യുപിയിലെ പ്രക്ഷോഭകർക്ക് നേരെ  അക്രമം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ലക്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘര്‍ഷത്തില്‍ യുപിയില്‍ 20 പേര്‍ മരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിലാണ്. ബിജ്നോറില്‍ ഇരുപത്കാരനായ മുഹമ്മദ് സുലൈമാന്‍ മരിച്ചത് വെടിയേറ്റാണെന്നാണ് സ്ഥിരീകരിച്ചിരുന്നു. കാണ്‍പൂരില്‍ പൊലീസ് റിവോള്‍വര്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കിയിരുന്നു. പൊലീസ് വെടിവച്ചിട്ടില്ല എന്ന നിലപാടില്‍ യുപി ഡിജിപി ഇതുവരെ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. ബിജ്നോറിൽ പോലീസ് വെടിവെപ്പ് സ്ഥിരീകരിച്ചതോടെ അന്വേഷണത്തിന് ശക്തമായ മുറവിളി ഉയർന്ന സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter