വിവാഹമോചനം: വിവിധ രൂപങ്ങള്‍
ഖുല്‍അ് (പ്രതിഫലം നല്‍കി വിവാഹമോചനം)
ഭാര്യ ഉപയോഗപ്രദമായ എന്തെങ്കിലും സാധനം കൊടുത്തു ഭര്‍ത്താവിനെക്കൊണ്ട് വിവാഹമോചനം ചെയ്യിക്കുന്നതിന്നാണ് 'ഖുല്‍അ്' എന്ന് പറയുന്നത്. ഇതിന്ന് ഉപയോഗിക്കുന്ന പദം (ഉദാഹരണം) 'ഖാലഅ്ത്തുക്കി ബി അല്‍ഫി ദിര്‍ഹമിന്‍' (ആയിരം വെള്ളിക്ക് നിന്നെ ഞാന്‍ ഖുല്‍അ് ചെയ്തിരിക്കുന്നു) എന്നാകുന്നു. ഇങ്ങനെ 'ഖുല്‍അ്' ചെയ്താല്‍ സ്ത്രീക്ക് അവനുമായുള്ള വിവാഹബന്ധം പൂര്‍ണ്ണമായി വേര്‍പെടുന്നതാണ്. പിന്നീട് 'ഇദ്ദ'യില്‍ മടക്കിയെടുക്കല്‍ അനുവദനീയമല്ല. 'ഖുല്‍അ്' ചെയ്ത ഇദ്ദയില്‍ മടക്കിയെടുക്കല്‍ അനുവദനീയമല്ലാത്തതുകൊണ്ട് വിവാഹമോചനം ചെയ്താലും അതവളിലേക്ക് ചേരുകയില്ല. ഇദ്ദയില്‍ രണ്ടാമതും നികാഹ് ചെയ്താല്‍ മാത്രമേ അവള്‍ ഭാര്യയാരിക്കുകയുള്ളൂ.
വിവാഹമോചനം
ഥലാഖ് രണ്ട് വിധമുണ്ട്: വ്യക്തമായ പദങ്ങളുച്ചരിച്ചു കൊണ്ടുള്ളത്. ഇതിന്ന് 'സ്വരീഹ്' എന്നു പറയുന്നു. അവ്യക്തമായ പദങ്ങളുച്ചരിച്ചു കൊണ്ടുള്ളതാണ് മറ്റൊന്ന്. ഇതിന്ന് 'കിനായത്ത്' എന്നു പറയുന്നു. സ്വരീഹിന്റെ പദങ്ങള്‍ സറാഹ് (പിരിച്ചു വിടല്‍), ഫിറാഖ് (വേര്‍പെടുത്തല്‍) ഥലാഖ് (അഴിക്കല്‍) എന്നീ മൂന്നെണ്ണമാണ്. മേല്‍പറഞ്ഞ അറബി വാക്കുകളോ അതിന്റെ പരിഭാഷയോ ഉച്ചരിച്ചാല്‍ വിവാഹമോചനം കരുതിയാലും ഇല്ലെങ്കിലും അത് സംഭവിക്കും. തമാശയായി ത്വലാഖ് ചൊല്ലിയാലും സാധുവാകും. 'ഥല്ലഖ്ത്തുക്കി' (നിന്റെ വിവാഹബന്ധത്തെ ഞാന്‍ അഴിച്ചു) എന്നോ, നിന്റെ നികാഹ് ബന്ധത്തെ ഞാന്‍ പിരിച്ചുവിട്ടു എന്ന സറാഹില്‍ നിന്നുത്ഭവിച്ച പദം കൊണ്ടോ നിന്റെ നിക്കാഹ് ബന്ധത്തെ ഞാന്‍ വേര്‍പെടുത്തി എന്ന് 'ഫിറാഖി'ല്‍ നിന്നുത്ഭവിച്ച പദം കൊണ്ടോ ചൊല്ലുന്നത് സ്വരീഹിന്ന് ഉദാഹരണമാണ്.
'കിനായത്തി'ന്റെ പദങ്ങള്‍ അനവധിയുണ്ട്. ത്വലാഖ് ചൊല്ലുകയാണെന്ന ഉദ്ദേശ്യത്തോടുകൂടി ചൊല്ലിയാല്‍ മാത്രമേ കിനായത്തിന്റെ പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ത്വലാഖ് സംഭവിക്കുകയുള്ളൂ. നീ എനിക്ക് നിഷിദ്ധമാണ്, നീ വിധവയാണ്, നീ എന്റെ മാതാവിനെപ്പോലെയാണ്, നീ സ്വതന്ത്രയാണ് എന്നിവയെല്ലാം കിനായത്തിന്റെ പദങ്ങളാണ്.
ഥലാഖ് സുന്നിയ്യ്, ബിദഇയ്യ് എന്നീ രണ്ടു വിധമുണ്ട്. ഒരാള്‍ തന്റെ ഭാര്യയെ സംയോഗം ചെയ്യാത്ത ശുദ്ധിഘട്ടത്തില്‍ ഥലാഖ് ചൊല്ലുന്നതിന്ന് ഥലാഖ് സുന്നിയ്യെന്നും സംയോഗം ചെയ്ത ശുദ്ധിയിലോ അശുദ്ധിയുള്ള അവസരത്തിലോ ഥലാഖ് ചൊല്ലുന്നതിന്ന് ബിദഇയ്യ് (നിഷിദ്ധമാക്കപ്പെട്ടത്) എന്നും പറയുന്നു. ആര്‍ത്തവ പ്രായമെത്താത്ത പെണ്‍കുട്ടി, ആര്‍ത്തവമുണ്ടാകുകയില്ലെന്ന് നിരാശപ്പെട്ടവള്‍, ഗര്‍ഭിണി, പ്രതിഫലം കൊടുത്തു വിവാഹമോചനം ചെയ്യിച്ചവള്‍, ഭര്‍ത്താവ് സംയോഗം ചെയ്യാത്തവള്‍ എന്നിവരെ ഥലാഖ് ചൊല്ലല്‍ മേല്‍പറഞ്ഞ രണ്ട് വിധത്തിലും പെട്ടതല്ല.
സ്വതന്ത്രന്മാര്‍ക്ക് മൂന്ന് ത്വലാഖിന്നും അടിമകള്‍ക്ക് രണ്ട് ത്വലാഖിന്നും അവകാശമുണ്ട് . മൂന്ന് ത്വലാഖ് ഞാന്‍ ചൊല്ലി ഒന്നൊഴികെ എന്നുപറഞ്ഞാല്‍ രണ്ട് ത്വലാഖ് പോകും. (പക്ഷേ, അതിന്ന് അഞ്ച് നിബന്ധനകളുണ്ട്. അവ ഒക്കാതിരുന്നാല്‍ മൂന്നും പോകും.) വിവാഹമോചനത്തെ ഒരു വിശേഷണത്തോടോ മറ്റു വല്ല നിബന്ധനകളോടോ ബന്ധിപ്പിച്ചു പറഞ്ഞാലും ത്വലാഖ് ശരിയാകുന്നതാണ്. നീ ആര്‍ത്തവക്കുളി കുളിച്ചാല്‍ ത്വലാഖ് നഷ്ടപ്പെട്ടവളാണ്, വീട്ടില്‍ നിന്നു പുറത്ത് പോയാല്‍ നിനക്ക് ത്വലാഖ് ഇല്ലാത്തവളാണ് മുതലായവയെല്ലാം അതിന്നുദാഹരണമാണ്. മേല്‍പറഞ്ഞ രൂപത്തില്‍ അവള്‍ കുളിക്കുകയോ, പുറത്ത് പോകുകയോ ചെയ്താല്‍ ത്വലാഖ് പോകും. വിവാഹം ചെയ്യുന്നതിന്നു മുമ്പ് തന്നെ ഒരാള്‍, താന്‍ വിവാഹം ചെയ്യുന്ന സ്ത്രീയെ ത്വലാഖ് ചൊല്ലി എന്നു പറഞ്ഞാല്‍ അത് ശരിയാകുന്നതല്ല.
പ്രായപൂര്‍ത്തിയാകാത്തവര്‍ (കുട്ടികള്‍), ഭ്രാന്തന്മാര്‍, ഉറക്കത്തില്‍ പറഞ്ഞവര്‍, നിര്‍ബന്ധിതരായി ചൊല്ലിയവര്‍ എന്നിവരുടെ ത്വലാഖ് അസാധുവാണ്.
മടക്കിയെടുക്കല്‍
ഭാര്യയെ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയവ (സ്വതന്ത്ര)ന്ന് ഇദ്ദ കഴിയുന്നതിന്ന് മുമ്പ് അവളുടെ അനുവാദം കൂടാതെത്തന്നെ മടക്കിയെടുക്കല്‍ അനുവദനീയമാണ്.'അവളെ ഞാന്‍ മടക്കിയെടുത്തു' എന്നുപറഞ്ഞാല്‍ മതി. ഇദ്ദ കഴിഞ്ഞവളെ മടക്കിയെടുക്കാവതല്ല. രണ്ടാമത് നികാഹ് ചെയ്യണം. എന്നാല്‍ മാത്രമെ അവള്‍ അനുവദനീയമാകുകയുള്ളൂ. മടക്കിയെടുത്താലും രണ്ടാമത് നികാഹ് ചെയ്താലും ഥലാഖിന്റെ എണ്ണത്തില്‍ നിന്നു ബാക്കിയുള്ള എണ്ണം മാത്രമെ പിന്നീട് അവന്നര്‍ഹതയുണ്ടാകുകയുള്ളൂ.
ഇനി മൂന്ന് ത്വലാഖും ചൊല്ലിയാല്‍ ആ സ്ത്രീ വീണ്ടും അവന്ന് അനുവദനീയമാകാന്‍ അഞ്ച് നിബന്ധനകള്‍ പാലിക്കേണ്ടതണ്: 1) അവന്റെ 'ഇദ്ദ' കഴിയല്‍. 2) അവളെ മറ്റൊരാള്‍ വിവാഹം ചെയ്യല്‍. 3) രണ്ടാമനുമായി സംയോഗമുണ്ടാകല്‍, 4) രണ്ടാമന്‍ ഥലാഖ് ചൊല്ലല്‍. 5) അവന്റെ 'ഇദ്ദ' കഴിയല്‍. ഈ അഞ്ച് കാര്യങ്ങള്‍ക്ക് ശേഷം മാത്രമേ ആദ്യത്തവന്ന് അവള്‍ അനുവദനീയമാകുകയുള്ളൂ.
അല്‍ ഈലാഅ്
ഭാര്യയെ സംയോഗം ചെയ്യുകയില്ലെന്ന് ഭര്‍ത്താവ് സത്യം ചെയ്ത് അകന്ന് നില്‍ക്കുന്നതിന്നാണ് 'ഈലാഅ്'എന്നുപറയുന്നത്. ഈ സത്യം നിരുപാധികമായാലും നാല് മാസത്തില്‍ കൂടുതല്‍ സമയം നിശ്ചയിച്ചു കൊണ്ടുള്ളതാണെങ്കിലും നാല് മാസം കഴിഞ്ഞാല്‍ ഒന്നുകില്‍ സംയോഗമോ അല്ലെങ്കില്‍ വിവാഹമോചനമോ ആവശ്യപ്പെടാന്‍ അവള്‍ക്കധികാരമുണ്ട്. സംയോഗം ചെയ്താല്‍ അതോടുകൂടി പ്രശ്‌നം അവസാനിച്ചു. സത്യത്തിനെതിര് പ്രവര്‍ത്തിച്ചതിന്ന് 'കഫ്ഫാറത്ത്' (പ്രായശ്ചിത്തം) കൊടുക്കണമെന്നു മാത്രം. പ്രത്യുത അവന്‍ അതിന്ന് വിസമ്മതിക്കുകയാണെങ്കില്‍ ന്യായാധിപന്‍ അവര്‍ തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തേണ്ടതാണ്.
'ളിഹാര്‍'
ഭര്‍ത്താവ് ഭാര്യയെ തന്റെ ഉമ്മയുടെ മുതുകിനോട് സാദൃശ്യപ്പെടുത്തി പറയുന്നതിന്നാണ് 'ളിഹാര്‍' എന്നു പറയുന്നത്. വിവാഹ മോചനം സാധുവാകുന്ന ഒരാള്‍ 'നീ എന്റെ ഉമ്മയുടെ മുതുക് പോലെയാണ്' എന്ന് തന്റെ ഭാര്യയോട് പറഞ്ഞാല്‍ 'ളിഹാര്‍' ആയി. 'നീ എന്റെ ഉമ്മയെപ്പോലെയാണ്' എന്നോ 'സഹോദരിയെപ്പോലെയാണ്' എന്നോ അല്ലെങ്കില്‍ തനിക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ട മറ്റുവല്ല സ്ത്രീകളോട് തുല്യമാക്കി അവരെപ്പോലെയാണെന്നോ പറഞ്ഞാല്‍ അത് ളിഹാറിന്റെ അവ്യക്തമായ പദങ്ങളാണ്. (ളിഹാറാണെന്ന് ഉദ്ദേശ്യമുണ്ടെങ്കില്‍ അത് ളിഹാറാകും.)
മുമ്പ് പറഞ്ഞത് വ്യക്തമായ പദമായതു കൊണ്ട് അതില്‍ 'നിയ്യത്തി' ല്ലെങ്കിലും അത് ളിഹാറാകുന്നതാണ്. ളിഹാറിന്റെ ഉടനെ അവളെ ത്വലാഖ് ചൊല്ലാത്ത പക്ഷം അവന്‍ ളിഹാറില്‍ നിന്ന് മടങ്ങി എന്നതാണ് അതിന്നര്‍ത്ഥം. (ളിഹാറിന്നു ശേഷം ത്വലാഖ് ചൊല്ലിയാല്‍ അത് സംഭവിക്കുന്നതാണ്, അപ്പോള്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല.) അപ്പോള്‍ സത്യത്തിന്റെ പ്രായശ്ചിത്തം നല്‍കേണ്ടതാണ്. ന്യൂനതകളൊന്നുമില്ലാത്ത ഒരു മുസ്‌ലിം അടിമസ്ത്രീയെ മോചിപ്പിക്കുക, അതിന്ന് സാധിക്കാത്ത പക്ഷം തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ടിക്കുക, അതിന്നും കഴിയാത്ത പക്ഷം രാജ്യത്തെ മികച്ച ഭക്ഷ്യ സാധനത്തില്‍ നിന്ന് അറുപത് സാധുക്കള്‍ക്ക് ഒരു മുദ്ദ് വീതം ദാനമായി നല്‍കുക- ഇതാണ് സത്യത്തിന്റെ പ്രായശ്ചിത്തം. ഇത് ചെയ്ത ശേഷം മാത്രമേ അവളെ അവന്ന് സംയോഗം ചെയ്യല്‍ അനുവദനീയമാകുകയുള്ളൂ.
ലിആന്‍
ഭര്‍ത്താവ് തന്റെ ഭാര്യയുടെ ചാരിത്ര ശുദ്ധിയില്‍ സംശയിക്കുകയും അവളില്‍ വ്യഭിചാരമാരോപിക്കുകയും ചെയ്തിട്ട് അവന്ന് സാക്ഷികളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍, നാല് പ്രാവശ്യം താന്‍ ഉന്നയിച്ച കാര്യം സത്യമാണെന്നും അഞ്ചാം പ്രാവശ്യം, കളവ് പറഞ്ഞവനാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെമേല്‍ ഉണ്ടായിക്കൊള്ളട്ടെ എന്നും പറയുന്നതിന്നാണ് ലിആന്‍ എന്ന് പറയുന്നത്. സാക്ഷിയില്ലാതെ വ്യഭിചാരാരോപണം നടത്തിയവന്‍ ലിആന്‍ ചെയ്തില്ലെങ്കില്‍ അപവാദം പറഞ്ഞതിന്റെ ശിക്ഷക്ക് വിധേയനാകുന്നതാണ്. ലിആനിന്ന് ഉപയോഗിക്കുന്ന വാക്കുകള്‍ ഇതാണ്:
(എന്റെ ഭാര്യ ഇന്നവളെ അപവാദം പറഞ്ഞതില്‍ ഞാന്‍ സത്യവാനാണ്. അതിന്ന് അല്ലാഹുവിനെ ഞാന്‍ സാക്ഷിയാക്കുന്നു. ഈ കുട്ടി വ്യഭിചാരത്തില്‍ ജനിച്ചതാണ്. ഇത് എന്റെ കുട്ടിയല്ല.) ഇപ്രകാരം നാല് പ്രാവശ്യം പറയണം. ജനസമൂഹത്തിന്റേയും വിധികര്‍ത്താവിന്റെയും സാന്നിദ്ധ്യത്തില്‍ പള്ളി മിമ്പറില്‍ കയറി നിന്നാണ് ഇപ്രകാരം പറയേണ്ടത്. നാല് പ്രാവശ്യം പറഞ്ഞ ശേഷം അസത്യം പറഞ്ഞാലുള്ള ശിക്ഷയെ സംബന്ധിച്ച് വിധികര്‍ത്താവ് അവനെ തര്യപ്പെടുത്തണം. അതിന്ന് ശേഷം, 'ഞാന്‍ അസത്യം പറഞ്ഞതാണെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്റെ മേല്‍ ഉണ്ടാവട്ടെ' എന്നു പറയുകയും വേണം. എന്നാല്‍ ലിആനായി.
ഇങ്ങനെ 'ലിആന്‍' ചെയ്താല്‍ അതുമൂലം അഞ്ച് കാര്യങ്ങള്‍ ഉത്ഭവിക്കുന്നതാണ്:
1) അപവാദം പറഞ്ഞതിന്റെ ശിക്ഷയില്‍ നിന്ന് അവന്‍ മുക്തനാകും.
2) ഭാര്യ വ്യഭിചാരത്തിന്റെ ശിക്ഷക്കര്‍ഹയാകും. (അവള്‍ ലിആന്‍ ചെയ്തിട്ടില്ലെങ്കില്‍).
3) അവര്‍ തമ്മിലുള്ള വിവാഹബന്ധം മുറിയും.
4) കുട്ടിയെ അവനിലേക്ക് ചേര്‍ക്കുന്നതല്ല.
5) ഇനി ഒരിക്കലും അവര്‍ തമ്മില്‍ വിവാഹിതരാകാന്‍ പാടില്ല.
ഭര്‍ത്താവ് പറഞ്ഞത് പോലെ ഭാര്യക്കും ആകാം.
നാല് പ്രാവശ്യം തന്റെ നിരപരാധിത്വം രേഖപ്പെടുത്തണം. ഇതിന്നായി, ഭര്‍ത്താവ് തന്റെ പേരില്‍ ആരോപിച്ചത് കളവാണെന്നും അയാള്‍ കളവ് പറഞ്ഞതാണെന്നും സാക്ഷ്യപ്പെടുത്തണം. അഞ്ചാംപ്രാവശ്യം വിധികര്‍ത്താവിന്റെ ഉപദേശത്തിന്നു ശേഷം ഭര്‍ത്താവ് പറഞ്ഞത് വാസ്തവമാണെങ്കില്‍ അല്ലാഹു തന്നെ ശപിച്ചു കൊള്ളട്ടെ എന്നു പറയുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഭാര്യ വ്യഭിചാരത്തിന്റെ ശിക്ഷയില്‍ നിന്നൊഴിവാകുന്നതാണ്.
Leave A Comment