സവര്‍ണ യുക്തിവാദത്തോട് കലഹിച്ച് ഇസ്‌ലാം ആകുന്നതിന്റെ രാഷ്ട്രീയം

യുക്തിവാദം ഹിന്ദുത്വത്തിന്റെ കപട മുഖമാണ് എന്ന നജ്മല്‍ ബാബുവിന്റെ പ്രസ്താവനയില്‍ ഉള്‍കൊള്ളുന്ന ആശയം വളരെ വലുതാണ്. നജ്മല്‍ ബാബു ഉയര്‍ത്തിയ രാഷ്ട്രീയം ഏറെ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ അധികാരത്തില്‍ ഇരിക്കുന്ന സംഘ്പരിവാര്‍ ഫാസിസതോട് സമീകരിച്ചു കൊണ്ടും തൂക്കമൊപ്പിച്ചു കൊണ്ടും ന്യൂനപക്ഷ വര്‍ഗീയതയെ വായിക്കാനുള്ള ബാലന്‌സിങ്ങുകളെയാണ് നജ്മല്‍ ബാബു ഏറ്റവും രൂക്ഷമായി എതിര്‍ത്തത്. 

ഇസ്ലാം ഭീതിയെ ഫാസിസം അതിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്ന കാലത്ത് സംഘ്പരിവാര്‍ ഫാസിസതോട് തൂക്കമൊപ്പിക്കാന്‍ പാകത്തിനാക്കി ന്യൂനപക്ഷ വര്‍ഗീയതയെ വാക്കുകള്‍ കൊണ്ട് പര്‍വതീകരിച്ച് കൊടുക്കുക എന്നതിനേക്കാള്‍ ഫാസിസത്തെ സഹായിക്കാവുന്ന മറ്റു ബൌദ്ധിക മാര്‍ഗങ്ങള്‍ ഇല്ല. 

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ വര്‍ഗീയതക്ക്  കുറെ ന്യൂനപക്ഷങ്ങളെ കൂടി തടവില്‍ എത്തിക്കാന്‍ ആവുമായിരിക്കും എന്നതില്‍ കവിഞ്ഞു തൂക്കമൊപ്പിക്കാന്‍ മാത്രം വലിയ ഒരു വിപത്തായി മാറാന്‍  ആവില്ല. ഏറ്റവും പ്രധാന പ്രശ്‌നം അത് ഭൂരിപക്ഷ വര്‍ഗീയതക്ക് വളമാവും എന്നതാണ്. 

എന്നാല്‍, സെക്കുലര്‍ എന്നതിന്റെ ആധുനിക നിര്‍വചനം തൂക്കമൊപ്പിച്ചു സംസാരിക്കല്‍ ആണ് എന്ന് വിശ്വസിക്കുന്ന ഒരു മറു ബദല്‍ ശക്തമാണ്. 
ഭരണഘടനയുടെ മേല്‍ കൈ വെക്കാന്‍ മാത്രം ശക്തമായി വളര്‍ന്ന ഭൂരിപക്ഷ വര്‍ഗീയതയോട് ഈ കാലത്ത് ന്യൂനപഷ വര്‍ഗീയതയെ പര്‍വതീകരിച്ച് കാണിച്ചു തൂക്കമൊപ്പിച്ചു കൊടുക്കുക എന്നതിനെയാണ് ഹിന്ദുത്വ  സെക്കുലറിസം  എന്ന് വിളിക്കുന്നത്. 

സെക്കുലറിസത്തെയും ഹിന്ദുത്വ സെക്കുലറിസതെയും വേര്‍തിരിച്ചു തന്നെ മനസ്സിലാക്കണം. അതിനോട്, ഹിന്ദുത്വത്തിന്റെ ആ കപട മുഖത്തോട് കലഹിച്ചാണ് ടി എന്‍ ജോയ് ഇസ്ലാം സ്വീകരിച്ചു നജ്മല്‍ ബാബുവായത്. 

കാരശേരിയുടെ ഒരു ഹിന്ദുത്വ തമാശയുണ്ട്. സൈബര്‍ സ്‌പേസില്‍ ഏറെ ഹിറ്റായ ഈ തമാശ യുക്തിവാദികളും സംഖ് പരിവാരുകാരും ഒരേ പോലെ ആഘോഷിച്ചു നടക്കുന്നത് കണ്ടിരുന്നു. 

'ഒരാള്‍ അറ്റം മുറിച്ചു  ഇസ്ലാമിലേക്ക് മാറിയത്രെ. കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു പോവണം എന്ന് തോന്നി. പറ്റില്ല.  കാരണം, തിരിച്ചു പോകുന്നവരുടെ തല തന്നെ മുറിക്കുന്നതാണ് ആചാരം എന്ന്'.

സെക്കുലര്‍ സദസ്സിനു ആര്‍ത്തു ചിരിക്കാനുള്ള തമാശയായി അത് മാറുന്നതില്‍ തന്നെയാണ് നമ്മുടെ സെക്കുലര്‍ പൊതു ബോധം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങേണ്ടത്. സെക്കുലറും ഹിന്ദുത്വ സെക്കുലരും തമ്മില്‍ വേര്‍ തിരിച്ചു മനസ്സിലാക്കി തുടങ്ങേണ്ടത് ഇവിടെ നിന്നാണ്.

കൊടിഞ്ഞിയില്‍ ഫൈസലും മഞ്ചേരി കോടതി വളപ്പില്‍ വെച്ച്  യാസറും ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ഈ കേരളത്തില്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ കഴിഞ്ഞിട്ട് അധികമായിട്ടില്ല. സമാനമായ ഒരനുഭവം ഇസ്ലാം ഉപേക്ഷിച ആരും സമകാലിക ഇന്ത്യയില്‍  നേരിട്ട ചരിത്രമില്ല. 

മത വിശ്വാസികളെക്കുറിച്ചു ഇത്തരം ക്രൂരമായ തമാശ പറഞ്ഞു നടക്കുന്ന കാരശ്ശേരിയെ പോലുള്ളവര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തന്നെയാണ് ജീവിക്കുന്നത്. അവര്‍ക്കെതിരെ എന്തെങ്കിലും തരം അക്രമം ഇന്ന് വരെ ഉണ്ടായിട്ടില്ല. 

നീതി ലഭിക്കാന്‍ വേണ്ടി, അധികാരികളുടെ പ്രീതി കരസ്ഥമാക്കാന്‍, ഞാന്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ഹിന്ദു മതം സ്വീകരിച്ചിരിക്കുന്നു എന്ന് മുല്‌സിം കുടുംബങ്ങള്‍ പ്രഖ്യാപനം നടത്തി തുടങ്ങുന്ന കാലത്ത് ഇത്തരം ക്രൂരമായ തമാശകളുമായി വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടി പണിയെടുക്കുന്നവര്‍ ആണ്.

ഇന്തോനെഷ്യയിലും മലേഷ്യയിലും മാലിയിലുമൊക്കെ മുല്‌സിം ഭൂരിപക്ഷത്തിന്റെ കൂടെ ഹിന്ദു ന്യൂനപക്ഷം സുരക്ഷിതമായും സമാധാനപരമായും ജീവിക്കുന്നുണ്ട് എന്ന ഉദാഹരണങ്ങള്‍ ആണ് സമാധാനം ആഗ്രഹിക്കുന്നവര്‍ ഇന്ന് ഉദ്ധരിക്കേണ്ടത്. ഐസിസ് പ്രദേശങ്ങളില്‍ നിന്നോ ലോകത്തെ 42 മുല്‌സിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഏറ്റവും കടുത്ത നിയമങ്ങള്‍ ഉള്ള സൌദിയില്‍ നിന്നോ 
ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളെ തിരെഞ്ഞു പിടിച്ചു കൊണ്ട് വന്നു,
അതിനെ സുന്നത്ത് കല്യാണം പോലുള്ള ആചാരമാക്കി സര്‍വ സാധാരണമാക്കി അവതരിപ്പിച്ചു  തൂക്കമോപ്പിച്ചു കൊടുക്കലാണോ ഈ കാലത്തെ ഇന്ത്യന്‍ സാഹചര്യത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനം. 

അവര്‍ക്ക് ഭൂരിപക്ഷമുള്ളിടത് അവരുടെ മതം ഉപേക്ഷിച്ചാല്‍ അവര്‍ തല വെട്ടും എന്ന  ആ വാദത്തോളം സംഘുപരിവാറിന്റെ ബീഫ് കോലങ്ങളെ താത്വികമായി സഹായിക്കുന്ന മറ്റു വാദങ്ങള്‍ ഉണ്ടോ.  ഞങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഞങ്ങളും തല്ലി  കൊല്ലുന്നു എന്നതിലേക്ക് സമീകരിച്ചു കൊടുക്കുകയാണ് കാരശ്ശേരിമാര്‍. 

ഇത്തരത്തിലുള്ള മ്ലേച്ചമായ തൂകമോപ്പിച്ചു കൊടുക്കല്‍ കൊണ്ടാണ് കാരശേരിയൊക്കെ നമ്മുടെ സെക്കുലര്‍ മാധ്യമങ്ങള്‍ക്ക് ഇസ്ലാമിനെ ഉദ്ധരിക്കാന്‍ ഏറ്റവും യോഗ്യമായ സ്രോദസ്സായി മാറിയത് എന്ന് തോന്നുന്നു. ഇവിടെ നിന്നു  തന്നെയാണ് മാധ്യമങ്ങള്‍ വിഭാവനം ചെയ്യുന്ന സെക്കുലറിസത്തെയും വിചാരണക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന ചര്‍ച്ചകള്‍ ഉടലെടുക്കേണ്ടത്. 

കെ.ഇ.എന്‍ നടത്തിയ സലാം പറയുന്ന മുസ്ലിമിനോട് സലാം മടക്കും എന്ന പ്രസ്താവനയോടും ഇതേ ഭാഷയില്‍ തന്നെയാണ് കാരശ്ശേരി നേരിട്ടത്. എങ്കില്‍ ജയ് ശ്രീരാമിന് തിരിച്ചും അഭിവാദ്യം ചെയ്യണം എന്ന പ്രസ്താവനയിലൂടെയാണ് കാരശ്ശേരിയുടെ തൂക്കമോപ്പോച്ചു കൊടുക്കുന്ന ഹിന്ദുത്വ സെക്കുലറിസം മറ നീക്കി പുറത്തു വന്നു. 

മതത്തിനകത്ത് സഹിഷ്ണുതയുടെ, സ്‌നേഹത്തിന്റെ ആയിരം ഉദാഹരണങ്ങളും മൂല്യങ്ങളും ഉണ്ടായിരിക്കെ ഇതിനെതിരെ എല്ലാം മനപ്പൂര്‍വം കണ്ണടച്ച് പിടിച്ചു ഇസ്ലാമിനെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ അപകടകരമായ മതമായും മുല്‌സിംകളെ ഏതു നിമിഷവും ബോംബ് പൊട്ടിക്കാന്‍ സാധ്യത ഉള്ള വിഭാഗമായും കാണണം എന്നും വ്യംഗ്യമായി പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ തീവ്ര യുക്തിവാദവും. സംഘ്പരിവാറിനെ പോലും ഹിന്ദു മതത്തിന്റെ സെമിറ്റിക്  വല്‍ക്കരണം എന്ന് വിളിക്കുന്നവര്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 

അതായത്, ഇത് വഴി, സെമിറ്റിക് മതങ്ങള്‍ സ്വമേധയാ അപകടകരമാണ്, അവരുടെ രീതികള്‍ ഇപ്പോള്‍ നിങ്ങളും സ്വീകരിച്ചു തുടങ്ങി എന്നല്ലേ ഒള്ളൂ എന്ന സമീകരണ വായന കൊണ്ട് വരുന്നതിലൂടെ ഇവര്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം യുക്തിവാദത്തെയാണ് ഹിന്ദുത്വത്തിന്റെ കപട മുഖം എന്ന് നജ്മല്‍ ബാബു വിളിച്ചത്. 

ഇന്ത്യന്‍ സാഹചര്യത്തില്‍ സെമിറ്റിക് മതങ്ങള്‍ ജാതീയമായ് പീഡിതാവസ്ഥയില്‍ നിന്നുള്ള മോജന മാര്‍ഗമായി മാറുകയും അത് വഴി സാമൂഹിക പരിവര്‍ത്തനത്തിന് കാരണമാവുകയും ചെയ്തു എന്നതാണ് ചരിത്രം. സാമ്രാജ്വതതിനെതിരെ പോരാട്ടം നയിച്ചതിലൂടെയും പല തരം നവോത്ഥാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയതിലൂടെയും വിമോചന മാര്‍ഗമായി മാറി എന്ന ചരിത്രത്തില്‍ നിന്നാണ് ഹിന്ദുത്വത്തെ ഹിന്ദു മതത്തിന്റെ സെമിറ്റിക് വല്‍ക്കരണം എന്ന് വിളിക്കുന്നതിലേക്ക് നമ്മുടെ യുക്തിവാദി സ്‌പേസുകള്‍ എത്തിയത്. 

അത് വഴി സെമിറ്റിക് മതങ്ങലോടുള്ള വിരോധം ആളിക്കതിച്ചു അത് വോട്ടാക്കാന്‍ ശ്രമിക്കുന്ന പ്രക്രിയയിലേക്ക് നേരിട്ട് എണ്ണ ഒഴിക്കുകയാണിവര്‍. ഇത് ഹിന്ദുത്വത്തിന്റെ കപട മുഖമാല്ലാതെ മറ്റെന്താണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter