അല്ലാഹു ഉത്തമ സംരക്ഷകൻ
അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അസ്മാഉൽ ഹുസ്‌നയിൽപ്പെട്ടതാണ് അൽ ഹഫീള്. കാത്തുസംരക്ഷിക്കുന്നവനെന്നർത്ഥമാക്കുന്നു. ഈ നാമത്തിലൂടെ സൃഷ്ടാവായ അല്ലാഹു സംരക്ഷണത്തിന്റെയും കാവലിന്റെയും കരുതലിന്റെയും എല്ലാ ഗുണവിശേഷങ്ങളും സിദ്ധിച്ചവനെന്ന് അറിയിക്കുന്നുണ്ട്. അല്ലാഹു സൃഷ്ടികളെ പടക്കുകയും നിലനിർത്തി സംരക്ഷിക്കുകയും ചെയ്യുന്നവനെന്ന് ചുരുക്കം. അവനത്രെ ഏറ്റവും നല്ല കാവൽക്കാരൻ.
പരിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറയിലെ 255ാം സൂക്തമായ ആയത്തുൽ കുർസിയ്യിലൂടെ വ്യക്തമാക്കുന്നത് കാണാം: 'അല്ലാഹുവിന്റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവൻ ഉൾക്കൊണ്ടതാണ്. അവ രണ്ടും കാത്തു സംരക്ഷിക്കുക അവന് ഒട്ടുമേ ഭാരമുള്ളതല്ല'. സൂറത്തു സബഅ് 21ാം സൂക്തത്തിലൂടെ 'നാഥൻ എല്ലാം സംരക്ഷിക്കുന്നവ'നെന്ന് പ്രഖ്യാപിക്കുന്നുണ്ട്. യഅ്ഖൂബ് നബി (അ) മക്കളോട് പറഞ്ഞത് 'അല്ലാഹുവാണ് ഏറ്റവും ഉത്തമനായ സംരക്ഷകനെ'ന്നാണ് (സൂറത്തു യൂസുഫ് 64). അല്ലാഹു പ്രപഞ്ചമൊട്ടാകെയും സകല ചരാചരങ്ങളെയും ഓരോന്നിനും വേണ്ട ഊർജവും ഉപജീവനങ്ങളുമേകി സംരക്ഷിക്കുന്നുവെന്നും അല്ലാഹുവന്റെ സംരക്ഷത്തിൽ നിന്നും ഒന്നും വിട്ടുപോവുന്നില്ലെന്നും വിശ്വാസിക്കേണ്ടത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. 'ഭുവന വാനങ്ങൾ വ്യതിചലിക്കാതെ പിടിച്ചുനിറുത്തുന്നത് അല്ലാഹുവാണ്. ഇനി നീങ്ങിപ്പോവുകയാണെങ്കിൽ അവനല്ലാതെ മറ്റാർക്കുമത് പിടിച്ചുവെക്കാനുമാകില്ല' (സൂറത്തു ഫാത്വിർ 41).
സൃഷ്ടികളുടെ സംരക്ഷണത്തിനായി അല്ലാഹു പ്രത്യേക മാലാഖമാരെ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട് : 'തന്റെ അടിമകളുടെ മേൽ സർവ്വാധിപത്യമുള്ളവനത്രെ അവൻ. നിങ്ങളുടെ സംരക്ഷകമാലാഖമാരെ അവൻ നിയോഗിക്കുന്നു. അങ്ങനെ നിങ്ങളിലെ ഒരു വ്യക്തിക്കു മരണം ആസന്നമായാൽ നമ്മുടെ ദൂതമാലാഖമാർ അവനെ മരിപ്പിക്കുകയായി. ഒരു ന്യൂനതയും അവൻ വരുത്തില്ല' (സൂറത്തുൽ അൻആം 61). മേൽ സൂക്തത്തിൽ വിവരിക്കപ്പെട്ട സംരക്ഷകർ മനുഷ്യരുടെ സംരക്ഷണ ചുമതലയേൽപ്പിക്കപ്പെട്ട മലക്കുകളെന്ന് ഖുർആൻ പഠനത്തിലെ ശ്രേഷ്ഠനായ അബ്ദുല്ല ബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്. തന്റെ മുന്നിലൂടെയും പിന്നിലൂടെയും നിരന്തരം വന്നുകൊണ്ട് മനുഷ്യനെ അല്ലാഹുവിന്റെ ശാസനാനുസൃതം സംരക്ഷിക്കുന്ന മലക്കുകളുണ്ടെന്ന് സൂറത്തുൽ റഅ്ദ് 11ാം സൂക്തവും പഠിപ്പിക്കുന്നുണ്ട്.
ഉറച്ച സത്യവിശ്വാസം, ആരാധനാ നിഷ്ഠ, ദൈവാനുസരണ, മറ്റു സൽക്കർമ്മങ്ങളൊക്കെയും അല്ലാഹുവിൽ നിന്നുള്ള കാവലും കരുതലും കിട്ടാൻ അടിമകളെ പ്രാപ്തരാക്കും. ആ സംരക്ഷണം സ്വന്തത്തിനും സ്വകുടുംബത്തിനും സ്വത്തുവകകൾക്കും ബാധകമായിരിക്കും. മക്കളിലും മക്കളുടെ മക്കളിലും ആ ദൈവ കാവൽ അനുഭവിക്കാനാവും. പ്രമുഖ താബിആയ സഈദു ബ്‌നുൽ മുസയ്യബ് (റ) മകനോട് പറയുകയുണ്ടായി: ഞാൻ നീ കാരണം നമസ്‌ക്കാരങ്ങൾ അധികരിപ്പിക്കും. അതുവഴി നിനക്ക് ദൈവ സംരക്ഷണമുണ്ടാവും. ശേഷം സൂറത്തുൽ കഹ്ഫിലെ 82ാം സൂക്തം ഓതിക്കേൾപ്പിച്ചു. പിതാവിന്റെ നന്മകൾ കാരണമായി രണ്ടു അനാഥ ബാല്യങ്ങൾക്ക് അവരുടെ ജീവനിലും സ്വത്തിലും അല്ലാഹു സംരക്ഷണമേകുന്ന കഥയാണ് പ്രസ്തുത ആയത്ത് പങ്കുവെക്കുന്നത്. സൽക്കർമ്മിയുടെ സദ് വൃത്തികളുടെയും ആരാധനകളുടെയും സദ്ഫലങ്ങൾ സന്താനങ്ങൾക്കും ആസ്വദിക്കാനാവുമെന്നതിന് തെളിവും കൂടിയാണിത്. മക്കളിൽ ആ ഫലത്തിന്റെ പ്രതിഫലനങ്ങളുണ്ടാവണമെങ്കിൽ അവരെ നേരെചൊവ്വേ വളർത്തിയെടുക്കുകയും വേണം. നബി (സ്വ) പറയുന്നു: അല്ലാഹു ഓരോർത്തരോടും അവനിക്ക് ഉത്തരവാദിത്വപ്പെട്ടത് അവൻ സംരക്ഷിച്ചുവോ അല്ലെങ്കിൽ നശിപ്പിച്ച് പാഴാക്കിയോയെന്ന് ചോദിക്കുന്നതായിരിക്കും (സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 10/344). സ്വകാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും ദൈവ സംരക്ഷണം വേണമെങ്കിൽ അല്ലാഹുവിൽ ഭരമേൽപ്പിക്കാനാണ് നിർദേശം. അവന് ഏൽപ്പിച്ചതിനെ അവൻ നന്നായി സംരക്ഷിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്മദ് 5605, സുനനുൽ കുബ്‌റാ 19048, ത്വബ്‌റാനി 4667).
വിശ്വാസി തന്റെ ശരീരാവയവങ്ങളെയൊക്കെയും നിഷിദ്ധങ്ങളെ തൊട്ട് സംരക്ഷിച്ച് ദൈവതൃപ്തി പ്രതീക്ഷിച്ച് അവയെ ഉപയോഗപ്പെടുത്തുന്ന പക്ഷം അവനിക്ക് ദൈവസംരക്ഷണമുറപ്പാണ്. അല്ലാഹുവിനെ സൂക്ഷിച്ചാൽ അവനെ അല്ലാഹു സൂക്ഷിക്കുമെന്നാണ് ഹദീസ് (തുർമുദി 2516, അഹ്മദ് 2763). പരിശുദ്ധ ഖുർആൻ മനുഷ്യന് കാവലൊരുക്കുന്ന വിശുദ്ധ മന്ത്രങ്ങളാണ്. ഖുർആനിക സൂക്തങ്ങളിൽ ആയത്തുൽ കുർസിയ്യാണ് പ്രധാനം. വൈകുന്നേരം ആയത്തുൽ കുർസിയ്യ് ഓതിയവന് പിറ്റേന്ന് രാവിലെ വരെ പിശാചിന് അടുക്കാനാവാത്ത വിധം ദൈവസംരക്ഷണമുണ്ടാവും (ഹദീസ് ബുഖാരി 2311). സൂറത്തുൽ ബഖറയിലെ അവസാന രണ്ടു സൂക്തങ്ങൾ എല്ലാ രാത്രിയും ഓതിയാൽ മനുഷ്യ ജിന്നു ഉപദ്രവങ്ങളുൾപ്പെടെയുള്ള സർവ്വ വിപത്തുകളിൽ നിന്നും അല്ലാഹു അവനെ സംരക്ഷിക്കും. രാത്രിയിൽ ആ രണ്ടു ആയത്തുകൾ പാരായണം ചെയ്താൽ അവനിക്കത് മതിയെന്നും നബി വചനമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). സൂറത്തുൽ ഫലഖും സൂറത്തുന്നാസും സംരക്ഷണമൊരുക്കുന്ന ചെറു സൂറത്തുകളാണ്. പൈശാചിക കുതന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അല്ലാഹുവിനെ സ്മരിക്കുന്ന ദിക്‌റുകളും നബി (സ്വ) പഠിപ്പിച്ചുതന്നിട്ടുണ്ട് (ഹദീസ് തുർമുദി 2863).
അല്ലാഹുവിനോട് സംരക്ഷണമാവശ്യപ്പെട്ടുക്കൊണ്ടുള്ള പ്രാർത്ഥനയും വേണം. ദൈവസംരക്ഷണത്തിനായി നബി (സ്വ) രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാർത്ഥനകൾ നടത്തിയതായി അബ്ദുല്ല ബ്‌നു ഉമർ (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി 1200, അബൂദാവൂദ് 5074). ദൈവകൽപനകൾ പാലിക്കുകയും പരസ്യമായും രഹസ്യമായും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്ന യഥാർത്ഥ സത്യവിശ്വാസിയുടെ വിശ്വാസവും അഭിമാനവും ശരീരവും സ്വത്തും നാടും സംരക്ഷിച്ചുക്കൊണ്ട് അവനെ സ്വർത്തിലേക്കാനയിക്കുമെന്ന് ദൈവ വാഗ്ദാനവുമുണ്ട്.
Leave A Comment