സന്താനപരിപാലനം
അബൂഹുറൈറ (റ)വില്‍നിന്നു നിവേദനം: ''എല്ലാ കുട്ടികളും നേര്‍മാര്‍ഗത്തില്‍ ജന്‍മംകൊള്ളുന്നു. പിന്നെ അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയാക്കുന്നതും നസ്രാണിയാക്കുന്നതും ബഹുദൈവാരാധകനാക്കുന്നതും.'' (തിര്‍മുദി)
ജീവിതത്തിലെ ആനന്ദ പുഷ്പങ്ങളാണ്  സന്താനങ്ങള്‍. ചെറുപ്പത്തില്‍ കളിയും ചിരിയുമായി, മാതാപിതാക്കള്‍ക്ക്  കുളിര്‍മയേകി വളരുന്ന മക്കള്‍ വലിയവരാകുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കേണ്ടവരാണ്. അതുകൊണ്ടുതന്നെ ശിശുക്കള്‍ വളര്‍ന്നു വലുതാകുന്നത് മാതാപിതാക്കളുടെ പരിപൂര്‍ണ ശിക്ഷണത്തിലായിരിക്കണം. ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിക്കാന്‍  അവരെ ഒരുനിലക്കും അനുവദിച്ചുകൂടാ. ഇതിനു വിപരീതമായി, മാതാപിതാക്കളുടെ ശിക്ഷണമില്ലാതെ  വളരുന്ന മക്കളില്‍ ഭൂരിഭാഗവും താന്തോന്നികളും  തെമ്മാടികളും നന്ദികെട്ടവരുമായിരിക്കും. ഇന്നിന്റെ ബാലന്‍മാര്‍ നാളെയുടെ നായകന്‍മാരാവേണ്ടവരാണ്. അതുകൊണ്ട് അവരെ നല്ല ചുറ്റുപാടില്‍ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കളില്‍ നിക്ഷിപ്തമാണ്.
പിറന്നുവീണ ഉടന്‍ കുഞ്ഞ് ആദ്യമായി ശ്രവിക്കേണ്ടത് അല്ലാഹുവിന്റെ നാമമായിരിക്കണം. പിന്നെ അവനെ നല്ല പേരു വിളിച്ച് സദ്‌വൃത്തനാക്കി വളര്‍ത്തിയെടുക്കണം. ഒരു കുഞ്ഞിന്റെ പ്രാഥമിക വിദ്യാലയം മാതാവിന്റെ മടിത്തട്ടാണെന്നത് വെറും വാചകമടിയായി കാണുക ശരിയല്ല. മാതാവിന്, അല്ലെങ്കില്‍ സ്ത്രീക്ക് ചെയ്തു തീര്‍ക്കേണ്ട ബാധ്യതകളില്‍ പ്രാധാന്യമുള്ളതാണ് സന്താനശിക്ഷണവും പരിപാലനവും. അതുകൊണ്ടു തന്നെ മാതാവ് സദ്‌വൃത്തയായിരുന്നാല്‍തന്നെ കുട്ടി നേര്‍മാര്‍ഗിയായിത്തീരുമെന്നത്  നേരായ വസ്തുതയാണ്.  അവള്‍ താന്തോന്നിയും ദുര്‍മാര്‍ഗിയുമായാല്‍ ഉമ്മയെ കണ്ടു വളരുന്ന കുഞ്ഞ് മാതാവിനെ അനുകരിക്കുകയും നേര്‍മാര്‍ഗം വിട്ടു ചലിക്കുകയും ചെയ്യും. ഒടുവില്‍ 'ചൊട്ടയിലെ ശീലം ചുടല വരെ' എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുംവിധം അവന്‍ ദുര്‍മാര്‍ഗിയായി  മരണമടയുന്ന ഘട്ടം വരെയെത്തും .
ഉമ്മായെന്നു വിളിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ അവന് അല്ലാഹുവിനെക്കുറിച്ചും റസൂലിനെക്കുറിച്ചും അമ്പിയാക്കളെക്കുറിച്ചും അല്ലാഹുവിന്റെ മാലാഖമാരെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവസരമൊരുങ്ങുമ്പോള്‍ ഖുര്‍ആനും മതവിദ്യാഭ്യാസവും കരസ്ഥമാക്കാന്‍ മദ്‌റസയിലേക്കും ഭൗതികവിദ്യ നുകരാന്‍ സ്‌കൂളിലേക്കും പറഞ്ഞയക്കണം. അങ്ങനെ ഏഴു വയസ്സായാല്‍ അവന് നിസ്‌കാരവും അനുബന്ധ കാര്യങ്ങളും ശീലിപ്പിക്കുകയും ചെയ്യണം. പടിപടിയായി  ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പാഠങ്ങള്‍ കുട്ടിക്ക് നല്‍കി പക്വതയാര്‍ജ്ജിക്കുമ്പോഴേക്ക് ഒരു സല്‍ഗുണ സമ്പന്നനാക്കി അവനെ മാറ്റാന്‍ കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് ഇരു വീട്ടിലും അവന്‍ ഒരു തണല്‍വൃക്ഷമായിരിക്കും.
പ്രവാചകവചനം നമ്മെ ഉണര്‍ത്തുന്നത് ഒരു കുട്ടിയെ സദ്‌വൃത്തനാക്കുന്നതും ദുര്‍മാര്‍ഗിയാക്കുന്നതും മാതാപിതാക്കള്‍ തന്നെയാണെന്നാണ്. കുട്ടി എന്തു ചെയ്താലും 'അവന്‍ കുട്ടിയല്ലേ' എന്ന മട്ടില്‍ കാര്യങ്ങള്‍  അവഗണിക്കുന്നത് ഭൂഷണമല്ല. മഹാനായ നബി(സ) തങ്ങള്‍ തന്റെ പേരമക്കളായിരുന്ന ഹസന്‍, ഹുസൈന്‍ എന്നിവരെ സകാത്തിനു വേണ്ടി ഒരുമിച്ചു കൂട്ടിയ കാരക്ക തിന്നാനൊരുങ്ങുന്നതു കണ്ടപ്പോള്‍ 'അരുത്, അത് നമുക്ക് നിഷിദ്ധമാണെ'ന്നു പറഞ്ഞു വിലക്കിയ സംഭവം ഇവിടെ സ്മര്യമാണ്. മഹത്തുക്കളായിരുന്ന സ്വഹാബിവര്യന്‍മാര്‍ തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ നോമ്പു പിടിക്കാന്‍ ശീലിപ്പിച്ചിരുന്നതും മറ്റും ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവ രേഖകളാണ്.
സ്‌കൂളിലേക്കു പുറപ്പെടുമ്പോള്‍ കുട്ടികളുടെ കയ്യില്‍ വേണ്ടുവോളം കാഷ് നല്‍കി അവരെ ധൂര്‍ത്തന്‍മാരാക്കി മാറ്റുന്ന പ്രവണത ഇന്നു വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരുനാള്‍ കൊടുക്കാന്‍ കിട്ടാത്ത പക്ഷം  അവന്‍ മാതാപിതാക്കളെ തിരിഞ്ഞുകുത്തുന്ന  വിഷപ്പാമ്പായി മാറുന്നത് സ്വാഭാവികം മാത്രം. വിദ്യാലയങ്ങളെ കേന്ദ്രീകരിക്കാന്‍ മാഫിയാസംഘങ്ങളെ പ്രേരിപ്പിക്കുന്നതും മാതാപിതാക്കള്‍ കുട്ടികളെ ഏല്‍പിക്കുന്ന ഈ 'പേക്കറ്റ്മണി' തന്നെയാണ്. അങ്ങനെ, സംസ്‌കാരം പഠിപ്പിക്കപ്പെടേണ്ട വിദ്യാലയമുറ്റങ്ങള്‍ സംസ്‌കാരത്തിന്റെ ശവപ്പറമ്പായി മാറുന്നു. അശ്ലീലങ്ങളുടെ പിറകെയോടുന്ന കുട്ടികള്‍ നാളെയുടെ ശാപങ്ങളാണ്. വിദ്യാഭ്യാസമില്ലാത്ത അവന്, വളര്‍ന്നുവലുതായാല്‍ ജീവിത വ്യവഹാരങ്ങളുടെ നേരായ വശം തിരിച്ചറിയാനാവാതെ ഇരുട്ടില്‍ തപ്പേണ്ടിവരും.
'ഒരു മനുഷ്യന്‍ തന്റെ മകനെ മര്യാദ പഠിപ്പിക്കുന്നത് ഒരു സ്വാഅ് സ്വദഖ ചെയ്യുന്നതിനേക്കാള്‍ ഉത്തമ'മാണെന്ന നബിവചനവും 'സത്യ വിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ ശരീരങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നരകത്തെതൊട്ട് കാത്തുസൂക്ഷിക്കുക' (തഹ്‌രീം : 6) എന്ന ഖുര്‍ആനികാധ്യാപനവുമാണ് നമ്മെ വഴി നടത്തേണ്ടത്. നമ്മുടെ മക്കളെ നാം യഹൂദിയോ ക്രിസ്ത്യാനിയോ  ബഹുദൈവാരാധകനോ  ആക്കാന്‍ പാടില്ല. മരണാനന്തരം ഉപകാരപ്രദമായ മൂന്നു കാര്യങ്ങളില്‍ ഒന്നാണ്  സദ്‌വൃത്തനായ സന്തതിയെന്ന ആശയം കുറിക്കുന്ന പ്രവാചകവചനം നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter