ഥലാഖ്: സ്ത്രീത്വത്തിന്റെ രക്ഷക്കുമാത്രം
വിവാഹ മോചനം രണ്ടെണ്ണമാകുന്നു. പിന്നീട് നീതിയോടുകൂടി നിറുത്തിപ്പോരുകയോ നല്ലനിലക്ക് വിട്ടയക്കുകയോ ചെയ്യാം. അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്ക് പാലിക്കുവാന്‍ സാധിക്കുകയില്ലെന്നു അവര്‍ രണ്ടുപേരും (ഭാര്യയും ഭര്‍ത്താവും) ഭയപ്പെടുമ്പോഴല്ലാതെ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ നല്‍കിയിട്ടുള്ള യാതൊന്നും വാങ്ങുവാന്‍ പാടില്ലാത്തതാകുന്നു. (അല്‍ ബഖറ: 244)
വിവാഹ മോചിതയായ ഭാര്യയെ അവളുടെ ഇദ്ദയില്‍ മടക്കി എടുക്കാന്‍ ഭര്‍ത്താവിന്നവകാശമുണ്ടെന്ന് മുന്‍വാക്യത്തില്‍ പ്രസ്താവിച്ചതിന്റെ ഒരു വിശദീകരണമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. അതായത് ഒന്നോ രണ്ടോ ത്വലാഖ് മാത്രം ചൊല്ലിയതാണെങ്കിലേ മടക്കി എടുക്കാന്‍ അവകാശമുള്ളൂ. അങ്ങനെ മടക്കി എടുത്താല്‍ നല്ല രീതിയില്‍ ആ ബന്ധം നിലനിറുത്തിപ്പോരണം. മടക്കി എടുക്കുന്നില്ലെങ്കില്‍ ഔദാര്യപൂര്‍വ്വം അവളെ വിട്ടയക്കണം. അങ്ങനെയാണ് വേണ്ടത്.
അറബികളില്‍ നടപ്പുണ്ടായിരുന്ന ഒരു ചീത്തസമ്പ്രദായത്തിനു പൂര്‍ണ്ണവിരാമമിടുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അവര്‍ സ്ത്രീ സമൂഹത്തിന്നു യാതൊരു മാന്യതയും നിലയും വിലയും കല്‍പിച്ചിരുന്നില്ലെന്നത് കുപ്രസിദ്ധമാണല്ലോ. ഈ വീക്ഷണഫലമായി ഭാര്യമാരെ എണ്ണവും കണക്കുമില്ലാതെ വിവാഹമോചനം ചെയ്യുകയും ഇദ്ദ കഴിയുന്നതിനു മുമ്പ് മടക്കി എടുക്കുകയും ചെയ്തിരുന്നു അവര്‍. ഭാര്യയുമായി വഴക്കായാല്‍ അവളെ ത്വലാഖ് ചൊല്ലും; ഇദ്ദ കഴിയുംമുമ്പ് മടക്കി എടുക്കുകയും ചെയ്യും. ചൊല്ലലും മടക്കലും പിന്നെയും പല ആവൃത്തി നടക്കും. ഇങ്ങനെ പാവപ്പെട്ട സ്ത്രീകള്‍ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. സ്ത്രീകളെയും അവരുടെ സ്ത്രീത്വത്തെയും കൊണ്ടുള്ള ഈ പന്താട്ടം ഇസ്‌ലാമിനെങ്ങനെ വെച്ചുപൊറുപ്പിക്കാനാകും? മാനവതയുടെ മോചനവും പീഡിതരുടെ സ്വാതന്ത്ര്യവും അതിന്റെ ലക്ഷ്യമാണല്ലോ. അതിനാല്‍ വിവാഹത്തിന്റെ പേരിലുള്ള പന്താട്ടത്തിലുള്ള പ്രതിവിധിയാണ് ഇവിടെ വിവരിക്കുന്നത്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ മൂന്നു ത്വലാഖിന്റെ അവകാശമേ അവനുള്ളൂ. അതില്‍ ഒന്നോ രണ്ടോ ചൊല്ലിയാല്‍ - അതു ഒരുമിച്ചു ചൊല്ലട്ടെ വേര്‍പിരിച്ചു ചൊല്ലട്ടെ - ഇദ്ദ കഴിയും മുമ്പ് മടക്കി എടുക്കാം. ഈ ആയത്തിന്റെ അവതരണ പശ്ചാത്തലത്തെക്കുറിച്ച് ഉര്‍വയില്‍ നിന്നു തന്റെ പുത്രന്‍ ഹിശാം(റ) ഉദ്ധരിക്കുന്നു: ഒരാള്‍ ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ ഇദ്ദ കഴിയും മുമ്പ് മടക്കി എടുക്കും. ആയിരം വട്ടം തന്നെ വിവാഹമോചനം ചെയ്താലും ഇങ്ങനെ മടക്കിയെടുത്താല്‍ അവള്‍ അവന്റെ ഭാര്യാപഥത്തില്‍തന്നെയായിത്തീരും. ഇങ്ങനെയായിരിക്കെ ഒരാള്‍ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്തു. എന്നിട്ട് ഇദ്ദ അവസാനിക്കാറാകുന്നതുവരെ കാത്ത് അവളെ തിരിച്ചെടുത്ത് പിന്നെയും ത്വലാഖ് ചൊല്ലി. (വൈരനിര്യാതനമായിരുന്നു അയാളുടെ ലക്ഷ്യം) ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ട് അയാള്‍ അവളോട് ഇങ്ങനെ പറയുകയും ചെയ്തു: അല്ലാഹുവിനെത്തന്നെ സത്യം, നിന്നെ ഞാന്‍ എന്നിലേക്ക് അടുപ്പിക്കുകയേ ഇല്ല. ത്വലാഖ് ചൊല്ലി നിന്നെ ഞാന്‍ ഒഴിവാക്കി വിടുകയും ചെയ്യില്ല. ഈ പശ്ചാത്തലത്തിലാണ് ഈ സൂക്തം അവതരിപ്പിച്ചത്. (അസ്ബാബുന്നുസൂല്‍ പേജ് 43)
എന്നാല്‍ മടക്കി എടുക്കാവുന്ന രണ്ട് ത്വലാഖ് അവന്നവകാശപ്പെട്ട മൂന്നില്‍ പെട്ടതായിരിക്കുകയാല്‍ അവ ഒരുമിച്ചോ വേര്‍പിരിച്ചോ ചൊല്ലാമങ്കിലും വേര്‍പിരിച്ചു ചൊല്ലുന്നതാണ് അവനേറ്റവും ഗുണപ്രദമായിരിക്കുക എന്നുണര്‍ത്തുവാനായിട്ടാണ് രണ്ടുപ്രാവശ്യം എന്നര്‍ത്ഥമുള്ള 'മര്‍റത്താനി' എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വിവാഹ മോചനം അനിവാര്യമായി വന്നാല്‍ ഒന്നു ചൊല്ലുക. പിന്നീട് ഇദ്ദ കഴിയുംമുമ്പ് ഹൃദയപരിവര്‍ത്തനവും സ്ഥിതിഭേദവും വന്നാല്‍ മടക്കി എടുക്കാം. പിന്നെയും എന്തെങ്കിലും കാരണവശാല്‍ ത്വലാഖ് വേണമെന്നു വന്നാല്‍ ഒന്നുകൂടി ചൊല്ലുക. ഇദ്ദയില്‍ മടക്കിഎടുക്കുക. ഇങ്ങനെയാണ് വേണ്ടത്. ഇവിടെ മടക്കി എടുക്കുക എന്നതിന്റെ ഉദ്ദേശ്യം വിവാഹകര്‍മ്മം (നിക്കാഹ്) കൂടാതെ തന്നെ ഭാര്യാപഥത്തിലേക്ക് അവളെ മടക്കാമെന്നാണ്. എന്നാല്‍ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയശേഷം ഇദ്ദ കഴിഞ്ഞുപോയി എന്നുവെക്കുക. എന്നാല്‍ മറ്റൊരാള്‍ അവളെ വിവാഹം കഴിക്കുന്നതിനു മുമ്പ് ആദ്യ ഭര്‍ത്താവിന്നു അവളെ വിവാഹ കര്‍മ്മം - നിക്കാഹ് നടത്തിക്കൊണ്ട് ഭാര്യയാക്കാം. ഭാര്യക്ക് നല്‍കിയ, മഹ്ര്‍, മറ്റു സംഭാവനകള്‍ എന്നവയില്‍നിന്നു യാതൊന്നും വിവാഹമോചന സമയത്ത് ഭര്‍ത്താവ് മടക്കി വാങ്ങരുത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter