ഇന്ത്യയില്‍ ശരിക്കും സ്വാതന്ത്ര്യം ലഭിച്ചത് ആര്‍ക്കാണ്?

രാജ്യം എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനമാഘോഷിച്ചു.

രാഷ്ട്രത്തിന്റെ സര്‍വതലങ്ങളെയും ആഴത്തില്‍ അപകടപ്പെടുത്തിയ ബ്രിട്ടീഷ് അധിനിവേശത്തെ, വിസ്തൃതവും വിപുലവുമായ പോരാട്ടങ്ങളിലൂടെയായിരുന്നു നമ്മുടെ പൂര്‍വികര്‍ ചെറുത്തു തോല്‍പിച്ചത്. 

വ്യത്യസ്ത സമുദായങ്ങള്‍ പ്രത്യയ ശാസ്ത്രപരവും മതപരവും ജാതീയവുമായ വേര്‍തിരിവുകള്‍ക്കപ്പുറം സ്വാതന്ത്ര്യമെന്ന ഏക ബിന്ദുവില്‍ സന്ദേഹങ്ങളില്ലാതെ പങ്കു ചേര്‍ന്നപ്പോഴാണ് 1947 ല്‍ വിമോചനത്തിന്റെ രാജപാത തുറക്കപ്പെട്ടത്. 

ഓരോ സ്വതന്ത്ര്യദിനവും രാജ്യത്തിന്റെ ശോഭന ഭാവിയെയും പൗരാവകാശങ്ങളെയും പതിതരുടെ വിമോചനത്തെയും അടിച്ചമര്‍ത്തപ്പെടുന്ന ദുര്‍ബലരുടെ ഉയിര്‍ത്തെഴുന്നേല്‍പിനെയും കുറിച്ച് ആലോചിക്കാനുള്ള വേളയാണ്. കേവലമായ ദിനാചരണങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതും അത്തരം ആലോചനകള്‍ക്കാണ്.  

നിലവിലെ രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലങ്ങള്‍ ജാഗ്രതയോടെ നോക്കിക്കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആശാവഹമല്ല കാര്യങ്ങള്‍. രാജ്യം വലിയ തോതില്‍ വിഭാഗീയ പ്രക്രിയക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. തദ്ഫലമായി പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം ദൈനംദിനം ദുഷ്‌ക്കരമായിത്തീരുകയും ചെയ്യുന്നു. 

സ്വാതന്ത്ര്യത്തിന്റെ ഉചിതമായ ഭാവനകളെ ശക്തിപ്പെടുത്താന്‍, പൗരന്റെ ജീവിത, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുന്ന ഭരണകൂട ഇടപെടലുകള്‍ ഉണ്ടായേ തീരൂ. ഭരണകൂടം തന്നെ വര്‍ഗീയതയുടെ വില്‍പ്പനക്കാരും പ്രയോക്താക്കളുമാക്കുന്നത് ഒരിക്കലും ആശാസ്യമല്ല. 

ജീവിക്കുന്ന മണ്ണിനോട് കൂറൂം കടപ്പാടുമുള്ള ഏതു പൗരനും രാജ്യത്ത് സമ്പൂര്‍ണ സുരക്ഷിതത്വത്തോടെ കഴിയാം എന്ന സമാധാനാന്തരീക്ഷം കൈവരണം.

ദുരന്തം വിതച്ച, പ്രകൃതി ക്ഷോഭങ്ങളിൽ, ജീവിത പ്രയാസങ്ങളനുഭവിക്കുന്ന നമ്മുടെ സഹോദരർക്ക്  കൈതാങ്ങേകാൻ, അവരുടെ ദു:ഖങ്ങളിൽ പങ്കുചേരാൻ ഈ ദിനം നമുക്ക് ഉപയോഗപ്പെടുത്താം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter