ഒടുവില്‍ ആതിര തട്ടമഴിച്ചു; ചിലരുടെ നിര്‍ബന്ധത്തിനു വഴങ്ങി
അതെ, ഒടുവില്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. സ്വന്തം ഇഷ്ടപ്രകാരം മുസ്‌ലിമായ കാസര്‍കോട് ഉദുമ സ്വദേശിനി ആതിര തട്ടമഴിച്ചു. പക്ഷെ, അത് സ്വേഷ്ടപ്രകാരമല്ല, ചിലരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നു മാത്രം.
മതം പഠിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞ ആതിരയെ ചിലര്‍ കൊച്ചിയിലെ സംഘ്പരിവാറിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മതംമാറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് നേരത്തെത്തന്നെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ യാഥ്യാര്‍ത്ഥമാക്കിയിരിക്കയാണ് ഇന്നലെ ആതിര തന്നെ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനം.
താന്‍ മുസ്‌ലിമാണെന്ന് മുമ്പ് പറഞ്ഞപ്പോഴുണ്ടായിരുന്ന ആവേശവും ചുറുചുറുക്കും എല്ലാം മങ്ങിയ പോലെയുള്ള, തീര്‍ത്തും വിളറിയ ഒരു മുഖത്തോടെയാണ് ഇന്നലെ പത്രസമ്മേളനത്തില്‍ അവള്‍ പ്രത്യക്ഷപ്പെട്ടത്. സഹപാഠികളില്‍നിന്നും മനസ്സിലാക്കി സ്വയം തിരിച്ചറിവോടെ വിശ്വസിച്ച ഒരു മതത്തെ മനസ്സില്‍നിന്നും പിഴുതുമാറ്റി ആരോ നിര്‍ബന്ധപൂര്‍വ്വം ഹൈന്ദവതയെ അവളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ആ മുഖം പറയുന്നുണ്ട്. മാനസികമായ യാതൊരു പിന്‍ബലവുമില്ലാത്തപോലെയാണ് അവള്‍ ഓരോ ഇസ്‌ലാം വിമര്‍ശവും ഉന്നയിക്കുന്നത്. ആതിരയെ ഇസ്‌ലാമില്‍നിന്നും പിന്‍മാറ്റാന്‍ ശക്തമായ നിര്‍ബന്ധം നടന്നതായി ഇവയെല്ലാം വ്യക്തമാക്കുന്നു.
ഏക ദൈവ വിശ്വാസമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ആതിര പറയുന്നുണ്ട്. ഹിന്ദുമതത്തില്‍ കല്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതാാണ് തന്നെ ഇസ്‌ലാമിലെ ഏകദൈവ സിദ്ധാന്തത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും അവള്‍ വ്യക്തമാക്കുന്നു. ദൈവ വചനമായി ലോകത്ത് വല്ലതുമുണ്ടെങ്കില്‍ അത് ഖുര്‍ആന്‍ മാത്രമാണെന്ന വാദവും തനിക്ക് ഇസ്‌ലാമിലേക്കുള്ള വഴിയൊരുക്കിയെന്ന് അവള്‍ മനസ്സ് തുറക്കുന്നുണ്ട്. എന്നാല്‍, അതെല്ലാം തെറ്റിദ്ധരിച്ചതാണെന്നാണ് സംഘ്പരിവാര്‍ മാമോദിസ മുക്കിയ ശേഷം ഒട്ടും ബോധ്യമില്ലാതെ അവള്‍ തിരുത്തുന്നത്.
സഹപാഠികള്‍ ഭയപ്പെടുത്തിയാണ് ഞാന്‍ ആയിഷയായതെന്ന ആതിരയുടെ ഇപ്പോഴത്തെ നിലപാട് സംഘ്പരിവാറിന്റെ ശക്തമായ ഭീഷണികളുടെ അനന്തരഫലമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വന്തം ഇഷ്ടപ്രകാരം മതം മാറിയ അവളില്‍നിന്നും മുസ്‌ലിംകള്‍ക്കെതിരെയോ സഹപാഠികള്‍ക്കെതിരെയോ രണ്ടു വാക്ക് കിട്ടാന്‍ കാത്തിരിക്കുകയാണല്ലോ അവര്‍. നിര്‍ബന്ധിത മതം മാറ്റമാണെന്ന് ആക്കിമാറ്റാന്‍ കഴിയാതെ വന്നപ്പോള്‍ ഭയപ്പെടുത്തല്‍ നടന്നിട്ടുണ്ടെന്ന് ആതിരയെക്കൊണ്ട് അവര്‍ പറയിപ്പിക്കുകയായിരുന്നു ഇവിടെ. ഒരു ക്ലാസിലെ സുഹൃത്തുക്കള്‍ എത്രമാത്രം പരസ്പരം ഭീഷണിപ്പെടുത്തുമെന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലല്ലോ.
ആതിരയില്‍നിന്നും ആയിഷയിലേക്ക്
ഉദുമ സ്വദേശിനിയെ കാണാനില്ലെന്നും ഐ എസില്‍ ചേര്‍ന്നെന്നും സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആതിര ബേക്കല്‍ പോലീസിന് മുമ്പില്‍ ഹാജരായത്. തുടര്‍ന്ന് ബേക്കല്‍ പോലീസ് പെണ്‍കുട്ടിയ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും മതം പഠിക്കാന്‍ ആവശ്യപ്പെട്ട ആതിരയെ അതിനനുവദിക്കുകയുമായിരുന്നു.
മതം പഠിക്കലാണ് തന്റെ ആവശ്യമെന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ പറഞ്ഞ ആയിഷയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചപ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ എത്തി. തന്റെ ഇസ്ലാമാശ്ലേഷണം നിര്‍ബന്ധ പരിവര്‍ത്തനമല്ലന്നും ഐ.എസ് ബന്ധങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ആയിഷ ഹൈക്കോടതിയെ ബേധ്യപ്പെടുത്തി. ആയിഷയെ തീവ്രവാദ സംഘടനകള്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു എന്ന് പോലീസ് കോടതിയില്‍ വാദിച്ചു. മകളുടെ വിശ്വാസം അനുസരിച്ചു ജീവിക്കാന്‍ അനുവദിക്കാമെന്ന മാതാപിതാക്കളുടെ ഉറപ്പില്‍ കോടതി ആതിരയെ വീട്ടിലേക്ക് അയക്കുന്നു.
ആര്‍ എസ് എസിന്റെ കേന്ദ്രത്തില്‍ പോകാനല്ല ഇസ്ലാം പഠിക്കാന്‍ അവസരം നല്‍കണമെന്നാണ് ആതിര അന്ന് കോടതിയോട് ആവിശ്യപ്പെട്ടത്.
തുടര്‍ന്ന് ആതിരയെ സംഘപരിവാര്‍ ഏറ്റെടുത്തു. അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ കൊണ്ട് പോയതായി വാര്‍ത്തകള്‍ വന്നു. അവിടെ വെച്ച് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് പീഡിപ്പിച്ച് മസ്തിഷ്‌ക പ്രക്ഷാളനം നടത്തി. ആയിഷയില്‍ നിന്ന് ആതിരയുടെ മനം മാറ്റമല്ല മനം മടുപ്പിക്കലാണ് കണ്ടത്.
കൊച്ചിയിലെ സംഘി മതംമാറ്റ കേന്ദ്രത്തില്‍
സന്ദീപ് എന്ന വ്യക്തി മതം മാറിയപ്പോള്‍ ആര്‍.എസ്.എസ് ഇത്തരം സ്ഥാപനത്തില്‍ കൊണ്ട് പോവുകയും അതിക്രൂരമായ പീഡനവും ഭീഷണിയും നടത്തുകയും ചെയ്തത് അദ്ദേഹം തന്നെ ലോകത്തോട് തുറന്നുപറഞ്ഞിരുന്നു. അതിനെത്തുടര്‍ന്ന് അത് സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ആതിരയെയും സമാനമായൊരു കേന്ദ്രത്തിലേക്ക് അവര്‍ കൊണ്ടുപോകുന്നത്. അതോടെ, ആതിരയുടെ കഥ തീര്‍ന്നു. തുടര്‍ന്ന് സൈബര്‍ ലോകത്തു മാത്രം അവള്‍ ചൂടേറിയ ചര്‍ച്ചയായി. മസ്തിഷ്‌ക പ്രക്ഷാളന കേന്ദ്രത്തില്‍ അവളപ്പോള്‍ മനസാന്തരത്തിന് വേധേയമാവുകയായിരുന്നു.
തുടര്‍ന്നുള്ള 75 ദിവസം ആതിരയെ കുറിച്ച് യാതൊരു വിവരവും പുറത്തു വന്നിരുന്നില്ല. അവസാനം ഫേസ്ബുക്കിലെ തീവ്ര ഹിന്ദു വര്‍ഗീയവാദിയും ഹിന്ദു ഹെല്പ് ലൈന്‍ കണ്‍വീനറുമായ പ്രതീഷ് ആതിരയെ ഗര്‍വാപ്പസി നടത്തിയതായി ഫേസ് ബുക്കിലൂടെ പുറത്തുവിട്ടു.
ആയിഷയില്‍നിന്നും ആതിരയിലേക്ക്
ജനം ചാനലില്‍ കഴിഞ്ഞ ദിവസം ആതിര പ്രത്യക്ഷപ്പെട്ടതോടെ അവളില്‍ ആരോപിത മനസാന്തരം പൂര്‍ത്തിയായതായി ലോകം അറിഞ്ഞു. ആര്‍.എസ്.എസ് കൊതിച്ചത് അത്രമാത്രമായിരുന്നു. മുസ്‌ലിമാകുന്നുവെന്നു പറഞ്ഞ അതേ വായകൊണ്ട് ഞാന്‍ ഹിന്ദൂയിസത്തിലേക്ക് തിരിച്ചുവരുന്നു, ഇസ്ലാം ശരിയല്ലെന്ന് പറയിപ്പിക്കുക. അത്രമാത്രം. രണ്ടു മാസത്തെ നിരന്തര ട്രൈനിംഗുകള്‍ക്കും ഭീഷണികള്‍ക്കും ശേഷം അത് സംഭവിക്കുകയും ചെയ്തു.
പക്ഷെ, ആ പത്രസമ്മേളനത്തില്‍ സംസാരിച്ചത് സാക്ഷാല്‍ ആതിരയല്ലെന്നും ആരോ അവളെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് സാഹചര്യങ്ങളും അവളുടെ എക്‌സ്പ്രഷനും.
ആതിര ആയാലും ആയിഷ ആയാലും ഒരു ചെറിയ പെണ്‍കുട്ടിക്ക് താങ്ങാവുന്നതിനുമപ്പുറം മാനസിക പീഡനം നടന്നിട്ടുണ്ടെന്നത് വ്യക്തം. ശരിക്കും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നത് ഇവിടെയാണെന്നത് ഇപ്പോള്‍ വ്യക്തമാകുന്നു. ഈ നീതി നിഷേധത്തിനും തനിക്ക് ഇഷ്ടമില്ലാത്ത മതത്തെ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചതിനുമെതിരെയാണ് ശബ്ദമുയരേണ്ടത്.
തന്റെ സുഹൃത്തുക്കളില്‍ നിന്ന് കണ്ട ഇസ്ലാമാണ് എന്നെ മുസ്ലിമാവാന്‍ പ്രേരിപ്പിച്ചതെന്ന് ഇപ്പോഴും ആതിര വെളിപ്പെടുത്തുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ചിട്ടില്ലെന്നും അവള്‍ പുറത്തു പറഞ്ഞു. ഇസ്ലാമിന്റെ സത്യസന്ധതയും സുതാര്യതയും പഠിച്ച അതിര പിന്നീട് ആഴത്തില്‍ മനസിലാക്കുകയും ചെയ്തു. പാസ്‌പോര്‍ട്ടില്ലാതെ സിറിയയിലേക്ക് ഞാനെങ്ങനെ പോകാനാണെന്ന് ചോദിച്ച അതേ നിഷ്‌കളങ്കതയാണ് ആതിരയില്‍ ഇന്നും പ്രകടമായത്.
ആതിരയ്ക്ക് ആയിഷയാവാനും ആയിഷയ്ക്ക് ആതിരയാവാനും അവകാശമുണ്ട് . അതൊന്നുമല്ല ഇവിടെ പ്രശ്‌നം. ആയിഷ ആയപ്പോള്‍, അന്വേഷിക്കണം എന്ന് പറഞ്ഞവര്‍ ആതിരയായപ്പോള്‍ മൗനം ഭജിക്കുന്നതിലെ യുക്തിയെന്താണ്? മതം പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടിയെ സംഘ്പരിവാര്‍ മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴും കോടതി മൗനം പാലിച്ചതെന്തുകൊണ്ട്? അതൊന്നും അവളുടെ അവകാശങ്ങളെ ഹനിക്കുന്നതല്ലേ?
Leave A Comment