യുവജനോത്സവ കാലത്ത് സമുദായത്തിന്റെ തീരുമാനം
മനുഷ്യന്റെ പ്രത്യേകിച്ച് മലയാളിയുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത് വിവിധ ആഘോഷങ്ങളും ആണ്ടറുതികളില്‍ മുറതെറ്റാതെ നടന്നുവരുന്ന ഉത്സവങ്ങളും നാട്ടുനടപ്പ് ആചാരങ്ങളുമാണ്. മകരക്കൊയ്ത്ത്, ഇടവപ്പാതി, തുലാവര്‍ഷം, കര്‍ക്കട വിളവെടുപ്പ്.... ഇങ്ങനെ വര്‍ഷത്തിനിടയില്‍ പല സന്ദര്‍ഭങ്ങളിലായി കടന്നുവരുന്ന പ്രത്യേക ദിനങ്ങളും ഉത്സവങ്ങളും ആചാരങ്ങളും മലയാളി കര്‍ഷകന്റെ ജീവിതദിശയെ നിര്‍ണ്ണയിക്കുന്നു. സര്‍ക്കാര്‍ ജോലിക്കാരായാലും കൂലിപ്പണിക്കാരനായ സാധാരണക്കാരനായാലും ഇപ്രകാരം 'മുഹൂര്‍ത്തങ്ങളും' ആഘോഷങ്ങളുമായി ഓരോ മലയാളിയുടെയും ഒരു വര്‍ഷം അറിഞ്ഞും അറിയാതെയും കടന്നുപോകുന്നു.
പറഞ്ഞുവരുന്നത് ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ സജീവമായി ബാധിക്കുന്ന ആഘോഷങ്ങള്‍ക്കപ്പുറം അര്‍ത്ഥമുള്ള കലോത്സവത്തെക്കുറിച്ചാണ്. കൗമാരക്കാരും യുവജനങ്ങളും വിദ്യാര്‍ത്ഥികളുമെന്നല്ല മധ്യവയസ്‌കരായ രക്ഷിതാക്കളും വാര്‍ധക്യത്തിന്റെ അങ്ങേത്തലക്കലെത്തിയ വല്ല്യുപ്പമാരും കുതികാല്‍ വെട്ടിയും ചവിട്ടുനാടകം കളിച്ചും രംഗം കൊഴുപ്പിക്കുന്ന കലാമേളകളെ എങ്ങനെ യുവജനോത്സവമെന്നു വിളിക്കുമെന്ന ചോദ്യം പ്രസക്തമാണെങ്കിലും ഈ പേരിനു തന്നെയാണ് പ്രചുരപ്രചാരവും ഔദ്യോഗികഭാഷ്യവുമുള്ളത്. മലയാളിവിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ, സാമൂഹിക ജീവിതത്തെ ബാധിക്കുന്ന ജീവിതദിശാസൂചികയാണ് ഇന്ന് കലോത്സവങ്ങള്‍. അധ്യയന വര്‍ഷം തുടങ്ങി പഠനസപര്യനീണ്ടുനിവര്‍ന്നു തുടങ്ങുമ്പോഴേക്ക് സ്‌കൂള്‍ കലോത്സവങ്ങളുടെ രഥോത്സവം തുടങ്ങുകയായി. സബ്ജില്ലയും ജില്ലയും സംസ്ഥാനവുമൊക്കെയായി സംഗതി ഒരു കോലത്തിലാവുമ്പോഴേക്ക് വാര്‍ഷികപ്പരീക്ഷയുടെയും മധ്യവേനലവധിയുടെയും കൊട്ടും കുരവയും ഉയരുകയായി. പരിശീലനങ്ങളും ഒരുക്കങ്ങളും ട്രയല്‍മേളകളും അര്‍ധരാത്രിവരെ നീളുന്ന മോഹിനിയാട്ട, കുച്ചുപ്പുടി, മാപ്പിളപ്പാട്ട് കോച്ചിംഗ് മുറകളുമൊക്കെയായിട്ടാണ് ഒരു അധ്യയന വര്‍ഷത്തിന്റെ സമാരംഭമെങ്കില്‍ പരീക്ഷത്തലേന്ന് വരെ ഹൃദയമാപിനികളെ പ്രകമ്പനം കൊള്ളിക്കുന്ന ഒച്ചപ്പാടിന്റെയും കൈയ്യടിയുടെയും രാത്രിമേളകളോടെ അധ്യയന വര്‍ഷം അവസാനിക്കുകയും ചെയ്യുന്നു.
എല്ലാം ആഗോളവത്കരിക്കപ്പെടുകയും പാശ്ചാത്യവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് ഈ കലകളും കലോത്സവങ്ങളും എപ്രകാരമൊക്കെ ഒഴുക്കിനനുസരിച്ച് നീന്തിക്കൊണ്ടിരിക്കുന്നു എന്ന അന്വേഷണം എന്തുകൊണ്ടും അനിവാര്യമാണ്. പ്രത്യേകിച്ച്, ജീവിതത്തിന്റെ ദര്‍ശനങ്ങളോരോന്നും ദൈവിക പ്രീതിയുടെ മാര്‍ഗരേഖയിലൂടെയാവണം എന്ന് സിദ്ധാന്തിക്കുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ക്ക്. എന്നാല്‍, മതസ്വാധീനങ്ങളെ ജീവിതസാഹചര്യങ്ങളില്‍നിന്ന് പടിയടച്ച് പിണ്ഡംവെക്കാന്‍ വെപ്രാളപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനികതയുടെ മസ്തിഷ്‌ക പ്രക്ഷാളനം സംഭവിച്ച ജനതയില്‍, കുത്താന്‍ വരുന്ന പോത്തിനു മുമ്പില്‍ വേദമോതുന്ന പ്രതീതി മാത്രമേ ഈവക ഗിരിപ്രഭാഷണങ്ങള്‍ സൃഷ്ടിക്കുകയുള്ളൂ എന്നത് പ്രത്യേകം സ്പഷ്ടമാണ്.
കലകളുടെ മതപക്ഷം
സര്‍വ്വകലകളെയും സര്‍ഗവാസനകളെയും പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. മാനുഷിക വികാരങ്ങളുടെ പ്രകടനപരതക്ക് അതിര്‍ത്തിയും നിയന്ത്രണ രേഖയും നിര്‍ണയിക്കുന്ന വിശുദ്ധ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും സര്‍ഗശേഷിയെ കൂമ്പടക്കണമെന്നും മുളയിലെ നുള്ളിക്കളയണമെന്നും ആജ്ഞാപിക്കുന്നില്ല. മറിച്ച്, മറ്റെല്ലാ രംഗങ്ങളെയും പോലെ കലാസാഹിത്യ ഭൂമികയും മൂല്യങ്ങളിലധിഷ്ഠിതമായിരിക്കണമെന്നും ധര്‍മ്മപ്രഘോഷം നടത്തുന്നതായിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. കലാരംഗത്തു മാത്രമല്ല, സര്‍വ്വ മേഖലകളിലും ഇസ്‌ലാമിക അധ്യാപനം ഇവ്വിധമാണ്. എല്ലാ വിജ്ഞാനങ്ങളെയും പ്രോത്സാഹിപ്പിച്ച പ്രവാചകന്‍(സ) തന്നെയാണ് മാരണ വിജ്ഞാനത്തെയും ജാഹിലിയ്യത്തിന്റെ പ്രതിലോമകരമായ അന്ധവിശ്വാസ പഠനത്തെയും നഖശിഖാന്തമെതിര്‍ത്തത്. പരലോകത്ത് ഉപകാരപ്പെടാത്ത വിജ്ഞാനത്തില്‍ നിന്ന് പ്രവാചകന്‍ എപ്പോഴും കാവല്‍ ചോദിക്കാറുണ്ടായിരുന്നു.
'സമയം കൊല്ലി'കള്‍
പുറത്തുതന്നെ'സമയം കൊല്ലി' എന്ന പദപ്രയോഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. വിശ്വാസികളും അവിശ്വാസികളും ഈ പദം സന്ദര്‍ഭാനുസരണം ഉപയോഗിക്കുന്നു. ഉപയോഗിക്കുന്ന സാഹചര്യത്തിനും വ്യക്തിയുടെ വീക്ഷണത്തിനുമനുസരിച്ച് പദത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വ്യത്യാസപ്പെടുമെന്നു മാത്രം. ഇഹലോകത്താവട്ടെ, പരലോകത്താവട്ടെ... മനുഷ്യന് യാതൊരു ഉപകാരവുമില്ലാത്ത കാര്യങ്ങളെ നാം 'സമയം കൊല്ലി'കളുടെ ഗണത്തില്‍പെടുത്തുന്നു. വ്യക്തിജീവിതത്തിലും സ്വഭാവസംസ്‌കരണത്തിലും വിജ്ഞാനസമ്പാദനത്തിലും യാതൊരു സംഭാവനയും സ്വാധീനവും പുരോഗതിയും സൃഷ്ടിക്കാത്ത സകല കലകളെയും സാഹിത്യങ്ങളെയും സര്‍ഗപ്രവര്‍ത്തനങ്ങളെയും നാം 'സമയം കൊല്ലി'കളുടെ ഗണത്തില്‍ പെടുത്തുന്നു.
സമയത്തിന് മറ്റെന്തിനേക്കാളും വിലകല്‍പ്പിക്കുന്ന ഇസ്‌ലാം കലയും സാഹിത്യവും സ്വീകാര്യവും അസ്വീകാര്യവുമാണെന്ന് നിര്‍ണയിക്കുന്നത് സമയത്തിന്റെ വിലയുമായി ബന്ധപ്പെട്ടാണ്. സമയത്തെ ഇസ്‌ലാം പ്രൗഢോന്നത സ്ഥാനത്താണ് പ്രതിഷ്ഠിക്കുന്നത്. അതിന്റെ മൂല്യവും വിലയും നിസ്സീമമാണെന്നും പരിധിനിശ്ചയിക്കാനോ അളന്നു തിട്ടപ്പെടുത്താനോ ആവാത്തവിധം അതിന് അര്‍ത്ഥവ്യാപ്തിയുണ്ടെന്നും ഖുര്‍ആനിക വചനങ്ങളും പ്രവാചകാധ്യാപനങ്ങളും പഠിപ്പിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ''ജനങ്ങളിലധിക പേരും വഞ്ചിതരാകുന്ന രണ്ടു വലിയ അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും.''(ബുഖാരി) സമയത്തിന്റെ മൂല്യവും വിലയുമാണ് ഈ പ്രവാചകവചനം പഠിപ്പിക്കുന്നത്. ഇവിടെ, 'ഫറാഗ്' എന്ന ഹദീസ് വചനത്തിന് ഒഴിവുസമയമെന്നാണ് പലരും സാധാരണയായി അര്‍ത്ഥകല്‍പന നല്‍കാറുള്ളത്. എന്നാല്‍ നിരുപാധികം സമയമെന്നാണ് ഇതിന് അര്‍ത്ഥം നല്‍കേണ്ടത്. കാരണം, ഒഴിവുസമയമെന്നു പറയുമ്പോള്‍ അതിന്റെ പ്രാധാന്യവും വിലയും ചോര്‍ന്നുപോകുന്നു. ഗര്‍ഭപാത്രത്തില്‍ അന്തേവാസിയായതു മുതല്‍ മരണം വരെയുള്ള സമയമാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്.
സമയം അമൂല്യമാണെന്നും സമയം കൊല്ലിയായ ഒരു പ്രവര്‍ത്തനത്തെയും (കലാപ്രകടനങ്ങളാവട്ടെ, സര്‍ഗാവിഷ്‌കാരങ്ങളാകട്ടെ) ഇസ്‌ലാം അനുവദിക്കില്ലെന്നും വിശുദ്ധ ഖുര്‍ആനിലെ അസ്വ്‌റ് അധ്യായത്തിന്റെ ആന്തരികാര്‍ത്ഥവും നമ്മെ പഠിപ്പിക്കുന്നു.
''കാലമാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ മഹാനഷ്ടത്തിലാകുന്നു. വിശ്വസിക്കുകയും സുകൃതങ്ങളാചരിക്കുകയും അന്യോന്യം സത്യമുല്‍ബോധിപ്പിക്കുകയും ക്ഷമ ഉപദേശിക്കുകയും ചെയ്തവരൊഴികെ.'' (സൂറത്തുല്‍ അസ്വ്‌റ്)
ഈ അധ്യായത്തില്‍ വിശുദ്ധഖുര്‍ആന്‍ സമയത്തെ ചൂണ്ടിയാണ് സത്യം ചെയ്തു സംസാരിക്കുന്നത്. വിവിധ സൂക്തങ്ങളില്‍ ഖുര്‍ആന്‍ ഇത്തരുണത്തില്‍ തന്റെ സൃഷ്ടിജാലങ്ങളെ സത്യം ചെയ്തു കാര്യങ്ങളവതരിപ്പിക്കുന്നുണ്ട്. സമയത്തിന്റെ ശ്രേഷ്ഠതയിലേക്കും പ്രാധാന്യത്തിലേക്കുമാണ് ഖുര്‍ആനിന്റെ ഈ സത്യം ചെയ്യല്‍ വിരല്‍ചൂണ്ടുന്നത്.
മനുഷ്യകുലം മഹാനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെടുമെന്ന് പറയുന്ന ഖുര്‍ആന്‍ അതിന്റെ കാര്യകാരണത്തിലേക്ക് സൂചന നല്‍കാനാണ് 'സമയം' കൊണ്ട് സത്യം ചെയ്യുന്നത്. സമയത്തിന്റെ മൂല്യം മനസ്സിലാക്കാത്തതാണ് അവന്റെ നാശത്തിന്റെ ഹേതു. സമയമാണ് മൂലധനം. മൂലധനത്തെക്കാള്‍ കച്ചവട വസ്തു കുറയുമ്പോള്‍ കച്ചവടത്തില്‍ വന്‍ പരാജയം സംഭവിക്കുന്നു.
അതുകൊണ്ടുതന്നെ സമയം കൊല്ലിയായ സാഹിത്യ സൃഷ്ടിയോ കലാപ്രകടനമോ ഇസ്‌ലാം അനുവദിക്കുകയില്ല. യഥാര്‍ത്ഥ കലാസൃഷ്ടിയുടെ ലക്ഷ്യം മനുഷ്യന് സമയത്തിന്റെ വില മനസ്സിലാക്കി കൊടുക്കലായിരിക്കണം. ലോകത്ത് അവതീര്‍ണ്ണമായ നാലു ദൈവിക ഗ്രന്ഥങ്ങളുടെയും നൂറ് ഏടുകളുടെയും അവതീര്‍ണ്ണലക്ഷ്യം തന്നെ മനുഷ്യനെ സമയം വെറുതെ നശിപ്പിക്കരുതെന്ന് പഠിപ്പിക്കലായിരുന്നു. വഹ്‌യിന്റെ ഏകരൂപമെന്താണെന്നും സംക്ഷിപ്ത രൂപമെന്താണെന്നും ഒരിക്കല്‍ സ്വഹാബികള്‍ പ്രവാചകനോട് ചോദിച്ചു. അധികം താമസിച്ചില്ല, അര്‍ത്ഥ സമ്പുഷ്ടമായ ഏതാനും ഖുര്‍ആനിക വചനങ്ങളുമായി ജിബ്‌രീല്‍(അ) പ്രവാചക സന്നിധിയിലെത്തി. പ്രസ്തുത വചനങ്ങള്‍ ഇപ്രകാരം വായിക്കാം:
''നിശ്ചയം വിശുദ്ധി നേടുകയും തന്റെ നാഥന്റെ നാമം സ്മരിക്കുകയും എന്നിട്ട് നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്തവന്‍ മോക്ഷം പ്രാപിച്ചിരിക്കുന്നു. അല്ല, ഐഹിക ജീവിതത്തിന് നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. പരലോകമാകുന്നു ഉല്‍കൃഷ്ടവും എന്നെന്നും അവേശിക്കുന്നതും. നിശ്ചയം അത് പ്രഥമ ഏടുകളില്‍തന്നെയുണ്ട്. അഥവാ, ഇബ്‌റാഹീമിന്റെയും മൂസയുടെയും ഏടുകളില്‍.''(അല്‍-അഅ്‌ലാ: 14-19)
ആത്മസംസ്‌കരണം നടത്തുകയും സദാദൈവസ്മരണ നിലനിര്‍ത്തുകയും നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്തവരാണ് വിജയികള്‍ എന്ന് ഉദ്‌ഘോഷിക്കാനാണ് ലോകത്തെ സകല ഗ്രന്ഥങ്ങളും ഏടുകളും അല്ലാഹു ഇറക്കിയത്. ഈ ലക്ഷ്യവും മാര്‍ഗവുമായിരിക്കണം എല്ലാ കലാസൃഷ്ടികള്‍ക്കുമുണ്ടാവേണ്ടത്. ഇഹലോക ജീവിതം നൈമിഷികമാണെന്നും പരലോക സമയമാണ് ശാശ്വതമായിട്ടുള്ളതെന്നും പഠിപ്പിക്കുന്ന കലാസൃഷ്ടികള്‍ മാത്രമേ ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാവുകയുള്ളൂ.
കലാസൃഷ്ടികളും സര്‍ഗപ്രകടനങ്ങളും അനുവദനീയമാവാന്‍ ഇസ്‌ലാം നിശ്ചയിച്ച മറ്റൊരു മാനദണ്ഡമാണ് ശുദ്ധി. ഇസ്‌ലാമിനോളം ശുദ്ധിക്ക് പ്രാധാന്യമുള്ള വേറൊരു മതവുമില്ല. അശുദ്ധീകരണത്തിന്റെ സകല രംഗവിശേഷങ്ങളെയും അത് എതിര്‍ത്തു തോല്‍പ്പിക്കുന്നു. ശുദ്ധി ഈമാനിന്റെ പകുതിയാണെന്നാണ് പ്രവാചകാധ്യാപനം. എല്ലാതരം ശുദ്ധിയും ഈ ശുദ്ധിയില്‍പെടും. വ്യക്തിശുദ്ധി, സാമൂഹിക ശുദ്ധി, സാംസ്‌കാരിക ശുദ്ധി, ആത്മീയ ശുദ്ധി... അങ്ങനെ എല്ലാമെല്ലാം. നമ്മുടെ കലാസൃഷ്ടികള്‍ക്കുമിത് ബാധകമാണ്. അത് അശ്ലീലകരവും ആഭാസപൂരിതവുമാവരുത്. ശുദ്ധിയുടെ വര്‍ണരസായനങ്ങളാല്‍ സമ്പല്‍സമൃദ്ധമായ സാഹിത്യസൃഷ്ടികളെ ഇസ്‌ലാം ഒരിക്കലും എതിര്‍ത്തിട്ടില്ല. പ്രവാചകന്‍(സ) നല്ല കവിതകളെ പ്രോത്സാഹിപ്പിച്ചുവെന്ന് മാത്രമല്ല കവികള്‍ക്ക് പ്രത്യേക ഇരിപ്പിടം വരെ തയ്യാര്‍ ചെയ്തു കൊടുത്തു.
മനം മടുക്കുന്ന കലോത്സവക്കാഴ്ചകള്‍
ഇന്ന് കലോത്സവങ്ങളുടെയും യുവജന മാമാങ്കങ്ങളുടെയും പേരില്‍ നടന്നുകൊണ്ടിരിക്കുന്നതെന്തൊക്കെ യാണ്. സൗഹാര്‍ദ്ധപൂര്‍ണമായ സര്‍ഗമത്‌സരങ്ങള്‍ക്കു പകരം കയ്യൂക്കിന്റെ കരുത്തിലും പണത്തിന്റെ തിണ്ണബലത്തിലും വിജയസോപാനത്തില്‍ കയറിപ്പറ്റാനുള്ള കുറുക്കുവഴികള്‍ക്കു പിന്നാലെയാണ് കൗമാരകലാകാരന്മാരും അവരുടെ രക്ഷിതാക്കളും. ചാനല്‍ പ്രളയകാലത്ത് യുവജനോത്സവ പ്രതിഭകള്‍ക്ക് കൈവരുന്ന മാധ്യമശ്രദ്ധയിലും സിനിമാ സീരിയല്‍ ടെലിവിഷന്‍ രംഗത്തെ അനന്ത സാധ്യതകളിലുമാണ് അവരുടെ ഒടുക്കത്തെ കണ്ണ്. ജഡ്ജിംഗിലും മത്സരഫലനിര്‍ണയത്തിലും അറുവഷളന്‍ നിക്ഷിപ്ത താല്‍പര്യങ്ങളും ഉന്നത ഇടപെടലുകളും പണസ്വാധീനവും കാണുന്നു. കോരന് കഞ്ഞി കുമ്പിളില്‍ തന്നെയായിരിക്കുമെന്നും കരയുന്ന കുഞ്ഞിനെ പാലുള്ളൂവെന്നും തിരിച്ചറിയുന്ന വിവേകശാലിയായ രക്ഷിതാവും പിന്നാമ്പുറങ്ങളിലൂടെ കാര്യം നേടാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. അപ്പീലുകളിലേക്ക് ജുഡീഷ്യറിയെ എഴുന്നള്ളിച്ചും ഇക്കൂട്ടര്‍ യുവജനോത്സവങ്ങളുടെ വെളിച്ചം തന്നെ കെടുത്തിക്കളയുന്നു.
മതം സൃഷ്ടിക്കുന്ന അതിര്‍ത്തിരേഖ
മറ്റു രംഗങ്ങളിലേതെന്നപോലെ ഇസ്‌ലാം വിരുദ്ധതയുടെയും പാശ്ചാത്യവല്‍ക്കരണത്തിന്റെയും വേലിയേറ്റം സര്‍വ്വസീമകളും ലംഘിച്ച് നടക്കുന്ന മേഖലയാണ് കലാസാഹിത്യരംഗം. ആഭാസകരമായിരിക്കുന്നു ഇന്നത്തെ യുവജനോത്സവവേദികള്‍. നഗ്നതാപ്രദര്‍ശനങ്ങളും അശ്ലീലപേക്കൂത്തുകളും അവയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ജീവിതത്തിന് കൃത്യമായ ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുന്ന ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് ഇടവും വലവും നോക്കാതെ മക്കളെയും കൗമാരക്കാരെയും കലയുടെയും സാഹിത്യത്തിന്റെയും പേരില്‍ കലോത്സവവേദികളിലേക്ക് കയറൂരിവിടുക സാധ്യമല്ലതന്നെ.
മുസ്‌ലിം യുവതികള്‍ മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും തിരുവാതിരക്കളിയിലും കഴിവുതെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഒരു സെക്കുലര്‍ മനഃശാസ്ത്രത്തിന്റെയും പേരില്‍ ന്യായീകരിക്കുക സാധ്യമല്ല. മാപ്പിളമാര്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചുപോരുന്ന കലാമൂല്യങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന തരത്തില്‍ പുരോഗമനവത്ക്കരണം നടത്തുമ്പോള്‍ പ്രശോഭിതമായ ഗതകാലത്തിന്റെ സംസ്‌കാര സമ്പന്നതക്ക് നേരെയാണ് തങ്ങള്‍ കൊഞ്ഞനം കുത്തുന്നതെന്ന കാര്യമോര്‍ക്കണം. ഇസ്‌ലാമിക സംസ്‌കാരത്തോട് യോജിക്കാത്ത മോഹിനിയാട്ടം, കഥകളി, ചെണ്ടമുട്ട് പോലോത്ത കലാപ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്ന് മാത്രമല്ല, മാപ്പിള കലകളില്‍ ഇസ്‌ലാമികതയും സഭ്യതയും നിലനിര്‍ത്താന്‍ കൂടി പുതിയ കാലത്തെ മുസ്‌ലിം കലാകാരന്മാര്‍ തയ്യാറാവണം. 'അതാണ് ഫാഥിമ'യും 'ഇരിപ്പോം തിരിപ്പോയു'മൊക്കെ മാപ്പിളകലയെ പച്ചക്ക് വ്യഭിചരിക്കുമ്പോഴും മോയിന്‍കുട്ടി വൈദ്യര്‍ക്കും പുലിക്കോട്ടില്‍ ഹൈദറിനുമൊപ്പം സഞ്ചരിക്കാനുള്ള യുവജനോത്സവ മാന്വല്‍ കമ്മിറ്റിയുടെ തീരുമാനം ശുഭോദര്‍ക്കമാണെങ്കിലും മാപ്പിളകലകളില്‍ മാപ്പിളത്തനിമ നിലനിര്‍ത്തുന്നതില്‍ ഉറച്ച തീരുമാനങ്ങളും പരിഷ്‌കാരങ്ങളും കാലം ആവശ്യപ്പെടുന്നുണ്ട്.
ആഗോളവത്ക്കരണം പ്രാദേശിക സംസ്‌കാരങ്ങളെയും ഗ്രാമീണകലാരൂപങ്ങളെയും പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ അലിയിച്ചില്ലാതാക്കുന്ന കാലത്ത് പാരമ്പര്യ കലകളെ സംരക്ഷിക്കുന്നതില്‍ യുവജനോത്സവങ്ങളും കലോത്സവങ്ങളും വഹിക്കുന്ന പങ്ക് വിസ്മരിക്കുന്നില്ല. എങ്കിലും കല കലക്കു വേണ്ടി എന്നതിനപ്പുറം കല മൂല്യങ്ങള്‍ക്കുവേണ്ടി എന്നതായിരിക്കണം ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കവിഷയത്തിലും സംഘാടകരുടെ മുദ്രാവാക്യം. അപ്പോള്‍ മാത്രമേ സമയ പണ നഷ്ടത്തിനപ്പുറം പറയത്തക്ക എന്തെങ്കിലും മെച്ചം ഭാവിതലമുറക്കു മുമ്പില്‍ ബാക്കിവെക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
കലോത്സവ വേദിയിലെ പാരമ്പര്യ വായന
യുവജനോത്സവ വേദികളില്‍ ദഫ്മുട്ടും അറബന മുട്ടും കോല്‍ക്കളിയും മോയിന്‍കുട്ടി വൈദ്യര്‍ കവിതകളും ആവേശത്തിരമാല സൃഷ്ടിക്കുമ്പോള്‍ കേരളത്തിലെ പരമ്പരാഗത മുസ്‌ലിംകളുടെ സംസ്‌കാരമാണ് നെഞ്ചേറ്റപ്പെടുന്നതെന്ന സത്യം അധികം എഴുത്തിനും വായനക്കും വിഷയീഭവിച്ചിട്ടില്ലെന്നത് ഒരു നഗ്ന സത്യമാണ്. അരീക്കോട്ടെ സുല്ലമുസ്സലാമിലെയും പുളിക്കലെ മദീനത്തുല്‍ ഉലൂമിലെയും ശാന്തപുരത്തെ ജാമിഅ ഇസ്‌ലാമിയ്യയിലെയും പുതുതലമുറ അറബനമുട്ടിലും ദഫ്മുട്ടിലുമൊക്കെ മുഹ്‌യുദ്ദീന്‍ ശൈഖിന്റെ മദ്ഹ് കീര്‍ത്തനങ്ങള്‍ മടിയേതുമില്ലാതെ പാരായണം ചെയ്യുമ്പോള്‍ മലയാളക്കരയിലെ പാരമ്പര്യവിശ്വാസികള്‍ക്കെങ്ങനെ അഭിമാനിക്കാതിരിക്കാന്‍ കഴിയും?
Leave A Comment