മരത്തടിക്ക് പോലും ആ സ്പര്‍ശം അത്ര മേല്‍ ഇഷ്ടമായിരുന്നു

മദീനത്തെ പള്ളിയില്‍ കൂടിയിരുന്നവരെല്ലാം ആ മൂലയിലേക്ക് തിരിഞ്ഞുനോക്കി. വെള്ളിയാഴ്ചയായതിനാല്‍ പളളിയില്‍ നിറയെ ആളുകളുമുണ്ടായിരുന്നു. കരയുന്ന ആളെ കാണുന്നില്ലെങ്കിലും അത് ആ മൂലയില്‍ നിന്നാണ്. എല്ലാവരുടെയും നോട്ടം അങ്ങോട്ട് തന്നെ. 

പ്രവാചകര്‍ (സ്വ) ഖുതുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കയാണ്. അതിനിടെയാണ് ആരോ തേങ്ങിതേങ്ങിക്കരയുന്ന ശബ്ദം. അത് കേട്ട പ്രവാചകരും അങ്ങോട്ട് നോക്കി. അവിടെ മൂലയില്‍ മാറ്റി വെച്ച, പള്ളിയിലെ പഴയ മിമ്പറായിരുന്ന ഈത്തപ്പനയുടെ കഷ്ണമാണല്ലോ അത്. എല്ലാവരുടെയും കണ്ണുകള്‍ ആ മൂലയിലേക്കും പ്രവാചകരുടെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു. 

പ്രവാചകരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു, അതോടൊപ്പം ആ ഈത്തപ്പനത്തടി കരയാന്‍ ഇടവന്നതില്‍ മനസ്സില്‍ എവിടെയോ ചെറിയൊരു നൊമ്പരവും. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഖുതുബ ഓതാനായി പ്രവാചകര്‍ കയറി നിന്നിരുന്നത് ആ തടിയിലായിരുന്നു. 

നാല് ദിവസം മുമ്പായിരുന്നു, തന്റെ അനുയായികളിലൊരാള്‍ വന്ന്, ആ പഴയ മരത്തടിക്ക് പകരം നല്ലൊരു മിമ്പര്‍ പണി കഴിക്കുന്നതിന്ന് അനുവാദം ചോദിച്ചത്. നല്ല കാര്യമാണല്ലോ എന്ന് കരുതി താനത് സമ്മതിക്കുകയും ചെയ്തു. ആശാരിയായ തന്റെ മകനെ ഉപയോഗപ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ അയാള്‍ അത് തയ്യാറാക്കി പള്ളിയില്‍ സ്ഥാപിക്കുകയും ചെയ്തു. അതോടെയാണ് ആ പഴയ തടിക്കഷ്ണം പള്ളിയുടെ മൂലയിലേക്ക് മാറ്റപ്പെട്ടത്. 

എല്ലാം ഓര്‍ത്ത് കൊണ്ട് ഖുതുബ നിര്‍ത്തി പ്രവാചകര്‍ മിമ്പറില്‍നിന്ന് താഴെ ഇറങ്ങി, പതുക്കെ ആ പഴയ മരക്കഷ്ണത്തിന് സമീപമെത്തി. അപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ അത് തേങ്ങിക്കൊണ്ടേയിരുന്നു. 

പ്രവാചകര്‍ ആ മരക്കഷ്ണത്തെ കൈയ്യിലെടുത്തു, കൊച്ചുകുട്ടിയെ വാരിയെടുക്കുന്ന ഒരു മാതാവിനെപ്പോലെ... എന്നിട്ട് പതുക്കെ അതില്‍ തലോടിക്കൊണ്ട് പറഞ്ഞു, നീ കരയേണ്ട, നിന്നെ സ്വര്‍ഗ്ഗത്തിലെ ഒരു മരമാക്കി വളര്‍ത്താന്‍ ഞാന്‍ അല്ലാഹുവിനോട് പറയാം, അതല്ല, ഇവിടെത്തന്നെ വീണ്ടും ഒരു ഈത്തപ്പനയായി വളരാനാണ് നിനക്ക് ആഗ്രഹമെങ്കില്‍, അതും ഞാന്‍ സാധിച്ചുതരാം. 

Read More: റബീഅ് നാല്: ഖുബൈബ്(റ)- പ്രവാചക സ്നേഹത്തിന്റെ ധീര മാതൃക

ഇത് കേട്ടതും ആ മരത്തടിയുടെ കരച്ചില്‍ സന്തോഷങ്ങള്‍ക്ക് വഴിമാറി. വിതുമ്പിക്കൊണ്ട് അത് പ്രവാചകരോട് പറഞ്ഞു, എനിക്ക് സ്വര്‍ഗ്ഗത്തിലെ ഒരു മരം ആയാല്‍ മതി. പ്രവാചകര്‍ അതിന് വാക്ക് കൊടുത്തു.

കരച്ചില്‍ നിര്‍ത്തിയ ആ മരത്തടിയെ താഴെ മൂലയില്‍ തന്നെ വെച്ച് പ്രവാചകര്‍ മിമ്പറിലേക്ക് തിരിച്ച് കയറി, പ്രസംഗം തുടര്‍ന്നു, അനുയായികളോടായി ഇങ്ങനെ പറഞ്ഞു, ഞാന്‍ സമാധാനിപ്പിച്ചില്ലായിരുന്നെങ്കില്‍ ആ മരക്കഷ്ണം അവിടെക്കിടന്ന് അവസാനനാള്‍ വരെ കരയുമായിരുന്നു.

പ്രവാചകരുടെ പാദസ്പര്‍ശം നഷ്ടമായത് ആ മരത്തടിക്ക് പോലും സഹിക്കാവുന്നതിലപ്പുറമായിരുന്നു. നമുക്കും സ്നേഹിക്കാം ആ പ്രവാചകരെ. അതിനായി ലഭിക്കുന്ന അവസരങ്ങളെല്ലാം നമുക്ക് ഉപയോഗപ്പെടുത്താം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter