നുഅ്മാന്‍ ബിന്‍മുഖ്‍രിൻ അൽമുസനി(റ): തന്ത്രജ്ഞനായ സൈന്യാധിപന്‍
മക്കയുടെയും മദീനയുടെയും ഇടയിൽ യസ്‍രിബിനോട് ചേർന്നുള്ള പ്രദേശത്താണ് മുസയ്ന ഗോത്രം താമസിച്ചിരുന്നത്. നബി (സ്വ) ഹിജ്റ ചെയ്ത് മദീനയിലെത്തിയത് മുതൽ അവിടുന്നുള്ള വാർത്തകളായിരുന്നു മുസയ്നക്കാർക്ക് ഇടയിൽ വ്യാപിച്ചത്. യാത്രക്കാരിൽ നിന്നും കച്ചവടക്കാരിൽ നിന്നും മറ്റുമൊക്കെ അവരറിഞ്ഞത് നബി(സ്വ)യെയും ഇസ്‍ലാമിനെയും കുറിച്ചുള്ള നന്മകൾ മാത്രമായിരുന്നു.
ഒരുനാൾ ഗോത്രനേതാവ് നുഉമാൻ ബ്നുമുഖ്‍രിൻ അൽമുസനി അവരോട് പറഞ്ഞു : "പ്രിയമുള്ളവരേ, അല്ലാഹുവാണേ സത്യം. മുഹമ്മദിനെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് നാം കേൾക്കുന്നത്. ശരിയിലേക്കും നീതിയിലേക്കുമാണ് അവർ ക്ഷണിക്കുന്നത്. ജനസഞ്ചയം അവരിലേക്ക് ഒഴുകുമ്പോൾ നാം എന്തിന് മാറി നിൽക്കണം! അതുകൊണ്ട് രാവിലെ തന്നെ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പുറപ്പെടുകയാണ്. ആർക്കെങ്കിലും താല്‍പര്യമുണ്ടെങ്കിൽ അവർ തയ്യാറായി കൊള്ളുക."
നേതാവിന്റെ വാക്കുകൾ അവരിൽ സ്വാധീനം ചെലുത്തി. നേരം പുലരുമ്പോൾ അദ്ദേഹത്തിന്റെ പത്ത് സഹോദരന്മാരും മുസയ്ന ഗോത്രത്തിലെ 400 കുതിരപ്പടയാളികളും തയ്യാറായിരുന്നു. പുണ്യറസൂൽ(സ്വ)യെ കാണാനും സത്യദീനിനെ നെഞ്ചോട് ചേർക്കാനുമായിരുന്നു അവരെല്ലാം ഒരുങ്ങിനിന്നത്. പക്ഷേ, നുഅ്മാൻ എന്നവരുടെ ആശങ്ക മറ്റൊന്നായിരുന്നു. ഇത്രയും വലിയൊരു സംഘവുമായി നബി(സ്വ)യെ സന്ദർശിക്കാൻ പോകുമ്പോൾ വെറും കൈയോടെ പോകുന്നതെങ്ങനെയാണ്! പ്രവാചകർക്കും കൂടെയുള്ളവര്‍ക്കുമായി എന്തെങ്കിലും കൊണ്ട് പോവേണ്ടതില്ലേ. പൊതുവെ ക്ഷാമ വര്‍ഷമായിരുന്നതിനാല്‍ ആരോടും ഒന്നും ചോദിക്കാനും വയ്യ. കൂടെയുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ബന്ധമുണ്ടായിരുന്ന ആ നേതാവ്, സ്വന്തം ഭവനത്തിലും സഹോദരിമാരുടെ വീടുകളിലും ചെന്ന് അവിടെ ബാക്കിയുണ്ടായിരുന്ന സമ്പത്ത് ശേഖരിച്ചു. അവയുമായി നബി(സ്വ)യുടെ അടുക്കലെത്തി. നുഅ്മാൻ(റ) വും ഒപ്പമുള്ളവരും കലിമ ചൊല്ലി ഇസ്‍ലാം ആശ്ലേഷിച്ചു.
മുസയ്ന ഗോത്രത്തിന്റെ ഇസ്‍ലാമാശ്ലേഷണം യസ്‍രിബിനെ മുഴുവൻ കോരിത്തരിപ്പിച്ചു. കാരണം അറബികളിൽ ഒരേ പിതാവിന്റെ മക്കളായ 11 സഹോദരങ്ങൾ ഒരുമിച്ച് മുസ്‍ലിമാകുന്ന കാഴ്ച അതാദ്യമായിരുന്നു. അതുപോലെ തന്നെ 400 കുതിരപടയാളികൾ ഒരേസമയം ഇസ്‌ലാമിലേക്ക് കടന്നുവരുന്നതും വ്യത്യസ്ത അനുഭവമായിരുന്നു. പ്രവാചകൻ(സ്വ)ക്ക് അങ്ങേയറ്റം സന്തോഷം പകർന്ന ഒരു സംഭവമായിരുന്നു അത്. പ്രയാസങ്ങൾക്കിടയിലും വളരെയധികം പ്രയത്നിച്ച് നുഅ്മാൻ(റ) ശേഖരിച്ച സമ്പത്ത് സ്വീകരിക്കപ്പെട്ടതായി ആയത് പോലും അവതരിച്ചു, "തങ്ങൾ ചെലവ് ചെയ്യുന്നത് അവന്റെ (അല്ലാഹുവിന്റെ) സാമീപ്യവും റസൂലിന്റെ പ്രാർത്ഥനയും നേടാനുള്ള നിമിത്തമായാണവർ ഗണിക്കുക. അറിയുക, അതവർക്ക് ദൈവസാമീപ്യ മാർഗ്ഗം തന്നെയത്രെ. തന്റെ കാരുണ്യത്തിൽ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയത്രെ അവൻ". ( സൂറതുത്തൗബ: 99).
ഖലീഫ ഉമർ(റ)വിന്റെ കാലത്താണ് സഅദ് ബിൻഅബീവഖാസ്(റ) കിസ്റ യസ്ദജുർദിലേക്ക് നുഅ്മാൻ(റ)വിന്റെ നേതൃത്വത്തിൽ നിവേദകസംഘത്തെ അയക്കുന്നത്. എന്നാൽ ഇസ്‍ലാമിലേക്കുള്ള ക്ഷണം അവർ നിരസിക്കുകയും ദൗത്യസംഘത്തെ നിന്ദ്യരാക്കി മടക്കി അയക്കുകയും ചെയ്തു. അതിനെ തുടർന്നാണ് ഖാദിസിയ്യ യുദ്ധം ഉണ്ടാവുന്നത്.
മുസ്‍ലിംകളുമായുള്ള പോരാട്ടത്തിനായി കിസ്റയുടെ 150,000 യുദ്ധവീരന്മാർ ഒരുങ്ങി നില്ക്കുന്നെന്ന വാർത്ത കേട്ടയുടനെ ഉമർ(റ) അതിനായി പുറപ്പെടാൻ ഒരുങ്ങി. പക്ഷേ മുസ്‌ലിംകൾ അതിനെ തടഞ്ഞു. ഉമർ(റ)വിന് പകരം തത്തുല്യനായ ഒരാളെ സൈന്യാധിപനായി തെരെഞ്ഞെടുക്കാൻ അവർ ആവശ്യപ്പെട്ടു. ഉമർ(റ) അവരോട് തന്നെ അത്തരമൊരാളെ നിർദേശിക്കാൻ പറഞ്ഞു. മുസ്‍ലിംകൾ പറഞ്ഞു: അമീറുൽ മുഅ്മിനീൻ, നിങ്ങളുടെ സൈന്യത്തിന് യോജിച്ചവരെ കുറിച്ച് ഞങ്ങളേക്കാൾ അറിവുള്ളവന്‍ താങ്കൾ തന്നെയാണ്. അപ്പോൾ ഉമർ(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം, നിങ്ങളുടെ കൂട്ടത്തിൽ യുദ്ധസന്ദർഭത്തിൽ ഏറ്റവും പക്വതയോടെ ഇടപെടുന്നയാളെയാണ് ഞാൻ നേതൃപദവി ഏൽപ്പിക്കുന്നത്. അതിനു യോജിച്ചയാൾ നുഅ്മാൻ ബ്നുമുഖ്‍രിൻ അൽമുസനി(റ) ആണ്.
മുസ്‍ലിംകൾ ഒന്നടങ്കം അത് സസന്തോഷം സ്വീകരിച്ചു. അതനുസരിച്ച് നഹാവന്ദ് പട്ടണപ്രദേശത്ത് ശത്രുക്കൾ ഒരുമിച്ച് കൂടിയിട്ടുണ്ടെന്നും നിങ്ങളുടെ നേതൃത്തില്‍ അങ്ങോട്ടു പോകണമെന്നുമൊക്കെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഉമർ(റ) നുഅ്മാൻ(റ)ന് സന്ദേശമയച്ചു. ഉമർ(റ)ന്റെ തെരഞ്ഞെടുപ്പും കാഴ്ചപ്പാടും എത്രമാത്രം യുക്തിഭദ്രമായിരുന്നുവെന്നത് യുദ്ധത്തിനു മുന്നേ തന്നെ മുസ്‍ലിംകൾക്ക് ബോധ്യപ്പെട്ടു. അതിനുതകുന്ന സന്ദർഭത്തിന് അവർ സാക്ഷ്യം വഹിച്ചു.
ഉമർ(റ)ന്റെ നിർദ്ദേശപ്രകാരം ശത്രുസൈന്യത്തെ നേരിടാനായി നുഅ്മാൻ(റ)വും സംഘവും പുറപ്പെട്ടു. സൈന്യത്തിന്റെ മുമ്പിലായി ഒരു മുന്നണി സംഘത്തെ കരുതലിനായി അദ്ദേഹം അയച്ചിരുന്നു. നഹാവന്ദിനോട് അടുത്ത പ്രദേശത്ത് എത്തിയതും മുന്നണി സംഘത്തിന്റെ കുതിരകൾ നിശ്ചലമായി. പല രീതിയിൽ അവകളെ മുന്നോട്ടു നയിച്ചെങ്കിലും ഒരടി അനങ്ങിയില്ല. തുടർന്ന് യോദ്ധാക്കൾ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി പരിശോധിച്ചപ്പോഴാണ് വഴിയിൽ പതിയിരിക്കുന്ന ചതി മനസ്സിലായത്. കുതിരകളുടെ കുളമ്പുകളിൽ ഇരുമ്പിന്റെ ആണികൾ തുളച്ചു കയറിയിരിക്കുന്നു. അതാണ് അവകൾക്ക് മുന്നോട്ടു പോകാൻ കഴിയാതെ തടസ്സം സൃഷ്ടിച്ചത്. അത്തരം ഇരുമ്പിന്റെ കഷ്ണങ്ങൾ നഹാവന്ദ് വരേയും ശത്രുക്കള്‍ തറച്ച് വെച്ചിരുന്നു.
മുന്നണി സംഘം ഈ വാർത്ത നുഅ്മാൻ തങ്ങളെ അറിയിക്കുകയും പോംവഴി ആരായുകയും ചെയ്തു. നുഅ്മാൻ തങ്ങളുടെ തന്ത്രം പ്രകടമാകുന്ന നിർദേശമായിരുന്നു മുന്നണി സംഘത്തിന് ലഭിച്ചത്. എത്തിയ സ്ഥലത്ത് തന്നെ നിലകൊള്ളാനും രാത്രിയായാൽ ശത്രുക്കൾക്ക് കാണാവുന്ന രീതിയിൽ തീ കത്തിക്കാനും അദ്ദേഹം നിർദേശം നൽകി. അത് കൊണ്ടുള്ള ഉപകാരം രണ്ടെണ്ണമായിരുന്നു. ഒന്ന് തീ ഉപയോഗിച്ച് കുളമ്പുകളിൽ കുടുങ്ങിയ ഇരുമ്പ് ഉരുക്കി നീക്കം ചെയ്യുക. രണ്ടാമത്തേത് ശത്രു ഹൃദയങ്ങളിൽ ഭയം ജനിപ്പിക്കുക. അവ രണ്ടും ലക്ഷ്യം കണ്ടു. രാത്രിയിലെ തീനാളങ്ങൾ കണ്ട് അവിടെയെന്താണ് സംഭവിക്കുന്നതെന്നറിയാൻ വഴിയിൽ അവരൊരുക്കിയ കെണി അവർ തന്നെ നീക്കം ചെയ്തു. ഈ സമയം കൊണ്ട് കുതിരകളിലെ ഇരുമ്പ് കഷ്ണങ്ങൾ നീക്കം ചെയ്ത് മുസ്‍ലിംകൾ തയ്യാറാവുകയും ചെയ്തിരുന്നു.
നഹാവന്ദ് വിജയത്തിന് ശേഷം നുഅ്മാന്‍(റ)നെ അസ്ബഹാനിലേക്ക് നിയോഗിക്കണമെന്ന് ഉമര്‍(റ) ഉദ്ദേശിച്ചു. അക്കാര്യം പറഞ്ഞപ്പോള്‍ നുഅ്മാന്‍(റ)ന്റെ മറുപടി ഇങ്ങനെയായിരുന്നു, അവരോട് യുദ്ധം ചെയ്യാനാണെങ്കില്‍ ഞാന്‍ ഒരുക്കമാണ്, രക്തസാക്ഷ്യം എന്നും എന്റെ മോഹമാണ്. യുദ്ധം ജയിച്ച് അവിടെ ഗവര്‍ണറമായി നികുതിയും പിരിച്ച് ജീവിക്കാനാണെങ്കില്‍ ആ സ്ഥാനം എനിക്ക് വേണ്ട. ഇത് കേട്ട ഉമര്‍(റ) പറഞ്ഞു, താങ്കള്‍ പോരാളിയാണ്. യുദ്ധത്തിന് തന്നെയാണ് താങ്കളെ ഞാന്‍ നിയോഗിക്കുന്നത്. മുസ്‍ലിംകള്‍ക്ക് വിജയവും താങ്കള്‍ക്ക് രക്തസാക്ഷ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ. ഇത് കേട്ട എല്ലാവരും ആമീന്‍ പറഞ്ഞു.
അവിടെ എത്തി അധികം വൈകാതെ നുഅ്മാന്‍(റ) വെട്ടേറ്റ് വീണു. അല്പം കഴിഞ്ഞ് വെള്ളവുമായി തന്റെ അടുക്കലെത്തിയ കൂട്ടുകാരനോട് അദ്ദേഹം ചോദിച്ചു, എന്താണ് നമ്മുടെ സൈന്യത്തിന്റെ അവസ്ഥ. അദ്ദേഹം പറഞ്ഞു, അല്ലാഹുവിനാണ് സ്തുതി, നാം വിജയിച്ചിരിക്കുന്നു, ശത്രുസൈന്യം തോറ്റോടിയിരിക്കുന്നു. അല്ലാഹുവിന് സ്തുതി, ഇക്കാര്യം നിങ്ങള്‍ ഉമര്‍(റ)നെ അറിയിക്കുക എന്നും പറഞ്ഞ് അദ്ദേഹം അവസാനമായി കണ്ണുകളടച്ചു. യുദ്ധം അവസാനിച്ചതോടെ സന്തോഷ വിവരവുമായി ഉമര്‍(റ)ന്റെ സമീപത്തേക്ക് ആളെ അയച്ചു. കൂടെ, നുഅ്മാന്‍(റ) രക്തസാക്ഷിയായി എന്ന വാര്‍ത്തയുമുണ്ടായിരുന്നു. അത് കേട്ട ഉമര്‍(റ) മുഖം പൊത്തി ഏറെ നേരം കരഞ്ഞു.
ദൃഢചിത്തരും അചഞ്ചല വിശ്വാസികളുമായ ആ മഹത്തുക്കളോടൊപ്പം അല്ലാഹു നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.
Leave A Comment