അന്യർ പറയുന്നതു പോലെയല്ലല്ലോ നാം.
(സൂഫീ കഥ - 17)
ശൈഖ് അബൂ ഥാഹിർ അൽ ഹറമീ ഒരിക്കൽ കഴുതപ്പുറത്ത് കയറി സഞ്ചരിക്കുകയാണ്. കഴുതയുടെ കയർ ഒരു ശിഷ്യനാണ് പിടിച്ചിരിക്കുന്നത്. അദ്ദേഹം സഞ്ചരിച്ച് അങ്ങാടിയിലെത്തി. അങ്ങാടിയിലൂടെ പോകുമ്പോൾ ഒരാൾ വിളിച്ചു കൂവി: “ഇത് ദീനിൽ നിന്നു പുറത്തുപോയ കള്ള ശൈഖാണ്”
ശിഷ്യനു തന്‍റെ ഗുരുവോടുള്ള സ്നേഹവും ബഹുമാനവും കാരണത്താൽ ദേഷ്യം ഇരച്ചു വന്നു. വിളിച്ചു കൂവിയ ഇയാളെ കല്ലെടുത്തെറിയാൻ വരെ ഭാവിച്ചു. അങ്ങാടിയിലുള്ളവരും ഇളകി വന്നിരുന്നു.
ശൈഖ് തന്‍റെ അരുമ ശിഷ്യനോടു പറഞ്ഞു: “നീ ശാന്തനാവുകയാണെങ്കിൽ, ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഒരു വഴി ഞാൻ നിനക്കു പഠിപ്പിച്ചു തരാം.” ഇതു കേട്ട ശിഷ്യൻ ശാന്തനായി.
അങ്ങാടിയിലെ ആവശ്യങ്ങളെല്ലാം കഴിഞ്ഞ് രണ്ടുപേരും ഖാൻഖാഹിലേക്ക് മടങ്ങി. ഗുരു ശിഷ്യനോട് അകലെയിരിക്കുന്ന ഒരു പെട്ടി കൊണ്ടുവരാൻ പറഞ്ഞു. പെട്ടി കൊണ്ടു വന്നു. തുറന്നു. അതിൽ നിന്ന് കത്തുകളോരൊന്നെടുത്ത് ശൈഖ് ചുരുളഴിച്ചു. അവ ശിഷ്യനു കാണിച്ചു കൊടുത്തു. എന്നിട്ട് ശിഷ്യനോട് പറഞ്ഞു:
“നോക്കൂ. ഓരോരുത്തർ എനിക്കയച്ച കത്തുകളാണിവ. അവരോരുത്തരും എന്നെ ഓരോ സ്ഥാന പേരിട്ട് അഭിസംബോധന ചെയ്തിരിക്കുന്നു. ഒരാൾ അശ്ശൈഖൽ ഇമാം (നേതാവായ ശൈഖ് അവർകളേ) എന്നു പറയുമ്പോൾ മറ്റൊരാൾ പ്രബുദ്ധനായ ശൈഖ് അവർകളേ എന്നും വേറെയൊരാൾ ഭൌതിക പരിത്യാഗിയായ ശൈഖോരേ എന്നും പിന്നെയൊരാൾ ഇരു ഹറമുകളുടെയും ശൈഖേ എന്നും അങ്ങനെ പലതും അവർ എഴുതി വിളിക്കുന്നു. ഇവയൊക്കെ അവർ നൽകുന്ന സ്ഥാനങ്ങൾ മാത്രമാണ്. എന്‍റെ പേരുകളൊന്നുമല്ല. എന്‍റെ യഥാർത്ഥ അവസ്ഥ വിവരിക്കുന്നതുമല്ല. സത്യത്തിൽ ഈ പറഞ്ഞതൊന്നുമല്ലല്ലോ ഞാൻ. ഓരോരുത്തരും അവർക്ക് തോന്നും വിധം പറഞ്ഞിരിക്കുന്നു. അങ്ങനെ ഓരോ സ്ഥാനപേരുകൾ അവരെനിക്കു നൽകി.”
“എന്നിലില്ലാത്ത കാര്യങ്ങൾ അവർക്കു തോന്നുംവിധം അവർ പറഞ്ഞെങ്കിൽ അങ്ങാടിയിലെ ആ മനുഷ്യൻ അയാൾക്കു തോന്നിയ വിധം അയാളെന്നെ വിശേഷിപ്പിച്ചു. എന്നെ അതിനനുസരിച്ച് വിളിച്ച് കൂവി. അതിലെല്ലാം അയാളോട് നാമിത്ര ശത്രുത കാണിക്കാൻ മാത്രം എന്തിരിക്കുന്നു.”
kashf - 262