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. 

മുസ്‍ലിം കുടിയേറ്റങ്ങളുടെ ആവിര്‍ഭാവം


എഡി 711-ല്‍ താരിഖ് ഇബ്‌നു സിയാദിന്റെ നേതൃത്വത്തിലുള്ള അമവി സൈന്യം ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്നതോടെയാണ് ഐബീരിയന്‍ പെനിന്‍സുലയില്‍ ഇസ്‌ലാമെത്തുന്നത്. ഇതോടുകൂടെയാണ് കൊര്‍ഡോബയിലെ ഇസ്‍ലാമിക യുഗത്തിന് പ്രാരംഭം കുറിക്കുന്നതും. കോര്‍ഡോബ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അമവി എമിറേറ്റിന്റെ തലസ്ഥാനമായി മാറി. പത്താം നൂറ്റാണ്ടോടെ കോര്‍ഡോബ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന അമവി ഖിലാഫത്ത് എല്ലാ അര്‍ഥത്തിലും അതിന്റെ ഉന്നതിയിലെത്തിയിരുന്നു.

സാംസ്‌കാരിക കൈമാറ്റവും സഹവര്‍ത്തിത്വവും
വ്യാപാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമായി മുസ്‍ലിം കൊര്‍ഡോബ അറിയപ്പെട്ടു. ബൗദ്ധികമായ പുരോഗതിയും കലയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും വേണ്ടുവോളം അഭിവൃദ്ധി പ്രാപിച്ച കാലഘട്ടമായിരുന്നു ഒമ്പത്-പത്ത് നൂറ്റാണ്ടുകള്‍. മുസ്‍ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും ഉള്‍പ്പെടെ വിവിധ സമുദായങ്ങള്‍ ഐക്യത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുകയും നഗരത്തിന്റെ സാംസ്‌കാരിക മുന്നേറ്റങ്ങളില്‍ പങ്കാളികളാവുകയും ചെയ്തിരുന്നു. 

ഇസ്‍ലാമിക വാസ്തുവിദ്യ
കോര്‍ഡോബയുടെ മുസ്‍ലിം പൈതൃകത്തിന്റെ മകുടോദാഹരണമാണ് മെസ്‌ക്വിറ്റ ഓഫ് കൊര്‍ഡോബ എന്നറിയപ്പെടുന്ന ഗ്രേറ്റ് മോസ്‌ക്-കത്തീഡ്രല്‍. എട്ടാം നൂറ്റാണ്ടില്‍ (785എ.ഡി) സ്‌പെയിനിലെ ഇസ്‌ലാമിക് ഇമറാത്തിന് തുടക്കം കുറിച്ച അബ്ദുറഹാമാന്‍ ഒന്നാമനാണ് മസ്ജിദ് സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികളില്‍ പലരും പില്‍കാലത്ത് മസ്ജിദില്‍ പല കൂട്ടിച്ചേര്‍ക്കലുകളും നടത്തി. അബ്ദുറഹ്മാന്‍ മൂന്നാമന്‍ നിര്‍മിച്ച മിനാരവും അല്‍ ഹകം രണ്ടാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട മിഹ്‌റാബും ഇതില്‍ ശ്രദ്ധേയമാണ്. പിന്നീട് 1200 കളില്‍ ക്രിസ്ത്യന്‍ സേന കൊര്‍ഡോബ പിടിച്ചടക്കിയപ്പോള്‍ അത് കത്രീഡലാക്കി മാറ്റി. അതീവ സുന്ദരമായ ഈ നിര്‍മിതിയില്‍ ഇസ്‍ലാമിക-ക്രിസ്ത്യന്‍ വാസ്തുവിദ്യാ ശൈലികളെ ആകര്‍ഷകമായ രീതിയില്‍ കൂട്ടിയിണക്കിയിരിക്കുന്നതായി കാണാം. കുതിരപ്പടകള്‍ക്കായി ഭീമാകാരങ്ങളായ കമാനങ്ങളും അതിശയിപ്പിക്കുന്ന മൊസൈക്ക് ഡിസൈനുകളും ആകഷകമായ മിഹ്റാബുകളും ഇസ്‍ലാമിക ലോകത്തിന്റെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ തെളിവായി ഇന്നും മെസ്‌കിറ്റയിലും പരിസരിത്തും നിലകൊള്ളുന്നു.

കൊര്‍ഡോബയിലെ മുസ്‍ലിം ഭരണാധികാരികള്‍ പൂന്തോട്ടങ്ങളോടുള്ള ഇഷ്ടത്തിന് പേരുകേട്ടവരായിരുന്നു. പച്ചപ്പ് നിറഞ്ഞ ഇരിപ്പിടങ്ങളും നടുമുറ്റങ്ങളും അവര്‍ യഥേഷ്ടം നിര്‍മിച്ചു. ജലധാരകള്‍, സുഗന്ധം പരത്തുന്ന ചെടികള്‍, അതിസങ്കീര്‍ണ്ണമായ ഡിസൈനുകളില്‍ വിരിച്ച ടൈല്‍ വര്‍ക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മനോഹരമായ നടുമുറ്റങ്ങളാല്‍ അവര്‍ നഗരത്തെ അലങ്കരിച്ചിരുന്നു.

സാമൂഹിക ഘടനയും ദൈനംദിന ജീവിതവും
ധനാഢ്യരായ പ്രഭുക്കന്മാരും അതിനിപുണരായ കരകൗശല വിധഗ്ദരും ഉത്സാഹികളായ വ്യാപാരി വര്‍ഗ്ഗവും അടങ്ങിയ സാമൂഹിക ഘടനയാണ് മുസ്‍ലിം കൊര്‍ഡോബയിലുണ്ടായിരുന്നത്. പൊതു ശൗച്യാലയങ്ങള്‍, ലൈബ്രറികള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ തുടങ്ങി നഗരവാസികള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ആസ്വദിക്കാന്‍ വേണ്ടതെല്ലാം കൊര്‍ഡോബ ഒരുക്കി വെച്ചിരുന്നു. കൊര്‍ഡോബ സര്‍വകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗരത്തിലെ ബൗദ്ധിക അന്വേഷണങ്ങളെ സജീവമാക്കുകയും ജ്ഞാനോല്‍സുകരെ നഗരത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. 

മുസ്‌ലിം ഖിലാഫത്തിന് കീഴില്‍ മതസഹിഷ്ണുതയുടെ ഉത്തമ മാതൃകയായിരുന്നു കൊര്‍ഡോബ. ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‍ലിംകളും അടങ്ങിയ വൈവിധ്യങ്ങളായ മത സമൂഹങ്ങള്‍ തങ്ങളുടെ മതസ്വാതന്ത്ര്യം ആസ്വദിച്ചു ജീവിച്ചു. സമ്പന്നമായ ഒരു സാംസ്‌കാരിക അടിത്തറ ഈ സമൂഹങ്ങള്‍ നഗരത്തിന് സംഭാവന നല്‍കി. പ്രഗത്ഭരായ പണ്ഡിതന്മാരുടെയും തത്ത്വചിന്തകരുടെയും സാന്നിധ്യത്താല്‍ സമ്പന്നമായിരുന്ന കൊര്‍ഡോബ ബൗദ്ധിക വ്യവഹാരങ്ങളില്‍ ലോകത്തിലെ മറ്റേത് നഗരങ്ങളേക്കാളും മുന്നിട്ടു നിന്നു.

ശാസ്ത്രീയവും ബൗദ്ധികവുമായ മുന്നേറ്റങ്ങള്‍
ബൗദ്ധിക നേട്ടങ്ങളുടെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സുവര്‍ണ്ണ കാലഘട്ടമായിരുന്നു മുസ്‍ലിം കോര്‍ഡോബയുടെ നാളുകള്‍. ഇബ്നു റുഷ്ദ് (അവെറോസ്), ഇബ്നു സീന (അവിസെന്ന), അല്‍-സഹ്റാവി (അല്‍ബുക്കാസിസ്) തുടങ്ങിയ പണ്ഡിതന്മാര്‍ വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, തത്ത്വചിന്ത, ജ്യോതിശാസ്ത്രം എന്നിവയില്‍ സുപ്രധാനമായ സംഭാവനകള്‍ നല്‍കി. അല്‍-ഹകം രണ്ടാമന്റെ പ്രശസ്തമായ ലൈബ്രറി ഉള്‍പ്പെടെയുള്ള കോര്‍ഡോബയിലെ ലൈബ്രറികളില്‍ കൈയെഴുത്തുപ്രതികളുടെ വലിയ ശേഖരങ്ങള്‍ നിറഞ്ഞിരുന്നു. കൂടാതെ പുരാതനമായ അറിവുകള്‍ സംരക്ഷിക്കുന്നതിലും ഇതരഭാഷാ കൃതികള്‍ വിവര്‍ത്തനം ചെയ്യുന്നതിലും കൊര്‍ഡോബയിലെ പണ്ഡിതന്മാര്‍ പരസ്പരം മത്സരിച്ചു. 

