ഇറാൻ-അമേരിക്ക ബന്ധം വഷളാവുന്നത് യുദ്ധത്തിലേക്കോ?

വര്‍ഷങ്ങളായി പുകഞ്ഞ് കത്തിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ മേഘം ഉരുണ്ടു കൂടുകയാണ്. 2015 ല്‍ ഇറാനും അമേരിക്കയും മറ്റു 5 യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന് പിന്നാലെ മേഖല വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന. ഇറാന്‍റെ അതിര്‍ത്തികളില്‍ അമേരിക്ക വിമാന വാഹിനിക്കപ്പലുകള്‍ വിന്യസിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ ഇറാനെ ഞെട്ടിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങളും ബോംബര്‍ വിമാനങ്ങളും മേഖലയിലേക്ക് പറക്കാനിരിക്കുകയാണ്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് മുകളിലൂടെ വിമാനം പറത്തി ഇറാന്‍ കനത്ത മറുപടി നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ഡ്രോണുകളുടെ കണ്ണ് വെട്ടിച്ചുള്ള ഇറാന്‍റെ യുദ്ധവിമാനങ്ങളുടെ പറക്കല്‍ അമേരിക്കയെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. 

 

ഫുജൈറയില്‍ സൗദി എണ്ണക്കപ്പലിന് നേരെയും റിയാദില്‍ എണ്ണവിതരണ ശ്രംഖലക്ക് നേരെയും നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തെങ്കിലും പിന്നിൽ ഇറാനാണെന്ന് കരുതപ്പെടുന്നുണ്ട്.

   അതേ സമയം യുദ്ധത്തിൽ താൽപര്യമില്ലെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവായ ആയതുല്ല അലി ഖാംനഈ പറയുന്നത്. എന്നാൽ ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സമീപനമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്. തങ്ങൾക്കെതിരെ നീങ്ങിയാൽ ഇത് വരെ അനുഭവിക്കാത്ത അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നാണ് യു.എസ് പ്രസിഡന്റ് 

ഡൊണാൾഡ് ട്രംപ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ  താക്കീത് ചെയ്തത്.

 

 

അമേരിക്കൻ അനുകൂലിയായിരുന്ന  ഷാ പഹ് ലവിയെ 1979-ൽ  ആയത്തുള്ള ഖുമേനിയുടെ നേതൃത്വത്തിൽ   പുറത്താക്കിയാണ് ഇസ്ലാമിക വിപ്ലവം നടത്തുന്നത്. അന്ന് മുതൽ കടുത്ത അമേരിക്കൻ വിരുദ്ധ ചേരിയിലായിരുന്നു ഇറാൻ. അതേ സമയം ഇറാനെ പാഠം പഠിപ്പിക്കാനുള്ള വ്യഗ്രതയിലായിരുന്നു അമേരിക്ക.

 

 2002-ൽ ഇറാൻ ആണവായുധനിർമാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ രംഗത്ത് വരികയും  അതിനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു.  അന്താരാഷ്ട്ര ആണവ ഏജൻസിയെ

 ഉപയോഗിച്ചായിരുന്നു ശ്രമങ്ങൾ. ഇതിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും അമേരിക്കയോട് സഹകരിച്ചു. ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമായതിനാൽ. സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് അധികാരമുള്ളൂ എന്നതായിരുന്നു ആണവോർജ ഏജൻസിയെ മുന്നിൽ നിർത്തി കരുക്കൾ നീക്കാൻ യു.എസിനെ പ്രേരിപ്പിച്ചത്.

 

 ആണവ ഏജൻസി നടത്തിയ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെ അത്  ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയെ അറിയിക്കുകയും സമിതി ഇറാനെതിരായി പല ഉപരോധങ്ങൾ ഏർപ്പെടുത്താൻ തയ്യാറാവുകയും ചെയ്തു.

 

 ഇറാന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ എണ്ണവ്യാപാരത്തെ തടസ്സപ്പെടുത്തുകയായിരുന്നു. അതിനായി ഇറാനെതിരെ ഉപരോധം ശക്തിപ്പെടുത്തുകയും ഇന്ത്യയെപ്പോലെ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളോട് എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.  ഇറാനെതിരേയുള്ള ഉപരോധത്തിൽ ഇന്ത്യയും പങ്കെടുത്തു. മേഖലയിൽ യുദ്ധമൊഴിവാക്കാനായിരുന്നു ഇത്തരമൊരു നീക്കം.

എന്നാൽ 

  സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ്  ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തുടക്കം മുതൽ ശ്രമിച്ചത്.

തുടക്കത്തിൽ ഇറാൻ ഉപരോധത്തെ ചെറുത്തുനിന്നുവെങ്കിലും ഏറെക്കാലം മുന്നോട്ട് പോവാനായില്ല. അതോടെ  അതിജീവനത്തിനുവേണ്ടി ആണവപ്രവർത്തനങ്ങൾ കുറയ്ക്കാൻ തയ്യാറാവുകയും ചെയ്തു.അവസരം മുതലെടുത്ത് 

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനിയും ചേർന്നുണ്ടാക്കിയ ഒരു സഖ്യം ഇറാനുമായി ചർച്ചകൾ ആരംഭിച്ചു. 2015-ൽ വളരെ ദീർഘവും സങ്കീർണവുമായ ചർച്ചകൾക്കുശേഷം പ്രസിഡന്റ് ഒബാമയുടെ കാലത്ത്  രാജ്യങ്ങളും ഇറാനുമായി ഒരു കരാർ ഉണ്ടാക്കി. അതനുസരിച്ച് ആണവപ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ ഇറാൻ സമ്മതിക്കുകയും ലോകരാജ്യങ്ങൾ ഉപരോധം നിർത്തലാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. 

ആണവപ്രവർത്തനങ്ങളിൽനിന്ന് ഇറാനെ പൂർണ്ണമായും പിന്തിരിപ്പിക്കാൻ പ്രാപ്തമായിരുന്നില്ല കരാർ. എങ്കിലും 

ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് കുറെ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കുമെന്നതും അമേരിക്കൻ യുദ്ധ കാഹളം അവസാനിക്കുമെന്നതുമായിരുന്നു കരാർ കൊണ്ടുള്ള ഉപകാരം.

 ഇറാൻ മുഴുവനായി ആണവപരീക്ഷണങ്ങൾ നിർത്താൻ തയ്യാറല്ലാതിരുന്ന സാഹചര്യത്തിൽ യുദ്ധം ഒഴിവാക്കാനുള്ള മാർഗം ഇതുമാത്രമായിരുന്നു. കരാറ് കൊണ്ട് ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തി വെക്കാനാവില്ല എന്നറിയാമായിരുന്നിട്ടും  യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദംമൂലമാണ് കരാർ നിലവിൽവന്നത്.

 

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ആയപ്പോൾത്തന്നെ ഇറാൻ കരാറിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുന്ന തരത്തിലാണ് കരാർ തയ്യാറാക്കേണ്ടതെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നത്.

ട്രംപ് അധികാരത്തിൽ വന്നതോടെ

തന്റെ പഴയ ആവശ്യം മുന്നോട്ട് വെച്ചതോടെ പഴയ കരാർ പ്രതിസന്ധിയിലായി. 

തുടർന്ന്  കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ അമേരിക്ക തീരുമാനിക്കുകയും ചെയ്തു. ഇത്  ഇറാനു മാത്രമല്ല കരാറിൽ പങ്കെടുത്ത മറ്റു രാജ്യങ്ങൾക്കും സ്വീകാര്യമായിരുന്നില്ല. 

 

ഇതിനിടെ  ഇറാനെതിരെ പുതിയ ഉപരോധം അടിച്ചേൽപ്പിക്കുകയും   ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്ക് അമേരിക്കയോട് വ്യാപാരം നടത്താൻ കഴിയുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മറുപടിയായി കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ തീരുമാനിച്ചു.

 

ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷനറി ഗാർഡിനെ തീവ്രവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക യുദ്ധ കാഹളം മുഴക്കി. 

അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെയും പോർ വിമാനങ്ങളുടെയും സാന്നിധ്യം മേഖലയിൽ കടുത്ത അശാന്തി സൃഷ്ടിച്ചിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ യുദ്ധ സാഹചര്യം ഇല്ലാതാക്കാൻ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും യുദ്ധക്കൊതിയന്മാരായ  യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെയും ആഭ്യന്തര സുരക്ഷാ ഉപദേശകനായ ജോൺ ബോൾട്ടന്റെയും  ഇടപെടലുകൾ പശ്ചിമേഷ്യയെ ഇനിയും യുദ്ധക്കളമാക്കാൻ ശ്രമിക്കുകയാണ്. തകർന്ന് തരിപ്പണമായ ഇറാഖും അഫ്ഗാനിസ്ഥാനും സിറിയയും പോലെ മറ്റൊരു രാഷ്രം കൂടി പശ്ചിമേഷ്യയിൽ സൃഷ്ടിക്കപ്പെടും എന്നതല്ലാതെ മറ്റൊന്നും ഈ യുദ്ധം കൊണ്ട് സംഭവിക്കില്ല എന്നുറപ്പാണ്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ ഉപരോധം ബാധിക്കാതെ ഇൻസ്റ്റക്സ് എന്ന പേരിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഇറാനുമായി  പ്രത്യേക വ്യാപാര പദ്ധതിക്ക് രൂപം നൽകിയത് ഏറെ ആശാവഹമായ നീക്കമാണ്. ആ വഴിയിൽ യൂറോപ്യൻ രാജ്യങ്ങൾ മുന്നേറിയാൽ ആസന്നമായ ഒരു മഹാ യുദ്ധത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനാവും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter