അഭിനവ ഖിലാഫത്ത്: ഉല്‍ഭവം  വളര്‍ച്ച  ലക്ഷ്യം

ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരിച്ചുവരവ് എന്ന വ്യേജേന ഇറാഖിനെയും സിറിയയെയും കേന്ദ്രമാക്കി ഉയര്‍ന്നുവന്ന ഒരു പ്രഷര്‍ ഗ്രൂപ്പാണ് ഇസ്‌ലാമിക് സ്റ്റേറ്റ് അഥവാ ഐ.എസ്. നിലപാടുകളിലെ ദുരൂഹതയും പ്രവര്‍ത്തനങ്ങളിലെ ഭീകരതയും കൊണ്ട് വര്‍ത്തമാന ലോകത്തിന്റെ ഒരു മഹാ സമസ്യയായി മാറിയിട്ടുണ്ട് ഇത്. പ്രവര്‍ത്തന മേഖലയുടെ വ്യാപനത്തെ സൂചിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐ.എസ്.ഐ.എസ്) എന്നും ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലാവെന്റ് (ഐ.എസ്.ഐ.എല്‍) എന്നും ഇത് വിളിക്കപ്പെടുന്നു. അറബിയില്‍ അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ ഫില്‍ ഇറാഖി വശ്ശാം എന്നതിന്റെ ചുരുക്കമായി ദാഇശ് എന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലപാടിലും പദ്ധതികളിലും അല്‍ ഖാഇദയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഈ ഭീകര കൂട്ടായ്മ പലതിലും അവരുമായി വിയോജിക്കുന്നുണ്ടെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളിലും കാടത്തപരമായ മൃഗീയ ചെയ്തികളിലും അതിന്റെ ഒരു അടുത്ത ഘട്ടമായിത്തന്നെവേണം ഇതിനെ മനസ്സിലാക്കാന്‍. കുരിശ് യോദ്ധാക്കളെയും സാമ്രാജ്യത്വ ഭീകര ശക്തികളെയും അല്‍ ഖാഇദ മുഖ്യ ശത്രുക്കളായി കാണുമ്പോള്‍ തങ്ങളെ അംഗീകരിക്കാത്തവരെയെല്ലാം ശത്രുക്കളായി കാണുന്ന നിലപാടാണ് ഐ.എസിന്റേത്. അതില്‍ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‌ലിംകളും എല്ലാം തുല്യരാണ്. മുസ്‌ലിംകളില്‍തന്നെ സുന്നികളും ശിയകളും പെടും. അത്രമാത്രം രൂക്ഷതയും തീവ്രതയുമാണ് ഐ.എസിനെ പൈശാചികവും മനുഷ്യത്വവിരുദ്ധവുമാക്കുന്നത്. 

രക്തരൂക്ഷിത വിപ്ലവമാണ് ഐ.എസ് സാമൂഹിക മാറ്റത്തിന് അടിസ്ഥാനപരമായി കാണുന്ന ഏക മാര്‍ഗം. ഇസ്‌ലാമിക സാമൂഹിക നിര്‍മിതിയെയും വ്യക്തിത്വ രൂപീകരണത്തെയും പ്രതിനിധീകരിക്കുന്ന ജിഹാദ് എന്ന വിശുദ്ധ സങ്കല്‍പത്തെയാണ് അവര്‍ ഇതിനു തെറ്റായി ഉപയോഗപ്പെടുത്തുന്നത്. സ്വശരീരത്തിന്റെ സംസ്‌കരണത്തിനും സമൂഹത്തിലെ ധാര്‍മിക സംസ്ഥാപനത്തിനും കഠിനാധ്വാനം ചെയ്യുകയെന്ന അതി മഹത്തരമായ ഒരാശയത്തെ മറച്ചുവെച്ചുകൊണ്ട് 'അതിജയിക്കുക'യും 'കൊന്നൊടുക്കുക'യും ചെയ്യുകയെന്ന പുതിയൊരു സയണിസ്റ്റ് നിര്‍വചനമാണ് അവര്‍ ജിഹാദിന് കല്‍പിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളെപോലും കവച്ചുവെക്കുന്നതാണിത്. അതുകൊണ്ടുതന്നെ, സ്വയം രൂപീകരിച്ച 'ഇസ്‌ലാമിക രാജ്യ'ത്തിനും സ്വയം പ്രഖ്യാപിത 'അമീറുല്‍ മുഅ്മിനീ'നും മുമ്പില്‍ അറവുശാലയായി മാറുന്നു മുസ്‌ലിം ലോകം. 

2014 ജൂണ്‍ മാസത്തോടെ ഐ.എസ് ഒരു സംഘടിത ശക്തിയായി പുന:ക്രമീകരിക്കപ്പെട്ടു. ഒക്ടോബര്‍ മാസത്തോടെ അബൂബക്കര്‍ ബഗ്ദാദി സ്വയം പ്രഖ്യാപിത ഖലീഫയായി രംഗത്തെത്തി. നിലവിലെ ഭരണ സംവിധാനങ്ങളൊന്നും അവലംബിക്കാന്‍ പറ്റിയതല്ലെന്നും തങ്ങള്‍ അധീനത്തിലാക്കിയ പ്രദേശങ്ങളെ മുന്‍നിറുത്തി ഒരു ലോക മുസ്‌ലിം ഖിലാഫത്ത് സംവിധാനം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അതിനു കീഴിലേ ജീവിതം സാര്‍ത്ഥകമാകൂ എന്നും ഐ.എസ് വിശ്വസിച്ചു. ഖലീഫയും പ്രവിശ്യയും തരപ്പെട്ടതോടെ തങ്ങള്‍ സ്വപ്‌നം കണ്ട ദൈവരാജ്യത്തിന് സമാരംഭം കുറിക്കുകയായിരുന്നു. ഇതിനെ എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കലും അതിനു വിഘാതം നില്‍ക്കുന്നവരെ വകവരുത്തലുമായിരുന്നു പിന്നീട് അതിന്റെ പ്രവര്‍ത്തന രീതി. അതിന്റെ കാടന്‍ രീതികളാണ് അനവധി കൂട്ടക്കൊലകളും മസ്ജിദുകളുടെയും പൈതൃക ഗേഹങ്ങളുടെയും തകര്‍ച്ചകളുമായി ലോകം കണ്ടത്. അത് യഥേഷ്ടം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

ആരാണ് ഇതിന്റെ പിന്നിലെന്നും എന്തുകൊണ്ട് ഇത് എതിര്‍ക്കപ്പെടണമെന്നും ഇത് സമൂഹത്തില്‍ വിശിഷ്യാ, യുവാക്കളില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ എന്താണെന്നും അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍. ഐ.എസ് വിഭാവനം ചെയ്യുന്ന അഭിനവ ഖിലാഫത്ത് എന്ന സങ്കല്‍പത്തിന്റെ ഉല്‍ഭവവും പരിണാമങ്ങളും ഇതില്‍നിന്നും ഗ്രഹിച്ചെടുക്കാനാവും. 
 

സയണിസ്റ്റ് ലോബിയുടെ ഇസ്‌ലാമിക വിരുദ്ധ അജണ്ട

ആഗോള തലത്തിലെ ഇസ്‌ലാമിക മുന്നേറ്റത്തെ തകര്‍ക്കാന്‍ അമേരിക്ക-ഇസ്രയേല്‍ ജൂത ലോബി തയ്യാറാക്കിയ ഒരു ഗൂഢ പദ്ധതിയാണ് ഇസ്‌ലാമിനു മേല്‍ തീവ്രതയും ഭീകരതയും ആരോപിച്ച് അതിനെതിരെ കടന്നാക്രണം നടത്തുകയെന്നത്. അതിന്റെ സാക്ഷാല്‍കാരമായിട്ടാണ് ഐ.എസിന്റെ ഉദയം എന്നു മനസ്സിലാക്കാന്‍ കഴിയും. പടിഞ്ഞാറിന്റെ ഇസ്‌ലാം ഭീതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഇതുവഴി ആഗോള തലത്തിലെ ഇസ്‌ലാമിക മുന്നേറ്റത്തിനു തടസ്സം സൃഷ്ടിക്കുക, പടിഞ്ഞാറില്‍ ഇസ്‌ലാംവിരുദ്ധ തരംഗം ശക്തമാക്കുക, ഇസ്‌ലാമിലേക്കുള്ള അന്യമതസ്ഥരുടെ ഒഴുക്കിനെ തടയുക, വിവിധ മതസ്ഥര്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ച മതിപ്പ് ഇല്ലാതാക്കുക, മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക അധ്യാപനങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക തുടങ്ങിയവയാണ് അവര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. 

സയണിസ്റ്റ്-അമേരിക്ക ലോബിയുടെ സൃഷ്ടിയാണ് ഐ.എസ്. സലഫി ചിന്താഗതിക്കാരെ ഹൈജാക്ക് ചെയ്ത് അവര്‍ പോലും അറിയാതെ തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ഇതിലൂടെ ഈ ലോബി. 

2003 മുതല്‍തന്നെ അമേരിക്കയും ബ്രിട്ടനും ഇസ്രയേലും മധ്യ പൗരസ്ത്യ ദേശങ്ങളിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള മുസ്‌ലിം ജിഹാദി ഗ്രൂപ്പുകള്‍ക്ക് എല്ലാവിധത്തിലുമുള്ള സപ്പോര്‍ട്ടും സഹായവും നല്‍കിവരുന്നതായി തെളിവുകളുണ്ട്. അറബ് നാടുകളിലെ എണ്ണ സ്രോതസ്സുകളുടെ ലബ്ധിയും ജൂത രാഷ്ട്രത്തിന്റെ വ്യാപനവും ഇതിലൂടെ അവര്‍ മുന്നില്‍ കാണുന്നു. ഇത്തരം നിരന്തര ബന്ധങ്ങളിലൂടെ അറബ് നാടുകളെ അടിമയാക്കി വെച്ചാല്‍ മധ്യ പൗരസ്ത്യ ദേശങ്ങളുടെ ഭൂപടം തന്നെ തങ്ങള്‍ക്ക് മാറ്റി വരക്കാന്‍ കഴിയുമെന്നാണ് അവര്‍ സ്വപ്‌നം കാണുന്നത്. 

ഇങ്ങനെ അന്വേഷണങ്ങള്‍ പോകുമ്പോള്‍ ഐ.എസിനു ജന്മം നല്‍കിയ കഴിഞ്ഞ പത്തു വര്‍ഷത്തെ മധ്യ പൗരസ്ത്യ ദേശങ്ങളിലെ രാഷ്ട്രീയ കോണ്‍സ്പിറസികള്‍ അതിഗൗരവമുള്ളതാണെന്നു തിരിച്ചറിയാന്‍ കഴിയുന്നു. അമേരിക്കയും ഇസ്രയേലും ബ്രിട്ടനുമടങ്ങുന്ന ഛിദ്രതാരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ഇക്കാലയളവില്‍ ഇവിടെ അശാന്തിയുടെ വിത്തിറക്കിയതെന്നും ഇന്ന് അവര്‍ തന്നെയാണ് അതിന്റെ ലാഭം കൊയ്തുകൊണ്ടിരിക്കുന്നതെന്നും സുതരാം വ്യക്തമാകും. അമേരിക്കയുടെയും ഇസ്രയേലിന്റെയും രഹസ്യ മിലിട്ടറി ഏജന്‍സികളായ സി.ഐ.എയും മൊസാദും തന്നെയാണ് ഇതിന്റെ പിന്നില്‍ ചരടുകള്‍ വലിക്കുന്നത്.  

സണിസത്തിന്റെ ചിരകാല സ്വപ്‌നമായ 'ഗ്രൈറ്റര്‍ ഇസ്രയേല്‍' എന്ന പൊളിറ്റിക്കല്‍ അജണ്ടയാണ് സത്യത്തില്‍ പല പേരുകളിലായി ഇന്ന് മുസ്‌ലിം ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ തകൃതിയിലാണ്. ഈജിപ്ത് മുതല്‍ യൂഫ്രട്ടീസ് തീരങ്ങള്‍ വരെ നീണ്ടുകിടക്കുന്നതാണ് യഥാര്‍ത്ഥ ജൂത സ്റ്റേറ്റ് എന്നാണ് സണിസത്തിന്റെ പിതാവ് തിയഡോല്‍ ഹെര്‍സല്‍ പറയുന്നത്. സയണിസ്റ്റ് നേതാവായ റബ്ബി ഫിഷ്മാനും ഇതുതന്നെ വ്യക്തമാക്കിയതു കാണാം. ഈജിപ്തിലെ നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദിവരെ നീണ്ടുകിടക്കുന്നു ജൂത വാഗ്ദത്ത ഭൂമിയെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ വരുമ്പോള്‍, ലബനാന്‍, ജോര്‍ദാന്‍, സിറിയ, സീനായ്, ഇറാഖ്, സഊദി അറേബ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളുടെ വലിയൊരു ഏരിയ ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായിരിക്കുമിത്. ഈ ഏരിയ ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് സ്വന്തമാക്കല്‍ അവരുടെ അടിസ്ഥാന പദ്ധതിയാണ്. 

കഴിഞ്ഞ പത്തു വര്‍ഷത്തെ മധ്യ പൗരസ്ത്യ ദേശങ്ങളിലെ രാഷ്ട്രീയ ചലനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്രയേല്‍ അതിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്ക് അടുത്തടുത്ത് വരികയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. 2001 മുതല്‍ ബിന്‍ ലാദനെ പിടിക്കാന്‍ എന്ന പേരില്‍ ആരംഭിച്ച വിവിധ മുസ്‌ലിം രാഷ്ട്രങ്ങളിലൂടെ വ്യാപിച്ച യുദ്ധവും 2003 ലെ ഇറാഖ് യുദ്ധവും 2006 ലെ ലബനാന്‍ യുദ്ധവും 2011 ല്‍ ലിബിയക്കെതിരെ നടന്ന യുദ്ധവും പിന്നീടുണ്ടായ ഇറാഖിലെയും സിറിയയിലെയും യുദ്ധങ്ങളും അതിനിടെ യമനിലും ഈജിപ്തിലുമുണ്ടായ കലാപങ്ങളുമെല്ലാം ഈ കോണ്‍സ്പിറസിയുടെ ഭാഗമായിത്തന്നെ നടന്നതാണെന്നു കണ്ടെത്താന്‍ കഴിയും. അതേസമയം, ഫലസ്തീനില്‍ വെസ്റ്റ് ബാങ്കും ഗാസയും കൂടി പിടിച്ചെടുത്ത് മുസ്‌ലിംകളെ പൂര്‍ണമായും അവിടെനിന്ന് തുടച്ചുനീക്കി 'ഇസ്രയേല്‍ വിപുലീകരണം' അവര്‍ സ്വപ്‌നം കാണുന്നു. യിനോന്‍ പ്ലാന്‍ എന്ന പേരിലറിയപ്പെടുന്ന ഈ ഗ്രൈറ്റര്‍ ഇസ്രയേല്‍ പദ്ധതി സജീവമായി നടക്കുന്നുണ്ടെന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അമേരിക്കയും ഇസ്രയേലും ഇതിനായി കഠിനാദ്ധ്വാനം നടത്തുകയും ചെയ്യുന്നു. 2006 ല്‍ പുറത്തിറങ്ങിയ യു.എസ് മിലിറ്ററിയുടെ ആര്‍മ്ഡ് ഫോഴ്‌സ് ജേണലും 2008 ലെ ദി അറ്റ്‌ലാന്റിക് ജേണലും യിനോന്‍ പ്ലാന്‍ അനുസരിച്ചുള്ള ഗ്രൈറ്റര്‍ ഇസ്രായേലിന്റെ ഭൂപടം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. തങ്ങളുടെ ലക്ഷ്യം അടുത്തുകൊണ്ടിരിക്കുകയാണെന്നതിലേക്കുള്ള ഒരോര്‍മപ്പടുത്തല്‍ കൂടിയായിരിക്കണം ഇത്. 

സമീപസ്ഥ അറബ് രാജ്യങ്ങളുടെ ശക്തി ക്ഷയിപ്പിക്കുകയും അവയെ കൊച്ചു കൊച്ചു സ്റ്റേറ്റുകളായി വിഭജിക്കുകയും ചെയ്യുകയെന്നതാണ് ഗ്രൈറ്റര്‍ ഇസ്രായേല്‍ സാക്ഷാല്‍കരിക്കാനും മിഡിലീസ്റ്റിനെ തകര്‍ക്കാനും യിനോന്‍ പ്ലാന്‍ പരിചയപ്പെടുത്തുന്ന മറ്റൊരു പദ്ധതി. ഇതിന്റെ അടിസ്ഥാനത്തില്‍ വളരെ അടുത്ത ദേശങ്ങളായ ഇറാഖിനെയും സിറിയയെയും ഛിദ്രപ്പെടുത്താനും വംശീയതയുടെയോ രാഷ്ട്രീയത്തിന്റെയോ വെളിച്ചത്തില്‍ അതിനെ വിഭജിക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്. ഐ.എസിന്റെ സൃഷ്ടി ഈ പദ്ധതികള്‍ സാക്ഷാല്‍കരിക്കുന്നതിനു വേണ്ടിയാണ്. ഇവിടെ ഒരു കുര്‍ദിഷ് സ്റ്റേറ്റും ശിയാ സ്റ്റേറ്റും സുന്നി സ്റ്റേറ്റും ഉയര്‍ന്നുവരുന്നതിനെ അവര്‍ സ്വപ്‌നം കാണുന്നു. അതിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നവിടെ നടന്നുകൊണ്ടിരിക്കുന്നതെല്ലാം. ഈ വിഭജന തന്ത്രം ഇറാഖില്‍ മാത്രമല്ല, സിറിയയിലും ലബനാനിലും ഈജിപ്തിലും നടക്കണമെന്നും യിനോന്‍ പ്ലാന്‍ നിര്‍ദ്ദേശിക്കുന്നു. ഉത്തരാഫ്രിക്കയുമായി ബന്ധപ്പെട്ടും അതിന് ചില ദുഷ്ട സ്വപ്‌നങ്ങളുണ്ട്. സുഡാനും ലിബിയയും അതിനപ്പുറത്തേക്കുള്ള രാജ്യങ്ങളും പരസ്പരം ലയിപ്പിച്ച് ഈജിപ്ത് മുതല്‍ അങ്ങോട്ട് രാജ്യാതിര്‍ത്ഥിയില്‍ പുതിയൊരു അതിര്‍വരമ്പ് നിര്‍ണയമാണ് അത് ഉദ്ദേശിക്കുന്നത്. അറബ്-മുസ്‌ലിം ലോകത്തിന്റെ ഛിദ്രീകരണവുമായി ബന്ധപ്പെട്ട ഈ പ്രോഗ്രാമുകളെല്ലാം വിജയിച്ചു കാണാന്‍ ഇസ്രയേല്‍ രണ്ടു കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നു. മധ്യ പൗരസ്ത്യ ദേശത്ത് ഒരനിഷേധ്യ ശക്തിയായി വളരുക, അറബ് രാജ്യങ്ങളെ പരമാവധി വെട്ടിമുറിച്ച് വിഘടിപ്പിക്കാന്‍ ശ്രമിക്കുക എന്നതാണത്.

അറബ് രാജ്യങ്ങളെ വിഘടിപ്പിച്ച് ചെറിയ പുതിയ സ്റ്റേറ്റുകളായി പുന:ക്രമീകരിക്കുകയെന്ന സയണിസ്റ്റ് അജണ്ട ഡിവൈഡ് ആന്റ് ക്വോങ്കര്‍ (ഭിന്നിപ്പിച്ചു കീഴടക്കുക) എന്ന ഒരു യുദ്ധതന്ത്രത്തിന്റെ ഭാഗമാണ്. ഇത് പുതിയൊരു ആശയമല്ലെങ്കിലും പുതിയ കാലത്തും ഇത് ഫലം ചെയ്യുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. വിഭാഗീയതയുടെയോ വംശീയതയുടെയോ പേരില്‍ രാജ്യത്തെ രണ്ടു ചെറു സ്റ്റേറ്റുകളായി വിഭജിച്ചാല്‍ അവയോരോന്നിനെയും തങ്ങളുടെ ചൊല്‍പ്പടിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും തങ്ങളുടെ പൊളിറ്റിക്‌സ് നടപ്പാക്കാന്‍ അവയെ ഉപഗ്രഹങ്ങളാക്കി ഉപയോഗിക്കാമെന്നുമാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്. ഇത്രയും പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഇന്ന് ഇറാഖിലും സിറിയയിലും നടന്നുകൊണ്ടിരിക്കുന്ന സെക്‌റ്റേറിയന്‍ പൊളിറ്റിക്‌സ് 'ഇസ്രയേല്‍ വികസനം' എന്ന ഈ പദ്ധതിയുടെ ഭാഗമായിട്ടുതന്നെയാെണന്നുവേണം മനസ്സിലാക്കാന്‍. 

ഐ.എസ് എന്തുകൊണ്ട് ഇസ്‌ലാമികമല്ല?

കാടത്തവും രക്തക്കൊതിയുമാണ് ഐ.എസിന്റെ മതം. ഇസ്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. ഏതോ പ്രത്യയശാസ്ത്ര പിന്‍ബലത്തില്‍ ലഭിച്ച തീവ്ര മതാവേശത്തിന്റെ ഭാഗമായി, തെറ്റിദ്ധാരണയുടെ പരിണതിയെന്നോണം രൂപമെടുത്ത ഒരു ഭീകര കൂട്ടായ്മ മാത്രമാണത്. ലോകത്തെ ഏതെങ്കിലുമൊരു മത പണ്ഡിതനോ മത സംഘടനയോ അതില്‍ ഇസ്‌ലാമുണ്ടെന്ന് ഇന്നേവരെ പറഞ്ഞിട്ടില്ല. അതേസമയം, അതിന്റെ ഓരോ ചെയ്തികളിലെയും നിലപാടുകളിലെയും അനിസ്‌ലാമികത തുറന്നുകാട്ടാനും അതിനെ നഖശിഖാന്തം എതിര്‍ക്കാനും എല്ലാവരും രംഗത്തുവന്നിട്ടുമുണ്ട്. 

ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചും അതിന്റെ അധ്യാപനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും അബൂബക്കര്‍ ബഗ്ദാദിയടക്കം ഐ.എസിന്റെ നേതാക്കള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിവെച്ചിട്ടുള്ളത്. മുസ്‌ലിം നാമങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടും ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതുകൊണ്ടും ഇതിനൊരു മുസ്‌ലിം മുഖമുണ്ടെന്ന് ലോകം തെറ്റിദ്ധരിച്ചു. അന്തര്‍ദേശീയ തലത്തില്‍ പലയിടങ്ങളിലും ഇസ്‌ലാമിക സാധ്യത പോലും ചോദ്യം ചെയ്യപ്പെടാന്‍ ഇത് വഴിവെച്ചു. എന്നിരുന്നാലും, അല്‍പം വൈകിയാണെങ്കിലും ഇതിനു ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലായെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ന്. അമേരിക്കന്‍ പ്രസിഡണ്ട് ബാറാക് ഒബാമ പോലും ഇക്കാര്യം തുറന്നു പറയുകയുണ്ടായി. 

ഇസ്‌ലാമെന്നത് സ്റ്റേറ്റ് നിര്‍മാണമോ അതിനു വേണ്ടി ജിഹാദെന്ന പേരില്‍ നിരപരാധികള്‍ക്കു നേരെ കൊലവിളി നടത്തലോ അല്ലെന്ന് ബഗ്ദാദി അടക്കമുള്ള നവ ജിഹാദി ഗ്രൂപ്പുകള്‍ തിരിച്ചറിയുക മാത്രമാണ് ഈ സംഘടിത ഭീകരതയെ തുടച്ചുമാറ്റാനുള്ള ഏക വഴി. ഇസ്‌ലാമിക ചരിത്രത്തെയും മത ഗ്രന്ഥങ്ങളെയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തിക്കൊണ്ടുള്ള ഇത്തരം ഭീകര തന്ത്രങ്ങള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രമേ വഴിയൊരുക്കുകയുള്ളൂവെന്ന് ബഗ്ദാദി സംഭവത്തിലൂടെ ലോകം തിരിച്ചറിഞ്ഞു.  

ഖിലാഫത്തിന്റെ പുനസ്ഥാപനം എന്ന പേരില്‍ ഇസ്‌ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം നടത്തി അബൂബക്കര്‍ ബഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിക്കുകയും ജനങ്ങളെ മതത്തിന്റെ പേരില്‍ അരുംകൊലകള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തുതുടങ്ങിയതോടെ ഇതിനെതിരെ രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകത ലോക മുസ്‌ലിം പണ്ഡിതന്മാര്‍ തിരിച്ചറിഞ്ഞു. ഐ.എസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആരോ പടച്ചുണ്ടാക്കിയ ഒരു കൂട്ടായ്മ മാത്രമാണ് ഇതെന്നും വ്യക്തമാക്കിക്കൊണ്ട് അവര്‍ ഒരു ഔദ്യോഗിക കത്ത് പ്രസിദ്ധീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 126 മുസ്‌ലിം പണ്ഡിതന്മാര്‍ ഒപ്പു വെച്ചിരുന്നു ആ കത്തില്‍. 2014 സെപ്തംബറിലാണ് ഇത് പുറത്തുവന്നത്. 

ഐ.എസ് എന്തുകൊണ്ട് ഇസ്‌ലാമികമല്ലായെന്നും എവിടെയെല്ലാമാണ് അത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായി വരുന്നതെന്നും വളരെ കൃത്യമായി അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട് ഈ കത്തില്‍. ബഗ്ദാദിയെ താക്കീത് ചെയ്യുകയെന്നതിലപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അറിയാതെ ഐ.എസില്‍ വന്നുപെടുന്ന ചെറുപ്പക്കാരെ അതില്‍നിന്നും തടഞ്ഞുനിര്‍ത്തുകയെന്നതാണ് പ്രധാനമായും ഈ കത്തുകൊണ്ടുള്ള ഉദ്ദേശ്യം. 24 കാരണങ്ങളാണ് ഐ.എസ് ഇസ്‌ലാമികമല്ലായെന്നതിന് പ്രധാനമായും അവര്‍ എടുത്തുകാട്ടുന്നത്. ഇസ്‌ലാമിലെ നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ടതാണ് അതില്‍ പലതും. അവ ഇങ്ങനെ സംഗ്രഹിക്കാം:

1. കണ്ടതിനും കേട്ടതിനും ഫത്‌വ നല്‍കാന്‍ അനുവദിക്കുന്നില്ല വിശുദ്ധ ഇസ്‌ലാം. ഇസ്‌ലാമിക പ്രമാണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേകം നിബന്ധനകളും നിയമാവലികളുമുണ്ട് അതിന്. അത് പൂര്‍ണമായും പാലിച്ചുകൊണ്ടും വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചുകൊണ്ടും മാത്രമേ ഫത്‌വകള്‍ പുറപ്പെടുവിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഒരു വിഷയത്തെക്കുറിച്ച് ഫത് വ നല്‍കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട് ഖുര്‍ആനിലും ഹദീസിലും വന്ന സര്‍വ്വ പരാമര്‍ശങ്ങളെക്കുറിച്ചും അയാള്‍ക്ക് അറിവുണ്ടായിരിക്കണം. അല്ലാതെ, ഏതെങ്കിലും ഒരു ഭാഗത്തുനിന്നും ഒരു കാര്യം മാത്രം മനസ്സിലാക്കി അതിനനുസരിച്ച് ഫത്‌വ നല്‍കിയാല്‍ അത് ഇസ്‌ലാമിന്റെ പൊതു നിയമത്തിന് വിരുദ്ധമാവാന്‍ സാധ്യതയുണ്ട്. ഐ.എസ് പലപ്പോഴും ഫത്‌വകള്‍ ഇറക്കിയിരുന്നത് ഇപ്രകാരമായിരുന്നു. പ്രമാണങ്ങള്‍ മൊത്തം നോക്കാതെ പലയിടത്തുനിന്നും അടര്‍ത്തിയെടുത്താണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവ് കണ്ടെത്തിയിരുന്നത്. 

2. മൗലിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം ഇസ്‌ലാമില്‍ നിയമങ്ങള്‍ കണ്ടെത്തപ്പെടേണ്ടത്. ആയതിനാല്‍ അറബി ഭാഷയില്‍ പരിജ്ഞാനം കൂടിയേ തീരൂ. മതത്തിലും മത ഗ്രന്ഥങ്ങളിലും അവഗാഹമില്ലാത്തവരാണ് ഐ.എസില്‍ മത വിധികള്‍ പ്രസ്താവിച്ചിരുന്നത്.

3. ഇസ്‌ലാമിക ശരീഅത്തിലെ നിയതമായ സത്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു തീരുമാനവും ഉണ്ടാവാന്‍ പാടില്ല.

4. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇസ്‌ലാമില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളുണ്ടാവാം. പക്ഷെ, അതൊരിക്കലും ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തത്തിനു വിരുദ്ധമാവരുത്.

5. മതവിധി കണ്ടെത്തുമ്പോള്‍ നിലവിലെ ചുട്ടുപാടുകളെയും പരിസരങ്ങളെയും തീരെ മുഖവിലക്കെടുക്കാതെ തള്ളിക്കളയുന്നത് ശരിയല്ല.

6. നിരപരാധികളെ കൊല്ലാന്‍ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല.

7. സന്ദേശ വാഹകരെയും ദൂതന്മാരെയും കൊല്ലുന്നതിനെയും ഇസ്‌ലാം നിശിതമായി എതിര്‍ക്കുന്നു.

8. ഇസ്‌ലാമില്‍ ജിഹാദ് എന്നത് പ്രതിരോധ സമരം മാത്രമാണ്. അതിനുതന്നെ പ്രത്യേകം സമയവും സാഹചര്യവും നിബന്ധനകളുമുണ്ട്. അതെല്ലാം ഒത്തുവരുമ്പോള്‍ മാത്രമേ അത് അനുവദനീയമാവൂ. അല്ലാതെ, എതിരാളികളെ വകവരുത്തുന്നതിനെയെല്ലാം ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല.

9. വളരെ പ്രത്യക്ഷത്തില്‍ സത്യനിഷേധം (കുഫ്‌രിയ്യത്ത്) പ്രകടിപ്പിക്കാത്ത കാലത്തോളം ഇസ്‌ലാമില്‍ ഒരാളുടെ നേരെയും കുഫ്‌റ് (സത്യനിഷേധം) ആരോപിക്കാന്‍ പോലും പാടില്ല. യാതൊരു തെളിവുമില്ലാതെ മറ്റൊരാളെ കാഫിറായി മുദ്ര കുത്തുന്നത് വന്‍ പാപമാണ്.

10. അന്യമതസ്ഥരെ ഏതെങ്കിലും വിധേന ബുദ്ധിമുട്ടിക്കാനോ അവരെ കടന്നാക്രമിക്കാനോ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല.

11. ശിയാക്കളുടെ കാര്യവും തഥൈവ. അവരുടെ ചോര ചിന്തുന്നതും ഇസ്‌ലാം നിഷിദ്ധമാക്കുന്നു.

12. സാമൂഹിക നീതി നടപ്പിലാക്കുക വഴി അടിമ സമ്പ്രദായത്തെ നിര്‍ത്തലാക്കിയ മതമാണ് ഇസ്‌ലാം. വീണ്ടും അതിനെ തിരിച്ചുകൊണ്ടുവരുന്നത് ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല.

13. ഇസ്‌ലാം നിര്‍ബന്ധിത മത പരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

14. സ്ത്രീകള്‍ക്ക് അവള്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ ഇസ്‌ലാം പതിച്ചുനല്‍കുന്നു. അത് നിഷേധിക്കുന്നത് ഇസ്‌ലാമികമല്ല.

15. കുട്ടികള്‍ക്കും ഇസ്‌ലാം പ്രത്യേകം അവകാശങ്ങള്‍ നല്‍കുന്നുണ്ട്. അവ ഒരിക്കലും നിഷേധിക്കപ്പെടരുത്.

16. ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങള്‍ നടപ്പാക്കുന്നതിനു പ്രത്യേകം നിബന്ധനകളും സാഹചര്യങ്ങളുമുണ്ട്. അത് ഒത്തു വന്നാല്‍ മാത്രമേ അത് സാധ്യമാവൂ. അല്ലാതെ, തോന്നുന്നവര്‍ക്കെല്ലാം ഇഷ്ടമുള്ളപ്പോള്‍ അത് നടപ്പാക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല.

17. ജനങ്ങളുടെ രക്തമൊലിപ്പിക്കുന്നത് പോയിട്ട്, അവരെ ബുദ്ധിമുട്ടാക്കുന്നതു പോലും ഇസ്‌ലാം അനുവദിക്കുന്നില്ല.

18. ഛിത്രവധം നടത്തുന്നതിനെയും മൃതദേഹങ്ങളെ വികൃതമാക്കുന്നതിനെയും ഇസ്‌ലാം നിശിതമായി വിമര്‍ശിക്കുന്നു.

19. അല്ലാഹുവിന് ചീത്ത വിശേഷണങ്ങള്‍ ആരോപിക്കുന്നത് അനിസ്‌ലാമികമാണ്.

20. പ്രവാചകന്മാര്‍, അനുചരന്മാര്‍, മഹത്തുക്കള്‍ തുടങ്ങിയവരുടെ ഖബറിടങ്ങള്‍ തകര്‍ക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല.

21. ആരാധനക്കും വിശ്വാസത്തിനും വിലങ്ങിടാത്ത കാലത്തോളം ഒരു ഭരണകൂടത്തിനുമെതിരെ സായുധ മുന്നേറ്റം നടത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. 

22. ജനങ്ങളുടെ സമ്മതമോ പിന്തുണയോ അംഗീകാരമോ ഇല്ലാതെ അധികാര സ്വത്തില്‍ ഒരിടത്ത് ഖിലാഫത്ത് പ്രഖ്യാപിക്കുന്നത് ഇസ്‌ലാമിന്റെ രീതിയല്ല. 

23. ഒരു രാജ്യത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും അംഗീകരിക്കുന്നതിന് ഇസ്‌ലാം ഒരിക്കലും എതിര് നില്‍ക്കുന്നില്ല.

24. പ്രവാചകരുടെ വിയോഗത്തിനു ശേഷം അവര്‍ നടത്തിയതുപോലെയുള്ളൊരു ഹിജ്‌റ ഇല്ല. ആയതിനാല്‍, ജനങ്ങളെ നാടുവിടാന്‍ പ്രേരിപ്പിച്ച് യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിനെ ഇസ്‌ലാമിക ദൃഷ്ട്ര്യാ ഹിജ്‌റയായി കാണാന്‍ കഴിയില്ല. 


തീവ്ര സലഫിസവും ഇഖ്‌വാനിസവും വരുത്തിവെച്ച വിനകള്‍

ഇസ്‌ലാമിക പ്രമാണങ്ങളെ തെറ്റായും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ചും വ്യാഖ്യാനിച്ചതാണ് അതിന്റെ സമാധാന പാഠങ്ങള്‍ പൊതുജന സമക്ഷം തെറ്റിദ്ധരിക്കപ്പെടാന്‍ വലിയൊരു കാരണമായി ഭവിച്ചത്. നജ്ദിലെ ഇബ്‌നു അബ്ദില്‍ വഹാബിലേക്കു ചേര്‍ത്തു അറിയപ്പെടുന്ന വഹാബിസവും ഈജിപ്തിലെ സയ്യിദ് ഖുതുബിലേക്കു ചേര്‍ത്തു അറിയപ്പെടുന്ന ഇഖ്‌വാനിസവും ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

അഗാധ ജ്ഞാനികളായ പണ്ഡിത മഹത്തുക്കളിലൂടെ കൈമാറി വന്ന, ഇസ്‌ലാമിക പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും വിഖ്യാന സാധ്യതകളെയെല്ലാം തള്ളിപ്പറഞ്ഞ്, ആര്‍ക്കും പ്രമാണങ്ങളില്‍നിന്നു നേരിട്ടു മതവിധി കണ്ടെത്താമെന്ന പ്രഖ്യാപനം ഇബ്‌നു അബ്ദില്‍ വഹാബ് നടത്തുന്നതോടെ ആര്‍ക്കും സ്വതന്ത്രമായി ഖുര്‍ആനെയും ഹദീസിനെയും വ്യാഖ്യാനിക്കുന്ന സാഹചര്യം രൂപപ്പെട്ടു. ഇത് ഇസ്‌ലാമിക പാഠങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ വഴിവെച്ചു. മത വിഷയങ്ങളിലോ ഖുര്‍ആനുമായി ബന്ധപ്പെട്ടോ ഗഹനമായ അറിവ് ഇല്ലാത്തവര്‍ പോലും ഇഷ്ടത്തിനനുസരിച്ച് ഖുര്‍ആനില്‍നിന്നും മതവിധികള്‍ കണ്ടെത്താന്‍ തുടങ്ങി.

ഇസ്‌ലാം സ്‌നേഹമാണ് എന്ന മൗലിക സത്യം ലോകത്തിനു ജീവിതത്തിലൂടെ പകര്‍ന്നുനല്‍കിയിരുന്ന സ്വൂഫികളെയും പണ്ഡിതരെയും വഹാബിസം അപ്പാടെ തള്ളിക്കളഞ്ഞത് ഇസ്‌ലാമിക അധ്യാപനങ്ങളെയും പ്രമാണങ്ങളെയും സത്യസന്ധമായി മനസ്സിലാക്കാനുള്ള അവസരം അതിന്റെ അനുയായികള്‍ക്ക് ഇല്ലാതാക്കി. ഈ വിടവ് മതത്തെ തീവ്രമായി തിരുത്തി വായിക്കാന്‍ അവര്‍ക്ക് വഴിവെച്ചു. 

അധികാരമുള്ള ആലു സഊദും തെറ്റായ മതവ്യാഖ്യാനങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന ആലു ശൈഖും (ഇബ്‌നു അബ്ദില്‍ വഹാബിന്റെ കുടുംബവും) തമ്മിലുള്ള ഒരവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണ് വഹാബിസത്തിന്റെ ഉദയവും വികാസവും. ഇബ്‌നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന തീവ്ര സലഫിസം എന്ന (മതത്തിന്റെ സ്‌നേഹ മുഖം മറച്ചുവെച്ച് മറ്റുള്ളവരെയെല്ലാം മുശ്‌രിക്കുകളും കാഫിറുകളുമാക്കി, തങ്ങളെ മാത്രം യഥാര്‍ത്ഥ മുസ്‌ലിംകളാക്കി അവതരിപ്പിക്കുന്ന തീവ്ര ചിന്ത) ആശയം ആലു സഊദിന്റെ ഭരണാധികാരം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കുകയായിരുന്നു സഊദിയിലും പരിസരങ്ങളിലും. നൂറുക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കിയും സ്വഹാബികളുടെയും സ്വൂഫികളുടെയും അനവധി മഖ്ബറകള്‍ തകര്‍ത്തുമാണ് അവര്‍ മതത്തിന്റെ പേരില്‍ ഈ പട്ടാള അട്ടിമറി സാധിച്ചത്. പ്രാമാണികമായി നീതീകരിക്കാനാവാത്ത ഒരു ഈയൊരു ശൈലി പിന്തുടര്‍ന്നതുകൊണ്ടുതന്നെ ഇതൊരിക്കലും ഒരു ഇസ്‌ലാമിക ധാരയല്ലായെന്ന് ലോകം ഇതിലൂടെ അതിനെ തിരിച്ചറിഞ്ഞു.

ഇസ്‌ലാമിക രാജ്യം രൂപപ്പെടുമ്പോഴേ ഇസ്‌ലാം സമ്പൂര്‍ണമാകുന്നുള്ളൂ എന്ന തെറ്റായ ആശയം പ്രചരിപ്പിച്ചവരായിരുന്നു സയ്യിദ് ഖുതുബും തന്റെ ഗുരുവായ മൗദൂദിയും. സ്വേഷ്ടപ്രകാരം ഖുര്‍ആനിനെയും ഹദീസിനെയും രാഷ്ട്രീയമായി വ്യാഖ്യാനിച്ചതില്‍വന്ന പിഴവായിരുന്നു ഈ ഏറ്റവും വലിയ തെറ്റിദ്ധാരണക്കു കാരണം. മൗദൂദി തന്റെ 'നാലു സാങ്കേദിക ശബ്ദങ്ങള്‍' എന്ന പുസ്തകത്തിലും സയ്യിദ് ഖുതുബ് തന്റെ 'വഴിയടയാളങ്ങള്‍' എന്ന പുസ്തകത്തിലും തങ്ങളുടെ ഈ തെറ്റായ ധാരണ വിശദീകരിച്ചിട്ടുണ്ട്. മതം എന്നാല്‍ രാഷ്ട്ര നിര്‍മാണമാണ് എന്നൊരു തരത്തിലേക്ക് ചിലരുടെ ചിന്ത പാളിപ്പോവാന്‍ ഇത്തരം വികല ചിന്തകള്‍ വഴിവെച്ചു. 

സ്‌റ്റേറ്റ് നിര്‍മാണവും അതിനുവേണ്ടി തീവ്ര വഴികളിലൂടെ യുദ്ധം ചെയ്യലുമാണ് ഇസ്‌ലാം എന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ തെറ്റിദ്ധാരണ ലോക തലത്തില്‍ പ്രചരിക്കാന്‍ ഈ രണ്ട് സലഫി ചിന്താഗതികളാണ് വഴി തുറന്നത്. (ഒന്ന് റശീദ് രിദയിലൂടെയും മറ്റേത് ഹസനുല്‍ ബന്നയിലൂടെയും മുഹമ്മദ് അബ്ദയിലേക്കും ജമാലുദ്ദീന്‍ അഫ്ഗാനിയിലേക്കും ചെന്നുചേരുന്നതിനാല്‍ ഈ തീവ്ര ചിന്തയുടെ ആശയ ധാര ഒന്നതന്നെയാണെന്നു എളുപ്പത്തില്‍ മനസ്സിലാക്കാം). ഇന്നത്തെ ഐ.എസും ഇതേ ചിന്താരീതി തന്നെ വെച്ചുപുലര്‍ത്തുന്നതിനാല്‍ അതിന്റെ വേരുകള്‍ ഇതിലേക്കുനീളുന്നുവെന്ന് പറയാതിരിക്കാനാവില്ല. മതത്തെ തെറ്റായി വ്യാഖ്യാനിച്ചതും അതിനെ സത്യസന്തമായി വിവരിച്ചുതന്നെ സൂഫികളെയും പണ്ഡിതരെയും തള്ളിപ്പറഞ്ഞതുമാണ് ഇത്രയും വലിയൊരു ദുരന്തം രൂപപ്പെടാനുണ്ടായ ഏറ്റവും വലിയ കാരണം.

ഇസ്‌ലാം സ്‌നേഹമാണ്; തീവ്രതയല്ല

ഐ.എസ് പോലെയുള്ള ഭീകര സംഘങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ഭീകരവാദവും തീവ്രവാദവും സജീവമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. പതിവുപോലെത്തന്നെ ഇതുമായി പുലബന്ധംപോലുമില്ലാത്ത വിശുദ്ധ ഇസ്‌ലാമാണ് പല കേന്ദ്രങ്ങളിലും ഇതിന്റെ ഉത്തരവാദിയായി ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക അധ്യാപനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാനും ഇസ്‌ലാമുമായി ബന്ധപ്പെട്ട് പൊതുജന ഹൃദയങ്ങളില്‍ സംശയങ്ങള്‍ ഉദിക്കാനും ഇതുവഴി കാരണമായിട്ടുണ്ട്.

എന്നാല്‍, ഇസ്‌ലാം സ്‌നേഹവും സമാധാനവുമാണെന്നത് വിശുദ്ധ ഖുര്‍ആന്‍ വഴി സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. പ്രവാചകരും അനുചരന്മാരും ജീവിതത്തിലൂടെ ആ ഒരു വഴിയാണ് ലോകത്തിനു പരിചയപ്പെടുത്തിയതും. തുടര്‍ന്നുവന്ന സലഫുസ്സ്വാലിഹീങ്ങള്‍ അതിനെ ഏറ്റുപിടിക്കുകയും മാലോകര്‍ക്ക് പല വഴികളിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്ത ഒരു സമൂഹത്തിന് മോക്ഷത്തിന്റെ സന്ദേശവുമായിട്ടാണ് ഇസ്‌ലാം കടന്നുവന്നത്. ഏതു കാലത്തും ഏതു സമൂഹങ്ങളിലേക്കുമുള്ള അതിന്റെ അരങ്ങേറ്റവും അങ്ങനെത്തന്നെയായിരുന്നു. രാഷ്ട്രീയ യുദ്ധങ്ങളുടെയും പൗരോഹിത്യ ചങ്ങലകളുടെയും യൂറോപ്പിലേക്കും  ജാതി വിഭാഗീയതയുടെ കേരളത്തിലേക്കും അതിന്റെ കടന്നുവരവ് ഉദാഹരണം. 

ഇസ്‌ലാമിക പ്രമാണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതും അതിന്റെ അധ്യാപനങ്ങള്‍ അസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടതുമാണ് ലോക തലത്തില്‍ ഇത്തരമൊരു ദുരന്താന്തരീക്ഷം രൂപപ്പെടാനുണ്ടായ പ്രധാന കാരണം. പുറത്തുനിന്നുള്ള ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളും അകത്തുനിന്നും ഇസ്‌ലാമിനെ വേണ്ടപോലെ മനസ്സിലാക്കാതെയോ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി തെറ്റായി വ്യാഖ്യാനിച്ചവരുടെയോ പ്രവര്‍ത്തനങ്ങളും ഇതിനു കാരണമായിട്ടുണ്ട്. 

സ്‌നേഹവും സാഹദര്യവും അനുരജ്ഞനവും പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അനുഷ്ഠാനങ്ങളില്‍ പോലും തീവ്രത പാടില്ലായെന്ന് അത് അടിക്കടി ഓര്‍മപ്പെടുത്തുന്നു. ഭീകരത സൃഷ്ടിക്കല്‍, ജനങ്ങളെക്കുറിച്ച് ചീത്ത വിചാരിക്കല്‍, അവര്‍ക്ക് പ്രയാസങ്ങള്‍ എത്തിക്കല്‍ തുടങ്ങിയവ പോലും അതിന്റെ നിഘണ്ടുവില്‍ഇല്ല. അങ്ങാടിയിലൂടെ മുന കൂര്‍ത്ത പണിയായുധവുമായി പോകുമ്പോള്‍ അത് തന്റെ സഹോദരന്റെ ശരീരത്തില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നുവരെ അതീവ ഗൗരവത്തോടെ പഠിപ്പിച്ചിട്ടുണ്ട് വിശുദ്ധ ഇസ്‌ലാം.

കാരുണ്യമാണ് അതിന്റെ മുഖ മുദ്ര. റഹ്മത്തുന്‍ ലില്‍ ആലമീനായ പുണ്യനബിയെ നിയോഗിക്കുന്നതിലൂടെ വിശുദ്ധ ഇസ്‌ലാം സ്‌നേഹവും കരുണയുമാണെന്ന് പ്രായോഗികമായി ലോകത്തിനു പരിചയപ്പെടുത്തി അല്ലാഹു. അങ്ങ് ഒരിക്കലും കഠിന ഹൃദയനായി പോകരുതെന്നു പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു ഖുര്‍ആനിലൂടെ. 

തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിലെ ജിഹാദ് സങ്കല്‍പം

ഇസ്‌ലാമില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ജിഹാദ്. കടന്നാക്രമണങ്ങളും സ്വേച്ഛാധിപത്യം സ്ഥാപിക്കലുമായാണ് പലരും ഇതിനെ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, ഇസ്‌ലാമില്‍ ജിഹാദ് നീതിയുടെയും സത്യത്തിന്റെയും സംസ്ഥാപനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആത്മ പ്രതിരോധത്തിന്റെ ഒരു വഴി. ഒരു സ്ഥലത്ത് സമാധാനാന്തരീക്ഷവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ മറ്റൊരു വഴിയും ഇല്ലാതെ വരുമ്പോള്‍, ഏറ്റവും ഒടുവിലത്തെ പടിയായി മാത്രമാണ് ജിഹാദിനെ അവലംബിക്കുന്നത്. പ്രവാചകരും അനുയായികളും അവസാന നിമിഷം വരെ യുദ്ധങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിച്ചത്. പലപ്പോഴും ഉടമ്പടികള്‍ സ്ഥാപിച്ച് സമാധാനത്തിന്റെ വഴി തെരഞ്ഞെടുത്തു. ഇനിയും ഇറങ്ങാതിരുന്നാല്‍ പ്രതിപക്ഷം സമാധാനാന്തരീക്ഷം തകര്‍ക്കും എന്ന് ഉറപ്പാവുമ്പോള്‍ മാത്രം അവരെ അതില്‍നിന്നും തടയാനായി രംഗത്തുവന്നു.

ജിഹാദ് എന്നതിന് ഇന്നത്തേതുപോലെയുള്ള യുദ്ധമെന്ന പരികല്‍പന തന്നെ ശരിയല്ല. ആത്മരക്ഷാര്‍ത്ഥമുള്ള പ്രതിരോധ സമരം മാത്രമാണിത്. അത് ശത്രുക്കളോട് തന്നെയാവണമെന്നില്ല. സ്വന്തം ശരീരത്തോടും ആഗ്രഹങ്ങളോടും ദേഹേച്ഛയോടുമെല്ലാം ആവാം. മൂന്നു നിലക്കാണ് ഇസ്‌ലാമില്‍ ജിഹാദ് മനസ്സിലാക്കപ്പെടുന്നത്. ഒന്ന്, അധര്‍മങ്ങളില്‍നിന്നും വികല ചിന്തകളില്‍നിന്നും തടഞ്ഞുനിര്‍ത്താന്‍ സ്വന്തം ശരീരത്തോടു ചെയ്യുന്ന ജിഹാദ്. രണ്ട്, കഠിനാദ്ധ്വാനം, പരിശ്രമം എന്നതാണ് ജിഹാദ് എന്ന അറബ് വാക്കിന്റെ അര്‍ത്ഥം. നന്മകളില്‍ പരിശ്രമിക്കുന്നതിനെയാണ് ഇത് വിവക്ഷിക്കുന്നത്. മൂന്ന്, പ്രതിരോധ സമരം. ശത്രുപക്ഷം സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് ഉറപ്പാവുകയും അവരതില്‍നിന്നും പിന്‍മാറാതിരിക്കുകയും ചെയ്യുമ്പോള്‍ അതിനെ ചെറുത്ത് സമാധാനം നിലനിര്‍ത്താന്‍ യത്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter