ശൈഖ് മുസ്ഥഫാ സബ്‌രി; തീച്ചൂളയിലൂടെ നടന്ന പണ്ഡിതന്‍

1922 ല്‍ ഒട്ടോമന്‍ ഖിലാഫത്ത് ഇല്ലായ്മ ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായി പോരാടിയ, ഇസ്‍‌ലാമിക മൂല്യങ്ങള്‍ക്ക് വേണ്ടി ഘോരഘോരം ശബ്ദമുയര്‍ത്തിയ ഒരു പണ്ഡിതനുണ്ടായിരുന്നു തുര്‍ക്കിയില്‍. അത്താതുര്‍ക്കിന്റെ ഇസ്‍ലാം വിരുദ്ധ 'പരിഷ്‌കാരങ്ങളെ' തടുക്കാന്‍ ശ്രമിച്ച, തുര്‍ക്കിയുടെ അവസാനത്തെ ശൈഖുല്‍ ഇസ്‍‌ലാം ശൈഖ് മുസ്ഥഫാ സബ്‌രി എഫന്ദി.

തുര്‍ക്കിയിലെ തോകാത് പ്രവിശ്യയില്‍ 1869 ലാണ് മുസ്ഥഫാ സബ്‌രിയുടെ ജനനം. ഒട്ടോമന്‍ മദ്‌റസാ സംവിധാനങ്ങളില്‍ വിദ്യ നുകര്‍ന്ന അദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. പിന്നീട് കയ്‌സരിയിലും ഇസ്തംബൂളിലുമായി പഠനം തുടര്‍ന്ന് അധികം വൈകാതെ തന്നെ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ലൈബ്രേറിയന്‍ ആയി മാറി. 1908 ല്‍ ജന്മദേശത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. ബയാനുല്‍ ഹഖ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും പിന്നീട് പല പാര്‍ട്ടികളുടെയും അമരക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അങ്ങനെയാണ് തുര്‍ക്കിയിലെ സഈദ് നൂര്‍സി അടക്കമുള്ള പണ്ഡിതരുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. 

1919 ല്‍ ഫരീദ് പാഷ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് അദ്ദേഹം തുര്‍ക്കിയിലെ ഏറ്റവും വലിയ മതസ്ഥാനമായ ശൈഖുല്‍ ഇസ്‍‌ലാം പദവിയിലെത്തുന്നത്. തുര്‍ക്കിയില്‍ കമാല്‍ പാഷ അധികാരത്തില്‍ വന്നതോടെ അവിടത്തെ ജീവിതം ദുഃസ്സഹമായി. രാജ്യത്ത് നിന്നും പുറത്താക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍ ശൈഖുല്‍ ഇസ്‍‌ലാമും ഉണ്ടായിരുന്നു. ആദ്യം റൊമാനിയയിലേക്കും പിന്നീട് ഈജിപ്തിലേക്കും അദ്ദേഹം പലായനം ചെയ്യുകയും അവസാനം 1954 ല്‍ അവിടെ വെച്ച് പരലോകം പുല്‍കുകയും ചെയ്തു.

മുസ്‍ലിം സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക തകര്‍ച്ച വേദനയോടെ നേരില്‍ കണ്ട പണ്ഡിതരില്‍ പ്രധാനിയാണ് ശൈഖ് മുസ്ഥഫാ സബ്‌രി. തന്നാലാവും വിധം ഖിലാഫത്തിനെയും മുസ്‍ലിം ലോകത്തെയും രക്ഷിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് വിജയിക്കാനായില്ല എന്നതാണ് ദുഃഖസത്യം. പാശ്ചാത്യന്‍ സംസ്‌കാരത്തെയും അതിന്റെ കുത്തൊഴുക്കില്‍ വന്ന ഇസ്‍ലാമിക പരിഷ്‌കരണ പ്രസ്ഥാനങ്ങളെയും ശൈഖ് ഒരുപോലെ വിമര്‍ശിച്ചു. മുസ്‍‌ലിം ലോകം തങ്ങളുടെ പൈതൃകത്തില്‍ നിന്നും മാറി സഞ്ചരിക്കാന്‍ തുടങ്ങിയതാണ് ഇസ്‍‌ലാമിക ലോകത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആണയിട്ട് പറഞ്ഞു.

പാശ്ചാത്യരുടെ അനുഭവത്തിലുള്ള മതമല്ല (ചര്‍ച്ചുകളിലൂടെ അവര്‍ പരിചയപ്പെട്ട) ഇസ്‍‌ലാം എന്നും യൂറോപ്പില്‍ ഉപയോഗിച്ച അതേ അളവുകോലു കൊണ്ട് മുസ്‍‌ലിം സമൂഹത്തെ അളക്കുന്നത് വിപരീത ഫലമേ നല്‍കൂ എന്നും മുസ്‍‌ലിം നേതാക്കളെ അദ്ദേഹം ഉണര്‍ത്തിക്കൊണ്ടിരുന്നു. ഇന്‍ഡക്ടീവ് മെത്തേഡിനും റാഷണലിസ്റ്റ് ഫിലോസഫിക്കും നല്‍കേണ്ട പ്രാധാന്യവും പ്രാതിനിധ്യവും ഇസ്‍‌ലാം നല്‍കുന്നുവെന്നും അതിനപ്പുറത്തേക്ക് പാശ്ചാത്യര്‍ അടിച്ചേല്‍പിക്കുന്ന പുതിയ 'സംസ്‌കരണ' പ്രവര്‍ത്തനങ്ങള്‍ ഇസ്‍‌ലാമിനെ അതിന്റെ തനതായ സ്വരൂപത്തില്‍ നിന്നും അകറ്റുമെന്നും അദ്ദേഹം അന്ന് തന്നെ ആശങ്കപ്പെട്ടിരുന്നു.

ഈജിപ്തിലെത്തിയ അദ്ദേഹം തന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. മുസ്‍‌ലിംകള്‍ പാശ്ചാത്യന്‍ പാത പിന്തുടണമെന്ന് ആഹ്വാനം ചെയ്തിരുന്ന അവിടുത്തെ മുഴുവന്‍ ആളുകളെയും തന്റെ അക്കാദമിക പഠനങ്ങളിലൂടെ അദ്ദേഹം എതിര്‍ത്തു. ഫരീദ് വജ്ദി, ഹുസൈന്‍ ഹൈകല്‍, ജമാലുദ്ദീന്‍ അഫ്ഗാനി, ഖാസിം അമീന്‍, മുഹമ്മദ് അബ്ദു, മുസ്ഥഫാ അല്‍ മറാഗി തുടങ്ങിയ ഈജിപ്ഷ്യന്‍ ആധുനികതയുടെ മുടിചൂടാ മന്നന്മാരൊക്കെ ശൈഖ് സബ്‌രിയുടെ ചോദ്യശരങ്ങള്‍ക്കിരയായി.

ഒട്ടനവധി മൂല്യവത്തായ രചനകള്‍ മുസ്ഥഫാ സബ്‌രിയുടേതായിട്ടുണ്ട്. നാല് വാല്യങ്ങളടങ്ങിയ 'മൗഖിഫുല്‍ അഖ്‌ലി വല്‍ ഇല്‍മി മിന്‍ റബ്ബില്‍ ആലമീന്‍ വ ഇബാദിഹില്‍ മുര്‍സലീന്‍' ആണ് അതില്‍ എടുത്തു പറയേണ്ടത്. പാശ്ചാത്യന്‍ തത്വശാസ്ത്രവും അതിന് സംഭവിച്ചിട്ടുള്ള അപചയങ്ങളും തുറന്ന് കാട്ടുന്നുണ്ട് ഈ കൃതി. മതവും തത്വശാസ്ത്രവും ശാസ്ത്രവും യുക്തിവാദവും എത്ര മാത്രം ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു എന്നദ്ദേഹം വിശദീകരിക്കുന്നു.
'അല്‍ നകീര്‍ അലാ മുന്‍കിരീ നിഅ്മത്തി മിനദ്ദീനി വല്‍ ഖിലാഫത്തി വല്‍ ഉമ്മഃ', മസ്അലത്തു തര്‍ജുമത്തില്‍ ഖുര്‍ആന്‍' തുടങ്ങിയവ പ്രധാനപ്പെട്ട മറ്റു കൃതികളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter