ബാബ്‌റി മസ്‌ജിദ് തകര്‍ക്കുമ്പോള്‍ നരസിംഹ റാവു പൂജയില്‍

മസ്‌ജിദ് തകര്‍ക്കുന്നത് റാവുവിന് അറിയാമായിരുന്നു. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ മസ്‌ജിദ് തകര്‍ക്കുമ്പോള്‍ റാവു പൂജയിലായിരുന്നു. മസ്‌ജിദിന്റെ അവസാന കല്ലും ഇളക്കിയെടുത്ത ശേഷമാണ് റാവു പൂജ അവസാനിപ്പിച്ചത്. മസ്‌ജിദ് പൂര്‍ണ്ണമായും തകര്‍ത്തു എന്ന് പൂജയ്ക്കിടെ ഒരു അനുയായി റാവുവിന്റെ കാതുകളില്‍ മന്ത്രിച്ചു. ഇതോടെ അദ്ദേഹം പൂജ മതിയാക്കി. അന്തരിച്ച സോഷ്യലിസ്‌റ്റ് നേതാവ് മധു ലിമയെ ആണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞതെന്നും കുല്‍ദീപ് നയ്യാര്‍ വ്യക്തമാക്കുന്നു.
'നരസിംഹ റാവുവിന്റെ സര്‍ക്കാര്‍' എന്ന അധ്യായത്തിലാണ് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന ഈ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.അതേസമയം കുല്‍ദീപ് നയ്യാര്‍ പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമില്ലെന്ന് റാവുവിന്റെ മകന്‍ പി വി രംഗറാവു പറഞ്ഞു. വെളിപ്പെടുത്തല്‍ അവിശ്വസനീയമാണ്, യുക്‌തരഹിതവും. മുസ്ലീങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു തന്റെ പിതാവ്. മസ്‌ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ അദ്ദേഹം എത്ര വേദനിച്ചിരുന്നു എന്ന് തനിക്കറിയാം എന്നും രംഗറാവു കൂട്ടിച്ചേര്‍ത്തു.
മസ്‌ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ ലഹളയുണ്ടായി. അപ്പോള്‍ റാവു ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വസതിയിലേക്ക് വിളിപ്പിച്ചു. സംഭവത്തില്‍ തനിക്ക് അങ്ങേയറ്റം ദുഖമുണ്ട്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് തന്നെ വഞ്ചിക്കുകയായിരുന്നു- റാവുമാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്നത്തില്‍ കേന്ദ്രം എന്തുകൊണ്ട് ഇടപെട്ടില്ല എന്ന് അവര്‍ ചോദിച്ചു. താന്‍ വിമാനമാര്‍ഗം സിആര്‍പിഎഫ് ജവാന്മാരെ അങ്ങോട്ട് അയച്ചിരുന്നു എന്നും മോശം കാലാവസ്‌ഥ മൂലം അവര്‍ക്ക് അവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ല എന്നുമായിരുന്നു റാവുവിന്റെ മറുപടി.