കലയും സാഹിത്യവും
നഗരത്തിന്റെ സാംസ്‌കാരിക സ്വാധീനം കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിലേക്ക് കൂടി വ്യാപിക്കുന്നതാണ്. കൊര്‍ഡോബയിലെ കവികളായ ഇബ്നു ഹസ്മും വല്ലദ ബിന്‍ത് അല്‍-മുസ്തഖ്ഫിയും പ്രണയം, പ്രകൃതി, ആത്മീയത തുടങ്ങി മനോഹരമായ പ്രമേയങ്ങള്‍ ആധാരമാക്കി വാക്കുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. അറബിക് കാലിഗ്രാഫി, സങ്കീര്‍ണ്ണമായ സെറാമിക്‌സ് പാറ്റേണുകള്‍, മികച്ച തുണിത്തരങ്ങള്‍ എന്നിവ യൂറോപ്യന്‍ സൗന്ദര്യശാസ്ത്രത്തെ വരെ സ്വാധീനിച്ച കൊര്‍ഡോബന്‍ കലാരൂപങ്ങളാണ്.

പ്രമുഖ മുസ്‍ലിം വ്യക്തിത്വങ്ങള്‍

അബ്ദുറഹ്മാന്‍ ഒന്നാമന്‍ 
മുസ്‍ലിം കോര്‍ഡോബയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന അബ്ദുറഹ്മാന്‍ ഒന്നാമന്‍ അമവി എമിറേറ്റ് സ്ഥാപിക്കുകയും പ്രശസ്തമായ രണ്ടാം അമവി ഖിലാഫത്തിന് അടിത്തറ പാകുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വവും കാഴ്ചപ്പാടും നഗരത്തിന്റെ സാംസ്‌കാരിക, വാസ്തുവിദ്യാ പരികല്‍പനകള്‍ക്ക് നവോന്മേഷം നല്‍കാന്‍ സഹായിച്ചു. 

അല്‍-സഹ്റാബി (അല്‍ബുഖാസിസ്)
മുന്‍നിര ഭിഷഗ്വരനും സര്‍ജനുമായ അല്‍-സഹ്റാബി വൈദ്യശാസ്ത്രരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ 'അല്‍-തസ്രിഫ്' ഒരു മെഡിക്കല്‍ എന്‍സൈക്ലോപീഡിയയായി കണക്കാക്കപ്പെടുന്നു. നൂറ്റാണ്ടുകളായി ഇസ്‍ലാമിക ലോകത്തെയും യൂറോപ്പിലെയും വൈദ്യശാസ്ത്രത്തെ സ്വാധീനിച്ച പുസ്തകമാണിത്. 

ഇബ്‌നു റുഷ്ദ് (അവറോസ്)
വിഖ്യാത തത്ത്വചിന്തകനും നിയമജ്ഞനുമായ അദ്ദേഹം അരിസ്റ്റോട്ടിലിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങളിലൂടെ ക്ലാസിക്കല്‍ ഗ്രീക്ക് തത്ത്വചിന്തയെ പാശ്ചാത്യ ലോകത്തിന് പുനരവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. നവോത്ഥാന കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ യൂറോപ്യന്‍ ചിന്തകരില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയുണ്ടായി.

 

ഉപസംഹാരം
സ്‌പെയിനിന്റെയും യൂറോപ്പിന്റെയൊട്ടാകെയും വൈജ്ഞാനിക വിപ്ലവത്തില്‍ മുസ്‍ലിം നാഗരികതയുടെ അഗാധമായ സ്വാധീനത്തിന്റെ തെളിവായി കോര്‍ഡോബ തലയെടുപ്പോടെ നിലകൊള്ളുന്നു. കഴിഞ്ഞ കാലങ്ങളിലെ മുസ്‍ലിം ഭരണകാലത്തെ സംഭാവനകളുടെ ഓര്‍മ്മപ്പെടുത്തലായി പലതായ നിര്‍മിതികള്‍ ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ പ്രചോദിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സൗധങ്ങള്‍ സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെയും ബൗദ്ധിക വൈഭവത്തിന്റെയും മഹത്വപൂര്‍ണമായ കലാപരതയുടെയും കൊഴിഞ്ഞുപോയ കാലത്തെ കുറിച്ച് മുസ്‌ലിം യുവതക്ക് ഉള്‍കാഴ്ച പ്രദാനം ചെയ്യുകയും അവര്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവയെല്ലാം ഉള്‍ക്കൊണ്ട് നഷ്ടപ്രതാപം തിരിച്ച് പിടിക്കാന്‍ സമുദായത്തിന് സാധ്യമാവട്ടെ എന്ന് ആശംസിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter