അൽഹംറാ: മുസ്‍ലിം സ്പെയിനിന്റെ രാജകിരീടം
അൽസാബികാ കുന്നിന്റെ മുകളിൽ തലയെടുപ്പോടെ നില്‍ക്കുന്ന ചുവപ്പുരാശിയിൽ തീർത്തൊരു മനോഹര സൗധം, അൽഹംറാ പാലസിനെ ഒറ്റവാക്കില്‍ ഇങ്ങനെ പരിചയപ്പെടുത്താം.
ആദ്യമൊരു സൈനിക ക്യാമ്പായിരുന്ന ആ മന്ദിരം പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നസ്രിദ് രാജവംശത്തിന്റെ ഭരണത്തിന് കീഴില്‍ വരുന്നതോടെയാണ് അതിന്റെ ചരിത്രം മാറുന്നത്. അൽഹമർ എന്ന പേരിൽ വിശ്രുതനായ പ്രഥമ രാജാവ് മുഹമ്മദ് ബിൻ യൂസഫ് ബിൻനസ്ർ ആ മന്ദിരത്തെ തന്റെ കൊട്ടാരമായി പണിതതോടെ, അത് പിന്നീടങ്ങോട്ട് വര്‍ഷങ്ങളോളം രാജകീയവസതിയും രാജസദസ്സുമായി വളരുകയായിരുന്നു.
പിന്നീടങ്ങോട്ട് കൂറ്റൻമതിൽകെട്ടുകളും പ്രതിരോധഗോപുരങ്ങളും കൊണ്ട് കവചം തീർത്ത ആ കൊട്ടാരം പ്രധാനമായും രണ്ട് തന്ത്രപ്രധാന മേഖലകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഒന്ന് അൽക്കസബയിലെ സൈനികത്താവളവും രണ്ടാമത്തേത് രാജകുടുംബങ്ങളുടെയും പ്രഭുകുമാരന്മാരുടെയും മണിമാളികകളും കൊട്ടാരങ്ങളും സാധാരണക്കാരായ പ്രജകളുടെ വീടുകളുമടങ്ങിയ പട്ടണവുമായിരുന്നു.
പിന്നീട് മുഹമ്മദ് പന്ത്രണ്ടാമന്റെ കീഴടങ്ങലോടെ ക്രിസ്ത്യൻപോരാളികൾ സ്പെയിൻ തിരിച്ചുപിടിച്ചപ്പോൾ കാർലോസ് അഞ്ചാമൻ രാജാവും തന്റെ കൊട്ടാരം പണിതത് ഈ പട്ടണത്തിലായിരുന്നു.
സൂര്യകിരണങ്ങളേൽക്കുമ്പോൾ ചുവപ്പ്‌നിറം പടരുന്ന ഗോപുരങ്ങളും സാബികാ കുന്നിനെ വലയം ചെയ്യുന്ന വന്മതിലുകളുമായിരിക്കാം ചുവപ്പ് കോട്ട എന്നർത്ഥമുള്ള ഖൽഅതുൽ ഹംറാ എന്ന പേര് ഈ സൗധത്തിന് നേടിക്കൊടുക്കാൻ കാരണം. ഒമ്പതാം നൂറ്റാണ്ടിൽ തന്നെ കോട്ടമതിലുകൾ നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിലും പതിമൂന്നാം നൂറ്റാണ്ട് വരെ അവിടെ രാജാക്കന്മാർ വസിച്ചതായി തെളിവുകളില്ല. ഗ്രാനഡ ഭരിച്ച ആദ്യ രാജവംശമായ സീരികൾ അൽബയാസീൻ കുന്നുകളിലും മറ്റും തങ്ങളുടെ കൊട്ടാരങ്ങളും മാളികകളും പണിതിരുന്നെങ്കിലും ഇന്നതൊന്നും അവിടെ അവശേഷിക്കുന്നില്ല. 1238 മുതൽ ഗ്രാനഡ വാണ ഏകാധിപതികളായ സീരികൾ തന്നെയായിരിക്കാം അൽഹംറായും പണിതതെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു.
മുമ്പ് സൂചിപ്പിക്കപ്പെട്ടത് പോലെ, നസ്രിദ് രാജവംശം അധികാരം സ്ഥാപിച്ചതോടെ പ്രഥമഭരണാധികാരി മുഹമ്മദ് അൽഅഹ്‌മർ പഴയ കോട്ട പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അദ്ദേഹത്തിന്റെ മകനായ മുഹമ്മദ് രണ്ടാമന്റെ കാലത്ത് തന്നെ ഇതിന്റെ നിർമാണം പൂർത്തിയായെങ്കിലും അവരുടെ ശേഷം വന്ന ഭരണാധികാരികൾ ഈ നഗരത്തെ നിരന്തരം പരിഷ്കരിച്ചുകൊണ്ടേയിരുന്നു. ഇന്ന് കാസറിയൽ വിയേജ എന്ന പേരിൽ വിശ്യവിഖ്യാതമായ കൊട്ടാര സമുച്ചയങ്ങളുടെ നിർമാണം നടന്നത് പതിനാലാം നൂറ്റാണ്ടിലെ ഭരണാധികാരികളായ യൂസുഫ് ഒന്നാമന്റെയും മുഹമ്മദ് അഞ്ചാമന്റെയും ഭരണകാലത്തായിരുന്നു. യൂസുഫ് ഒന്നാമൻ പ്രസ്തുത കൊട്ടാരങ്ങളോടൊപ്പം കൊമാറസ് കൊട്ടാരവും നീതിയുടെ കവാടവും വലിയ കുളിപ്പുരകളും ചില ഗോപുരങ്ങളും കൂടി പണികഴിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ അധികാരത്തിലെത്തിയപ്പോൾ സിംഹങ്ങളുടെ ഹാൾ എന്ന് ഇന്നറിയപ്പെടുന്ന ഭാഗവും ചില മുറികളും മറ്റു അലങ്കാരങ്ങളും ചേർത്ത് കൊട്ടാരങ്ങളെ മനോഹരമാം വിധം വിപുലീകരിച്ചു. ഈ ചരിത്രവിസ്മയങ്ങളെയെല്ലാം വഹിച്ചുകൊണ്ട് അൽഹംറ ഇന്നും ഒരു സ്വപ്ന നഗരിയായി നിലകൊള്ളുന്നുണ്ട്.
ഇസ്‍ലാമിക വാസ്തുകലാചാതുരിയുടെ മകുടോദാഹരണമായാണ് ലോകം ഈ കൊട്ടാരത്തെ വിലയിരുത്തുന്നത്. മുസ്‍ലിം, ജൂത, ക്രൈസ്തവ കലകളാൽ അലംകൃതമായ ഇതിന്റെ ഉൾവശം അതിശയിപ്പിക്കുന്ന ജ്യാമിതീയരൂപങ്ങളാലും വിവിധ കൊത്തുവേലകളാലും ബഹുമുഖവർണ്ണങ്ങളാലും സമ്പന്നമാണ്. ഇസ്‍ലാമിക നിർമ്മാണകലയുടെ മൗലികവിസ്മയങ്ങളായ കുതിരലാടത്തിന്റെ ആകൃതിയിലുള്ള മൂറിഷ് കമാനങ്ങൾ, നിലവറകൾ, താഴികക്കുടങ്ങൾ, ജ്യാമിതീയ ഡിസൈനുകൾ എന്നിവയെല്ലാം നസ്രിദ് രാജവംശത്തിന്റെ പ്രൗഢി വിളിച്ചോതിക്കൊണ്ട് നിലകൊള്ളുന്നുണ്ട്. കൂടാതെ, ഖുർആനിക വചനങ്ങളും കാലിഗ്രഫിയും പതിച്ച സെറാമിക് മൊസയ്ക്കുകളും മരങ്ങളിൽ തീർത്ത കൊത്തുവേലകളും ഇവിടെ സുലഭമായി കാണാം. അൽഹംറയുടെ മറ്റൊരു സവിശേഷതയായി ലോകം വീക്ഷിക്കുന്നത് പ്രകൃതിയോടുള്ള അതിന്റെ ഇഴയടുപ്പമാണ്. ഉദ്യാനങ്ങളാലും ജലധാരകളാലും വലയം ചെയ്യപ്പെട്ട അൽഹംറയിലെ മുറികൾ കാറ്റും വെളിച്ചവും വേണ്ടത്ര ലഭിക്കുന്ന രൂപത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
1492ൽ ക്രിസ്ത്യൻ പോരാളികൾ പിടിച്ചടക്കിയ അൽഹംറാ, അതോടെ കത്തോലിക്കൻ ഏകാധിപതികളുടെ രാജകീയ വസതിയായി മാറിയെന്ന് നാം പറഞ്ഞല്ലോ. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലും മുഖ്യകൊട്ടാരപദവി അലങ്കരിച്ച അൽഹംറായുടെ പ്രാധ്യാന്യം മാഡ്രിഡിൽ പുതുതായി പണിതീർത്ത രാജകൊട്ടാരത്തിന്റെ വരവോടെ കുറഞ്ഞുവന്നു. 1808 മുതൽ 1814 വരെ നീണ്ടുനിന്ന അധിനിവേശ വിരുദ്ധ പോരാട്ടത്തിനിടെ ഫ്രഞ്ച് സേന അഴിച്ചുവിട്ട ആക്രമണത്തിൽ അൽഹംറയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചരിത്രമുറങ്ങിക്കിടക്കുന്ന അൽഹംറായെ നവീകരിക്കുകയും സ്പെയിനിലെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുകയും ചെയ്തു. 1984ൽ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ അൽഹംറ ഇടം പിടിച്ചതോടെ ഏഴുനൂറ്റാണ്ട് നീണ്ടു നിന്ന ഐതിഹാസിക മുസ്‍ലിം ഭരണത്തിന്റെ ചരിത്രാത്ഭുതങ്ങൾ ലോകജനത വിസ്മയത്തോടെ തിരിച്ചറിയാൻ തുടങ്ങുകയായിരുന്നു.
Leave A Comment