പള്ളികള്‍  അടക്കാമോ, അടക്കേണ്ടതുണ്ടോ...?

വിശ്വാസികള്‍ തേങ്ങലടക്കിപ്പിടിച്ച ദിവസങ്ങളാണ് കഴിഞ്ഞു പോകുന്നത്. ദശാബ്ദങ്ങള്‍ക്കിടയില്‍ ആദ്യമായി ജുമുഅ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കരയുന്ന പ്രവാസിയായ മലയാളി മുതല്‍ ‘അലാ സല്ലൂ ഫീ ബുയൂത്തിക്കും’ എന്നു പറഞ്ഞു വിതുമ്പുന്ന കുവൈത്തിലെ മുഅദ്ദിനും തന്‍റെ മുന്നില്‍ കാലിയായി കിടക്കുന്ന വിശാലമായ പള്ളിയെ നോക്കി വാക്കുകള്‍ മുറിഞ്ഞു തൊണ്ടയിടറിയ മസ്ജിദ് നബവിയിലെ ഇമാമും ഇസ്താംബൂളിലെ മസ്ജിദ് ഫാതിഹിനു മുമ്പില്‍ 85 വര്‍ഷത്തെ തന്‍റെ ജീവിതത്തില്‍ ആദ്യമായി അനുഭവിക്കേണ്ടി വന്ന ഈ വേദനയില്‍ കണ്ണുനിറഞ്ഞു ഹൃദയഭാരത്തോടെ നില്‍ക്കുന്ന വൃദ്ധന്‍ വരെ കഴിഞ്ഞ ആഴ്ചയിലെ ഇസ്‌ലാമിക ലോകത്തെ കാഴ്ചകളാണ്. 
വിശ്വാസിയുടെ ഹൃദയത്തില്‍ ദൈവിക ഭവനത്തിന്റെ സ്ഥാനം ഏറെ വൈകാരികമാണ്. മസ്ജിദുകള്‍ തന്‍റെ നെഞ്ചോട് ചെര്‍ത്തവെച്ചവന് മരണാനന്തര ജീവിതത്തിലെ വിചാരണവേളയില്‍ ദൈവിക സിംഹാസനത്തിന്റെ തണലാണ് വാഗ്ദാനം. 
എന്നാല്‍ ഈ കൊറോണ കാലത്ത് പള്ളികള്‍ അടച്ചുപൂട്ടണോ വേണ്ടേ എന്നത് ഇന്നു കേരളത്തിലെ പൊതു സമൂഹത്തിനിടയില്‍ വിശേഷിച്ചും അന്തര്‍ദേശീയ തലത്തില്‍ പൊതുവായും ചൂടേറിയ ചര്‍ച്ചയാണ്. ഒരു വിഭാഗം അടച്ചിടുക തന്നെ വേണമെന്നു വാദിക്കുമ്പോള്‍, പൂര്‍ണ്ണമായി അടച്ചിടാന്‍‍ ആര്‍ക്കും അധികാരമില്ലെന്നും നിയന്ത്രണങ്ങള്‍ വെക്കുകയാണ് വേണ്ടതെന്നും മറുവിഭാഗം പറയുന്നു. 
ഗള്‍ഫ് രാജ്യങ്ങള്‍, ഈജ്പിത് തുടങ്ങിയ ഇസ്‍ലാമിക രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഫത്‍വ സമിതികള്‍ ഇത്തരം നിര്‍ബന്ധിത ഘട്ടങ്ങളില്‍ പള്ളികള്‍ അടച്ചിടാമെന്നു അഭിപ്രായപ്പെടുകയും അതനുസരിച്ചു പള്ളികളില്‍ സംഘടിത നിസ്കാരങ്ങള്‍ പൂര്‍ണ്ണമായും നിറുത്തുകയും ചെയ്തു. 
ഇമാം ഇബ്നു മാജയും മറ്റു ഹദീസ് പണ്ഡിതരും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: “ഉപദ്രവമില്ല; ഉപദ്രവമേല്‍പിക്കലുമില്ല” അതായത് ദൈവിക വിധിവിലക്കുകളില്‍ മനുഷ്യനു ഉപദ്രവകരമായതൊന്നുമില്ല. വിശ്വാസികള്‍ ആരെയും അകാരണമായി ഉപദ്രവിക്കാനും പാടില്ല. ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാന തത്വമായി പരിഗണിക്കപ്പെടുന്ന ഒരു പ്രവാചക വചനമാണിത്.
ഇതിന്റെയും സമാനമായ മറ്റ് ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളില്‍ ഒരാളുടെ സാന്നിദ്ധ്യം ഉപദ്രവകരമായി മാറുമെന്നു ബോധ്യപ്പെട്ടാല്‍ അവിടെ നിന്ന് വിട്ടു നില്‍ക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നു പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. 
കൊറോണപോലുള്ള മാഹാമാരിക്കാലത്ത് പള്ളികളില്‍ ആളുകള്‍ കൂടുമ്പോള്‍ രോഗ വ്യാപനത്തിന്റെ സാധ്യത കൂടുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പള്ളികളില്‍ ആളുകള്‍ വളരെ അടുത്ത് നിന്നാണ് നിസ്കരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗാണു സംക്രമണം ചെയ്യാന്‍ സാധ്യത കൂടുതലാണ്. സുജൂദിലും മറ്റും മുഖം നിലത്ത് തട്ടിച്ചു സാഷ്ടാംഗം ചെയ്യുമ്പോള്‍ നിസ്കരിക്കുന്ന വ്യക്തി രോഗിയാണെങ്കില്‍ രോഗിയില്‍ നിന്ന് ആ സ്ഥലത്തേക്ക് രോഗാണു എത്തും. 
രോഗാണു പരന്ന സ്ഥലത്ത് ഒരാള്‍ സുജൂദ് ചെയ്യുന്നതെങ്കില്‍ അയാള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. വിവിധ തരം പ്രതലങ്ങളില്‍ ഈ വൈറസ് ദിവസങ്ങളോളം ജീവിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായം പ്രത്യേകം പ്രസക്തമാണ്. 
ഒരു പള്ളിയില്‍ നിസ്കരിക്കാന്‍ വന്ന ഒരാള്‍ക്ക് രോഗം കണ്ടെത്തിയാല്‍ അവിടെ വന്ന മറ്റുള്ള എല്ലാ ആളുകളെയും കണ്ടെത്താനും അവരെ പരിശോധനക്ക് വിധേയമാക്കാനും പ്രയാസപ്പെടും.
കൊറോണ രോഗാണു വാഹകരെ തിരിച്ചറിയാന്‍ 14 ദിവസം വരെ എടുക്കുമെന്നതിനാല്‍ പള്ളിയില്‍ വരുന്നവരെ നിരീക്ഷിച്ചു രോഗസാധ്യതയുള്ളവരെ കണ്ടെത്തുക പ്രയാസമാണ്. ഇറ്റലിയില്‍ നിന്ന് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി കേരളത്തിലെത്തിയപ്പോഴേക്കും രോഗം സ്ഥിരീകരിച്ച സംഭവം നമുക്ക് മുന്നിലുണ്ട്. 
ചുരുക്കിപ്പറഞ്ഞാല്‍ പള്ളികളിലെ ജമാഅത്ത് നിസ്കാരവും കൂട്ടംകൂടലും രോഗവ്യപാനത്തിനു സാധ്യത വളരെയധികം കൂട്ടുന്നുവന്നതും നിസ്കരിക്കാനായി വരുന്നവരെത്തന്നെ അത് ദോഷകരമായി ബാധിക്കുന്നുവെന്നതും പള്ളികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തക്കതായ കാരണമാണ്. 
കൃത്യമായി രോഗാണു വാഹകര്‍ ആരെന്നു തിരിച്ചറിയാന്‍ പ്രയസാകരമായതിനാല്‍ കൊറോണ നിയന്ത്രണ വിധേയമാകുന്നത് വരെ പൊതുജനം പള്ളികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന നിലപാട് ആരോഗ്യപരമായും സാമൂഹികമായും ശരിയാകുമ്പോള്‍ മതത്തിന്റെ നിലപാട് അതിനെതിരാവുക വയ്യ. മാഹാമാരി കാലത്ത് സാമൂഹിക അകലം പാലിക്കുക (social distancing) യെന്ന നിലപാട് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയപ്പെടുത്തിയ ഒരു പ്രവാചകന്റെ സന്ദേശങ്ങള്‍ സാമൂഹത്തിന്റെ പൊതു താത്പര്യങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതാണ്. 
എന്നാല്‍ നിയന്ത്രിതമായി സമൂഹത്തിലെ മാറ്റ് കാര്യങ്ങള്‍ എല്ലാം നടക്കുമ്പോള്‍ പള്ളികള്‍ മാത്രം പൂര്‍ണ്ണമായി അടച്ചിടുന്നതിനു പകരം സമയാസമയങ്ങളില്‍ വാങ്ക് വിളി നടത്തുകയും ആരോഗ്യവാന്മാരായ രോഗ ലക്ഷണങ്ങളില്ലാത്ത പള്ളിയിലെ ജീവനക്കാരോ പരിമിതമായ സ്ഥിരം ആളുകളോ (പ്രത്യേകിച്ചും ഗ്രാമങ്ങളിലെ നിസ്കാര പള്ളികളില്‍) മാത്രം പങ്കെടുക്കുന്ന രീതിയില്‍ പള്ളിയിലെ സംഘടിത നിസ്കാരങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നതാവും കൂടുതല്‍ ഉചിതം. ജുമുഅക്കും വ്യതസ്ത ഫിഖ്ഹീ വീക്ഷണങ്ങള്‍ ഉപയോഗപ്പെടുത്തി ഈ നിലപാട് സ്വീകരിക്കാവുന്നതാണ്. 
രോഗ വ്യാപനം വളരെ കൂടുകയും കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് പോലും വിലക്കപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ പള്ളികളിലെ നിസ്കാരത്തിനും സ്വാഭാവിക വിലക്ക് ആകാവുന്നതാണ്. അല്ലാത്ത ഘട്ടങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാകും ഏറ്റവും അഭികാമ്യം.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter