ഇസ്‌ലാമിക ചരിത്ര നഗരങ്ങള്‍ -4  ടിംബക്റ്റു: മരുഭൂമിയിലെ മരതകമുത്ത്

പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സ്ഥിതി ചെയ്യുന്ന ടിംബക്റ്റു, സമ്പന്നമായ ചരിത്രവും സാംസ്‌കാരിക പൈതൃകവുമുള്ള പുരാതന നഗരമാണ്. നൂറ്റാണ്ടുകളായി വ്യാപാര വ്യവഹാരങ്ങളുടെയും ഇസ്‌ലാമിക സ്‌കോളര്‍ഷിപ്പിന്റെയും സുപ്രധാന കേന്ദ്രം കൂടിയാണ് അത്. ടിംബക്റ്റുവിന്റെ പഴയകാല ചരിത്രവും അതിന്റെ തനതായ സംസ്‌ക്കാരവും പാരമ്പര്യങ്ങളും മുസ്‍ലിം ചരിത്ര പൈതൃകവും ആ പ്രദേശത്തിന്റെ സാമൂഹികാവസ്ഥയും പരിശോധിക്കാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. ടിംബക്റ്റുവുമായി ബന്ധപ്പെട്ട ചില പ്രശസ്ത പണ്ഡിതന്മാരെ കുറിച്ചും ചുരുക്കി വിവരിക്കാം. 

നഗരത്തിന്റെ ചരിത്രം

പുരാതന കാലം മുതലേ അതിശയകരമായ ചരിത്രം പേറുന്ന മണ്ണാണ് ടിംബക്റ്റുവിന്റേത്. അഞ്ചാം നൂറ്റാണ്ടില്‍ സോണിങ്ക് ജനതയാണ് നഗരം സ്ഥാപിക്കുന്നത്. സഹാറ മരുഭൂമിയുടെ തെക്കേ അറ്റത്തുള്ള തന്ത്രപ്രധാനമായ പ്രദേശമായത് കൊണ്ടുതന്നെ അതിവേഗം ഒരു പ്രധാന വ്യാപാര കേന്ദ്രമായി ടിംബക്റ്റു മാറി. നൈജര്‍ നദിയുടെ തീരത്തുള്ള നഗരത്തിന്റെ സ്ഥാനം, വടക്കേ ആഫ്രിക്കയെ പശ്ചിമാഫ്രിക്കയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രാന്‍സ്-സഹാറന്‍ വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി ടിംബക്റ്റുവിനെ മാറ്റി. മധ്യകാലഘട്ടത്തില്‍, വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും ഇസ്‍ലാമിക പഠനത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ ടിംബക്റ്റു അതിന്റെ ഉന്നതിയിലെത്തി. സ്വര്‍ണ്ണം, ഉപ്പ്, ആനക്കൊമ്പ്, മറ്റ് ചരക്കുകള്‍ എന്നിവയുടെ വ്യാപാരം നടക്കുന്ന സമ്പന്നമായ വിപണികള്‍ക്ക് നഗരം പ്രശസ്തമായി. വ്യാപാരത്തില്‍ നിന്നുള്ള സമ്പത്ത് ടിംബക്റ്റുവിനെ ബൗദ്ധികവും സാംസ്‌കാരികവുമായ കൈമാറ്റത്തിന്റെ കേന്ദ്രമായി വികസിക്കാന്‍ സഹായിച്ചു.

സംസ്‌കാരവും പാരമ്പര്യവും

നൂറ്റാണ്ടുകളായി പരിണമിച്ചുവന്ന വിവിധ സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കേന്ദ്രമാണ് ടിംബക്റ്റു. ആഫ്രിക്കന്‍, അറബ്, ബെര്‍ബര്‍ സംസ്‌കാരങ്ങളുടെ സങ്കലനം നഗരത്തിന്റെ സാംസ്‌കാരിക ഘടനയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നതായി കാണാം. മാന്‍ഡിങ്ക, സോന്‍ഹായ്, ഫുലാനി എന്നീ വംശീയ വിഭാഗങ്ങളാണ് പ്രദേശത്തെ പ്രമുഖര്‍. ഇവരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ടിംബക്റ്റുവിന്റെ വീഥികളെ സുരഭിതമാക്കുന്നു. 

Read More : ആഫ്രിക്കയിലെ ഇസ്‌ലാം

ടിംബക്റ്റുവിന്റെ ശ്രദ്ധേയമായ സാംസ്‌കാരിക സമ്പ്രദായങ്ങളിലൊന്ന് ഗ്രിയോട്ട് പാരമ്പര്യമാണ്. പരമ്പരാഗത പശ്ചിമാഫ്രിക്കന്‍ കഥാകൃത്തുക്കളും സംഗീതജ്ഞരുമാണ് ഗ്രിയോട്ടുകള്‍. അവരുടെ വാഗ്ചരിതങ്ങള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ ഗ്രയോട്ടുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവരുടെ അറിവിനും വൈദഗ്ധ്യത്തിനും മാലിക്കാര്‍ക്കിടയില്‍ വലിയ ബഹുമാനവുമുണ്ട്. ടിംബക്റ്റുവിന്റെ പരമ്പരാഗത സംഗീതവും നൃത്തവും അതിന്റെ സംസ്‌കാരത്തിന്റെ മറ്റൊരു ശ്രദ്ധേയമായ വശമാണ്. പരമ്പരാഗത പശ്ചിമാഫ്രിക്കന്‍ ഉപകരണങ്ങളായ കോറ, ബാലഫോണ്‍ എന്നിവ ആഘോഷങ്ങളിലും സാംസ്‌കാരിക പരിപാടികളിലും വായിക്കപ്പെടുന്നു. ഫെസ്റ്റിവല്‍ ഇന്‍ ദി ഡെസേര്‍ട്ട്, ബമാകോ ബിനാലെ (Bamako Biennale) തുടങ്ങിയ പരിപാടികള്‍ നഗരത്തിന്റെ സമ്പന്നമായ സംഗീത പൈതൃകവും കലാഭിമുഖ്യവും വിളിച്ചോതുന്നതാണ്. ലോകമെമ്പാടുമുള്ള  സംഗീതജ്ഞരും കലാകാരന്മാരും ഇത്തരം പരിപാടികളില്‍ സംബന്ധിക്കാന്‍ മാലിയിലെത്താറുണ്ട്. 

മുസ്‍ലിം ചരിത്ര പാരമ്പര്യം

11-ാം നൂറ്റാണ്ടില്‍ മുസ്‍ലിം ബെര്‍ബര്‍ രാജവംശമായ അല്‍മുറാവിദുകള്‍ പ്രദേശത്ത് തങ്ങളുടെ ഭരണം സ്ഥാപിച്ചതു മുതലാണ് ടിംബക്റ്റുവില്‍ ഇസ്‍ലാമിക പൈതൃകമാരംഭിക്കുന്നത്. അല്‍മുറാവിദുകള്‍ ഇസ്‍ലാമിനെ പരിചയപ്പെടുത്തുകയും ഇസ്‍ലാമിക പഠനത്തിനും ഗവേഷണത്തിനും പേരുകേട്ട കേന്ദ്രമാക്കി നഗരത്തെ മാറ്റുകയും ചെയ്തു. സങ്കോര്‍ മദ്രസ എന്നറിയപ്പെടുന്ന സങ്കോര്‍ യൂണിവേഴ്‌സിറ്റി ടിംബക്റ്റുവിന്റെ ഇസ്‍ലാമിക ചരിത്രത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാലി രാജഭരണ കാലത്ത് സുല്‍ത്താന്‍ മന്‍സ മൂസയാണ് (1327) മദ്രസയും അതിനോടനുബന്ധിച്ച് പള്ളിയും സ്ഥാപിക്കുന്നത്. 14-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മദ്രസ ഇസ്‍ലാമിക പഠനത്തിന്റെ പ്രമുഖ കേന്ദ്രമായി മാറുകയും ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള പണ്ഡിതന്മാരെ വരെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ഇസ്‍ലാമിക വിജ്ഞാന ശേഖരങ്ങളിലൊന്നായ സങ്കോര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ആയിരക്കണക്കിന് അമൂല്യമായ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിക്കപ്പെട്ടിരുന്നതായി കാണാം.

സാമൂഹിക പദവി
പശ്ചിമാഫ്രിക്കയിലെ പല പ്രദേശങ്ങളെയും പോലെ, ടിംബക്റ്റുവും വിവിധ സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയുടെ ലഭ്യതക്കുറവ്, പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഈ മേഖലയെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളാണ്. എന്നിരുന്നാലും, പ്രാദേശിക സംരംഭങ്ങള്‍, അന്താരാഷ്ട്ര സഹായം, സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിവധ പരിപാടികള്‍ എന്നിവയിലൂടെ ഈ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. 1990-ല്‍ സ്ഥാപിതമായ ടിംബക്തു കളക്ടീവ് പോലുള്ള സംഘടനകള്‍ പ്രാദേശിക ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി അക്ഷീണം പ്രവര്‍ത്തത്തിക്കുന്നു. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം എന്നിവയില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രദേശത്തിന്റെ സാമൂഹികവാസ്ഥകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടാതെ, അന്താരാഷ്ട്ര പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ടിംബക്റ്റുവിലെ ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കുന്നതിനും പ്രവര്‍ത്തിച്ച് വരുന്നു. 

Read More: മുസ്‌ലിം ചരിത്ര നഗരങ്ങള്‍ (3) ഖൈറുവാന്‍: ചരിത്രവും സാംസ്‌കാരവും

പ്രശസ്ത പണ്ഡിതര്‍

ചരിത്രത്തിലുടനീളം പ്രശസ്തരായ പണ്ഡിതന്മാരുടെ കേന്ദ്രം കൂടിയായിരുന്നു ടിംബക്റ്റു. ഇസ്‍ലാമിക പഠനങ്ങള്‍, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങി വിവിധ വൈജ്ഞാനിക മേഖലകളില്‍ ഈ പണ്ഡിതന്മാര്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ടിംബക്റ്റുവുമായി ബന്ധപ്പെട്ട ചില പ്രമുഖ പണ്ഡിതന്മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. അഹമ്മദ് ബാബ (1556-1627):
 ടിംബക്ടുവിന്റെ ഗോള്‍ഡന്‍ പിരീഡില്‍ ജനിച്ച ഇദ്ദേഹം ഇസ്‍ലാമിക നിയമശാസ്ത്രത്തിലും ചരിത്രത്തിലുമുള്ള വൈദഗ്ധ്യത്തിന് പ്രശസ്തനാണ്. അഹമ്മദ് ബാബയുടെ പ്രസിദ്ധമായ എന്‍സൈക്ലോപീഡിയ 'ദി ലൈറ്റ് ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്' 'നൈലുല്‍ ഇബ്തിഹാജ് ബി തഥ്‌രീസി ദീബാജ്' (Nayl al-ibtihaj bi-tariz al-Dibaj) ഉള്‍പ്പെടെയുള്ള കൃതികള്‍ ഇസ്‍ലാമിക പഠന-ഗവേഷണങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതാണ്. മൊറോക്കന്‍ അധിനിവേശത്തെ ശക്തമായി ചെറുത്തിരുന്ന ഇദ്ദേഹം എത്‌നിസിറ്റിയേക്കാള്‍ വിജ്ഞാനത്തിന് സ്ഥാനം നല്‍കണമെന്ന് വാദിക്കുകയും അടിമ വ്യപാരത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.  

2. അഹ്മദ് അല്‍-തിംബക്തി (1737-1816)
ആദരണീയനായ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് അല്‍-തിംബക്തി ഇസ്‍ലാമിക നിയമം, ദൈവശാസ്ത്രം, വ്യാകരണം എന്നിവയെക്കുറിച്ച് നിരവധി കൃതികള്‍ രചിച്ചു. അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകള്‍ ടിംബക്റ്റുവിന്റെ ബൗദ്ധിക പൈതൃകം സംരക്ഷിക്കാനും വികസിപ്പിക്കാനും ഏറെ സഹായിച്ചിട്ടുണ്ട്.

3. സെകു അമദു (1776-1844)

മത നേതാവും സൈനിക തന്ത്രജ്ഞനുമായ സെകു അമദു ടിസാനിയ സൂഫി ക്രമം സ്ഥാപിക്കുകയും കൊളോണിയല്‍ വിരുദ്ധ പ്രതിരോധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഫുലാനി ഗോത്രത്തില്‍ പെട്ട ഇദ്ദേഹമാണ് മസാനി ഭരണകൂടം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇസ്‍ലാമിക വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ആറായിരത്തോളം മദ്രസകള്‍ നിര്‍മിച്ച് പ്രദേശത്തിന്റെ സാംസ്‌കാരികവും മതപരവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

പശ്ചിമാഫ്രിക്കയുടെ സമ്പന്നമായ ചരിത്രത്തിന്റെയും സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകത്തിന്റെയും തെളിവാണ് ടിംബക്റ്റു. തിരക്കേറിയ ഒരു വ്യാപാര കേന്ദ്രമെന്ന നിലയില്‍ പുരാതന കാലം മുതല്‍ ഇസ്‍ലാമിക പഠനത്തിന്റെ മികച്ചൊരു കേന്ദ്രമാകുന്നതുവരെ, ഈ പ്രദേശത്തിന്റെ സമൂലമായ വികസനത്തില്‍ ടിംബക്റ്റു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നഗരം അഭിമുഖീകരിക്കുന്ന സാമൂഹിക വെല്ലുവിളികള്‍ക്കിടയിലും അതിന്റെ തനതായ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരുന്നു. ഗതകാലങ്ങളില്‍ പണ്ഡിതന്മാര്‍ നല്‍കിയ സംഭാവനകളിലൂടെയും അവിടുത്തെ ജനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും അറിവിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ ടിംബക്റ്റുവിന്റെ പാരമ്പര്യം എന്നും നിലനില്‍ക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter