താലിബാന്‍ ഭരണത്തില്‍ ഈദ് ആഘോഷിക്കുന്ന അഫ്ഗാനികള്‍ 
റമദാന്‍ പൂര്‍ത്തിയാക്കി പെരുന്നാള്‍ ആഘോഷത്തിലാണ് ലോക മുസ്‍ലിംകള്‍. എന്നാല്‍, ത്വാലിബാന്‍ ഭരണത്തിന് കീഴില്‍ ആദ്യ പെരുന്നാള്‍ ആഘോഷിക്കുന്ന അഫ്ഗാനികള്‍ക്ക്, ഇന്നും സാധാരണ പോലെ, ഭക്ഷണത്തിനായുള്ള ഒരു പോരാട്ട ദിവസം മാത്രമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 90 ശതമാനത്തിലധികം അഫ്ഗാനികളും ഭക്ഷ്യക്ഷാമം നേരിടുന്നവരാണെന്നത് തന്നെ കാരണം.
റൊട്ടിയാണ് അഫ്ഗാനികളുടെ പ്രധാന ഭക്ഷണം. ഭൂരിഭാഗ അഫ്ഗാന്‍ കുടുംബങ്ങളും റമദാനിലെ ഇഫ്താറും സുഹൂറുമെല്ലാം കഴിച്ച് കൂട്ടിയത്, ജീവകാരുണ്യ പ്രവർത്തകര്‍ നല്കുന്ന ഒന്നോ രണ്ടോ റൊട്ടി കൊണ്ട് മാത്രമാണ്. 
പതിനേഴ് അംഗങ്ങളടങ്ങുന്ന കുടുംബത്തിന്റെ ഗ്രഹനാഥനായ ജമാല്‍ പറയുന്നത് ഇങ്ങനെയാണ്, ചെറുപ്പകാലം ഞാന്‍ കഴിച്ച് കൂട്ടിയത് പാകിസ്ഥാനിലെ അഭയാര്‍ത്ഥി കേമ്പിലാണ്. ശേഷം അഫ്ഗാനിലെത്തിയ എനിക്ക് ഒരു ഗവണ്‍മെന്റ് ജോലി ലഭിച്ചിരുന്നു. അതോടെ, കുടുംബത്തിന്റെ അത്യാവശ്യങ്ങളെല്ലാം കഴിഞ്ഞ് കൂടിയിരുന്നു. എന്നാല്‍, ത്വാലിബാന്‍ അധികാരത്തിലെത്തിയതോടെ പലരെയും പിരിച്ചുവിട്ട കൂട്ടത്തില്‍ എനിക്കും ജോലി നഷ്ടമായി. അതോടെ, ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി മാറി. എല്ലാ റമദാനിലും ഈദിലും ഞങ്ങൾ കുടുംബത്തോടൊപ്പം നിസ്കാരത്തിനായി വരാറുണ്ട്. പെരുന്നാളിന് മുമ്പായി കുട്ടികളെ കൂട്ടി ഷോപ്പിംഗിനും പോവാറുണ്ട്. റമദാനും ഈദുമെല്ലാ അഫ്ഗാനികൾക്ക് പരസ്പര സ്നേഹത്തിന്റെയും സഹനത്തിന്റെയും നാളുകളാണ്. എന്നാല്‍, ഈ വര്‍ഷം കാര്യങ്ങള്‍ നേരെ വിപരീതമാണ്. 
കിഴക്കൻ നഗരമായ കാണ്ഡഹാറിൽ ഈദ് നിസ്കാരത്തില്‍ പങ്കെടുക്കവേ താലിബാൻ നേതാവ് ഹിബത്തുള്ള അഖുൻസാദ, അഫ്ഗാനികള്‍ക്ക് "വിജയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും" പെരുന്നാള്‍ ആശംസിച്ചിരുന്നു. എന്നാൽ അഫ്ഗാനികള്‍ നേരിടുന്നു മാനുഷിക പ്രതിസന്ധികളെയോ ദൈനംദിനം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെയോ അദ്ദേഹം പരാമർശിച്ചതേ ഇല്ല. 
ജീവകാരുണ്യ സംഘടനകളുടെ ഔദാര്യത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം പൂര്‍വ്വോപരി വര്‍ദ്ധിച്ചതായാണ്, പ്രസ്തുത മേഖലയിലുള്ളവര്‍ പറയുന്നത്. കഴിഞ്ഞ വർഷം, ഒരു പ്രവിശ്യയിൽ മാത്രം 3,000 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു, എന്നാൽ ഈ വർഷം അത് 12,000 കുടുംബങ്ങളായി മാറി. കഴിഞ്ഞ വര്‍ഷങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നവര്‍ പോലും ഈ വര്‍ഷം ഞങ്ങളുടെ സഹായത്തിനായി കൈ നീട്ടി നില്‍ക്കുന്ന കാഴ്ചകള്‍ ഏറെ ഹൃദയഭേദകമായിരുന്നു, ഒരു സന്നദ്ധ സേവകന്‍ അനുഭവങ്ങള്‍ പങ്ക് വെക്കുന്നതിനിടെ ഗദ്ഗദ കണ്ഠനായി. 
പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോലും ആവുന്നില്ലെന്നാണ് അഫ്ഗാനികള്‍ പറയുന്നത്. കുട്ടികൾ ഭക്ഷണത്തിനായി കരയുമ്പോൾ, എങ്ങനെയാണ് അത് സാധിക്കുക. എങ്കിലും പ്രാര്‍ത്ഥനകള്‍ മാത്രമാണ് രക്ഷ എന്ന ഉറച്ച വിശ്വാസത്തിലാണ് അവരിപ്പോഴും. ഒരു ദിവസം അല്ലാഹു തങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന പ്രതീക്ഷയാണ് ജീവിക്കാന്‍ അവര്‍ക്ക് പ്രതീക്ഷയേകുന്ന ഏക ഘടകവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter