മോദിയുടെ മൂന്നു വര്‍ഷവും കശ്മീരികള്‍ കണ്ണീര് കുടിക്കുകയായിരുന്നു
മോദി ഭരണത്തില്‍വന്ന് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കശ്മീരികളുടെ കണ്ണീരൊപ്പുന്ന ഒരു പദ്ധതിയും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമായിരിക്കുന്നു. അതേസമയം, അനവധി രക്തച്ചൊരിച്ചിലുകളും ഏറ്റുമുട്ടലുകളാണ് ഈ കാലയളവില്‍ ഉണ്ടായത്. ഇത് കശ്മീരികളുടെ ദൈനംദിന ജീവിതം ഏറെ ദുഷ്‌കരമാക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ.
ഭരണകൂടം സംഘ്പരിവാറിന്റെ കളിപ്പാവയായി മാറിയതുകൊണ്ടുതന്നെ കശ്മീരികളുടെ പ്രശ്‌നങ്ങളും അവരുടെ ഇംഗിതത്തിനനുസരിച്ചാണ് ഈ കാലയളവില്‍ കൈകാര്യം ചെയ്യപ്പെട്ടത്. ഇത് സംസ്ഥാനത്ത് അസ്ഥിരതയും കുഴപ്പങ്ങളും വര്‍ദ്ധിക്കാന്‍ കാരണമായി. ഈയിടെ പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ അവിടെ നടന്ന ആക്രമണങ്ങള്‍ ഇത് വ്യക്തമാക്കുന്നു. അമര്‍നാഥ് യാത്രക്കാര്‍ക്കെതിരെ ഉണ്ടായ ആക്രമണവും ആളുകളുടെ സൈ്വരജീവിതത്തിനും യാത്രക്കുമുള്ള കനത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ കശ്മീരികള്‍ക്കിടയില്‍ വലിയൊരു രാഷ്ട്രീയ വിള്ളല്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നതാണ് ഏറെ ഭയാനകം. നിലവിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഭീകരമാകുന്നതിനു മുമ്പുതന്നെ അവക്കു പരിഹാരം കാണുകയെന്നതാണ് കശ്മീരികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, നിലവിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഭരണകൂടം.
IndiaSpend നടത്തിയ ഒരു സര്‍വേ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷം (2017, ജൂണ്‍ 30 വരെ) മാത്രം ജമ്മുകശ്മീരില്‍ സൈനിക സംബന്ധമായ മരണങ്ങള്‍ 45 ശതമാനവും സിവിലിയന്മാരുമായി ബന്ധപ്പെട്ട മരണങ്ങള്‍ 64 ശതമാനവും ഉണ്ടായിട്ടുണ്ടെന്നതാണ് കണക്ക്. ഇത് ഒരു വര്‍ഷത്തിന്റെ മാത്രം റിപ്പോര്‍ട്ടാണ്. Bussiness Standard ഉം സമാനമായൊരു സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ യു.പി.എ ഭരണകാലവുമായി മോദി ഭരണത്തെ താരതമ്യം ചെയ്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട്. മന്‍മോഹന്‍ സിംഗിന്റെ കാലത്തെക്കാള്‍ വളരെ വര്‍ദ്ധിച്ചതാണ് മോദി ഭരണകാലത്ത് കശ്മീരിലുണ്ടായ പ്രശ്‌നങ്ങളും കൊലകളുമെന്ന് ഈ പഠനം സ്ഥിരീകരിക്കുന്നു. 42 ശതമാനം വര്‍ദ്ധനവാണ് ഇത് രേഖപ്പെടുത്തുന്നത്.
കശ്മീര്‍ പ്രശ്‌നത്തില്‍ സംഘ്പരിവാറിന്റെ റോള്‍ ഇതില്‍നിന്നും ഊഹിക്കാവുന്നതാണ്. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ആശയവും ചിന്തയും എന്നും കശ്മീരി മുസ്‌ലിംകള്‍ക്ക് എതിരായിരുന്നു. ജമ്മുവിലെ ഹിന്ദു അവകാശങ്ങളെ സംരക്ഷിക്കാന്‍ മാത്രമേ അവര്‍ ശുഷ്‌കാന്തി കാണിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ ആര്‍.എസ്.എസ് കാലത്ത് കശ്മീരികളുടെ കണ്ണീരിന് യാതൊരു ശമനവും ഉണ്ടായിരുന്നില്ല.
Leave A Comment