പശ്ചിമേഷ്യ: സമാധാനം ജലരേഖകളാകുമ്പോള്‍
weeപശ്ചിമേഷ്യ കത്തുകയാണ്; എന്ന് എരിഞ്ഞമരുമെന്നേ ഇനി അറിയാനുള്ളൂ! ആയിരത്തിലധികം വര്‍ഷത്തെ സാംസ്‌കാരിക പൈതൃകമവകാശപ്പെടുന്ന ഇറാഖിന്റെ പതനത്തിനു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രണ്ടാമന്‍ കാരണക്കാരനായി. അതിലേറെ ചരിത്രപരമായ പ്രാധാന്യമുള്ള സിറിയയുടെ തകര്‍ച്ചക്ക് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കെടുകാര്യസ്ഥതയും കഴിവ് കേടും നിമിത്തമായി. അധിനിവേശവും പരസ്പര യുദ്ധവുമൊക്കെ എക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും, ബുഷിന്റെ ചരിത്രപരമായ ഇറാഖധിനിവേശ മണ്ടത്തരം ഇറാഖിനെ നാമാവശേഷമാക്കിയെന്നതിലൊതുങ്ങുന്നില്ല, മറിച്ചു ഒട്ടേറെ തീവ്രവാദ സംഘങ്ങളുടെ പിറവിക്കു കൂടി നിമിത്തമായി മാറി ഇത്. എക്കാലത്തെയും, അമേരിക്കയുടെ ശാപമായി വിലയിരുത്തപ്പെടും. പിന്നാലെ, അതിനെക്കാള്‍ വലിയ മണ്ടത്തരമാണ് സിറിയന്‍ വിഷയത്തില്‍ ഒബാമ ചെയ്തു കൊണ്ടിരിക്കുന്നത് അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര കലാപങ്ങളില്‍ നാല് ലക്ഷത്തി എഴുപതിനായിരം മനുഷ്യക്കുരുതിയാണ്, യു.എന്‍ പതിനെട്ടു മാസം മുമ്പ് പുറത്തുവിട്ട കണക്കെങ്കില്‍ കഴിഞ്ഞ പതിനെട്ട് മാസമായി കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ എടുക്കാന്‍ സാധ്യമല്ലാത്ത വിധം സങ്കീര്‍ണമായിരിക്കയാണ്. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം നരഹത്യയാലും, രാഷ്ട്രീയ പിടിപ്പുകേടിനാലും സുരക്ഷാ വീഴ്ച്ചയാലും എരിയുന്ന കനലായി സിറിയ മാറിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച മ്യുനിക്കില്‍ ചേര്‍ന്ന യു.എന്‍ ഉച്ചകോടിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തീരുമാനമായതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കേറി പ്രസ്താവിക്കയുണ്ടായി; യു.എന്‍ നേരിട്ട് സന്ധി സംഭാഷണത്തിന് ഇറങ്ങുകയാണ്. സ്വന്തം ജനതക്ക് വേണ്ടാത്ത ബഷറുല്‍ അസദിനു വേണ്ടി നിരപരാധികളെ കിരാതമായി മിസൈല്‍ വര്‍ഷിച്ചു കൊന്നുകൊണ്ടിരിക്കുന്ന റഷ്യക്ക് ബാധകമല്ലാത്ത ഈ വെടിനിറുത്തല്‍ പ്രഖ്യാപനത്തിനെന്തു വിലയാണുള്ളത്. ഇറാന്‍ തന്റെ കുടില തന്ത്രങ്ങളിലൂടെ മധ്യപൗരസ്ത്യ ദേശത്ത് പരന്നു കിടക്കുന്ന ശീഈ വിഭാഗങ്ങളെ ഒരുമിപ്പിച്ചു ശീഈ അറബ് രാഷ്ട്ര നിര്‍മാണം ഉണ്ടാക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിനു യമന്‍, സിറിയ, ഇറാഖ്, ലെബനോന്‍ എന്നിവിടങ്ങളില്‍ അശാന്തി തിരിച്ചു വിട്ടു. അഭയാര്‍ഥികളുടെ കുത്തൊഴുക്കില്‍ വീര്‍പ്പുമുട്ടുന്ന അതിര്‍ത്തി രാജ്യമായ തുര്‍ക്കി തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുംവിധം അയല്‍ പ്രദേശമായ സിറിയയില്‍ ഉരുണ്ടുകൂടുന്ന കുര്‍ദുകള്‍ ഈ കലങ്ങിയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റി കുര്‍ദ് സ്വയം രാഷ്ട്ര പ്രഖ്യാപനമെങ്ങാനും നടത്താതിരിക്കാന്‍ കുര്‍ദ് സേന കാംപുകള്‍ക്ക് നേരെ പലപ്രാവശ്യം തുര്‍ക്കി മിസൈല്‍ എയ്തതാണ്, തന്നെയുമല്ല അത്തരത്തിലൊരു സ്വയം പ്രഖ്യാപിത രാഷ്ട്ര സ്വപ്നം വെച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഉഗ്‌ളൂ എടുത്തു പറഞ്ഞത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഇതിനിടക്കാണു കുര്‍ദുകളോടൊന്നിച്ചു സിറിയയിലേക്ക് കരയുദ്ധത്തിനു സഊദി അറേബിയയുടെ നേതൃത്വതിലുള്ള സഖ്യസേന തയാറെടുക്കുന്നതായ വാര്‍ത്ത പുറത്തു വന്നത്. ഇതോടെ റഷ്യ വീണ്ടും ഭീഷണി മുഴക്കി കഴിഞ്ഞു, അത്തരത്തിലൊരു നീക്കം ഉണ്ടായാല്‍ ഈ മേഖല തന്നെ നാമാവശേഷമാകുമെന്നു റഷ്യ പറയുന്നു. ഇപ്പോഴേ സിറിയ യിലെ ലാദിഖിയയിലെ റഷ്യന്‍ സൈനിക താവളത്തില്‍നിന്നും ഒരാഴ്ച ചുരുങ്ങിയത് അഞ്ഞൂറ്റി പത്ത് മിസൈലുകള്‍ തൊടുത്തുവിട്ടുകൊണ്ട് നിരപരാധികളായ മനുഷ്യരെ കൊന്നോടുക്കുന്നതിലോതുങ്ങില്ല റഷ്യയുടെ വൈരം. ഇതിനൊക്കെ റഷ്യ സ്വന്തം ജനതയ്ക്ക് കൊടുക്കുന്ന ഒരു വളിച്ച വിശദീകരണമുണ്ട്, അത് അമേരിക്കന്‍ സാന്നിധ്യം മേഖലയില്‍നിന്നും അകറ്റി നിര്‍ത്തുക എന്നതാണത്രെ അവരുടെ മീഡിയാചാനലുകളിലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ കലുഷിതമായ അന്തരീക്ഷത്തില്‍നിന്നും എങ്ങനെയാണ് മേഖലയെ രക്ഷപ്പെടുത്തുക എന്നതാണ് ഒരു സമസ്യയായി ഇപ്പോഴും നിലകൊള്ളുന്നത്, ഒരു പക്ഷെ അമേരിക്ക ഇടപെടുകയാണെങ്കില്‍ ഒബാമ തന്റെ അഴകൊഴമ്പന്‍ വിദേശ നയം ഒഴിവാക്കി നയതന്ത്ര മേഖലയില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തെ അവസാനിപ്പിക്കാന്‍ നേതൃപരമായ റോളില്‍ മുന്നോട്ടു വരികയെന്നതാണത്. സിറിയന്‍ വിഷയത്തില്‍ അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ചു സ്വന്തം ജനതക്കെതിരേ രാസായുധം പ്രയോഗിച്ചു ഒരു ജനതയെ ഒന്നാകെ നിഷ്‌കരുണം കൊന്നൊടുക്കുന്ന ബഷറുള്‍ അസദിനെതിരേ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത കഴിവുകെട്ട അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. ഈ ദുഷ്‌പേര്, ഒരു പക്ഷെ അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാവാം, തങ്ങളുടെ നയതന്ത്ര പരിധിയില്‍ വരുന്ന ഒരു പ്രദേശത്ത് നടക്കുന്ന കൊള്ളരു തായ്മയുടെ പരിണിതി മൂലം ഒരു ദേശം ഒന്നായി കത്തിചാമ്പലാവുമ്പോള്‍ എന്തുകൊണ്ട് ഈ നിസംഗതയെന്നത് അതിശയോക്തിപരമാണ്. റഷ്യയുടെ കഴിഞ്ഞ കാല ചരിത്ര മെടുത്തു പരിശോധിക്കുമ്പോള്‍; അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിലൂടെ അല്‍ഖാഇദ എന്ന അതിതീവ്രവാദ സംഘടനയുടെ പിറവിക്ക് കളമൊരുക്കികൊടുത്തു, ബോസ്‌നിയാന്‍ മുസ്‌ലിംകളെ വംശനാശം വരുത്താന്‍ കച്ച കെട്ടിയിറങ്ങിയ സര്‍ബിയക്ക് ഐക്യരാഷ്ട്ര സഭയുടെപോലും വിലക്ക് മറികടന്നു ആയുധമെത്തിച്ചു കൊടുത്തു യൂറോപ്പിലെ ചില മുസ്‌ലിംകളെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടു, ഇപ്പോള്‍ ബഷറുള്‍ അസദിനു സിറിയയിലെ സകല പട്ടണങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ പുട്ടിന്‍ അസദിനു കരുത്തു പകര്‍ന്നു, ഐ.എസിനും മറ്റു തീവ്രവാദ ഗ്രൂപ്പുകള്‍ക്കും യഥേഷ്ടം മനുഷ്യക്കുരുതി നടത്തി മുന്നേറാന്‍ തടസമാവാത്തവിധം. ആക്രമണം നിരായുധരും അശരണരുമായ പിഞ്ചു കുഞ്ഞുങ്ങള്‍, വൃദ്ധര്‍ അടക്കമുള്ള പാവങ്ങളിലേക്കൊതുക്കിയിരിക്കയാണ് . ഐ.എസും അല്‍ഖാഇദയും ഹൂതിയും ഹിസ്ബുല്ലയും അടക്കമുള്ളവര്‍ മേഖലയുടെ നേതൃത്വമേറ്റെടുക്കാന്‍ കലാപം നടത്തുമ്പോള്‍ പാവങ്ങളായ ജനങ്ങള്‍ അഭയാര്‍ഥികള്‍ ആയി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഭക്ഷണവും ഷെല്‍ട്ടറുമില്ലതെ മരണത്തോട് മല്ലടിക്കുന്നത് കണ്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ തുടരുന്ന നിസംഗതയില്‍ റഷ്യ തങ്ങളുടെ മറ്റൊരു ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവാന്‍ കാത്തിരിക്കയാണ്; യൂറോപ്പിലേക്ക് അഭയം തേടിയെത്തിയ ലക്ഷക്കണക്കിന് സിറിയന്‍ ജനത കാലക്രമേണ യൂറോപ്പില്‍ ഉണ്ടാക്കിയേക്കാവുന്ന സാംസ്‌കാരിക സാമ്പത്തിക അസന്തുലിതാവസ്ഥ യൂറോപ്പിന്റെ വിഭജനത്തില്‍ കലാശിക്കുക എന്നതാണത്. ഇത് കൂടി അവുമ്പോഴേക്കും റഷ്യ തങ്ങളുടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വന്നു അമേരിക്കക്ക് ഒരു ബദല്‍ ശക്തിയായി മാറാന്‍ കഴിയും എന്ന കുത്സിത ചിന്ത യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഒബാമ രംഗത്തിറങ്ങുന്ന പക്ഷം ഇറാനെ രംഗത്തിറക്കി മധ്യസ്ഥ ശ്രമം നടത്തിയാല്‍ ഒരു പക്ഷേ മേഖല ശാന്തമായേക്കാം എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. പക്ഷെ എപ്പോള്‍, എങ്ങനെ ഇതൊക്കെ അവസാനിക്കുമെന്നതാണ് ഈ കാലുഷ്യത്തിന്റെ ഇരകളായ ജനതയുടെ ആശങ്ക, ലോക മനഃസാക്ഷിയുടെയും!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter