മതേതര കാമ്പസുകളിലെ മുസ്‌ലിം വിവേചനം നേരിടുന്നതെന്തുകൊണ്ട്?
മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ മറ്റുള്ളവര്‍ക്കില്ലാത്ത ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഈ പ്രതിസന്ധികള്‍ പ്രധാനമായും അവരുടെ മതം, സംസ്‌കാരം, സ്വത്വം തുടങ്ങിയവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഈ പ്രതിസന്ധികളെ എത്രമാത്രം സാമാന്യവല്‍കരിക്കാനാവുമെന്നത് ഒരു പ്രശ്‌നമാണ്. കാരണം, മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേ രൂപമോ ഘടനയോ അല്ല ഉള്ളത്. മാത്രവുമല്ല, മതപരവും സാംസ്‌കാരികവുമായി നിലനില്‍ക്കുന്ന അന്തരീക്ഷവും ഒന്നല്ല. ആയതിനാല്‍, മതേതര കാമ്പസുകള്‍ എന്നത് ഒരൊറ്റ ഏകകമായി കാണാനാവില്ല. അതുപോലെ, മുസ്‌ലിം വിദ്യാര്‍ഥി എന്നതും വ്യത്യസ്ത തലങ്ങളില്‍ പരിഗണിക്കപ്പെടേണ്ട ഒന്നാണ്. അഥവാ, മതപരവും സാംസ്‌കാരികവും ചിന്താപരവുമായി നേടിയ വളര്‍ച്ചക്കനുസരിച്ച് നിര്‍ണയിക്കപ്പെടുന്നതാണ് ഇവിടെ ആലോചനക്കെടുക്കപ്പെടുന്ന പ്രതിസന്ധികള്‍.
കാമ്പസ് ജീവിതവും സ്വത്വപ്രതിസന്ധികളും
എല്ലാ കാമ്പസുകള്‍ക്കുമുണ്ട് ഒരു സാംസ്‌കാരികമായ തനിമ. അതാണ് മറ്റു കാമ്പസുകളില്‍ നിന്ന് അതിനെ വ്യതിരക്തമാക്കി നിര്‍ത്തുന്നത്. സ്ഥാപനങ്ങളുടെ വലുപ്പ-ചെറുപ്പങ്ങള്‍ക്കനുസരിച്ചും അവ എങ്ങനെ ഈ സാംസ്‌കാരിക തനിമ കൊണ്ടാടുന്നു എന്നതിനും അനുസരിച്ചിരിക്കും അതിന്റെ ദൃശ്യത. ഉദാഹരണത്തിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വ്യതിരക്തമാക്കുന്ന വളരെ പ്രകടമായ സാംസ്‌കാരിക പ്രതലങ്ങള്‍ ആര്‍ക്കും അനായാസം ചൂണ്ടിക്കാണിക്കാനാവുന്നതാണ്. അതുപോലെ കേരളത്തിലെ ഏതെങ്കിലും രണ്ടു യൂണിവേഴ്‌സിറ്റികളെടുത്താലും കൃത്യമായും ചില വ്യതിരക്തതകള്‍ വരച്ചു കാണിക്കാനാവും. കേവലം രാഷ്ട്രീയപരമായ ആഭിമുഖ്യത്തെ കുറിച്ചല്ല പറയുന്നത്. മറിച്ച്, അക്കാദമികവും ചിന്താപരവും അനുദിന ജീവിതശൈലിയുമായി ബന്ധപ്പെട്ടതുമായ ചില ക്രമങ്ങള്‍ ഓരോ കാമ്പസിലും നിലനില്‍ക്കുന്നുണ്ട്.
ഓരോ കാമ്പസിലും നിലനില്‍ക്കുന്ന ഇത്തരം ജീവിത താളങ്ങള്‍ സാമൂഹികമായി സൃഷ്ടിക്കപ്പെട്ടതും പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നവയുമാണ്. അഥവാ, കുറച്ചാളുകള്‍ കൂടിയിരുന്ന് ആലോചിച്ച് രൂപപ്പടുത്തിയ വ്യവസ്ഥയോ ക്രമങ്ങളോ അല്ല കാമ്പസ് ജീവിത ശൈലികളെ നിര്‍ണയിക്കുന്നതും നിലനിര്‍ത്തുന്നതും. മറിച്ച് വര്‍ഷങ്ങളിലൂടെ രൂപപ്പെട്ടു വന്നവയാണ്, ഓരോ കാമ്പസുകളിലും നിലനില്‍ക്കുന്ന പ്രത്യേകമായ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷം. എന്നാല്‍, ഒരിക്കലും അവ മാറ്റങ്ങള്‍ക്ക് വിധേയമല്ല എന്ന് ഇതിനര്‍ഥമില്ല. ഏതൊരു സാമൂഹിക സാഹചര്യവും പോലെ ബോധപൂര്‍വമായ ഇടപെടലുകളോലോ ബാഹ്യമായ സ്വാധീനങ്ങളാലോ ഇവയിലും മാറ്റങ്ങള്‍ വന്നുചേരാവുന്നതേയുള്ളൂവെങ്കിലും അങ്ങനെ സംഭവിക്കുന്നതിനും ചില പരിമിതികളും പരിധികളുമുണ്ട്.
കാമ്പസുകളിലെത്തുന്ന ഓരോ വ്യക്തിയും സ്വാഭാവികമായും അവിടെ നിലനില്‍ക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ ജീവിതക്രമങ്ങളുമായി താദാത്മ്യം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവനാണ്. താരതമ്യേന വശ്യവും ആകര്‍ഷകവുമായ കാമ്പസ് ജീവിത ശൈലികളില്‍ നിന്ന് വേറിട്ടു നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല. അഥവാ, നിലനില്‍ക്കുന്ന ജീവിത താളങ്ങളുമായി വലയം പ്രാപിക്കാതിരുന്നാലുള്ള സാമൂഹിക അസ്പൃശ്യതകളും മറ്റും മുന്നില്‍ കണ്ട് അതിന് തുനിയുന്നത് ഏറെ ശ്രമകരവുമാണ്. ഇവിടെയാണ് ഒരു മുസ്‌ലിം വിദ്യാര്‍ഥി അനുഭവിക്കുന്ന പ്രതിസന്ധികള്‍ തുടങ്ങുന്നത്.
കാമ്പസില്‍ നിലനില്‍ക്കുന്ന സാമൂഹിക സാംസ്‌കാരിക ജീവിത ശൈലികള്‍ തന്റെ സാംസ്‌കാരിക ബോധവുമായി പൊരുത്തപ്പെടാതിരിക്കുകയും അഥവാ, ഇസ്‌ലാമികമായി അംഗീകരിക്കാനാവാതെ വരികയും എന്നാല്‍ അവയുമായി താദാത്മ്യം പ്രാപിക്കാനുണ്ടാവുന്ന നിലനില്‍ക്കുന്ന സാമൂഹികസമ്മര്‍ദ്ദങ്ങളുമാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഏറ്റവും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടത്. ഈ ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ ഒരാളുടെ മുന്നിലുള്ള സാധ്യതകളെ വേണമെങ്കില്‍ ഇങ്ങനെ തരം തിരിക്കാം.
ഒന്ന്: സ്വന്തം സാംസ്‌കാരിക ബോധം മാറ്റി നിര്‍ത്തി പുതിയ ജീവിത ശൈലികളുമായി പൂര്‍ണമായും പൊരുത്തപ്പെട്ടു വളരെ സ്വതന്ത്രമായൊരു സമൂഹത്തിന്റെ ഭാഗമാവുക.
രണ്ട്: പുതിയ അന്തരീക്ഷവുമായി പൂര്‍ണമായും അന്യം നിന്ന് സ്വന്തമായൊരു ലോകത്തില്‍ ഒതുങ്ങി ജീവിക്കുക
മൂന്ന്: നിലവിലുള്ള സാഹചര്യവുമായി ക്രിയാത്മകമായി സംവദിക്കുകയും സ്വന്തം സാംസ്‌കാരിക ബോധം നിലനിര്‍ത്തി മുന്നോട്ടു പോവുകയും ചെയ്യുക.
ഒഴുക്കിനനുസരിച്ച് നീന്തുക എന്ന് പൊതുവില്‍ പറയപ്പെടുന്ന രീതിയാണ് ആദ്യത്തേത്. അതാണ് പൊതുവില്‍ സൗകര്യവും. പക്ഷേ, അതാണോ ശരി എന്ന ചിന്ത അവനെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ നന്നായി ആസ്വാദ്യകരവുമായിരിക്കുമത്. എന്നാല്‍, ഈ രീതി തിരഞ്ഞെടുക്കുന്നവര്‍ സ്വന്തം സ്വത്വവും ഇസ്‌ലാമിക ബോധവും പണയപ്പെടുത്തിയിട്ടായിരിക്കും ഇത് ചെയ്യുന്നത്. ഉദാഹരണത്തിന്, രഹസ്യമായി മദ്യപാനം വളരെ വ്യാപകമായി നിലനില്‍ക്കുന്ന ഒരു കാമ്പസില്‍ താനും മദ്യപാനിയാവുകയാണ് വേണ്ടത് എന്ന ധാരണയിലേക്കും ജീവിതശൈലിയിലേക്കും മാറാനായിരിക്കും ഇക്കൂട്ടര്‍ തിരഞ്ഞെടുക്കുക. മാത്രവുമല്ല, പുതുതായി ഒരു സ്വത്വം രൂപപ്പെടുത്തിയെടുക്കാനുള്ള ത്വര ഇക്കൂട്ടരില്‍ വളരെ പ്രകടമായിരിക്കും. ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റി കാമ്പസില്‍ പഠിച്ചിരുന്ന ഒരു മുസ്‌ലിം വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നും പന്നി മാംസത്തിന് തിരക്കു കൂട്ടിയ അനുഭവം പങ്കുവെച്ചത് ഓര്‍ക്കുന്നു. ഒരിക്കലും പന്നിമാംസത്തിന്റെ രുചിയറിഞ്ഞതു കൊണ്ടായിരുന്നില്ല, മറിച്ച് ആളുകളെ ബോധ്യപ്പെടുത്താനായിരുന്നുവെന്ന് മറ്റുള്ളവര്‍ക്ക് കൂടി ബോധ്യമാവുന്നരീതിയിലായിരുന്നവത്രെ ടിയാന്റെ പ്രകടനം. ഇങ്ങനെ സ്വന്തം സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് ഊരി പുതിയവ സ്വീകരിക്കാന്‍ ശ്രമിക്കുന്നവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും സാംസ്‌കാരിക പ്രതിസന്ധികളും നിരവധിയാണ്. വളര്‍ന്നു വന്ന സാമൂഹിക സാഹചര്യങ്ങളുടെയും കൊണ്ടുനടന്ന ഇസ്‌ലാമിക ബോധത്തിന്റെയും അടിസ്ഥാനത്തില്‍ ഇവയുടെ തോത് ഏറിയും കുറഞ്ഞുമിരിക്കും.
രണ്ടാമത്തെ രീതി തിരഞ്ഞെടുക്കുന്നവര്‍ പൊതുവില്‍ കാമ്പസ് സംസ്‌കാരവുമായി ഒരിക്കലും സന്ധിയാകാനാവില്ല എന്നു തീരുമാനിച്ചു കഴിഞ്ഞവരാണ്. തങ്ങളുടെ ഇസ്‌ലാമിക ബോധത്തെയോ മുസ്‌ലിം സ്വത്വത്തെയോ പ്രതിസന്ധിയിലാക്കുമോ എന്നു പേടിച്ച് കഴിയുന്നതിനാല്‍, സാമൂഹികമായി സ്വന്തം ഭ്രഷ്ട് കല്‍പ്പിച്ച് മാറിനില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. കാമ്പസിന്റെ ഊര്‍ജ്ജ്വസ്വലമായ അന്തരീക്ഷം നല്‍കുന്ന നല്ല അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാവാത്തവരും അവിടെ നടക്കുന്ന സാംസ്‌കാരികവും ബൗദ്ധികവുമായ പ്രകാശനങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്തവരുമാണ്. കാമ്പസ് ജീവിതം നല്‍കുന്ന സംവേദനക്ഷമത പലപ്പോഴും ഇത്തരക്കാര്‍ക്ക് നേടാനാവുന്നില്ല. ആയതിനാല്‍, സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതിലും ഇതര മതവിഭാഗങ്ങളുമായി സക്രിയമായി സംവദിക്കുന്നതിലും ഇവര്‍ക്ക് വേണ്ടത്ര വിജയിക്കാനാവുന്നില്ല. മിക്കവാറും ഔദ്യോഗിക കരിക്കുലത്തിനപ്പുറം എന്തെങ്കിലും കാമ്പസില്‍ നിന്ന് അവര്‍ക്ക് നേടാനാവുന്നില്ല. അതുതന്നെയാണ് അവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും.
ഉള്ളില്‍ സൂക്ഷിക്കുന്ന ഇസ്‌ലാമിക മൂല്യബോധത്തോടെ കാമ്പസ് ജീവിതത്തിന്റെ ഭാഗമാവുന്നവരാണ് മൂന്നാമത്തെ വിഭാഗം. മതാനുഷ്ഠാനങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമായി കണ്ട് അവ നിര്‍വഹിക്കുന്നതോടൊപ്പം മറ്റു മത സാമൂഹിക വിഭാഗങ്ങളുമായി സൗഹൃദം നിലനിര്‍ത്തി കാമ്പസ് അന്തരീക്ഷത്തിന്റെ ബഹുമുഖ രൂപങ്ങളുമായി ക്രിയാത്മകമായി ഇടപെടാന്‍ ഇവര്‍ക്കാവുന്നു. എന്നാല്‍, ഇത്തരം ഇടപെടലുകള്‍ക്കിടയില്‍ അവരും അനുഭവിക്കുന്നുണ്ട് നിരവധി പ്രതിസന്ധികള്‍. ഒഴുക്കിനിടയില്‍ നിന്ന് മതാനുഷ്ഠാനങ്ങള്‍ക്കും മറ്റും സമയവും സൗകര്യവും കണ്ടെത്തുന്നതിലും അവ വേണ്ട രീതിയില്‍ നിര്‍വഹിക്കുന്നതിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നവരുണ്ട്. പെണ്‍കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ ഇവ കുറേകൂടി പ്രകടമാണ്. ആണ്‍കുട്ടികള്‍ക്കില്ലാത്ത പ്രതിസന്ധിയാണ് വേഷത്തിന്റെ കാര്യത്തില്‍ അവര്‍ നേരിടേണ്ടിവരുന്നത്. വേഷം നല്‍കുന്ന പ്രത്യേക സ്വത്വം നിലനിര്‍ത്തി കാമ്പസിന്റെ സവിശേഷമായ സാമൂഹിക അന്തരീക്ഷത്തില്‍ എങ്ങനെ ഇടപഴകാനാകുമെന്നതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാനാവുന്നവര്‍ വളരെ കുറവാണ്. സ്വന്തം മതബോധത്തെ സംബന്ധിച്ച ആത്മവിശ്വാസമുള്ളവരും പ്രത്യേക ഘട്ടമെത്തുമ്പോള്‍ പലകാര്യങ്ങളിലും വിട്ടുവീഴ്ചയാകാമെന്ന നിലപാടിലേക്കെത്തുന്നതും ഇസ്‌ലാമിക മൂല്യങ്ങള്‍ സൗകര്യപൂര്‍വം മാറ്റിനിര്‍ത്താന്‍ തുടങ്ങുന്നതും കുറവല്ല.
മതേതര കാമ്പസും ആശയ പ്രതിസന്ധികളും
കാമ്പസുകളുടെ മതേതര സ്വഭാവമാണ് അവയുടെ ഭംഗിയും ശക്തിയും. ഏത് സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരെയും ഉള്‍കൊള്ളാന്‍ കാമ്പസുകളെ സന്നദ്ധമാക്കുന്നതും ഈ മതേതര സ്വഭാവമാണ്. എന്നാല്‍, മതേതരത്വം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് എന്താണ് എന്ന് പലപ്പോഴും തിരിച്ചറിയപ്പെടാത്ത ഒരവസ്ഥയാണ് നിലവിലുള്ളത്. ഈ ആശയക്കുഴപ്പത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ മുസ്‌ലിം വിദ്യാര്‍ഥികളാണ്. കാരണം, ഇസ്‌ലാം കേവലാര്‍ഥത്തില്‍ ഒരു മതം എന്നതിനപ്പുറം ഒരു ദര്‍ശനവും ജീവിതരീതിയുമായി സ്വീകരിക്കപ്പെടേണ്ടതായതിനാല്‍, പലപ്പോഴും താനും മതേതരനാണ് എന്ന് കാണിക്കാനുള്ള സമ്മര്‍ദ്ദം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുമേല്‍ കൂടുതലായി അനുഭവപ്പെടുന്നുവെന്നത് ഒരു വസ്തുതയാണ്.
കാമ്പസുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ പോലും ഇത്തരം പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. സ്വന്തം വിശ്വാസ ദര്‍ശനങ്ങളെയും ബോധ്യങ്ങളെയും മാറ്റി നിര്‍ത്തി പൊതുധാരയെന്നു പരിചയപ്പെടുത്തപ്പെടുന്ന ആശയമണ്ഡലവുമായി സമരസപ്പെടുന്നതിന്റെ പ്രശ്‌നങ്ങളും നിരവധിയാണ്. മതം, രാഷ്ട്രീയം, സംസ്‌കാരം തുടങ്ങിയവയിലോരോന്നിനെ സംബന്ധിച്ചും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ പലതും കാമ്പസുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ചോദ്യം ചെയ്യപ്പെടുന്നു. കാരണം, യൂറോകേന്ദ്രീകൃതമായാണ് മിക്കവാറും നമ്മുടെ അക്കാദമിക ചിന്തകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. തദ്ദേശീയമായ നമ്മുടെ മത-സാംസ്‌കാരിക പൈതൃകങ്ങളും ദര്‍ശനങ്ങളും പലപ്പോഴും ബോധപൂര്‍വം മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥായാണിന്നും. ഇതിന്റെ ഒരു പരിണിതിയായി കാണുന്നതാണ് സ്വന്തം അസ്തിത്വത്തെയും സത്വങ്ങളെയും സംബന്ധിച്ച അപകര്‍ഷതാ ബോധം.
ഏറ്റവും കൂടുതലായി ഉല്‍ഘോഷിക്കപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യം, സാമൂഹികസമത്വം, സ്വതന്ത്ര ചിന്ത തുടങ്ങിയ ആശയങ്ങള്‍ പോലും ഏറ്റെടുക്കപ്പെടുന്ന രീതിയിലെ വിരോധാഭാസം ഇത്തരം അപകര്‍ഷതാബോധത്തിന്റെ കൂടി സൃഷ്ടിയാണ്. എല്ലാ മതങ്ങള്‍ക്കും തുല്യമായ പരിഗണനയും എല്ലാ മതങ്ങളോടുമുള്ള നിഷ്പക്ഷമായ രാഷ്ട്രീയ സമീപനവും ഉറപ്പുവരുത്തുന്ന മതേതരത്വമെന്ന സങ്കല്‍പം തന്നെ കൃതൃമായി മനസ്സിലാക്കപ്പെടാത്ത സാമൂഹിക അന്തരീക്ഷം കാമ്പസുകളില്‍ നിലനില്‍ക്കുന്നതിന്റെ കാരണവും ബൗദ്ധികമായി ഇന്നും നാം പേറുന്ന അധിനിവേശത്തിന്റെ ഫലമാണ്. എന്നാല്‍, പാശ്ചാത്യ ജീവിത രീതികളിലും കാഴ്ചപ്പാടുകളിലും ധാരാളം മാറ്റങ്ങള്‍ വന്നുവെങ്കിലും അത്തരം മാറ്റങ്ങള്‍ അനുഗുണമായി നമ്മുടെ കാമ്പസുകളില്‍ ഇനിയും എത്താനിരിക്കുന്നതേയുള്ളൂ. സ്‌കാര്‍ഫ് ധരിച്ചെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ അവിടങ്ങളില്‍ കാണിക്കുന്ന തന്റേടം നമ്മുടെ കാമ്പസുകളില്‍ എത്ര സ്ഥലങ്ങളില്‍ പ്രകടിപ്പിക്കാനാവുമെന്നത് ആലോചിക്കേണ്ട വിഷയമാണ്. അതുപോലെ, സ്ത്രീകളുടെ അവകാശം, വസ്ത്രധാരണം, മുസ്‌ലിം വ്യക്തിനിയമങ്ങള്‍, തുടങ്ങിയവ ഓരോന്നും വളരെ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ആശയപരമായി അതിനെ നേരിടാനുള്ള കരുത്ത് പലപ്പോഴും കാമ്പസുകളിലെത്തുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്നില്ല എന്നതും ഒരു വലിയ പ്രശ്‌നമാണ്.
ആഗോള തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിക് പ്രോപഗണ്ട കാമ്പസുകളിലും ഇന്ന് സജീവമായി നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധി. തീവ്രവാദം, ഭീകരവാദം, തുടങ്ങിയവ നിത്യ ചര്‍ച്ചാവിഷയങ്ങളാവുകയും അത്തരം ചര്‍ച്ചകളിലൂടെ സൃഷ്ടിക്കപ്പെടുന്ന വാര്‍പ്പുമാതൃകകള്‍ മുസ്‌ലിം വിദ്യാര്‍ഥികളെ അലോസരപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യവും ഇന്ന് നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും സ്വന്തം ബോധ്യത്തിനെതിരെ നിലപാടെടുക്കുകയും മുകളില്‍ പറഞ്ഞ രീതിയില്‍, ഇസ്‌ലാമിക സ്വത്വത്തെ പൂര്‍ണമായി തിരസ്‌കരിച്ച് പുതിയ ഒരു ഐഡന്റിറ്റിക്കു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത് ഈ ഒരു പ്രതിസന്ധി സമര്‍ഥമായി നേരിടാനാവാത്തതുകൊണ്ടു കൂടിയാണ്.
പ്രതിസന്ധികളും മാറേണ്ട ധാരണകളും
മുസ്‌ലിം വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നതായി മുകളില്‍ പരിചയപ്പെടുത്തപ്പെട്ട പ്രതിസന്ധികള്‍ വളരെ ഉപരിപ്ലവമായൊരു ആലോചനയില്‍ നിന്ന് ക്രോഡീകരിക്കപ്പെട്ടവയാണ്. ഒരര്‍ഥത്തില്‍ വളരെ ലഘൂകരിച്ചുള്ളതും മറ്റൊരര്‍ഥത്തില്‍ വളരെ സാമാന്യ വല്‍കരിച്ചിട്ടുള്ളതുമാണവ. ഒരുപക്ഷേ, അവയുടെ വ്യാപ്തിയും തോതും ഇതിനേക്കാളും വലുതായിരിക്കാം. കാമ്പസ് ജീവിതത്തെ സംബന്ധിച്ചും മുസ്‌ലിം വിദ്യാര്‍ഥി പ്രാധിനിത്യങ്ങളെ സംബന്ധിച്ചും കുറച്ചുകൂടി ആഴത്തില്‍ നാം ആലോചിക്കേണ്ടതുണ്ട്. അത്തരം ആലോചനകളില്‍ പ്രഥമമായി പരിഗണിക്കപ്പെടേണ്ട ഒന്നാണ് മുകളില്‍ പറഞ്ഞതു പോലെ മതേതരത്വം എന്നതിന്റെ വിവക്ഷ. ആര്‍ക്കും നല്ലൊരു മതവിശ്വാസിയായി തുടരാനും മതമനുസരിച്ച് ജീവിക്കാനും മതേതരത്വമെന്ന സങ്കല്‍പം എതിര് നില്‍ക്കുന്നില്ല. മറിച്ച് അതിനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും അനുവദിക്കുകയാണത് ചെയ്യുന്നത്. ഇങ്ങനെയൊരു ധാരണ പൊതുവായി വളര്‍ത്തപ്പെടേണ്ടതും പങ്കുവെക്കപ്പെടേണ്ടതുമാണ്.
അതുപോലെ, കാമ്പസ് സംസ്‌കാരത്തെ മൊത്തത്തില്‍ ഇസ്‌ലാമിക മൂല്യവ്യവസ്ഥക്ക് അപ്പുറം മാറ്റിനിര്‍ത്തേണ്ട സാഹചര്യം ഇന്ന് മിക്ക കാമ്പസുകളിലുമില്ല. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന വിവേകവും വിവേചനപരതയും വളര്‍ത്തിയെടുക്കാനാണ് മുസ്‌ലിം വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാവേണ്ടത്. അഥവാ, ഉദാഹരണമായി പറഞ്ഞാല്‍ മദ്യപാനം എന്നത് ആപല്‍കരമാവുന്നത് മുസ്‌ലിം ആയതുകൊണ്ട് മാത്രമല്ല എന്നുള്ള തിരിച്ചറിവിലേക്ക് തന്റെ സുഹൃത്തുക്കളെ കൂടി കൊണ്ടുവരാനുള്ള ബാധ്യതയാണ് മുസ്‌ലിം വിദ്യാര്‍ഥിക്കുള്ളത്.
ഇസ്‌ലാം- മുസ്‌ലിം സംബന്ധിച്ച വിഷയങ്ങളില്‍ ഉയര്‍ത്തപ്പെടുന്ന ആശയങ്ങള്‍ പലപ്പോഴും അറിവിന്റെ പരിമിതികൊണ്ടു കൂടിയാണ് എന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. വസ്തുനിഷ്ഠപരമല്ലാത്ത ഉപസംഹാരങ്ങളിലേക്ക്, പല ചര്‍ച്ചകളും എത്താനുള്ള കാരണം കൃത്യമായ വിവരത്തോടെയുള്ള ഇടപെടലുകളുടെ കൂടി അഭാവമാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അഥവാ, കൃത്യമായ ധാരണയുണ്ടാക്കി ആശയ സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ കരുത്തു നേടേണ്ടതുണ്ട്. മതേതര കാമ്പസുകളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ നേരിടുന്ന സ്വത്വപരവും ചിന്താപരവുമായ പ്രതിസന്ധികള്‍ സമര്‍ഥമായി നേരിടാന്‍ പ്രാപ്തരാക്കുന്നതിന്, മുസ്‌ലിം മതനേതൃത്വത്തിന്റെ ഭാഗത്തു നിന്നുകൂടി ആസൂത്രിതമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
Leave A Comment