ഈദ് : സ്നേഹത്തിന്റെ സന്ദേശം

ആഘോഷങ്ങള്‍ വിനോദങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്നു. സാംസ്കാരിക വേരുകളും സാമൂഹിക ചരിത്ര പശ്ചാത്തലങ്ങളും ആഘോഷങ്ങളെ വിനോദ സംഗമങ്ങളുടെ നൈമിഷക ആരവങ്ങള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളെ കടന്നുചെല്ലാന്‍ പ്രേരിപ്പിക്കുന്നു. ഗാഢമായ സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാനും നവീകരിക്കാനും വേണ്ടിയുള്ള മനുഷ്യന്‍റെ മാധ്യമങ്ങളിലൊന്നാണ് ആഘോഷം. ആഹ്ലാദങ്ങളുടെ നൈമിഷകതക്കപ്പുറം മൂല്യങ്ങളുടെ സ്ഥായീരൂപത്തിന്‍റെ പ്രകാശനമാണ് എല്ലാ ആഘോഷങ്ങളുടെയും ധര്‍മ്മം.

ആ നിലക്ക് ആഘോഷനിബദ്ധമായ ഒരു സമൂഹം അതിന്‍റെ വര്‍ത്തമാന വിശേഷങ്ങളെ ഭൂതകാലത്തിന്‍റെ പാത്രങ്ങളില്‍ വരുംതലമുറക്കു വിളമ്പിവെക്കുകയാണ്. ഈ സദ്യവട്ടങ്ങള്‍ പുതിയ തലമുറകളുടെ ഓര്‍മ്മകളും ഗൃഹാതുരത്വങ്ങളുമായി, കലയും രചനയും ചരിത്രവുമായി സ്വയം നവീകരിച്ചും അംഗീകരിച്ചും പുനര്‍ജ്ജനി കൊള്ളുന്നു. അങ്ങനെ, നിഷ്ക്രമിക്കാത്ത സമൂഹങ്ങളുടെ ആഘോഷങ്ങളും മരണമില്ലാതെ ജന്മാന്തരങ്ങളാല്‍ കൈമാറപ്പെടുന്നു, പലപ്പോഴും അവയുടെ അര്‍ത്ഥവും മൂല്യവും അറിയാതെ പോലും.

ഭാരതീയരായ നാം ഈ പറഞ്ഞ അര്‍ത്ഥങ്ങളും മൂല്യങ്ങളുമൊന്നുമില്ലാതെ ആഘോഷങ്ങളെ ഐതിഹ്യങ്ങളാല്‍ ജനകീയമാക്കിയവരാണ്. ഈദിന്‍റെ മലയാള ഭാഷാന്തരമായ പെരുന്നാള്‍ മുസ്‌ലിംകള്‍ക്ക് മഹാസംഭവം. നാളുകളും ദിവസങ്ങളും വാഗര്‍ത്ഥത്തില്‍ ഒന്നുതന്നെയെങ്കിലും പ്രയോഗത്തില്‍ വ്യത്യാസമുണ്ടെന്നുതോന്നുന്നു.ദിവസങ്ങള്‍ സാധാരണവും നാളുകള്‍ സംഭവബഹുലവുമാണ്.ജനന-വിവാഹാദികള്‍ മുതല്‍ ജാതകക്കുറി വരെ പൊതുസമൂഹത്തില്‍ നാളുകളാല്‍ കുറിക്കപ്പെടുന്നു. അതെന്തായാലും മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ മഹാസംഭവമാകുന്നത്, സാമ്പത്തിക ജീവിതത്തിന്‍റെ പരാധീനതകള്‍ ഒരു ദിവസത്തെ വിസ്മൃതിയിലാഴ്ത്തുന്ന മാസ്മരികത കൊണ്ടല്ല, മറിച്ച് വരദാനമായ ജീവിതത്തോട് കര്‍മ്മോല്‍സുകമായ നന്ദി സ്രഷ്ടാവില്‍ അര്‍പ്പിക്കുന്ന ആനന്ദത്തിന്‍റെ സന്ദര്‍ഭമായതിനാലാണ്. ആയുസ്സിന്‍റെ കണക്കുപുസ്തകത്തില്‍ നന്മയിലേക്കുള്ള ജീവിത പരിവര്‍ത്തനത്തിന്‍റെ പ്രയാണം രേഖപ്പെടുത്താനുള്ളതിനാലാണ്.

തക്ബീറിന്‍റെ മഹത്വം

ഗൃഹാതുരത്വമേറുന്ന നമ്മുടെ ബാല്യകാല സ്മരണകളില്‍ ചമയങ്ങളുടെ വര്‍ണ്ണശബളിമക്കും ആര്‍ഭാടങ്ങളുടെ രുചിക്കൂട്ടുകള്‍ക്കുമപ്പുറം ഈദിന്‍റെ ചൈതന്യം പകര്‍ന്നുതന്നത് തക്ബീറുകളായിരിക്കും. അത് ഈദിന്‍റെ ഉണര്‍ത്തുപാട്ടും ശബ്ദമുദ്രയും പ്രഖ്യാപനവുമാണ്. എന്നാല്‍ ഒരിക്കലും അത് മുദ്രാവാക്യമോ ശക്തി പ്രകടനമോ അല്ല, മറിച്ച് മനുഷ്യന്‍റെ എളിമയുടെ സ്വതാവിഷ്കാരമാണ്. തക്ബീറിന്‍റെ ഒന്നത്യമറിയാന്‍ മതത്തിന്‍റെ ആന്തരാര്‍ത്ഥമറിയേണ്ടിയിരിക്കുന്നു. എങ്ങനെയെന്നാല്‍ വിശ്വാസത്തിന്‍റെ പ്രശ്നത്തില്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവനാണ്. അവിശ്വാസത്തിന് ദൈവികമായ സംതൃപ്തിയില്ലെങ്കില്‍ കൂടി മനുഷ്യന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്‍റെ വില നന്മയിലേക്കുള്ള പലായനത്തിന്‍റെ മൂല്യമാണ്. അതിന്‍റെ ദുരുപയോഗം വ്യക്തിയുടെയും സമൂഹത്തിന്‍റെയും വിലയിടിക്കുമെന്നതിന്, നമ്മള്‍ ഇന്ത്യക്കാരേക്കാളും മികച്ച ഉദാഹരണില്ല.

മനുഷ്യന്‍റെ ജന്മ-ജീവിതങ്ങളുടെ മാത്രമല്ല, പ്രകൃതിയുടെയഖിലം നിമിത്തവും നിയന്താവുമാണ് അല്ലാഹുവെന്ന് പ്രഖ്യാപിക്കുകയാണ് തക്ബീര്‍. പ്രപഞ്ചത്തിന്‍റെ ചലനവും ലോകത്തിന്‍റെ സൌന്ദര്യവും അവന്‍റെ കരങ്ങളില്‍ മാത്രം നിക്ഷിപ്തം. അതിനാല്‍ അവന്‍ മാത്രം ആരാധ്യന്‍. അവനുമാത്രം സ്തുതികീര്‍ത്തനങ്ങള്‍. സ്രഷ്ടാവിന്‍റെ മഹത്വം വിളിച്ചോതുന്ന തക്ബീറിലൂടെ സ്വന്തം ആശ്രിതത്വം ഈദ് ദിനത്തില്‍ വിളിച്ചുപറയുകയാണ് മനുഷ്യന്‍. അവന്‍റെ കഴിവും ബുദ്ധിയും വിവരവുമെല്ലാം അല്ലാഹുവിന്‍റെ ഔദാര്യങ്ങള്‍ മാത്രം. ഇന്ന് ഉപഭോഗസംസ്കാരവും അനുബന്ധമായ ആഗോള വിപണനവും ഈദിന് വര്‍ണ്ണം നല്‍കുകയും അതിന്‍റെ അന്തരാര്‍ത്ഥം ചോര്‍ത്തിക്കളയുകയും ചെയ്യുന്നത് സ്വാഭാവികം. കാരണം ഏറ്റവും വിശുദ്ധമായതിനെ ഏറ്റവും മൂല്യമുള്ള ഉല്‍പന്നമാക്കാനുള്ള മാര്‍ക്കറ്റിന്‍റെ ശേഷി അല്‍ഭുതകരമാണ്. ഈ ഭോഗസംസ്കാരത്തെ കൂടി വിശ്വാസികള്‍ക്ക് ചെറുക്കേണ്ടതായിവരും. വൈവിധ്യമാര്‍ന്ന ഉടയാടകളും രുചിഭേദങ്ങളും ഒരു വര്‍ഷത്തിനിപ്പുറം ആസ്വാദ്യങ്ങളാകാതെ പുതിയപരീക്ഷണങ്ങള്‍ തേടുന്നുവെങ്കില്‍ നാം അറിയുക, പോരായ്മകള്‍ വരുന്നത് വസ്ത്രങ്ങള്‍ക്കും രുചിക്കൂട്ടുകള്‍ക്കുമല്ല, നമ്മുടെ വിശ്വാസപരമായ നവോത്ഥാനത്തിനാണ്.

ഈദ് നല്‍കുന്നത് സ്നേഹത്തിന്‍റെ പാഠങ്ങളും സന്ദേശങ്ങളുമാണ്. സ്ഥല-കാല-സാഹചര്യങ്ങള്‍ക്കതീതമായി പ്രപഞ്ചനാഥനോടുള്ള അടങ്ങാത്ത സ്നേഹമാണ് അത് അടയാളപ്പെടുത്തുന്നതും പെടുത്തേണ്ടതും. ആ സ്നേഹത്തിന്‍റെ ആഴം ഒരു സൂഫീകാവ്യത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു, സ്നേഹത്തെപ്പറ്റി ഞാനറിയുന്നത് നിന്നെ സ്നേഹിച്ചതോടെയാണ് നിയല്ലാത്ത സ്നേഹങ്ങള്‍ക്കുനേരെ വാതിലടച്ചതും നിന്നെ വിളിച്ചു ഞാന്‍ രാവുകള്‍ തീര്‍ക്കുന്നു ഞാന്‍ കാണാതെ, എന്‍റെ മനസ്സിന്‍റെ സ്പന്ദനങ്ങളറിയുന്നു നീ നിന്നോടെനിക്ക് ദ്വിമുഖസ്നേഹമുണ്ട് മോഹത്തിന്‍റെയും അര്‍ഹതയുടെയും നീയല്ലാതെ മറ്റൊന്നുമോര്‍ക്കാത്ത മോഹം, ദൃഷ്ടിയുടെ മൂടുപടം മാറ്റി നിന്നെകാണാന്‍ ശേഷിയേകിയ അര്‍ഹത ഇവ രണ്ടിലും സ്തുതികള്‍ എനിക്കല്ല, നിനക്ക്.. നിനക്ക് മാത്രം…

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter