അറബ് ഭരണാധികാരികളുടെ കാരുണ്യവും ഇന്ത്യയുടെ ദുരഭിമാനബോധവും
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന് പറഞ്ഞത് പോലെ വേണ്ടത് തരികയുമില്ല, തരുന്നവരെ അതിനനുവദിക്കുകയുമില്ല എന്ന പരുവത്തിലാണിപ്പോള്‍ മോദി സര്‍ക്കാറിന്റെ നിലപാട്. യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ കേരളത്തിന് പ്രളയ ദുരന്തത്തെ തുടര്‍ന്നു നടത്തിയ സഹായ വാഗ്ദാനങ്ങള്‍ക്കാണീ ഗതി.
20,000 കോടി ചോദിച്ചിടത്ത് 600 കോടി നല്‍കാമെന്നു ഔദാര്യപൂര്‍വം മനസ്സമ്മതം മൂളിയ മോദി, ഇപ്പോള്‍ പുറത്ത് നിന്നുള്ളവര്‍ നിര്‍ലോഭമായി നല്‍കുന്ന സഹായ വാഗ്ദാനങ്ങള്‍ക്ക് സാങ്കേതികത്വം പറഞ്ഞു ഉടക്ക് വെക്കുകയാണ്. ലക്ഷക്കണക്കിന് മലയാളികള്‍ ജീവിതോപാധി കണ്ടെത്തുന്ന ഒരു രാജ്യം, അവിടെ നിന്നുള്ള വരുമാനം കൊണ്ട് സ്വന്തം സമ്പദ്ഘടന പിടിച്ചു നിര്‍ത്തുന്ന ഒരു സംസ്ഥാനത്തിന് ദുരന്ത വേളയില്‍ സഹാനുഭൂതിയുടെ പേരില്‍ പ്രഖ്യാപിച്ച സഹായം തിരസ്‌കരിക്കുന്നത് മാന്യതയാണോ എന്ന് ആലോചിക്കേണ്ടതുണ്ട്.
എന്താണിവിടെ തടസ്സം? യു.എ.ഇ യുടെ സഹായ തുക സ്വന്തം സര്‍ക്കാറിന്റെ തുകയെ കവച്ചു വച്ചതാണോ? അതോ, അവരുടെ മത-സാംസ്‌കാരിക പശ്ചാത്തലമാണോ? ഇവിടെയുള്ളവരില്‍ ആ നിറം സ്വാധീനം ചെലുത്തുമെന്ന ഭീതിയാണോ? ഒരു വിദേശ രാജ്യത്തിന് മുന്നില്‍ തങ്ങള്‍ കൊച്ചായിപ്പോയെന്ന ജാള്യതയാണോ? അബൂദാബി സര്‍ക്കാര്‍ അവരുടെ മണ്ണില്‍ സൗജന്യമായി ഭൂമിയും കെട്ടിടവും അനുവദിച്ചു ക്ഷേത്രം നിര്‍മിച്ചു നല്‍കുമ്പോള്‍ അത് സ്വീകരിക്കുന്നതിന് ഒരു സാങ്കേതികത്വവും സാംസ്‌കാരിക വൈവിധ്യവും തടസ്സമാകുന്നില്ലല്ലോ ?
ഏതായാലും തങ്ങളുടെ രാഷ്ട്രീയ മോഹങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നു എന്ന പേരില്‍ സാങ്കേതിക കുരുക്കില്‍ കുടുക്കി കേരളത്തിന്റെ പുനരധിവാസത്തിന് ഇടങ്കോലിടാനുള്ള മോദി സര്‍ക്കാറിന്റെ ശ്രമം തിരിച്ചറിയുക തന്നെ വേണം. വേണ്ടിവന്നാല്‍ അത്തരം തടസ്സങ്ങള്‍ തട്ടിമാറ്റിയും സഹായം ലഭ്യമാക്കാന്‍ അറബ് രാജ്യങ്ങളിലെ കേരളത്തിന്റെ 'ജനകീയ അംബാസഡറായ ' യൂസുഫലിയടക്കമുള്ളവരുടെ ഇടപെടലും ഉപയോഗപ്പെടുത്താം.
സര്‍ക്കാറില്‍ നിന്ന് സര്‍ക്കാറിലേക്ക് സഹായം സ്വീകരിക്കാന്‍ പ്രശ്‌നം ഉണ്ടെങ്കില്‍ അതിനെ മറികടക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ യൂസുഫലിയും മറ്റും വിചാരിച്ചാല്‍ സാധിക്കാവുന്നതേ ഉള്ളു. ഒന്നോ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമം മാറ്റാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ഇന്ത്യക്കാരുടെ പേരിലുള്ള ചാരിറ്റി സംഘടനകള്‍ ആ തുക സ്വീകരിച്ചു അവര്‍ വഴി കേരള ഗവര്‍മെന്റിലേക്ക് കൈമാറുക.
ഏതായാലും നിയമം ഇരുമ്പുലക്കയാവരുത്. ജനങ്ങളുടെയും രാജ്യത്തിന്റെയും ഗുണത്തിനും ക്ഷേമത്തിനുമാണ് മുന്‍ഗണന ലഭിക്കേണ്ടത്. പ്രത്യേക സാഹചര്യങ്ങളുടെ സൃഷ്ടിയായ നിയമത്തിനല്ല.
Leave A Comment