മംഗളൂരിൽ കൊല്ലപ്പെട്ടവർക്ക് സഹായധനം പ്രഖ്യാപിച്ച് മമതാ ബാനർജി
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മംഗളൂരുവില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിൽനിന്ന് കർണാടക സർക്കാർ പിൻമാറിയതിനിടെ നാടകീയമായി ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ. മംഗളൂരുവില്‍ കൊല്ലപ്പെട്ട രണ്ടുപേരുടേയും കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് മമത 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറിയിരുന്നു. പൗരത്വഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായി പശ്ചിമ ബംഗാളിലുടനീളം ശക്തമായ പ്രതിഷേധ സ്വരമാണ് മമതാബാനർജി ഉയർത്തുന്നത്. ജനാധിപത്യരീതിയില്‍ പ്രതിഷേധം തുടരാന്‍ അവര്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter