നന്‍മയുടെ റാണി (ഭാഗം ഒന്ന്)

മനം നിറയെ പ്രതീക്ഷയുടെ താലവുമേന്തി..

ജനല്‍വിരികള്‍ വകഞ്ഞുമാററി ദൂരേക്കുനോക്കി നില്‍ക്കുമ്പോള്‍ ഖല്‍ബിലൂടെ ഒരു കുളിര്‍ കടന്നുപോയി. കൊട്ടാരത്തിനു ചുററുമുള്ള ഉദ്യാനങ്ങളും അതിനുമപ്പുറത്തെ തോട്ടങ്ങളും പിന്നെ നീണ്ടുനിവര്‍ന്നുകിടക്കുന്ന മരുഭൂമിയും കടന്ന് കണ്ണും മനസ്സും മത്‌സരിച്ച് പായുകയാണ്. അവിടെ ഇപ്പോള്‍ ഒരു ആരവാരമുയരും.പൊടിപടലങ്ങള്‍ ഉയരും. വില്ലാളിവീരന്‍മാരെയും വഹിച്ചുകൊണ്ട് അറബിക്കുതിരകള്‍ കുതിച്ചുവരും. അവര്‍ പതാകകള്‍ ഉയര്‍ത്തിവീശുന്നുണ്ടായിരിക്കും. അവരുടെ കണ്‍ഠങ്ങളില്‍ നിന്നും തക്ബീര്‍ധ്വനികള്‍ ഉറക്കെയുറക്കെയുയരും. അബ്ബാസിപ്പടയുടെ മറെറാരു ജൈത്രയാത്ര.
അബ്ബാസികള്‍ ഒന്നിനുപുറകെ ഒന്നായി വിജയം വരിക്കുന്നതില്‍ സുബൈദക്കുമുണ്ട് അഭിമാനം. അബ്ബാസീ ഭരണകൂടത്തിന്റെ സ്ഥാപകന്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സ്വൂറിന്റെ പേരമകളാണല്ലോ അവര്‍. അഥവാ ജഅ്ഫറിന്റെ മകള്‍. ഇസ്‌ലാമിന്റെ യശസ്സുയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തില്‍ സ്ഥാപിതമായ ഖുറൈശികളുടെ തലമുറയിലെ കണ്ണിയാണല്ലോ അവരും. ആ ഭരണകൂടം അധികാരത്തിലേറിയ നാള്‍ മുതല്‍ വിജയത്തിന്റെ ചുവടുകള്‍ വെച്ചുവരികയാണ്. ഇപ്പോള്‍ അത് റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്‌ററാന്റിനോപ്പിളിലെത്തിയിരിക്കുന്നു. കോണ്‍സ്‌ററാന്റിനോപ്പിള്‍ ജയിച്ചടക്കി മടങ്ങിവരുന്ന അബ്ബാസിപ്പടയുടെ ആരവാരമാണ് ബാഗ്ദാദ് ഇപ്പോള്‍ കാത്തുനില്‍ക്കുന്നത്.   
ജനല്‍വിരിക്കു പിന്നില്‍ വികാരവിവശയായി നില്‍കുന്ന രാജകുമാരിയുടെ മനസ്സിലെ പുളകം പക്ഷെ അതൊന്നുമല്ല. ആ യുവഹൃദയത്തിന്റെ തന്തുക്കളില്‍ തൊട്ടുമീട്ടുന്നത് മറെറാരു വികാരമാണ്. ആ വികാരം ചുററിനടക്കുന്നത് കോണ്‍സ്‌ററാന്റിനോപ്പിളില്‍ അബ്ബാസിപ്പടയെ നയിച്ചുകൊണ്ടിരിക്കുന്ന യുവപോരളിയും നായകനുമായ ഒരു യുവാവിലാണ്. ആ യുവാവ് കുറച്ചുനാളായി അവളുടെ മനം കവര്‍ന്നിരിക്കുകയാണ്.ഉറക്കിലും ഉണര്‍വ്വിലും ആ യുവാവ് കലര്‍ന്നിരിക്കുകയാണ്. ഇപ്പോഴത്തെ ഖലീഫയും തന്റെ പിതൃവ്യനുമായ ഖലീഫ മഹ്ദിയുടെ മകന്‍ ഹാറൂന്‍. ഹാറൂന്‍ അല്‍ റഷീദ്.
അതീവ സമര്‍ഥനും യുവകോമളനുമാണ് ഹാറൂന്‍.നല്ല അച്ചടക്കവും വിവരവുമുള്ള ചെറുപ്പക്കാരന്‍.സ്വഭാവശീലങ്ങളിലും മതബോധത്തിലും ഹാറൂന്‍ എല്ലാവരുടെയും പ്രശംസക്ക് പാത്രീഭവിച്ചിട്ടുണ്ട്. ഖലീഫയുടെ കൊട്ടാരത്തില്‍ സുഖങ്ങളുടെ മടിയിലാണ് ജനിച്ചുവീണതും വളര്‍ന്നതെങ്കിലും അഹങ്കാരമോ അഹന്തയോ ആ ജീവിതത്തെ തൊട്ടിട്ടില്ല. അല്ലെങ്കിലും ഹാറൂന്‍ ഖലീഫ മഹ്ദിയുടെ മകന്‍ എന്നതിനേക്കാള്‍ ഇക്കാര്യങ്ങളിള്‍ പറയപ്പെടുക ഖൈസുറാന്‍ റാണിയുടെ മകനാണ് എന്നാണല്ലോ. അറേബ്യന്‍ സംസ്‌കാരം കണ്ട മഹദ്‌വനിതകളില്‍ എന്തുകൊണ്ടും വേറിട്ടടയാളപ്പെടുത്തപ്പെട്ട വനിതയുടെ മകന്‍.അതിന്റെ സര്‍വ്വഗുണങ്ങളും അദ്ദേഹത്തിലുണ്ട്.
ഏതാനും മാസങ്ങളായി ഹാറൂന്‍ സുബൈദയുടെ മനസ്സില്‍ കൂടുകൂട്ടിയിട്ട്. ഹാറൂനുമൊത്തുള്ള ജീവിതത്തിന്റെ ഓരോ ദൃശ്യങ്ങളാണ് സുബൈദയുടെ മനസ്സിലിപ്പോള്‍. ഹാറൂനിന്റെ സാമര്‍ഥ്യങ്ങളുടെയും പോരാട്ടങ്ങളുടെയും വീരകഥകള്‍ കൊട്ടാരത്തില്‍ ചര്‍ച്ചക്കുവരുമ്പോള്‍ വികാരതരളിതയായി സുബൈദ കേട്ടിരിക്കും. ബലിഷ്ഠവും സംശുദ്ധവുമായ ആ കരങ്ങളില്‍ പിടിച്ച് ജീവിതത്തിന്റെ ഓളങ്ങള്‍ മുറിച്ചുകടക്കുന്നത് സുബൈദ ഓര്‍ത്തിരുന്ന് ആനന്ദിക്കും. ഇപ്പോള്‍ കോണ്‍സ്‌ററാന്റിനോപ്പിളിലെ വിജയവുമായി കടന്നുവരാനിരിക്കുന്ന തന്റെ രാജകുമാനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ വികാരതുന്ദിലയായി നില്‍ക്കുകയാണ് ജനല്‍വിരിയുടെ പിന്നില്‍ നിന്നുകൊണ്ട് ബാഗ്ദാദിന്റെ ഭാവി റാണി സുബൈദാ ജഅ്ഫര്‍.
കേവലമൊരു ലൈംഗിക വൈകാരികതയല്ല സുബൈദയുടേത്. അതു നന്‍മയോടുള്ള അഭിനിവേശവും അനുരാഗവുമാണ്. കാരണം തികഞ്ഞ മതബോധവും അക്കാലത്ത് അനന്യമായ അറിവും ജീവിത വിശുദ്ധിയുമെല്ലാം സമ്മേളിച്ച ഒരാണ് സുബൈദ. തന്നിലെ നന്‍മകള്‍ പൂക്കാനും പുഷ്പിക്കാനും തന്നിലെ അതേ നന്‍മകള്‍ ഉള്ള ഒരു തുണയുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അവര്‍ ഗ്രഹിച്ചിട്ടും പഠിച്ചിട്ടുമുണ്ട്. ചെറുപ്പത്തിലേ ശീലിച്ച നല്ല ശീലങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അതിനു സഹായകമാവുന്ന ബന്ധങ്ങളും സാഹചര്യങ്ങളും ഉണ്ടായിത്തീരണം. ആ ചിന്തയാണ് ഹാറൂനിലേക്ക് സുബെദയുടെ മനസ്സിനെ വലിച്ചടുപ്പിക്കുന്ന ഘടകം.
ഇറാഖിലെ മൗസ്വിലില്‍ ഹര്‍ബ് എന്ന കൊട്ടാരത്തിലായിരുന്നു അമത്തുല്‍ അസീസ് എന്ന സുബൈദയുടെ ജനനം. അപ്പോള്‍ സുബൈദയുടെ പിതാവ് ജഅ്ഫര്‍ മൗസ്വിലിലെ ഗവര്‍ണറായിരുന്നു. കൊട്ടാരത്തിലെ സ്‌നേഹവാത്‌സല്യങ്ങള്‍ പക്ഷെ ജനിച്ചു ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും നിലച്ചു. പിതാവ് ജഅ്ഫര്‍ ഹിജ്‌റ 150ല്‍ മരണപ്പെട്ടു. അതോടെ വല്യുപ്പ മന്‍സ്വൂര്‍ കുട്ടിയെ ഏറെറടുത്തു. പിന്നെ ഖലീഫാ മന്‍സ്വൂറിന്റെ കൊട്ടാരത്തിലായി സുബൈദയുടെ ജീവിതം. ഉമ്മ സല്‍സബീലുമുണ്ടായിരുന്നു ഒപ്പം. ഖലീഫാ മഹ്ദിയുടെ ഭാര്യയും ഹാറൂന്‍ അല്‍ റഷീദിന്റെ ഉമ്മയുമായ ഖൈസുറാന്‍ റാണിയുടെ സഹോദരി കൂടിയായിരുന്നു സല്‍സബീല്‍ എന്ന സുബൈദയുടെ ഉമ്മ.
ഹിജ്‌റ 158ല്‍ സുബൈദയുടെ പിതാമഹന്‍ ഖലീഫ അബൂ ജഅ്ഫര്‍ മന്‍സ്വൂറും മരണപ്പെട്ടു. പിന്നെ ഖലീഫയായത് മഹ്ദിയായിരുന്നു. മഹ്ദി സുബൈദയെ പരിരക്ഷിക്കുകയും പരിചരിക്കുകയും ചെയ്തുപോന്നു. വല്യുപ്പ മന്‍സ്വൂര്‍ മരണപ്പെടുമ്പോള്‍ വെറും പത്തുവയസ്സായിരുന്നു സുബൈദയുടെ പ്രായം. പിതാക്കന്‍മാര്‍ നഷ്ടപ്പെട്ടുവെങ്കിലും സുബൈദ നന്നായി പഠിച്ചു മിടുക്കിയായി. കൊട്ടാരത്തിലെ വലിയ പണ്‍ഡിതരില്‍ നിന്നായിരുന്നു സുബൈദ പഠിച്ചത്. എഴുത്തും വായനയും കര്‍മ്മശാസ്ത്രവും മുതല്‍ അറബീ സാഹിത്യം വരെ വളരെ ചെറുപ്പത്തിലേ സുബൈദ കയ്യിലൊതുക്കി. സുബൈദാ രാജകുമാരി കുടുതല്‍ ശ്രദ്ധയോടെ പഠിച്ചതും ഗ്രഹിച്ചതും പരിശുദ്ധ ഖുര്‍ആനായിരുന്നു. ഖുര്‍ആനിന്റെ നല്ലൊരുഭാഗം അവര്‍ കൊട്ടാരത്തില്‍ വെച്ചു മനപ്പാഠമാക്കി. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും നല്ലകാലമായിരുന്നു അബ്ബാസീയുഗം. അതിനാല്‍ അക്കാലത്തെ പ്രമുഖ ഗ്രന്ഥങ്ങളും അവര്‍ പഠിച്ചു. യവ്വനത്തിലേക്ക് പാദമൂന്നുമ്പോള്‍ നല്ലൊരു പണ്‍ഡിതയായിത്തീര്‍ന്നിരുന്നു അവര്‍. ഒരു ചരിത്ര നിയോഗത്തിലേക്കുള്ള കാല്‍വെപ്പുകളായിട്ടാണ് ഈ സാമര്‍ഥ്യങ്ങളെ ചരിത്രം കാണുന്നത്. 
പില്‍ക്കാലത്ത് ഹാറൂന്‍ അല്‍ റഷീദ് എന്ന മഹാനായ ഖലീഫയുടെ ജീവിതവും ചരിത്രവും അടയാളപ്പെടുത്തുമ്പോള്‍ അഭിമാനപൂര്‍വ്വം അതില്‍ ചേര്‍ത്തെഴുതാന്‍ മാത്രം യോഗ്യതയുള്ള അദ്ദേഹത്തിന്റെ നല്ലപാതിയായി വളരുകയായിരുന്നു അവര്‍. സ്ഥാനമാനങ്ങളുടെയും കുലമഹിമയുടെയും എല്ലാ ഔന്നിത്യങ്ങളും അവര്‍ക്കുണ്ടായിരുന്നുവല്ലോ.അവരുടെ പിതാവും പിതൃവ്യനും ഭര്‍ത്താവും ഭര്‍തൃപിതാവും മകനും വളര്‍ത്തുമകനും ഖലീഫമാരായി. കുലത്തിന്റെ കാര്യത്തിലാവട്ടെ ഖുറൈഷികളുടെ പത്തരമാററും അവര്‍ക്കുണ്ട്. ഇവയോടെല്ലാം ചേര്‍ത്തണിയാന്‍ അവര്‍ക്കു വേണ്ടിയിരുന്നത് ജ്ഞാനത്തിന്റെ കിരീടം തന്നെയായിരുന്നു.
ദൂരെ തക്ബീര്‍ നാദങ്ങള്‍ ഉയര്‍ന്നു. സുബൈദാ രാജകുമാരി തന്റെ മനോരാജ്യത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ആ ആരവാരങ്ങള്‍ സുബൈദയുടെ മനസ്സില്‍ സന്തോഷത്തിന്റെ വൃഷ്ടിപരത്തി.
ബഗ്ദാദ് നഗരം കമനീയമായി അലങ്കരിച്ചിരിക്കുന്നു. കാല്‍വിളക്കുകളില്‍ വര്‍ണ്ണ വെളിച്ചങ്ങള്‍. നഗരം നിറയെ തോരണങ്ങള്‍. പ്രധാനവഴികളെല്ലാം പരവതാനി വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. നഗരഭാഗങ്ങളും ഭരണസമുച്ചയങ്ങളും ഉദ്യാനങ്ങളുമെല്ലാം മോടികൂട്ടിയിരിക്കുകയാണ്. പ്രൗഢഗംഭീരമായ അല്‍ ഖുല്‍ദ് കൊട്ടാരത്തിലേക്കാണ് എല്ലാവഴികളും നീളുന്നത്. അവിടെ ഒരു മംഗല്യത്തിന്റെ കേളികൊട്ടു തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഒരു രാജകീയ വിവാഹമാണ്. ഖലീഫ മഹ്ദിയുടെ മകന്‍ ഹാറൂന്‍ അല്‍ റഷീദാണ് വരന്‍.വധു സുബൈദാ ജഅ്ഫര്‍.
ദമ്പതികളുടെ പേരു കേള്‍ക്കുന്നതും ശത്രുവിന്റെ മുഖത്തുപോലും സന്തോഷച്ചിരി വിരിയും. അകം കൊണ്ടും പുറം കൊണ്ടും സന്തോഷം പ്രകടിപ്പിക്കും. അത്രക്കും ചേര്‍ച്ചയാണ് ഈ യുവ മിഥുനങ്ങള്‍ക്കിടയില്‍. യുവപോരാളിയും യുദ്ധനായകനുമായ വരന്‍ സ്വഭാവ-ശീലങ്ങളുടെ കാര്യത്തിലും സ്‌നേഹ-വിനയങ്ങളുടെ കാര്യത്തിലും എല്ലാവരുടെ പ്രശംസാപാത്രമാണ്. വധു സുബൈദ സുന്ദരിയും സുശീലയുമാണ്. രണ്ടുപേരും നന്നായി ചേരും. ഒന്നില്‍നിന്നു മുറിച്ചെടുത്ത മറെറാന്നുപോലെ.
ബാഗ്ദാദ് നഗരം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഘേഷമാണ് കല്യാണത്തിന്. സമീപ പ്രദേശങ്ങളിലെ പ്രവിശ്യാ ഭരണാധികാരികള്‍ മുതല്‍ മഹാ പണ്‍ഡിതപ്രഭുക്കള്‍ വരെ എല്ലാവരും എത്തിച്ചേര്‍ന്നിട്ടുണ്ട്.
അഥിതികളെ സ്വീകരിക്കുവാന്‍ ഓടിനടക്കുന്നത് ഉമ്മ ഖൈസുറാന്‍ റാണി തന്നെ. അവര്‍ക്ക് ഈ വിവാഹത്തില്‍ എന്തോ പ്രത്യേക താല്‍പര്യമുണ്ട്. അതവരുടെ ചേഷ്ടകളില്‍ പ്രകടവുമാണ്. അതിനെ കുറിച്ച് ചില സ്വകാര്യങ്ങളുണ്ട്. അതു ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ്. ഖലീഫാ മഹ്ദിയുടെ കിരീടാവകാശിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സ്വാഭാവികമായും ഖലീഫയുടെ മൂത്ത മകനാണ് കിരീടാവകാശിയായിത്തീരുക. ഇതൊരു കീഴ്‌വഴക്കം കൂടിയാണ്.അങ്ങനെ വരുമ്പോള്‍ മൂത്തമകന്‍ മൂസാ അല്‍ഹാദിയാണ് കിരീടാവകാശിയായി വരേണ്ടത്.ഖലീഫയുടെ ഇംഗിതവും അതുതന്നെ.
പക്ഷേ, റാണിയുടെ താല്‍പര്യം രണ്ടാമനായ ഹാറൂനിനെ കിരീടാവകാശിയാക്കണമെന്നാണ്. അതു കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാണെന്നതിനാല്‍ ഖലീഫക്ക് അതിനോട് യോചിക്കുവാന്‍ കഴിയുന്നില്ല. എന്നാല്‍ സമര്‍ഥയായ ഭാര്യയുടെ ഇംഗിതത്തെ അവഗണിക്കുവാന്‍ തെല്ലുപ്രയാസവുമുണ്ട്. അതോടൊപ്പം മൂസാ അല്‍ ഹാദി തെല്ലുപരുക്കന്‍ സ്വഭാവക്കാരനാണ് എന്നതും സ്വാഭാവികമായും ഇതു ഭരണത്തിനു അനുചിതമല്ല എന്നതും ഖലീഫക്കറിയുകയും ചെയ്യാം. ഈ വര്‍ത്തമാനങ്ങള്‍ ഖലീഫക്കും റാണിക്കുമിടയില്‍ പുരോഗമിക്കുന്നതിനിടയിലാണ് ഈ കല്യാണം.
ഈ കല്യാണത്തിന്റെ കാര്യത്തില്‍ തന്നെ ഏററവും വലിയ മുന്‍കൈ ഖൈസുറാന്‍ റാണിയുടേതു തന്നെയായിരുന്നു. തന്റെ രണ്ടു മക്കള്‍ ഒരേ തുലാസിന്റെ രണ്ടു തട്ടുകളില്‍ നില്‍ക്കുമ്പോള്‍ തനിക്ക് താല്‍പര്യമുള്ള മകന് ഒരു പണത്തൂക്കം മുന്‍തൂക്കം നല്‍കുവാന്‍ കൂടിയാണ് റാണി ഈ താല്‍പര്യം കാണിക്കുന്നത്. സുബൈദ ഖുറൈഷിയായ അബ്ബാസീ രാജകുമാരിയാണ്. ഈ പ്രത്യേകത മററാര്‍ക്കുമില്ല. ഒരു അബ്ബാസീ രാജകുമാരിയുടെ ഭര്‍ത്താവുകൂടിയായിത്തീരുമ്പോള്‍ തന്റെ മകന്‍ ഹാറൂനിന് മുന്‍തൂക്കം ലഭിക്കും എന്നാണവരുടെ കണക്കുകൂട്ടല്‍. രണ്ടു മക്കളും നേരത്തെ വിവാഹം ചെയ്തിട്ടുണ്ടെങ്കിലും ഈ വിവാഹത്തിലൂടെ മേല്‍ക്കൈ നേടുക ഹാറൂന്‍ തന്നെയായിരിക്കും.ഖൈസുറാന്‍ രാജകുമാരിയുടെ കണക്കുകൂട്ടല്‍ അങ്ങനെയാണ്.. 
അഥിതികളെല്ലാം എത്തിച്ചേര്‍ന്നു. വന്‍ സദ്യാവട്ടങ്ങള്‍ ഒരുങ്ങി. നാടും നഗരവും കൊട്ടാരത്തിലേക്ക് ഒഴുകി. അബ്ബാസികളുടെ പ്രൗഡിയുടെ നിറവും മണവും മംഗല്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുണ്ട്. എങ്ങും പണക്കൊഴുപ്പിന്റെ തിളക്കമാണ്. വിഭവസമൃദ്ധമായ സദ്യ ഒരു രാജ്യത്തെ മുഴുവന്‍ പട്ടിണിക്കാരെയും ഊട്ടാവുന്നത്ര ഗംഭീരമാണ്. വന്നവര്‍ക്കെല്ലാം സമ്മാനങ്ങളുണ്ട്.അവര്‍ക്കുവേണ്ടി സ്വര്‍ണ്ണത്തിന്‍േറയും വെള്ളിയുടേയും നാണയത്തുട്ടുകള്‍ കോപ്പകളില്‍ നിറച്ചു വെച്ചരിക്കുകയാണ്.
വധുവിന് അണിയാനുള്ള ആഭരണങ്ങളും അവയുടെ ആധിക്യവും പെണ്‍വര്‍ഗം അന്നാണ് ആദ്യമായി കാണുന്നത്. അവയെല്ലാം ഒരേ സമയം വഹിക്കാന്‍ ആരോഗ്യ ദൃഢഗാത്രയായ സുബൈദാ രാജകുമാരിക്ക് പോലും പ്രയാസമാണ്. വധു കടന്നുവരുന്ന വഴിത്താരയില്‍ മുത്തും പവിഴവുമാണ് വിതറിയിരിക്കുന്നത്. അക്കാലത്തെ ഏററവും വിലകൂടിയ വസ്ത്രങ്ങളാണ് വധുവിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. അല്‍ ഖുല്‍ദ് കൊട്ടാരത്തിലാണ് മംഗല്യഘോഷം.
വരന്‍ ഹാറൂനിന്റെ മേല്‍വസ്ത്രം അക്കാലം കണ്ടതില്‍വെച്ചേററവും വലിയ വിലകൂടിയ വസ്ത്രമായിരുന്നു. മുത്തും പവിഴവും ഇഴചേര്‍ത്തുവെച്ച ആ വസ്ത്രം ഹിശാം ബിന്‍ അബ്ദുല്‍ മലിക് തന്റെ ഭാര്യ അബ്ദക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും ചരിത്രമുണ്ട്. സ്‌നേഹത്തിന്റെ വില മുത്തും പവിഴങ്ങളും കൊണ്ട് ആലേഖനം ചെയ്ത ആ വസ്ത്രം ഒരു ആഭരണം എന്ന നിലയിലായുന്നു കാണപ്പെട്ടിരുന്നത്. മൊത്തം അന്‍പതു മില്യണ്‍ ദിര്‍ഹമോളം വരും കല്യാണച്ചിലവുകള്‍.
ആഘോഷങ്ങളെ ഇത്രമേല്‍ കൊഴുപ്പിക്കുന്ന മററുചില ഘടകങ്ങളുമുണ്ട്. കോണ്‍സ്‌ററാന്റിനോപ്പിള്‍ കീഴടക്കിയതിന്റെ വിജയാരവത്തിന്റെ അംശമാണതിലൊന്ന്. ആ ഘട്ടത്തില്‍ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു വിജയം തന്നെയായിരുന്നു അത്. റോമിനെതിരെ ആ പടനയിച്ച നായകന്‍ ഹാറൂനായിരുന്നു എന്നതാണ് മറെറാന്ന്. ഇതെല്ലാം ഖലീഫ മഹ്ദിയെ വല്ലാതെ പുളകമണിയിച്ചിട്ടുണ്ട്. അതിന്റെയൊരു പ്രതിഫലനമാണ് ഖജനാവ് തുറന്നുവെച്ച് ഖലീഫ നടത്തുന്ന ഈ ആഘോഷങ്ങള്‍. മകന്‍ ഹാറൂനിന്റെ അഭിമാനകരമായ ഈ വിജയത്തിനുള്ള പാരിതോഷികമായി പിതാവ് ചാര്‍ത്തിക്കൊടുത്ത വിശേഷണമാണ് അദ്ദേഹത്തിന്റെ പേരിനുപിന്നിലുള്ള അല്‍ റഷീദെന്ന വിശേഷണം എന്നും അത് പിതാവ് നല്‍കിയത് ഈ ദിവസത്തിലായിരുന്നു എന്നുമെല്ലാം ചരിത്രവായനകളിലുണ്ട്.
അങ്ങനെ ഹിജ്‌റ 165ല്‍ അബ്ബാസികളുടെ പ്രൗഢികള്‍ക്കിടയില്‍ ഉന്നത വ്യക്തിത്വങ്ങളെ സാക്ഷിയാക്കി ഹാറൂന്‍ അല്‍ റഷീദ് സുബൈദാ ജഅ്ഫറിനെ വിവാഹം ചെയ്തു. സുബൈദ ഹാറൂനിന്റെ ഇണയായി. ഹാറൂന്‍ സുബൈദയുടെ തുണയായി.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter