ഹാദിയ: സംഘ്പരിവാറിന്റെ അജണ്ടയും സമുദായത്തിന്റെ നിസ്സങ്കതയും

പറവൂരിനു ശേഷം ഒരിക്കല്‍ കൂടി സംഘികള്‍ നിയമം കയ്യിലെടുത്തിരിക്കുന്നു. ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ സ്ത്രീകളില്‍ ഒരേയൊരു മുസ്ലിം വേഷധാരിക്ക് നേരെ ആക്രോശിക്കുകയും മര്‍ദിക്കുകയും ചെയ്തിരിക്കുന്നു സംഘപരിവാര്‍. പിണറായിയുടെ പോലീസ് നോക്കി നില്‍ക്കെയാണ് ഈ അക്രമത്തിന് മുതിര്‍ന്നത് എന്നത് അത്യന്തം ഗൗരവതരമായ കാര്യമാണ്. 

വീട്ടുതടങ്കലിലായ അന്ന് മുതല്‍ സംഘപരിവാരം വീട് വളഞ്ഞിരിക്കുകയാണ്. ആരൊക്കെ വരുന്നുവെന്നും പോകുന്നുവെന്നും നിരീക്ഷിക്കുകയും ചെയ്യുകയാണ് പ്രധാന ജോലി. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഉത്തരേന്ത്യന്‍ രൂപങ്ങള്‍ കേരളത്തിലേക്ക് പതിയെ പതിയെ അരിച്ചിറങ്ങുന്നത് കാണുന്നില്ലേ? നിയമ-നീതിവ്യവസ്ഥകളെ കയ്യിലെടുത്തു street justice നടപ്പിലാക്കുമ്പോള്‍ നിശബ്ദരാവുന്നത് ശരിയല്ല.

ഇനിപറയാനുള്ളത് മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ സംഘടനകളോടും പാര്‍ട്ടികളോടുമാണ്. ഹാദിയയുടെ അച്ഛന്റെ കേസ് നടത്തുന്നത് ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന സംഘടനയാണ്. ലൗ ജിഹാദ് കേസുകളെ പ്രത്യേകം വാദിക്കാന്‍ വേണ്ടിയുള്ള ഹിന്ദു സന്നദ്ധ സംഘടനയാണ്. അതായത് അവരീ കേസ് കൈകാര്യം ചെയ്യുന്നത് അത്രത്തോളം സംഘടിതമായും വ്യവസ്ഥാപിതമായുമാണ്. 

വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ ഹാദിയയെ ഇപ്പോള്‍ ഈ സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നത് വളരെ വ്യക്തമായ പദ്ധതികളുടെ ഭാഗമായാണ്. ഹാദിയയുടെ വീടിന് ചുറ്റും പ്രാദേശിക കാവലിരിക്കുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ മുതല്‍ കേന്ദ്രത്തില്‍ കേസ് അന്വേഷിക്കുന്ന NIA വരെ ഈ ഗൂഢാലോചനയുടെ വ്യക്തമായ കണ്ണികളാണ്. 

ഹാദിയയുടെ കൂടെ സമുദായ സ്‌നേഹികളേ നിങ്ങളാരെങ്കിലുമുണ്ടോ? നിങ്ങളുടെ മൂക്കിന് താഴെ ഒരു പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത് കൊണ്ട് ഇമ്മാതിരി പീഡനമനുഭവിക്കുമ്പോള്‍ കൂടെ നില്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്ത് ന്യായമാണുള്ളത്? ഈ പ്രശ്നം പരിഹരിക്കാനല്ലെങ്കില്‍ വര്ഷങ്ങളായി നിങ്ങളുണ്ടാക്കിയ സംഘടനാ സംവിധാനവും സാമുദായിക കെട്ടുറപ്പും പിന്നെന്തിനാണ്? 

മതപരിവര്‍ത്തനം എന്നുള്ളത് നമ്മുടെയൊക്കെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇനിയെങ്കിലും ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ട്. 

NB: കേരളത്തിലെ ഏറ്റവും ക്രൂരവും പ്രാകൃതവുമായ ജീവിതം നയിക്കുന്നത് ഹാദിയയാണ്. നടപ്പില്‍ വരുത്തുന്നത് കോടതിയും പോലീസും സര്‍ക്കാരും തുടങ്ങി എല്ലാ 'ജനാധിപത്യ' സംവിധാനങ്ങളും ഒരുമിച്ചു നിന്നാണ്. മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും രംഗത്തുള്ള സ്ത്രീപക്ഷ വാദികളേ നിങ്ങളെവിടെയാണ് ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter