ഖന്ദഖ് യുദ്ധം

ഹിജ്‌റ വര്‍ഷം അഞ്ച്; ശവ്വാല്‍ മാസം അരങ്ങേറിയ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധങ്ങളിലൊന്നാണ് ഖന്ദഖ് യുദ്ധം. ശത്രുക്കളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ കിടങ്ങ് കുഴിച്ചിരുന്നതിനാലാണ് യുദ്ധത്തിന് ഖന്ദഖ് എന്ന പേര് വന്നത്. വിവിധ വിഭാഗങ്ങള്‍ പങ്കെടുത്തതിനാല്‍ ഇത് അഹാസാബ് എന്ന പേരിലും അറിയപ്പെട്ടു. ദിവസങ്ങള്‍ നീണ്ടുനിന്ന ഉപരോധം കാരണം ശക്തമായ പരീക്ഷണങ്ങള്‍ക്കു വിധേയമായെങ്കിലും ഒടുവില്‍ മുസ്‌ലിംകള്‍ക്ക് വിജയം വന്നെത്തുകയായിരുന്നു.

ജൂതന്മാരുടെ ചരടുവലി

പലയിടത്തും നേരിട്ട തിരിച്ചടികള്‍ ജൂതരുടെ മനസ്സില്‍ ഒരഗ്നിയായി പുകയുന്നുണ്ടായിരുന്നു. ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ സമ്പൂര്‍ണ കൂട്ടായ്മയൊരുക്കി ഒരു ശക്തമായ മുന്നേറ്റം നടത്തുന്നതേ ഇനി ഫലം ചെയ്യുകയുള്ളൂവെന്ന് അവര്‍ ചിന്തിച്ചു. നേരത്തെ ഖൈബറിലേക്ക് നാടുകടത്തപ്പെട്ട ബനൂ നളീര്‍ ഇതിന് നേതൃത്വം നല്‍കി. പ്രമുഖരായ ഇരുപത് നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരെ യുദ്ധത്തിനുള്ള സഹായാഭ്യര്‍ത്ഥനയുമായി അവര്‍ മക്കയില്‍ ചെന്നു. യാതൊരു ചിന്തക്കും കാത്തുനില്‍ക്കാതെ അവര്‍ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. സംഘം പിന്നീട് ഗഥ്ഫാനിലേക്കു പോയി. അവരും സഹായിക്കാന്‍ തയ്യാറായി. ശേഷം, പല അറബ് ഗോത്രങ്ങളിലൂടെയും സഞ്ചരിക്കുകയും അവരുടെയെല്ലാം പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്തു. ചുരുക്കത്തില്‍, മുസ്‌ലിംകള്‍ക്കെതിരെ വിവിധ വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടുന്നതില്‍ ജൂതന്മാര്‍ വിജയിച്ചു. ഖുറൈശികള്‍ നാലായിരത്തോളം വരുന്ന സൈന്യത്തെയും ഗഥ്ഫാനികള്‍ ആറായിരത്തോളം വരുന്ന സൈന്യത്തെയും സമാഹരിച്ച് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം വരുന്ന ഒരു വന്‍ നൈ്യം മദീനയിലേക്കു തിരിച്ചു.

മുസ്‌ലിംകളുടെ തയ്യാറെടുപ്പ്

ജൂതന്മാര്‍ നടത്തുന്ന പുതിയ യുദ്ധ സന്നാഹങ്ങളെക്കുറിച്ച് പ്രവാചകന് വിവരം ലഭിച്ചു. ഉടനെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും യുദ്ധത്തിന് തയ്യാറാവുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. സംസാരത്തിനിടയില്‍ പേര്‍ഷ്യക്കാരനായിരുന്ന സല്‍മാനുല്‍ ഫാരിസി പുതിയൊരു യുദ്ധതന്ത്രം പരിചയപ്പെടുത്തി; കിടങ്ങ് കുഴിക്കല്‍. പ്രവാചകന്‍ അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിച്ചു. പ്രതിരോധത്തിന്റെ ആദ്യപടിയെന്നോണം ശത്രുക്കള്‍ കടന്നുവരുന്ന പ്രധാന വഴിയില്‍തന്നെ ഒരു കിടങ്ങ് കുഴിക്കാന്‍ തീരുമാനമായി. ഓരോ പത്തു പേര്‍ക്കും നാല്‍പത് മുഴം എന്ന കണക്കില്‍ പ്രവാചകര്‍ എല്ലാവര്‍ക്കും സ്ഥലം വിഹിതിച്ചുകൊടുത്തു. കിടങ്ങിന്റെ പണി തുടങ്ങി. പ്രവാചകരും സ്വഹാബികളോടൊന്നിച്ച് ജോലിയില്‍ പങ്കു ചേര്‍ന്നു. വളരെ ക്ലേശപൂര്‍ണമായിരുന്നു ജോലി. വിശപ്പകറ്റാന്‍ ആവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ കുറഞ്ഞ സാധനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബൂ ഥല്‍ഹ (റ) പറയുന്നു: 'വിശന്നു വലഞ്ഞ ഞങ്ങള്‍ വയറില്‍ കല്ലുവെച്ചുകെട്ടി.

പ്രവാചകരുടെ അടുത്തുചെന്ന് ആവലാതി പറഞ്ഞു. പ്രവാചകന്‍ സ്വന്തം വയറ്റില്‍ രണ്ടു കല്ല് വെച്ചുകെട്ടിയത് അപ്പോഴാണ് ഞങ്ങള്‍ കണ്ടത്.' സ്വന്തം വിശപ്പ് മറന്ന് ജോലി ചെയ്യുകയായിരുന്നു പ്രവാചകന്‍. തന്റെ അനുചരന്മാര്‍ക്ക് വന്നുപെട്ട വെഷമവും അവര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, പ്രവാചകന്‍ അതിനിടെ പലവുരു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു: 'നഥാ, നിശ്ചിതം ജീവിതം പാരത്രിക ജീവിതമാണ്. അതിനാല്‍, മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും നീ മോഷം നല്‍കേണമേ.' സ്വഹാബികള്‍ ആവേശം വീണ്ടെടുത്ത് വീണ്ടും ജോലിയില്‍ മുഴുകി. അതിനിടെ വലിയൊരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. എത്രി ശ്രമിച്ചിട്ടും അത് ഉടഞ്ഞില്ല. അവര്‍ പ്രവാചകരോട് കാര്യം പറഞ്ഞു. പ്രവാചകന്‍ ബിസ്മി ചൊല്ലി ആഞ്ഞുകൊത്തി. പാറ തകര്‍ന്നു തരിപ്പണമായി. ഈ നിര്‍ണായ വേളയില്‍ നടന്ന പ്രവാചകരുടെ ഒരു മുഅ്ജിസത്തായിരുന്നു ഇത്. കുറഞ്ഞ ഭക്ഷണം ആയിരം പേര്‍ക്ക് സുഭിക്ഷമായി ഭക്ഷിക്കാന്‍മാത്രം വര്‍ദ്ധിച്ചതും ഈ വേളയില്‍ നടന്ന പ്രവാചകരുടെ മറ്റൊരു മുഅ്ജിസത്തായിരുന്നു. മഹാനായ ജാബിര്‍ (റ) പ്രവാചകരുടെ വിശപ്പ് മനസ്സിലാക്കി; വീട്ടില്‍ ചെന്ന് അല്‍പം ഭക്ഷണം തയ്യാറാക്കി. പ്രവാചകരെയും കുറഞ്ഞ സ്വഹാബികളെയും ക്ഷണിച്ചു. വിവരമറിഞ്ഞ പ്രവാചകന്‍ ആയിരത്തോളംവരുന്ന സ്വഹാബികളെയും കൂട്ടി ജാബിറിന്റെ വീട്ടില്‍ ചെന്നു. ജാബിര്‍ (റ) പേടിച്ചപോയി. പ്രവാചകന്‍ തന്റെ വിശുദ്ധ ഉമനീര് അല്‍പം അതിലാക്കി. ശേഷം, ഓരോരുത്തര്‍ക്കായി ഭക്ഷണം വിതരണം ചെയ്തു. ആയിരമാളുകള്‍ സുഭക്ഷമായി കഴിച്ചിട്ടും പാത്രത്തില്‍ അത്രതന്നെ ഭക്ഷണം ശേഷിക്കുന്നുണ്ടായിരുന്നു.

സൈന്യങ്ങള്‍ മുഖാമുഖം

അബൂ സുഫ്‌യാന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതിനായിരത്തോളം വരുന്ന സൈന്യം സ്ഥലത്തെത്തി. സര്‍വ്വായുധവിഭൂഷിതരായിരുന്ന അവര്‍ വന്‍ സന്നാഹങ്ങളോടെയാണ് കടന്നുവന്നത്. കിടങ്ങ് കണ്ട അവര്‍ അന്തിച്ചുപോയി. അറബികള്‍ക്ക് തീരെ പരിചയമില്ലാത്ത ഒരു യുദ്ധതന്ത്രമായിരുന്നു ഇത്. അടുത്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് അവര്‍ കിടങ്ങിനപ്പുറത്ത് തമ്പടിച്ചു. മുവ്വായിരംവരുന്ന സൈന്യവുമായാണ് പ്രാവചകന്‍ കടന്നുവന്നത്. സില്‍അ് പര്‍വതം പിന്നിലും ഖന്ദഖ് മുന്നിലുമായി അവര്‍ സ്ഥാനമുറപ്പിച്ചു. അബ്ദുല്ലാഹിബ്‌നു ഉമ്മി മഖ്തൂമിന് മദീനയുടെ ചുമതല നല്‍കി. സ്ത്രീകളെയും കുട്ടികളെയും കോട്ടയുടെ മുകളില്‍ പാര്‍പ്പിച്ചു. ഇടയില്‍ കിടങ്ങായതിനാല്‍ നേരിട്ടുള്ള ഒരു കടന്നാക്രമണത്തിന് അവസരമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഉപരോധത്തിലൂടെ മുസ്‌ലിംകളെ ബുദ്ധിമുട്ടാക്കുകയെന്നതായിരുന്നു ശത്രുക്കളുടെ നയം. അതോടൊപ്പം അമ്പെയ്ത്തുയുദ്ധമാണ് പ്രധാനമായും നടന്നത്. കിടങ്ങിന്റെ വീതികുറഞ്ഞ ഭാഗം നോക്കി ചിലര്‍ കുതിരയെ അപ്പുറം ചാടിച്ചു യുദ്ധത്തിന് വന്നു. അംറ് ബിന്‍ അബ്ദില്‍ വുദ്ദ്, ഇക്‌രിമ ബിന്‍ അവീ ജഹല്‍, ളിറാര്‍ ബിന്‍ ഖഥാബ് തുടങ്ങിയവരാണ് ഇതിനു തയ്യാറായത്. അലി (റ) ഒരു സംഘത്തോടൊപ്പം അവരെ നേരിട്ടു. അംറുമായി ദന്ദ്വയുദ്ധത്തിലേര്‍പ്പെടുകയും വധിച്ചുകളയുകയും ചെയ്തു. ഇതു കണ്ട ബാക്കിയുള്ളവര്‍ ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. ശേഷവും പല ദിവസങ്ങളില്‍ കിടങ്ങ് മുറിച്ചുകടക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും മുസ്‌ലിംകളുടെ പ്രതിരോധത്തിനു മുമ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. നിരന്തരം യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കേണ്ടിയിരുന്നതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍പോലും സമയം കിട്ടിയിരുന്നില്ല. തന്റെ നിസ്‌കാരം ഖളാ ആക്കിയ ശത്രുക്കള്‍ക്കെതിരെ പ്രവാചകന്‍ ഈ വേളയില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി. അമ്പെയ്ത്തു തന്നെയായിരുന്നു പ്രധാനമായും ഖന്ദഖിലെ യുദ്ധമുറ. ഇതില്‍ മുസ്‌ലിം പക്ഷത്തുനിന്നും ആറു പേരും ശത്രു പക്ഷത്തുനിന്നും പത്തു പേരും വധിക്കപ്പെട്ടു. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് വാളിനിരയായത്.

ജൂതഗൂഢാലോചനകള്‍

ശക്തമായ ഉപരോധവും യുദ്ധമുറകളും അരങ്ങേറുമ്പോഴും ജൂതന്മാര്‍ മുസ്‌ലിംകള്‍ക്കെതിരെ ഗൂഢാലോചനയിലായിരുന്നു. ബനൂ ഖുറൈളയെയും കൂടെ കൂട്ടി ഉള്ളില്‍നിന്നുതന്നെ പ്രവാചകനെതിരെ തിരിയാനായിരുന്നു പദ്ധതി. കാരണം, ബനൂ ഖുറൈളക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഉടമ്പടി നിലനില്‍ക്കുന്ന സമയമായിരുന്നു അത്. ഇത് തകര്‍ത്തിട്ടേ കാര്യമുള്ളൂവെന്ന് അവര്‍ മനസ്സിലാക്കി. താമസിയാതെ ബനൂ നളീര്‍ നേതാവ് ഹയ്യ് ബ്‌നു അഖ്ഥബ് ബനൂ ഖുറൈള നേതാവ് കഅ്ബ് ബിന്‍ അസദിന്റെ മുമ്പില്‍വന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഒരു കടന്നാക്രമണത്തെക്കുറിച്ച് സംസാരിച്ചു. പക്ഷെ, അദ്ദേഹം പ്രവാചകരുമായുള്ള ഉടമ്പടി പൊളിക്കാന്‍ തയ്യാറായില്ല. നിരന്തരമായ ശ്രമത്തിനൊടുവില്‍ ഹയ്യ് ലക്ഷ്യം കണ്ടു. കഅ്ബ് ഉടമ്പടി പൊളിക്കാന്‍ തയ്യാറായി. ഉള്ളില്‍നിന്നുതന്നെ പ്രവാചര്‍ക്കെതിരെ കടന്നാക്രമിക്കാന്‍ വാതില്‍ തുറന്നു. അതിനിടെ ജൂതന്മാരില്‍ ചിലര്‍ മുസ്‌ലിം സ്ത്രീകളും കുട്ടികളും താമസിച്ചിരുന്ന കോട്ടയുടെ അടുത്തുപോവുകയും അവരെ ആക്രമിക്കാന്‍ ശ്രമം നടത്തുകയുമുണ്ടായി. ഇതു കണ്ട സ്വഫിയ്യ (റ) ഒരു മരക്കഷ്ണവുമായി പുറത്തുചാടുകയും അയാളുമായി പോരാട്ടം നടത്തി, വകവരുത്തുകയും ചെയ്തു. ഇതുകണ്ട ശത്രുക്കള്‍ ഭീതിയോടെ പിന്നീട് അങ്ങോട്ട് അടുത്തിരുന്നില്ല.

ഉപരോധത്തിന്റെ ക്രൂരതകള്‍

ബനൂ ഖുറൈള ഉടമ്പടി പൊളിച്ചിട്ടുണ്ടെന്ന വിവരം പ്രവാചകരെ വേദനിപ്പിച്ചു. ശത്രുക്കള്‍ ഒന്നടങ്കം സംഘടിക്കുകയും നാലുഭാഗത്തുനിന്നും ശക്തമായ ഉപരോധം നയിക്കുകയും ചെയ്യുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ ഇത് വലിയൊരു ഭീഷണിയായിരുന്നു. പ്രവാചകന്‍ ദൂതന്മാരെ വിട്ട് കാര്യം ഉറപ്പുവരുത്തി. ജൂതന്മാര്‍ തങ്ങള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെട്ട വിവരം ബോധ്യപ്പെട്ടു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായൊരു ഘട്ടമായിരുന്നു ഇത്. മുമ്പില്‍നിന്നുംവരുന്ന ശത്രുക്കളില്‍നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ മാത്രമേ മുസ്‌ലിംകള്‍ നടത്തിയിരുന്നുള്ളൂ. പിന്നില്‍നിന്നുംവരുന്ന ബനൂ ഖുറൈളയുടെ ആക്രമണങ്ങള്‍ തടയാന്‍ യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. അറബികള്‍ മൊത്തം സംഘടിക്കുകയും മുസ്‌ലിംകളെ മുള്‍മുനയില്‍നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭം. എന്തെങ്കിലും ഒരു രക്ഷാമാര്‍ഗം സ്വീകരിക്കണമെന്ന് പ്രവാചകന്‍ മനസ്സിലാക്കി. ശത്രുക്കള്‍ക്കെതിരെ പ്രതിരോധമെന്നോണം മദീനയിലെ ഫലങ്ങളുടെ മൂന്നിലൊന്നു നല്‍കി ഗഥ്ഫാനുമായി ഉടമ്പടിയുണ്ടാക്കിയാലോ എന്നു വരെ ചിന്തിച്ചു. ശേഷം, ഈ നിര്‍ണായക ഘട്ടത്തില്‍ എന്തു ചെയ്യണമെന്ന് അനുയായികളായ സഅ്ദ് ബിന്‍ മുആദുമായും സഅ്ദ് ബിന്‍ ഉബാദയുമായും ചര്‍ച്ച ചര്‍ച്ച നടത്തി. ക്രൂരരായ ശത്രുക്കളുമായി ഇത്തരമൊരു ഉടമ്പടിക്ക് ഒരിക്കലും തയ്യാറാവേണ്ടതില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. 'ഇത് അല്ലാഹുവിന്റെ തീരുമാനമാണെങ്കില്‍ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഇനി, ഞങ്ങള്‍ക്കു വേണ്ടിയാണ് അങ്ങ് ഇത് ചെയ്യുന്നതെങ്കില്‍ ഒരിക്കലും ഇതിന്റെ ആവശ്യമില്ല. അവര്‍ക്ക് മദീനയുടെ പഴയങ്ങളല്ല; വാളാണ് വേണ്ടത്.' അവര്‍ പറഞ്ഞു. 'അറബികള്‍ ഒന്നടങ്കം നമുക്കെതിരെ തിരിയുമ്പോള്‍ അങ്ങനെ ചെയ്താലോ എന്ന് ചിന്തിച്ചുപോവുക മാത്രമായിരുന്നു' പ്രവാചകന്‍ പ്രതികരിച്ചു.

വിജയത്തിലേക്കു നയിച്ച യുദ്ധതന്ത്രം

ഈയൊരു നിര്‍ണായക ഘട്ടത്തില്‍ അറിയാതെ ഒരു യുദ്ധതന്ത്രം മുസ്‌ലിംകളെ തുണക്കാനെത്തി. ഗഥ്ഫാന്‍ ഗോത്രക്കാരനായ നഈം ബിന്‍ മസ്ഊദ് പ്രവാചകരുടെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: 'പ്രവാചകരെ, ഞാന്‍ മുസ്‌ലിമാണ്. പക്ഷെ, ഈ കാര്യം എന്റെ ഗോത്രം അറിയില്ല. അതിനാല്‍, ഇവിടെ ഞാന്‍ എന്താണ് ചെയ്യേണ്ടത്?'. പ്രവാചകന്‍ പറഞ്ഞു: 'നീ ഒരാളല്ലെയുള്ളൂ. യുദ്ധം ഒരു തന്ത്രമാണ്. അതിനാല്‍, നിനക്ക് കഴിയുന്നത് ചെയ്യുക.' താമസിയാതെ അദ്ദേഹം ബനൂ ഖുറൈള ഗോത്രത്തിലെത്തി. അവരോട് തങ്ങളിലൊരാളായി സംസാരിച്ചു. അവര്‍ സ്വീകരിച്ചി നിലപാടിന്റെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചുകൊടുത്തു: 'ഖുറൈശികളും ഗഥ്ഫാനും ഈ നാട്ടുകാരല്ല. അവരുടെ ശത്രുക്കളായ മുഹാജിറുകളും അന്‍സ്വാറുകളുമാണ് ഈ നാടിന്റെ അന്തേവാസികള്‍. അവരാണ് എന്നും നിങ്ങളോടൊപ്പമുണ്ടാവുക.  ഖുറൈശും ഗഥ്ഫാനും ഇന്നല്ലെങ്കില്‍ നാളെ തിരിച്ചുപോകും. അങ്ങനെ വന്നാല്‍, മുഹമ്മദും അനുയായികളും പ്രതികാരം ചെയ്യും. അപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടാവില്ല. അതിനാല്‍ ആള്‍ ജാമ്യം തരുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം യുദ്ധത്തില്‍ പങ്ക് ചേരരുത്. അവരെ സഹായിക്കുകയുമരുത്.' നഈമിന്റെ അഭിപ്രായത്തില്‍ സത്യമുണ്ടെന്ന് ബനൂ ഖുറൈളക്കു തോന്നി. അവരത് സമ്മതിച്ചു. താമസിയാതെ അദ്ദേഹം ഖുറൈശികള്‍ക്കടുത്തു ചെന്നു. തന്റെ വിശ്വാസ്യത പറഞ്ഞുബോധിപ്പിച്ചു. മുഹമ്മദും അനുയായികളുമായുള്ള കരാര്‍ പൊളിച്ചതില്‍ ജൂതന്മാര്‍ ഖേദിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ നിങ്ങളോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവര്‍ ആള്‍ജാമ്യം ആവശ്യപ്പെടുന്നുണ്ടെന്നും അറിയിച്ചു. അങ്ങനെയെങ്കില്‍, ഒരിക്കലും ആള്‍ജാമ്യം നല്‍കരുതെന്ന ഉപദേശവും നല്‍കി. ശേഷം, നഈം ഗഥ്ഫാനികളുടെ അടുത്തെത്തി. അവരോടും ഇതുപോലെ പറഞ്ഞു. എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി കരുതുകയും അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. യുദ്ധത്തിന്റെ സമയം വന്നണഞ്ഞു. മുഹമ്മദിനെതിരെ ഇറങ്ങിപ്പുറപ്പെടാന്‍ ഖുറൈശികള്‍ ജൂതന്മാരെ വിളിച്ചു. അവര്‍ തയ്യാറായില്ല. ആള്‍ജാമ്യം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിന് ഖുറൈശികളും തയ്യാറായില്ല. ഇതോടെ അവര്‍ക്കിടയില്‍ പ്രശ്‌നമായി. ഭിന്നിപ്പ് രൂപപ്പെട്ടു. നഈമിന്റെ ശ്രമം വിജയിക്കുകയും ഇരുവരും രണ്ടു വിഭാഗമായി പിരിയുകയും ചെയ്തു. ഖുറൈശികള്‍ക്ക് വന്‍ തിരിച്ചടി നേരിട്ട ഈ സമയം. അല്ലാഹുവിന്റെ ഭാഗത്തുനിന്നും ശീതക്കാറ്റും കടന്നുവന്നു. സൈന്യത്തിന് പിടിച്ചുനില്‍ക്കാനായില്ല. അവരുടെ കൂടാരങ്ങളും സാമഗ്രികളും പറന്നുപോയി. ഇനി നല്‍ക്കക്കള്ളിയില്ലെന്നു കണ്ടപ്പോള്‍ അവര്‍ മടക്കയാത്രയാരംഭിച്ചു. ഖന്ദഖ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയം വന്നെത്തി. ഒരു മാസത്തോളം നീണ്ടുനിന്ന ഉപരോധത്തില്‍നിന്നും മോചനം ലഭിച്ചു. മദീനയില്‍ ആരുതന്നെ സംഘടിച്ചാലും അവിടെ വേരുപിടിച്ച മുസ്‌ലിംകളെ പിഴുതെറിയാല്‍ ഒരാള്‍ക്കും സാധിക്കില്ലെന്ന് ഇത് തെളിയിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter