നറുമണങ്ങളുടെ പെരും നാളുകള്‍

നാം ലോകത്തെ അനുഭവിക്കുന്നത് പഞ്ചേന്ദ്രിയങ്ങളില്‍ കൂടിയാണ്. കണ്ടും കേട്ടും മണത്തും തൊട്ടും രുചിച്ചും നാം അറിയുന്നതാണ് നമ്മുടെ ലോകം. ആഘോഷങ്ങളും ഉത്സവങ്ങളും ഈ ആസ്വാദനങ്ങളെ ത്വരിപ്പിക്കുകയും പെരുപ്പിക്കുകയും ചെയ്യുന്നതാണ്. നമുക്കുചുറ്റുമുള്ള ലോകത്തെയും മനുഷ്യരെയും മനസ്സു തുറന്നു അവരുടെ സന്തോഷങ്ങളുടെ മുഹൂര്‍ത്തങ്ങളില്‍ കണ്ടു മുട്ടുന്നതാണ് ആഘോഷങ്ങള്‍. അതു കൊണ്ടായിരിക്കാം കുടുംബത്തിലെയും ബന്ധങ്ങളിലെയും വീടുകള്‍ സന്ദര്‍ശിക്കുന്നത് ആഘോഷത്തിലെ പ്രധാന കര്‍മമായി മാറുന്നത്.

വേദനകളും കാലുഷ്യങ്ങളും നിറഞ്ഞ വഴികളില്‍ ആഹ്ലാദത്തിന്റെ പൂ വിരിക്കുകയും പൊഴിക്കുകയും ചെയ്യുന്നതാണ് ഈദാഘോഷങ്ങളും. മൈലാഞ്ചിച്ചോപ്പും അത്തറിന്റെ തൂമണവും പുത്തന്‍ കുപ്പായത്തിന്റെ പോരിശയും നെയ്‌ച്ചോറിന്റെ ചൂടും മറ്റുമായി പെരുന്നാളിന്റെ ഓര്‍മകള്‍ എന്നും എല്ലായിടത്തും നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. മാനത്തേക്ക് ഉയര്‍ന്നു നക്ഷത്രങ്ങളിലേക്ക് ഊളിയിട്ട  ആകാശപ്പൂത്തിരി തിരിച്ചു കിട്ടാത്ത അനുഭൂതിയായി മനസ്സുകളില്‍ ബാക്കിയാവുന്നു. ഓരോ പെരുന്നാള്‍ വരുമ്പോഴും നാം തിരിഞ്ഞു നിന്ന് തിരയുന്നത് ഈ ഓര്‍മകളാണ്. കുട്ടിക്കാലത്തിന്റെ-കഴിഞ്ഞ കാലത്തിന്റെയും- അതിരുകളില്‍ നിന്ന് കൈ വീശുന്ന ആ ഓര്‍മകളുടെ കൈ പിടിച്ചു നടക്കാന്‍ എല്ലാവരും കൊതിക്കുന്നു. ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാവുന്നത് കുഞ്ഞുങ്ങളുടെ മനസ്സോടെ അതില്‍ മുഴുകുമ്പോഴാണ്. ‘അല്ലെങ്കിലും പെരുന്നാളൊക്കെ കുട്ടികള്‍ക്കല്ലേ…’ മുതിര്‍ന്നുപോയവര്‍ ആവര്‍ത്തിക്കുന്ന വാക്യമാണിത്. കളങ്കമില്ലാത്ത സന്തോഷപ്രകടനത്തിലൂടെ നാം ബാലസഹജമായ പരിശുദ്ധി വീണ്ടെടുക്കുകയാണു വേണ്ടത്.

രണ്ടു പെരുന്നാളുകളില്‍ മുന്തിയതേതാണ്? രണ്ടും നമുക്ക് പെരും നാളുകള്‍ തന്നെ. മുപ്പത് ദിവസം പട്ടിണി കിടന്ന ആലസ്യത്തിലേക്കാണ് നിറവയറിന്റെ സമൃദ്ധിയുമായി ചെറിയ പെരുന്നാള്‍ എത്തുന്നത്. ഫിത്‌റിന്റെ ഓഹരി അഗതികളുടെ വീടുകളില്‍ എത്തിക്കുന്നതിന്റെ സന്തോഷം അതിനോടൊപ്പം ഉണ്ട്. വീട്ടില്‍ നിന്ന് അയല്‍പ്പക്കത്തു നിന്നും ബന്ധക്കളില്‍ നിന്നും ആരൊക്കെയോ ഹജ്ജിനു പോയതിന്റെ കാത്തിരിപ്പു കൂടി നാം വലിയ പെരുന്നാളില്‍ അനുഭവിക്കുന്നുണ്ട്. ഇബ്‌റാഹീമി(അ)ന്റെയും ഹാജറി(റ)ന്റെയും ഇസ്മാഈലി(അ)ന്റെയും  അസാധാരണമായ ഹൃദയ സ്ഥൈര്യത്തിന്റെ കഥകള്‍ അന്നു നാം മനസ്സില്‍ പുനര്‍ജനിപ്പിക്കുന്നുണ്ട്.

മനസ്സിലെ ചില പെരുന്നാള്‍ ചിത്രങ്ങള്‍ കുട്ടികളുടെ മനസ്സോടെ പെറുക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.
* * * *

നോമ്പ് അവസാനത്തെ പത്തിലേക്ക് കടക്കുമ്പോഴേക്ക് കുട്ടികള്‍ക്ക് പെരുന്നാളിന്റെ ആരവങ്ങള്‍ കിട്ടിത്തുടങ്ങും. പുത്തന്‍ കുപ്പായങ്ങള്‍ തയ്പ്പിക്കാന്‍ കൊടുത്തിരിക്കും. വാങ്ങേണ്ട കളിക്കോപ്പുകള്‍ കടകളില്‍ തൂങ്ങുന്നത് കണ്ടുവച്ചിരിക്കും. അളുക്കിലിട്ടുവച്ച ചില്ലറക്കാശുകള്‍ വീണ്ടും വീണ്ടും എണ്ണി തിട്ടപ്പെടുത്തും. നോമ്പ് ഇരുപത്തഞ്ചിനു കൂട്ടമായി പാറകള്‍ നിറഞ്ഞ ഞങ്ങളുടെ അയല്‍ ഗ്രാമത്തിലേക്ക് കൂട്ടം കൂടിയുള്ള ഒരു പുറപ്പാടുണ്ട്. മൈലാഞ്ചിക്കൊമ്പുകള്‍ ഒടിക്കാനാണത്. പാറകള്‍ വെയില്‍പൊതിഞ്ഞു കിടക്കുന്നതിനപ്പുറത്താണ് മൈലാഞ്ചിക്കാടുകള്‍. കൊമ്പുകള്‍ ഒടിച്ച് കൂട്ടമായി ആഞ്ഞുവച്ച് കെട്ടുകളാക്കി തലച്ചുമടുമായി മടങ്ങും. ഓരോ വീട്ടുകാരും പഴഞ്ചാക്കുകളിലു  പായകളിലും ഇലയൂരി ഉണക്കാനിടും. ഇലകള്‍ മൊരിയുന്നതിന്റെ മണം ചുറ്റുവട്ടത്തൊക്കെ നിറഞ്ഞു നില്‍ക്കും. പൊടിയുന്ന പരുവത്തിലെത്തിയാല്‍ അത് പൊതിഞ്ഞുവക്കും. പെരുന്നാളിന്റെ തലേരാത്രി എല്ലാ പണിയും തീര്‍ത്താണ് മൈലാഞ്ചിയിടല്‍.

പെരുന്നാളിന്റെ തലേ രാത്രി കുട്ടികള്‍ സംഘടിപ്പിക്കുന്ന തക്ബീര്‍ ജാഥകള്‍ പതിവായിരുന്നു. അതിനുവേണ്ടി കറുമൂസ-പപ്പായ-യുടെ ഇലത്തണ്ട് വെട്ടി കൊച്ചു പന്തങ്ങളുണ്ടാക്കിയിരുന്നു. തണ്ടിന്റെ അടിഭാഗം മാത്രം നിര്‍ത്തി അതില്‍ മണ്ണെണ്ണ ഒഴിച്ച് തിരിയിട്ടാണ് പന്തങ്ങള്‍ ഉണ്ടാക്കുക. തക്ബീര്‍ മുഴക്കി വീടുകള്‍ തോറും കയറിയിറങ്ങി വഴിയോരങ്ങളിലൂടെ പന്തങ്ങള്‍ മുന്നോട്ടു പോകും. ഓരോ ഭാഗത്തെയും കൂട്ടികള്‍ മുന്‍ കൈയെടുത്ത് നടത്തിയിരുന്ന ഇത്തരം കൂട്ടായ്മകളില്‍ ചിലതെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്.

വിരുന്നുപോക്ക് പെരുന്നാളിന്റെ ഏറ്റവും നല്ല ഓര്‍മകളാണ്. കളിയും കഥപറച്ചിലും കൂടിയിരുത്തങ്ങളുമായി ആ കാലം തുടിച്ചുനില്‍ക്കുന്നു. മുതിരുംതോറും നമുക്ക് ഇല്ലാതാകുന്നത് ഇത്തരം കൂട്ടായ്മകളാണെന്നു തോന്നുന്നു. ഉമ്മയുടെ വീട് തോണി കയറി പാടം മുറിച്ചു വേണമായിരുന്നു എത്താന്‍. തോണിയില്‍ നിറയെ പെരുന്നാള്‍ വിശേഷങ്ങളായിരിക്കും. പുത്തനുടുപ്പുകള്‍, സമ്മാനപ്പൊതികള്‍, നറുമണങ്ങള്‍ എല്ലാം അതില്‍ നിറഞ്ഞുനില്‍ക്കും. അമ്മായിയുടെ വീട് പുഴക്കരയിലായിരുന്നു. പഞ്ചാരമണല്‍ വിതറിയ മുറ്റത്ത് ഞങ്ങള്‍ പന്തു കളിക്കും. നീന്തലറിയാത്തവര്‍ മറ്റുള്ളവരുടെ പുറത്തു കയറി അക്കരേക്ക് പോകും. വേനല്‍ക്കാലത്ത് പുഴയുടെ നടുവില്‍ പൊന്തി വന്നിരുന്ന മണല്‍പ്പരപ്പില്‍ ഇരുന്നു കഥകള്‍ കൊറിക്കും. അറബിക്കഥയിലെ സിന്ത്ബാദ് ദ്വീപാണെന്നു കരുതി ഇരുപ്പുറപ്പിച്ച തിമിംഗലത്തിന്റെ പുറപ്പരപ്പ് ഓര്‍ക്കും.

* * * *

ഓരോ ചെറിയ പെരുന്നാളും ഉമ്മയെക്കുറിച്ചുള്ള ഓര്‍മയാണ്. ഒരു പെരുന്നാളിന്റെ തലേന്നായിരുന്നു ഉമ്മയുടെ വേര്‍പാട്. നോമ്പു മുഴുവന്‍ ആശുപത്രിയിലായിരുന്നു. കാന്‍സറിന്റെ അവസാന ഘട്ടമായിരുന്നു അത്. വീര്യമുള്ള മരുന്നുകള്‍ ചെന്ന് മുടി കൊഴിഞ്ഞുതീര്‍ന്നിരുന്നു. കണ്ണുകള്‍ കുഴിഞ്ഞു പോവുകയും തിളക്കം മങ്ങുകയും ചെയ്തിരുന്നു. മരണത്തിന്റെ കാത്തിരിപ്പായിരുന്നു ആ കിടപ്പ് എന്ന് ഇപ്പോള്‍ തോന്നുന്നു. പള്ളിക്കാട്ടില്‍ കുതിര്‍ന്ന മണ്ണിട്ട് ഖബറിനു മേല്‍ കാല്‍ഭാഗത്തും തലഭാഗത്തും മൈലാഞ്ചിക്കമ്പുകള്‍ നാട്ടി, മൂന്നു ചാല്‍ വെള്ളം ഒഴിച്ചു മടങ്ങുമ്പോള്‍ എല്ലാവരും പെരുന്നാളിന്റെ ആരവങ്ങളിലായിരുന്നു. അന്ന് എല്ലാവരും തറവാട്ടിലാണു പെരുന്നാള്‍ കൂടിയത്. പെരുന്നാള്‍ നിസ്‌കാരത്തിനു പോയും ചോറ് കഴിച്ചും ആ പെരുന്നാള്‍ കൊണ്ടു.

ഉമ്മയുള്ളപ്പോഴത്തെ പെരുന്നാള്‍ ആലോചിച്ചു. രാവിലെത്തന്നെ ഞങ്ങളെ ശരീരമാസകലം എണ്ണയിട്ട് നിര്‍ത്തും. ചെവിക്ക് ഇരുവശത്തൂടെയും എണ്ണ കിരുകിരുപ്പോടെ ഉറുമ്പരിക്കുന്നത് പോലെ കിനിഞ്ഞിറങ്ങും. ശരീരത്തിന്റെ എല്ലാ ഭാഗവും ഉരച്ചുരച്ച് ഉമ്മ തന്നെ കുളിപ്പിച്ചു തരും. വെള്ളം മുക്കിയൊഴിക്കുന്നതിനൊപ്പം ഉണ്ടാക്കുന്ന ഒരു പ്രത്യേക താളത്തിലുള്ള ശബ്ദമുണ്ട്. കൊല്ലത്തിലെ നിങ്ങളുടെ നനച്ചുകുളി ഇന്നാണെന്നു പറയും. അയല്‍പ്പക്കത്തെ രാമേട്ടന്റെ വീട്ടില്‍ നിന്ന് ചിരട്ടപ്പെട്ടി വാങ്ങിക്കൊണ്ടു വന്നു എല്ലാവരുടെയും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു വച്ചിരിക്കും. ഉമ്മ തന്നെയാണ് ഉടുപ്പിക്കുന്നതും.

ഉമ്മയുടെ പെരുന്നാള്‍ വിഭവം തേങ്ങാച്ചോറായിരുന്നു. ചോറില്‍ തേങ്ങ ചിരവി  ഉലുവയിട്ടുമാണ് വക്കുന്നത്. പോത്തിറച്ചി മല്ലിപ്പൊടിയിട്ടു വയ്ക്കും. നെയ്‌ച്ചോറും മറ്റും ഉണ്ടാക്കാനുള്ള വിദ്യകള്‍ ഉമ്മയ്ക്കറിയുമായിരുന്നില്ല. അതിനുള്ള ആത്മവിശ്വാസം ജീവിതത്തിലൊരിക്കലും ഉണ്ടായതുമില്ലെന്നു തോന്നുന്നു.

ഉച്ച കഴിഞ്ഞ് വെയിലിന്റെ മൂപ്പ് മാറുമ്പോഴാണ് ഉമ്മയുടെ വീട്ടിലേക്കുള്ള പുറപ്പെടല്‍. പാടത്തു വെള്ളമുണ്ടെങ്കില്‍ തോണിയിലും ഇല്ലെങ്കില്‍ നടന്നും. പാടത്തിന്റെ ഇരുകരയിലും തെങ്ങുകള്‍ ചാഞ്ഞുനിന്നു വരച്ചിരുന്ന ചിത്രം മനോഹരമായിരുന്നു. തോടുകളും തെങ്ങിന്‍ പാലങ്ങളും കടന്നുള്ള പോക്ക് ബാല്യത്തിന്റെ എല്ലാ കുതൂഹലങ്ങളും നിറഞ്ഞതായിരുന്നു. അന്ന് ഉമ്മയുടെ വീട്ടില്‍ വല്യുമ്മയുടെ എല്ലാ പേരക്കുട്ടികളും എത്തും. പാതിരാവോളം ഖിസ്സകള്‍ പറഞ്ഞ് കോട്ടുവായ ഇട്ടു അവസാനം ഉറക്കം പിടിക്കും.
* * * *

അലീഗഡിലെ പെരുന്നാള്‍ ദിനങ്ങള്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതരീതിയുടെ പ്രകാശനം കൂടി സാധ്യമാക്കുന്നതായിരുന്നു. മിക്കവാറും പേര്‍ പൈജാമയും കുര്‍ത്തയും അണിഞ്ഞാണു പള്ളിയില്‍ എത്തുക. സര്‍സയ്യിദ് മോസ്‌ക് അന്ന് സുഗന്ധപൂരിതവും ആഹ്ലാദഭരിതവുമാകും. വഴിയുടെ ഇരു വശത്തും ഈദി(പെരുന്നാള്‍ പണം) വാങ്ങാന്‍ പാവപ്പെട്ടവര്‍ നിരന്നു നില്‍ക്കുന്നുണ്ടാകും. എല്ലാവരും കീശയില്‍ കയ്യിട്ട് അവര്‍ക്ക് പണം നല്‍കും. കാണുന്നവര്‍ പരസ്പരം’ഈദ് മുബാറക് ഹോ’ എന്ന് ആശംസിക്കുകയും ആലിഗംനബദ്ധരാവുകയും ചെയ്യും. നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ വി.സിയുടെ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കും ചുറ്റുവട്ടത്തുള്ളവര്‍ക്കും മധുരവിതരണമാണ്. വി.സി എല്ലാവരെയും ഹസ്തദാനം ചെയ്യും. ഹോസ്റ്റലുകളും മറ്റും കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ നടന്നിരുന്നു. മലയാളികളുടെ കൂട്ടായ്മ സര്‍സയ്യിദിന്റെ വീടിനടുത്തുള്ള ലോണില്‍ ഈദ് സംഗമം ഒരുക്കാറുണ്ടായിരുന്നു.

സുഹൃത്തുക്കളുടെയും അധ്യാപകരുടെയും വീടുകളില്‍ പെരുന്നാളാഘോഷത്തിനു വേണ്ടി പോകുമായിരുന്നു. അന്നത്തെ ദിവസം വീട്ടില്‍ വരുന്നവരൊക്കെ വിശിഷ്ടാതിഥികളായി പരിഗണിക്കപ്പെടും. ഭക്ഷണമുറികളില്‍ വലിയ തളികകളിലും പിഞ്ഞാണ പാത്രങ്ങളിലും വിവിധതരം മധുരപലഹാരങ്ങള്‍ അലങ്കരിച്ചുവച്ചിരിക്കും. അതിഥികള്‍ അവ കൊച്ചുപാത്രങ്ങളില്‍ വിളമ്പിക്കഴിക്കണമായിരുന്നു. ‘അല്‍പം കൂടി എടുക്കൂ’ എന്ന് ആതിഥേയന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കും. ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിലെ അറ്റന്ററായിരുന്ന സാദത്തിന്റെ വീട്ടില്‍ പോയതോര്‍ക്കുന്നു. ആടുകളും ആള്‍ക്കൂട്ടവുമായി അവിടെ ശബ്ദമുഖരിതമായിരുന്നു. സവയ്യ എന്ന നമ്മുടെ പായസത്തെ ഓര്‍മിപ്പിക്കുന്ന പ്രത്യേക വിഭവം സാദത്ത് ഞങ്ങള്‍ക്കു വിളമ്പി. കറ വീണ പല്ല് കാട്ടി സംസാരിച്ചു കൊണ്ടേയിരുന്നു അവന്‍.

മിക്കവാറും എല്ലാവരും നാടുകളിലേക്കു പോയ ഒരു ശൈത്യകാല അവധിക്ക് ഞങ്ങള്‍ കുറച്ചു പേര്‍ ഹോസ്റ്റലില്‍ തങ്ങി. ഞങ്ങള്‍ മലയാളികള്‍ മൂന്നു പേരും കാശ്മീരിയായ സഹമുറിയന്‍ ആസിഫ് സോഫിയും. ആ പെരുന്നാള്‍ ഞങ്ങള്‍ ഒരുമിച്ചാഘോഷിച്ചു. റോഗന്‍ ജോശ് തുടങ്ങിയ പേരുകളില്‍ ചില കാശ്മീരി വിഭവങ്ങള്‍ കോഴിയും ആടും ഉപയോഗിച്ച് ആസിഫ് ഉണ്ടാക്കി. ഞങ്ങള്‍ അസ്സല്‍ മലബാര്‍ പോത്തിറച്ചിക്കറിയും നെയ്‌ച്ചോറും വച്ചു. പുറത്ത് ആശംസാപൂര്‍വം മഞ്ഞു പൂക്കളായി വീഴുമ്പോള്‍ ഞങ്ങള്‍ അകത്ത് ഒരിക്കലും മറക്കാത്ത കൊണ്ടാണ്ടത്തിന്റെ ചില നിമിഷങ്ങള്‍ പണിയുകയായിരുന്നു. കഥകള്‍ പറഞ്ഞും സ്വപ്നങ്ങള്‍ പങ്കുവച്ചും ആ പകലും രാത്രിയും  നീണ്ടുപോയി. ഒരിക്കലും മനസ്സ് തുറക്കാത്ത കാശ്മീരിനെക്കുറിച്ച്, അതിന്റെ അഭിശപ്ത സൗന്ദര്യത്തെക്കുറിച്ച് അന്ന് ആസിഫ് ചിലത് പറഞ്ഞു. വാക്കുകള്‍ ഓരോന്നും തക്കതായ എഡിറ്റിങ്ങോടെയാണ് അവന്‍ ഉരുവിട്ടിരുന്നത്.  താടിയെല്ലുന്തി നിന്ന അവന്റെ മുഖം വെളുപ്പു കലര്‍ന്ന ചുവപ്പായിരുന്നു. അത് കൂടുതല്‍ തുടുത്തു.

മുറി അടിച്ചുവാരാന്‍ വന്ന മധ്യവയസ്‌കനായ ജോലിക്കാരന്‍ ഈദി ആവശ്യപ്പെട്ടു. പിന്നെ തരാമെന്നു പറഞ്ഞു. ആ വാക്ക് പാലിക്കാന്‍ പറ്റിയില്ല. അത് വീട്ടാ കടമായി തലക്കു മുകളില്‍ തങ്ങി ഇപ്പോഴും നില്‍ക്കുന്നു.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter