കാളവണ്ടി യാത്ര സമ്മാനിച്ച പെരുന്നാളോര്‍മകള്‍

കേരളത്തിലെ ഇസ്‌ലാമിക പണ്ഡിത തറവാട്ടിലെ കുലപതിയായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഇസ്‌ലാം ഓണ്‍വെബിനു വേണ്ടി തന്‍റെ പെരുന്നാള്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു

കൊണ്ടോട്ടി ഖാസിയാരകം തറവാടിന്റെ തിരുമുറ്റം.. കേരള മുസ്‍ലിംകള്‍ക്ക് അധികപരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഏതാനും വീടുകളില്‍ ഒന്ന്… കേരളീയ മുസ്‍ലിം ജനസാമാന്യത്തില്‍ കുരുക്കഴിക്കാനാവാത്ത കര്‍മ്മശാസ്ത്ര പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴൊക്കെ, ഏവരുടെയും കണ്ണും കാതും പായുന്നത് അങ്ങോട്ടേക്കാണ്… ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കര്‍മ്മശാസ്ത്ര പരിഹാരം തീര്‍ത്ത വരാന്ത… അവിടെയാണ്, കേരളമുസ്‍ലിംകളുടെ ഔദ്യോഗിക പണ്ഡിതസഭയുടെ കാര്യദര്‍ശിയുള്ളത്…ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാരുടെ മന്ദസ്മിതം തൂകുന്ന ആ മുഖം ആര്‍ക്കും മറക്കാനാവില്ല…
ഞങ്ങള്‍ കയറിച്ചെല്ലുമ്പോഴും അവിടെ സന്ദര്‍ശകരുണ്ടായിരുന്നു, കുശലാന്വേഷണങ്ങളുമായെത്തിയ അയല്‍ക്കാരെയും അഴിക്കാനാവാത്ത കുരുക്കുകളുമായി എത്തിയവരെയും അക്കൂട്ടത്തില്‍ കാണാം…
തിരക്കിനിടയിലും ഞങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചു. പഴയകാല പെരുന്നാള്‍ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കാനാണ് ഞങ്ങള്‍ വന്നതെന്ന് കേള്‍ക്കേണ്ട താമസം, മുദുസ്പര്‍ശമേറ്റ വീണക്കമ്പികളില്‍നിന്ന് സംഗീതമെന്ന പോലെ, ആ ഓര്‍മ്മച്ചെപ്പ് പുറത്തേക്കൊഴുകി. കേവലം കേള്‍വിക്കാരായി ഇരിക്കേണ്ട കാര്യമേ പിന്നെ ഞങ്ങള്‍ക്കുണ്ടായുള്ളൂ.
പെരുന്നാള്‍ എന്ന് പറയുമ്പോഴേക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് കുടുംബവീടുകളിലേക്കുള്ള വിരുന്നുപോക്കാണ്. കാളവണ്ടിയിലോ പോത്തുവണ്ടിയിലോ ആയിരുന്നു പ്രധാനമായും യാത്രകള്‍. അവയില്‍ കയറാമെന്നതായിരുന്നു വിരുന്നുപോക്കുകളുടെ ആദ്യഹരം.
വറുതിയുടെയും ഇല്ലായ്മയുടെയും കാലമായിരുന്നല്ലോ അന്ന്. പല വീടുകളിലും അടുപ്പ് കത്തിക്കാന്‍ തീപെട്ടി പോലുമില്ലായിരുന്നു എന്നതാണ് സത്യം. പലപ്പോഴും അടുത്ത വീടുകളില്‍നിന്ന് ചകിരിപ്പോടില്‍ തീ വാങ്ങി വരികയായിരുന്നു പതിവ്.
അത്തരം ദിനങ്ങളില്‍ കടന്നുവരുന്ന പെരുന്നാളുകള്‍ ശരിക്കും പെരും നാളുകള്‍ തന്നെയായിരുന്നു. വയര്‍ നിറച്ച് വല്ലതും കഴിക്കാമെന്നതായിരുന്നു പെരുന്നാള്‍ കടന്നുവരുന്നതിലെ വലിയ സന്തോഷം. ഇന്നുള്ള പോലെ, ആഗ്രഹിക്കുന്നതെന്തും നിമിഷനേരം കൊണ്ട് കൈയ്യിലെത്തുമായിരുന്നില്ല.
വീട്ടില്‍ ഉമ്മ ആറ്റുനോറ്റ് കോഴിയെ വളര്‍ത്താറുണ്ടായിരുന്നു. മുട്ട ലഭിക്കുമെന്നതിന് പുറമെ, പെരുന്നാളിന് ഓരോന്നിനെ പിടിച്ച് അറുത്ത് കറി വെക്കാമെന്നതായിരുന്നു അതിന് പിന്നിലെ മറ്റൊരു ലക്ഷ്യം. ഇന്നത്തെ പോലെ ചിക്കന്‍ഷാപ്പുകളോ ബ്രോയിലര്‍ കോഴികളോ അന്ന് പതിവില്ലായിരുന്നു. നമുക്ക് വേണ്ടത് നാം തന്നെ വളര്‍ത്തുക എന്നതായിരുന്നു അന്നത്തെ രീതി. അല്ലാത്തവര്‍ അത്യാവശ്യം വരുമ്പോള്‍ അടുത്ത വീട്ടില്‍നിന്ന് കാശ് കൊടുത്ത് കോഴിയുന്ന വാങ്ങുന്ന പതിവുമുണ്ടായിരുന്നു.
പെരുന്നാള്‍ ദിവസം, വീട്ടില്‍ എത്ര പേര്‍ വരാനുണ്ടെങ്കിലും ഒരു കോഴിയെ മാത്രമേ അറുക്കൂ. അത്കൊണ്ട് നീട്ടി ഒരു കറി വെച്ച് എല്ലാവര്‍ക്കും തികക്കുകയായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ഒരു കഷ്ണം പോലും കിട്ടാറില്ലായിരുന്നുവെങ്കിലും, വീട്ടില്‍ കോഴി അറുക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആഘോഷം തന്നെയായിരുന്നു.
പെരുന്നാളിന് പൊതുവെ തേങ്ങച്ചോറാണ് അന്നൊക്കെ വെക്കാറ്. അല്‍പം സൌകര്യമുള്ള വീട്ടുകാരേ അതൊക്കെയുണ്ടാക്കൂ. ഒരു കാരക്ക ഏഴ് ചീളാക്കി ഏഴ് പേര്‍ നോമ്പ് തുറന്നത് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അത്കൊണ്ട് തന്നെയായിരിക്കാം, അക്കാലത്ത് ഇന്നത്തേക്കാളേറെ പരസ്പര സ്നേഹവും സൌഹാര്‍ദ്ദവുമുണ്ടായിരുന്നു.
ഇന്നുള്ള പോലെ എപ്പോഴും വസ്ത്രങ്ങളെടുക്കുന്ന പതിവും അന്നില്ല. പെരുന്നാളിന് അത്യാവശ്യമാണെങ്കില്‍ മാത്രം കഴിയുന്നവര്‍ പുതുവസ്ത്രം എടുക്കും. പുതിയ കുപ്പായവുമായി പള്ളിയിലെത്തുന്ന കുട്ടികളുടെ ഗമ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പെരുന്നാള്‍ കഴിഞ്ഞ് അത് അഴിച്ചുവെച്ചാല്‍ പിന്നെ, കല്യാണം പോലോത്ത പൊതു സദസ്സുകളിലേക്ക് പോകുമ്പോള്‍ മാത്രമേ പിന്നെ അത് ഉപയോഗിക്കുകയുള്ളൂ.
മാസമുറപ്പിക്കല്‍ അക്കാലത്ത് വലിയൊരു കാര്യം തന്നെയായിരുന്നു. ഇന്നത്തെ പ്പോലെ വാര്‍ത്താവിനിമയ സൌകര്യങ്ങളോ സോഷ്യല്‍ മീഡിയകളോ ഇല്ലാത്ത അക്കാലത്ത് പെരുന്നാള്‍ മാസപ്പിറവി ഉറപ്പിച്ച വിവരമറിയാനായി കടപ്പുറത്തേക്ക് ആളെ അയക്കുകയായിരുന്നു പതിവ്. പലപ്പോഴും മാസം കണ്ട് പെരുന്നാള്‍ ഉറച്ച വിവരം അറിയാന്‍ രാത്രി രണ്ട് മണിയോ മൂന്ന് മണിയോ ഒക്കെ ആവാറുണ്ടായിരുന്നു. മാസം കണ്ട വിവരമറിയാതെ നോമ്പെടുത്ത് ഇടക്ക് വെച്ച് നോമ്പ് മുറിച്ച് പെരുന്നാള്‍ ആഘോഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇന്ന് സൌകര്യങ്ങള്‍ ഏറെയാണ്. എന്തും വേണമെന്ന് തോന്നുമ്പോഴേക്ക് കൈയ്യിലൊതുക്കാന്‍ പണവും സൌകര്യവുമുണ്ട്. അത് കൊണ്ട്തന്നെയാവാം പെരുന്നാളുകള്‍ക്ക് പ്രത്യേക രസമില്ലാതെ പോവുന്നതും, കാരണം എന്നും പെരുന്നാള്‍ തന്നെയാണല്ലോ. ഇല്ലായ്മയുടെ തിക്തഭാവങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നത് കൊണ്ട് തന്നെയാണ് ഇന്ന് അമിതവ്യയവും അനാവശ്യചെലവുകളും കൂടിവരുന്നതും. എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്നും അനുഗ്രഹങ്ങള്‍ക്കെല്ലാം ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള ബോധമാണ് ഇന്നത്തെ സമൂഹത്തിനാവശ്യം. അത്തരം ഒരു അവബോധമുണ്ടാക്കാന്‍ ഈ പെരുന്നാള്‍ സുദിനം ഉപകരിക്കട്ടെ.
ഇനിയും ഒരുപാട് പറയാനുണ്ടെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ട്, ഇനിയും ഏറെ സമയം ആ വാക്കുകള്‍ കേട്ടിരിക്കണമെന്ന് അതിലേറെ ഞങ്ങളുടെ മനസ്സും പറഞ്ഞുകൊണ്ടിരിക്കുന്നു.. പക്ഷേ, പുറത്ത് അക്ഷമയോടെ തങ്ങളുടെ നേതാവിനെ ഒന്ന് കാണാന്‍ കാത്തിരിക്കുന്ന സാധാരണക്കാരുടെ നിഷ്കളങ്കമായ അതിലേറെ കൌതുകമുറ്റിയ കണ്ണുകള്‍, ആ മനീഷിയുടെ സമയത്തില്‍ അവര്‍ക്കും അവകാശമുണ്ടെന്ന് മൌനത്തിന്റെ ഭാഷയില്‍ ഞങ്ങളെ ഓര്‍മ്മപ്പെടുത്തി. അതുള്‍ക്കൊണ്ട് തന്നെ, തല്‍ക്കാലത്തേക്ക് സലാം പറഞ്ഞ് ഞങ്ങള്‍ പടിയിറങ്ങി നടന്നു….

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter