പെരുന്നാളുകളുടെ പൊരുള്‍

അനസ്(റ) നിവേദനം: ”നബി(സ്വ) മദീനയില്‍ വന്നപ്പോള്‍ ജനങ്ങള്‍ വര്‍ഷത്തില്‍ രണ്ടു ദിവസം ഉത്സവ ദിവസങ്ങളായി കൊണ്ടാടിയിരുന്നു. നബി(സ്വ) അതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഉല്ലാസത്തിനും വിനോദത്തിനും വേണ്ടി ഉഴിഞ്ഞുവച്ച രണ്ടു ദിവസമാണ്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”ഈ രണ്ടു ദിവസത്തിനു പകരം അല്ലാഹു നിങ്ങള്‍ക്ക് മറ്റു രണ്ടു ദിവസം നിശ്ചയിച്ചുതന്നിരിക്കുന്നു; ഈദുല്‍ ഫിത്വ്ര്‍ ദിനവും ഈദുല്‍ അള്ഹാ ദിനവും.” (അബൂദാവൂദ്)

‘റൈഹാന്‍’ എന്ന പേരിലും ‘മഹര്‍ജാന്‍’ എന്ന പേരിലും ജൂത-ക്രിസ്തീയ വിഭാഗങ്ങള്‍ ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നതായും അത്തരം ആഘോഷങ്ങളിലുണ്ടായിരുന്നത് കേവലം തീറ്റയും കുടിയും കളിയുമായിരുന്നുവെന്നും പണ്ഡിതന്‍മാര്‍ വിവരിക്കുന്നു.(മിര്‍ഖാത്ത് 2/252)

ഇതിനു പകരമാണ് മഹത്തായ രണ്ടു പെരുന്നാളുകള്‍ അല്ലാഹു നമുക്ക് തന്നതെന്ന് ഹദീസ് പഠിപ്പിക്കുന്നു.(അബൂദാവൂദ്, തിര്‍മുദി)

അല്ലാഹു രണ്ട് ആഘോഷങ്ങളെ മുസ്‌ലിമിനു സമ്മാനിച്ചിട്ടുണ്ട്- ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍. ഏതു വിഷയത്തിലുമുള്ള പോലെ നിയമ വലയങ്ങള്‍ക്കുള്ളിലെ ആഘോഷ വിനോദങ്ങളെയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്. പെരുന്നാളിന്റെ പേരില്‍ സര്‍വ സ്വാതന്ത്ര്യവും നല്‍കുന്ന കുത്തഴിഞ്ഞ പ്രവണതയല്ല ഇസ്‌ലാമിന്റേത്.

ഏതൊരു മത, സാംസ്‌കാരിക വിഭാഗങ്ങള്‍ക്കും അവരുടേതായ ആഘോഷങ്ങളും ഉത്സവങ്ങളും ഉണ്ടാകും. കൃത്യമായ ദൈവീക വ്യവസ്ഥക്കടിസ്ഥാനമില്ലാത്ത അത്തരം വിനോദാഘോഷങ്ങളെ അനുകരിക്കുവാനോ മാതൃകയാക്കുവാനോ ഇസ്‌ലാം അനുവദിക്കുന്നില്ല.

തിന്മയിലധിഷ്ഠിത വിനോദങ്ങളെയാണ് പണ്ഡിതന്‍മാര്‍ വിവരിച്ചിട്ടുള്ളത്. തിന്മ ലവലേശം വന്നുപോകുമെന്നു കണ്ട് ഏല്ലാറ്റിനെയും മാറ്റിവയ്ക്കുന്ന കര്‍ശന നിര്‍ദേശം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.

പെരുന്നാള്‍ ദിനത്തില്‍ തിരുനബി(സ്വ) നല്‍കിയിരുന്ന ഉപദേശങ്ങളില്‍ ഇത്തരം സദുപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നു ബുഖാരി ഉദ്ധരിക്കുന്ന ഹദീസ് പഠിപ്പിക്കുന്നു. അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: ”നബി(സ്വ) ചെറിയ പെരുന്നാളിലും വലിയ പെരുന്നാളിലും മുസ്വല്ലയിലേക്കു പുറപ്പെടുമായിരുന്നു. ആദ്യമായി നിസ്‌കരിക്കും. അതില്‍നിന്ന് വിരമിച്ചാല്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കും. ജനങ്ങള്‍ അവരുടെ വരികളില്‍ ഇരിക്കും. അവരോട് ഉപദേശിക്കുകയും ആവശ്യമായ കല്‍പ്പനകള്‍ നല്‍കുകയും ചെയ്യും. സൈന്യത്തെ അയക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും അവരെ അയക്കും. എന്തെങ്കിലും കല്‍പ്പിക്കാനുണ്ടെങ്കില്‍ അതു ചെയ്യും.”(ബുഖാരി)

ബാറുകളും തിയേറ്ററുകളും മറ്റു അനാശാസ്യ കേന്ദ്രങ്ങളും പെരുന്നാള്‍ ദിനങ്ങളില്‍ സന്ദര്‍ശിക്കാന്‍ മുസ്‌ലിംകളില്‍ ചിലര്‍  സമയം കണ്ടെത്തുന്നതും ഇങ്ങനത്തെ ആനന്ദവും ആഹ്ലാദവും ആഘോഷവും   ഇല്ലാതാക്കാനുള്ള ഉപദേശ നിര്‍ദേശങ്ങള്‍ പണ്ഡിതന്‍മാരില്‍ നിന്ന് ഉണ്ടാവണമെന്ന് നടേ ഉദ്ധരിച്ച ഹദീസ് മനസ്സിലാക്കിത്തരുന്നു.

ഭക്തിയും സമൂഹ കെട്ടുറപ്പും കുടുംബന്ധം പുലര്‍ത്തലും ദൈവമഹത്വം പ്രഘോഷിക്കലും സമസൃഷ്ടികളുടെ ദീനതയകറ്റാന്‍ യത്‌നിക്കലും പരിധികള്‍ ഉല്ലംഘിക്കാത്ത ഇസ്‌ലാമിക ആഘോഷങ്ങളില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ആഘോഷവും സന്തോഷവും പങ്കുവയ്ക്കുന്നതിനൊപ്പം സഹകരണത്തിന്റെയും സഹായത്തിന്റെയും വലിയൊരു ജീവിതം രണ്ടു പെരുന്നാളും സമര്‍പ്പിക്കുന്നുണ്ട്-ഫിത്വ്ര്‍ സകാത്തും, ഉള്ഹിയ്യത്തും.

ഉള്ളവന്‍ ഇല്ലാത്തവനു നല്‍കി പെരുന്നാളിന്റെ പകലില്‍ ആരും പട്ടിണി കിടക്കരുതെന്ന തീരുമാനം കൂടി അടങ്ങിയിട്ടുണ്ട് ഇസ്‌ലാമിന്റെ ഫിത്വ്ര്‍ സകാത്തില്‍. ബലി പെരുന്നാളില്‍ മാംസവിതരണമായും പങ്കുവയ്ക്കല്‍ കടന്നുവരുന്നു. കൊടുത്തും വാങ്ങിയും ഒരു സമൂഹത്തിന്റെ പരസ്പരബന്ധത്തിന്റെ ഭദ്രത ഊട്ടിയുറപ്പിക്കലും പരസ്പര സ്‌നേഹ കൈമാറ്റങ്ങളും പെരുന്നാളിലൂടെ ഉണ്ടാവുന്നു.

ഖേദകരമെന്നു പറയട്ടെ, ഇസ്‌ലാമിലെ ഈ രണ്ടാഘോഷങ്ങളും വഴിമാറി സഞ്ചരിച്ചിട്ടുണ്ട്. പെരുന്നാളിന്റെ പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെടുന്നതോടെ സകല ആഭാസങ്ങള്‍ക്കും തിരികൊളുത്തുന്ന ദുഃഖകരമായ പ്രവണതയായി എന്നുള്ളത്. നിസ്‌കാരം പോലും ഖളാആക്കി, തിമര്‍ത്താടി ടൂറ് സംഘടിപ്പിച്ചും മദ്യവും മദിരാക്ഷിയുമായി കുത്തഴിഞ്ഞു നടത്തുന്ന ആഹ്ലാദ, ആഘോങ്ങളാണ് യുവതലമുറയുടെ ഹോബി.

‘ഈദ് ഫെയറും’  ആഭാസ നൃത്തങ്ങളും നവ ആഘോഷങ്ങളും ക്രൈസ്തവ-ജൂത മതങ്ങളില്‍ നിന്ന് കടംകൊണ്ട് മുസ്‌ലിം സമൂഹത്തിലുമെത്തിയത് ഒരു വേള, ദീര്‍ഘ തമസ്സിലൂടെ നാം നേടിയെടുത്ത ആത്മശുദ്ധിയും ഭക്തിയും ഒരു നിമിഷം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കാന്‍ പോന്നതാണെന്ന് മുസ്‌ലിംകള്‍ ഓര്‍ക്കേണ്ടതാണ്.

ആരാധനയിലധിഷ്ഠിത ആഘോഷങ്ങളെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. ആനന്ദാനുഭൂതികളെ പാടെ തിരസ്‌കരിക്കുന്ന പരുക്കന്‍ ശൈലി ഇസ്‌ലാമിലില്ല. അതുകൊണ്ടാണ് ഒരു പെരുന്നാള്‍ ദിനത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ചു ഒരു വിഭാഗം നടത്തിയ കളി തിരു നബി(സ്വ) നോക്കി നില്‍ക്കുകയും മഹതി ആയിശ(റ)ക്ക് ആ കളി കാണാന്‍ സൗകര്യംചെയ്തു കൊടുക്കുകയും ചെയ്തത്.

മറ്റൊരു പെരുന്നാള്‍ ദിനത്തില്‍ തിരുനബി(സ്വ)യുടെ സവിധത്തില്‍ ദഫ്മുട്ടി പാട്ടുപാടിയ പെണ്‍കുട്ടികളെ തിരുസവിധത്തില്‍ ഉച്ചത്തില്‍ പാട്ട് പാടിയതിന്റെ പേരില്‍ സിദ്ദീഖ്(റ) ശകാരിച്ചപ്പോള്‍ നബി(സ്വ) തിരുഞ്ഞു നോക്കി ”ഇന്ന് പെരുന്നാള്‍ ദിവസമല്ലേ അവര്‍ പാട്ടുപാടിക്കൊള്ളട്ടെ  സിദ്ദീഖേ” എന്നു നബി(സ്വ) പറഞ്ഞു.

ആഭാസമായി മാറുന്ന വിനോദങ്ങള്‍ പുത്തനുടുപ്പിന്റെ നറുമണത്തെ ദുര്‍ഗന്ധമാക്കും. ആത്മാവിനെ അശുദ്ധവും. പകരം മതില്‍ക്കെട്ടുകള്‍കൊണ്ട് ചുരുങ്ങിപ്പോയ സൗഹൃദ, കുടുംബ ബന്ധങ്ങള്‍ പുനര്‍സൃഷ്ടിക്കാനും കൂടുതല്‍ ദൃഡമാക്കാനും ധാനധര്‍മ്മങ്ങളും തക്ബീര്‍ നാദങ്ങളും വര്‍ധിപ്പിക്കലും പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സൊരുക്കാനും ഈ ദിവസങ്ങളെ നാം ഉപയോഗപ്പെടുത്തേണ്ടതാണ്.

തിരിച്ചുപോക്കു തേടുന്ന പലതില്‍ പ്രധാനമാണ് നമുക്കനുവദിച്ചു തന്നിട്ടുള്ള രണ്ട് ആഘോഷങ്ങളും. ഇതര മതങ്ങളില്‍ നിന്നു കടം കൊള്ളലുകള്‍ മാത്രമായി നാം അധഃപതിച്ചതിനൊപ്പം ആഘോഷവും വ്യതിചലിച്ചു. സംസ്‌കാര അധിനിവേഷം ആഘോഷങ്ങളില്‍ വലിയൊരളവ് കേറിക്കൂടിയിട്ടുണ്ട്.

അത്തറും പുത്തനുടുപ്പുമായി തക്ബീര്‍ ചൊല്ലി പെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്ന തന്റെ അടിമകളെ മലക്കുകള്‍ക്ക് ചൂണ്ടിക്കാണിച്ച് അല്ലാഹു അങ്കരിക്കുമെന്ന് ഹദീസിലുണ്ട്. പക്ഷേ, തക്ബീറിനു പകരം സിനിമാ പാട്ടും നിസ്‌കാര സ്ഥലത്തിനു പകരം തിയേറ്ററുകളോ മദ്യശാലകളോ മറ്റോ ആണെങ്കില്‍ അല്ലാഹു അത്തരം ആളുകളോട് എങ്ങനെയായിരിക്കും സമീപിക്കുക എന്നാലോചിച്ചാല്‍ മതി.

ഇസ്‌ലാമിലെ പെരുന്നാള്‍ ദിനങ്ങള്‍ ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ പോലെ തന്നെയാണെന്ന അബദ്ധധാരണയിലകപ്പെട്ടിട്ടുള്ളവര്‍ ഇസ്‌ലാമികാഘോഷങ്ങളുടെ രൂപവും ഭാവവും മനസ്സിലാക്കാന്‍ തയ്യാറാവേണ്ടതാണ്. മഹല്ലുകളില്‍ അതിനുള്ള ഉല്‍ബോധനങ്ങള്‍ നടത്തുകയും വേണം. ഇസ്‌ലാമിന്റെ പെരുന്നാളുകള്‍ യഥാവിധി ആഘോഷിക്കാനും ഇസ്‌ലാമിന്റെ സരളതയും സാഗ്രതയും സന്തോഷ സന്ദേശങ്ങളെ ഇതരര്‍ക്കു കൂടി പ്രക്ഷേപണം ചെയ്യാനും നമുക്ക് സാധിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter