ചെറിയ പെരുന്നാൾ-കർമശാസ്ത്രം: ഹൃസ്വ വിശകലനം

സത്യവിശ്വാസികൾക്ക് സന്തോഷിക്കാനുള്ള ദിനമാണ് പെരുന്നാൾ സുദിനം . "ഈദ്" എന്ന അറബിപ്പദം "ആദ"  ക്രിയയുടെ നിഷ്പന്നമാണത്രെ. ചിലരുടെ നിർവചന പ്രകാരം "സന്തോഷം മടങ്ങി വരുക" എന്നാണതിന്റെ അർത്ഥം. ഇസ്ലാമിക നിയമ പരിധിക്കുള്ളിൽ മനസ്സിന് ആനന്ദം പകരുന്ന ഇടപെടലുകൾ കൊണ്ടും നല്ല സൗഹൃദങ്ങൾ കൊണ്ടും ധന്യമായിരിക്കണം ഈ  സുദിനമെങ്ങുമെന്ന ആശയമാണ് ഈ പദം സൂചിപ്പിക്കുന്നത് .  യൗമുൽ ബുആസ് അനുശോചിച്ച്  പാട്ടുപാടി കൊണ്ടിരുന്ന പെൺകുട്ടികളെ  അബൂബകർ(റ) കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ "എല്ലാ ഗോത്രക്കാർക്ക്  ആഘോഷ ദിനങ്ങളുണ്ടല്ലോ, ഇന്ന് നമ്മുടെ ആഘോഷദിനമാണ്, വിട്ടേക്കൂ…." എന്ന് പ്രതിവചിക്കുകയായിരുന്നു തിരുദൂതർ. ലോക് ഡൗണിന്റെ സാഹചര്യത്തിലും വിടാന്തരങ്ങളിൽ സന്തോഷ തിരമാലകൾ ആർത്തിരമ്പി വരട്ടെയെന്ന് ആശംസിക്കുന്നു. 
  ഈ ദിനത്തിൽ അനുവർത്തിക്കേണ്ട ഏതാനും  ചില ആരാധനാനുഷ്ഠാനങ്ങൾ കർമ്മ ശാസ്ത്ര പരമായി വിശകലനം ചെയ്യാനാണ്  ഇത് എഴുതുന്നത്. 
   
  പെരുന്നാൾ ദിനത്തിന്റെ സൂര്യാസ്തമയം മുതൽ ആരംഭം കുറിക്കുന്ന മൂന്ന് കർമ്മങ്ങളാണ് പെരുന്നാൾ അഭിവാദ്യാർപ്പണങ്ങളും  നിർബന്ധ ദാനവും(ഫിഥ്റ് സകാത്). ഒരേസമയം, അഭിവാദ്യങ്ങൾ കൊണ്ട് മനസ്സും ദാനധർമങ്ങൾ കൊണ്ട് ശരീരവും നിറയുന്ന സുരഭില മുഹൂർത്തം ! സൂര്യോദയ ശേഷം ആരംഭം കുറിക്കുന്ന പെരുന്നാൾ നിസ്കാരമാണ് അന്നേദിവസം  അനുഷ്ഠിക്കേണ്ട മറ്റൊരു കർമ്മം.  ദാനധർമങ്ങൾ കൊണ്ട്  സൃഷ്ടി മനസ്സുകളെ തൃപ്തിപ്പെടുത്തിയ സത്യവിശ്വാസി വിശിഷ്ട നമസ്കാരം കൊണ്ട് സ്രഷ്ടാവിനെയും തൃപ്തിപ്പെടുത്തുകയായി.  ശ്രിഷ്ടികളുടെയും സൃഷ്ടാവിന്റേയും ബാധ്യതകൾ നിറവേറ്റി ജീവിക്കേണ്ടവനാണ് സത്യവിശ്വാസി  എന്ന ഉദാത്ത ആശയം  പകരുകയാണ് പെരുന്നാൾ സുദിനമെന്ന് ചുരുക്കം.

ആശംസകൾ

പെരുന്നാളിന്റെ സൂര്യോദയം മുതൽ പെരുന്നാളാശംസകൾ കൈമാറൽ സുന്നത്താണെന്നാണ് കർമ്മ ശാസ്ത്രം വിശദീകരിക്കുന്നത്. ഇതിനു മുമ്പ്  ആശംസിക്കുന്നതിൽ വിശിഷ്ട സുന്നത് കൈ വരുന്നില്ലെന്നോർക്കുക.
 عيد مبارك/عيد سعيد ، تقبل الله منا ومنكم  തുടങ്ങിയ പദപ്രയോഗങ്ങൾ  അതിന് ഉപയോഗിക്കാവുന്നതാണ്. നിർണ്ണിത വചനം കൊണ്ട് തന്നെ ആശംസിക്കാവൂ എന്ന് ശഠിക്കുന്നതിൽ  അർത്ഥമില്ല. 
 
ഫിത്വ്‌ര്‍ സകാത്

പെരുന്നാളിന്റെ രാപ്പകലിൽ തന്റേയും തന്റെ ആശ്രിതരുടെയും ആവശ്യ കാര്യങ്ങൾ നിറവേറ്റാനും കട ബാധ്യതകൾ കൊടുത്തു തീർക്കാനുമുള്ള സമ്പത്തിൽ നിന്ന് മിച്ചം വരുന്നതിൽ സൂര്യാസ്തമയ ശേഷം താൻ വസിക്കുന്ന നാട്ടിലെ പാവപ്പെട്ടവർ, ദരിദ്രർ തുടങ്ങിയ അവകാശികൾക്ക്  മുഖ്യ ആഹാരത്തിൽ നിന്ന് 3.200 ലിറ്റർ  നിയ്യത്തോടെ കൊടുത്തു വിട്ടേണ്ട നിർബന്ധ ദാനമാണ് ഫിത്വ്‌ര്‍ സകാത് . പ്രസ്തുത സക്കാത് മൂലം റമദാൻ- വ്രതാനുഷ്ടാനങ്ങളിൽ വന്ന അപാകതകൾ പരിഹരിക്കപ്പെടുമെന്നാണ് പണ്ഡിതമതം. പെരുന്നാൾ നിസ്കാരത്തിനു മുമ്പു അകാരണമായി കൊടുക്കാതിരിക്കൽ കറാഹതും അന്നേദിവസം സൂര്യസ്തമയത്തിനു മുമ്പ് കൊടുക്കാതിരിക്കാൻ നിഷിദ്ധവുമാണ്.
 
തക്ബീർ

പെരുന്നാളിന്റെ സൂര്യാസ്തമയം തൊട്ട് പെരുന്നാൾ നിസ്കാരത്തിനായി ഇമാം തക്ബീറത്തുൽ ഇഹ്റാം ഉരിയാടുന്നത് വരെ ഒറ്റക്കായും കൂട്ടമായും തക്ബീറുകൾ ചൊല്ലി കൊണ്ടിരിക്കൽ പ്രത്യേക സുന്നത്തുള്ള കാര്യമാണ്. പുരുഷർ മികച്ച ശബ്ദത്തിലും സ്ത്രീകൾ പതിഞ്ഞ സ്വരത്തിലും ചൊല്ലി ശീലിക്കുക. അങ്ങനെ, വീടാന്തരങ്ങളും അങ്ങാടികളും വഴി വീഥികളും അന്നേദിവസം തക്ബീർ മന്ത്രധ്വനികൾ കൊണ്ട് ശബ്ദമുഖരിതമാകട്ടെ .
തക്ബീരിന്റെ പൂർണ്ണരൂപം: 
الله أكبر الله أكبر الله أكبر لا إله إلا الله والله أكبر الله أكبر  ولله الحمد 
الله أكبر كبيرا والحمد لله كثيرا وسبحان الله بكرة وأصيلا، لا إله إلا الله وحده، صدق وعده، ونصر عبده، وأعز جنده، وهزم الأحزاب وحده
لا إله إلا الله والله أكبر

പെരുന്നാൾ നിസ്കാരം

സൂര്യോദയവും മധ്യാഹ്നത്തിനുമിടയിൽ(സവാൽ)  നിർവഹിച്ചിരിക്കേണ്ട വിശിഷ്ട കർമ്മമാണ്  പെരുന്നാൾ നിസ്കാരം. സൂര്യോദയവും കഴിഞ്ഞ് ഏകദേശം 20 മിനിറ്റ് പിന്തിപ്പിച്ചു നിസ്കരിക്കലാണുത്തമം. "ചെറു പെരുന്നാളെന്ന സുന്നത് നിസ്കാരം  ഞാൻ അല്ലാഹുവിന് വേണ്ടി ഖിബിലക്ക് മുന്നിട്ട് നിസ്കരിക്കുന്നു" എന്നുകരുതി കൈ കിട്ടിയതിനുശേഷം പ്രാരംഭ പ്രാർത്ഥനയും(دعاء الافتتاح) കഴിഞ്ഞ് ഏഴു പ്രാവശ്യം കൈകൾ ഉയർത്തലോട് കൂടെ തക്ബീർ ചൊല്ലുക. ഓരോന്നിടയിൽ سبحان الله والحمد لله ولا اله إلا الله والله اكبر എന്ന് ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട്. അതിനുശേഷം, അഊസു കൊണ്ടു തുടങ്ങി സാധാ പോലെ നിസ്കരിക്കേണ്ടതാണ്. ഫാത്തിഹക്ക് ശേഷം ആദ്യ റക്അതിൽ ق/ الأعلى യും രണ്ടാമത്തേതിൽ اقترب/ الغاشية  ഓതി കൊള്ളുക. രണ്ടാമത്തെ റക്അതിന് എഴുന്നേറ്റുടൻ അഞ്ചു പ്രാവശ്യം തക്ബീർ ചൊല്ലിയതിനുശേഷമാണ് ഫാതിഹ: തുടങ്ങേണ്ടത്. തക്ബീറുകൾ ചൊല്ലൽ സാധാ സുന്നത്തായതിനാൽ മറന്നു ഉപേക്ഷിക്കുന്ന പക്ഷം  സഹ്‌വിന്റെ സുജൂദുകൾ കൊണ്ട് പരിഹരിക്കേണ്ടതില്ലെന്ന്  സാരം. 

Also Read:ഈദ് : സ്നേഹത്തിന്റെ സന്ദേശം

നിസ്കാരം കഴിഞ്ഞാൽ,  ജുമുഅ:യുടെ ഖുഥുബകളുടെ റുക്നുകൾക്കും സുന്നത്തുകൾക്കും സമാനമായ രണ്ട് ഖുഥുബകൾ നിർവഹിക്കൽ പുണ്യകരമത്രേ. സ്ത്രീകൾ മാത്രം ഒരുമിച്ചു കൂടിയുള്ള പ്രസ്തുത നിസ്കാരത്തിൽ ഖുഥുബ: വേണമെന്നില്ല. പുരുഷർ മാത്രമോ സ്ത്രീ പുരുഷ സങ്കലന നിസ്കാരമോ ആണെങ്കിൽ ഒരു പുരുഷന് എഴുന്നേറ്റു ഖുഥുബ: നിർവഹിക്കാവുന്നതാണ്. ആദ്യ ഖുഥുബയിൽ ഒമ്പത് പ്രാവശ്യവും  രണ്ടാമത്തെ ഖുഥുബയിൽ എഴു പ്രാവശ്യവും തുടർച്ചയായ് തക്ബീർ ചൊല്ലേണ്ടതാണ്.

ഇതര കർമ്മങ്ങൾ:

പെരുന്നാൾ രാത്രിയിൽ ആരാധനകൾ വർധിപ്പിക്കുന്നത് ഹൃദയങ്ങൾ മൃതിയടയുന്ന ദിവസം തന്റെ ഹൃദയം  ജീവസ്സുറ്റതായി നിൽക്കാൻ നിമിത്തമായി വർത്തിക്കുമെന്നാണ് പണ്ഡിതർ പഠിപ്പിച്ചു തരുന്നത്. അതുപോലെ, അർദ്ധരാത്രി മുതൽ പെരുന്നാളിന് വേണ്ടിയുള്ള നിയ്യത്തോടെ സ്നാനം ചെയ്യലും പുണ്യകരമാണ്. അതിനുശേഷം, വിലപിടിപ്പുള്ള ഉടയാടകൾ ധരിച്ച് സുഗന്ധം പൂശി ഭംഗി വരുത്തുന്നതും സുന്നത്തുള്ള കാര്യമാണത്രേ . 
നാഥൻ തുണക്കട്ടെ .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter