ഇനിയെങ്കിലും നമ്മുടെ നിക്ഷേപങ്ങള്‍ മാധ്യമരംഗത്തേക്ക് കൂടിയാവട്ടെ

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സമുദായ മുന്നേറ്റത്തിനും വേണ്ടി ഉള്ളതെല്ലാം നല്‍കാന്‍ തയ്യാറാവുന്നവരാണ് മുസ്‍ലിംകള്‍. എന്നും ഒന്നാമനാകുന്ന അബൂബക്റിനെ (റ) ഇന്നെങ്കിലും രണ്ടാം സ്ഥാനത്താക്കണമെന്ന് കരുതി, പാതി സമ്പത്ത് നബിയുടെ മുന്നില്‍ കൊണ്ട് വന്ന് വെച്ച ഉമര്‍ (റ) ഇസ്‍ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. അതേ സമയം, 'എന്റെ വീട്ടീലിനി അല്ലാഹുവും അവന്റെ റസൂലും മാത്രമേ ബാക്കിയുള്ളൂ' എന്ന് പറഞ്ഞ് തനിക്കുള്ളത് മുഴുവനും ആ തിരുസന്നിധിയില്‍ സമര്‍പ്പിച്ച് അന്നും അബൂബക്ര്‍ (റ) തന്നെ ഒന്നാമതെത്തിയത് അന്നും ഇന്നും രോമാഞ്ചജനകമായ രംഗമാണ്. കേരളീയ പശ്ചാത്തലത്തിലും സമുദായം കൈവരിച്ച നേട്ടങ്ങളുടെയെല്ലാം നിദാനം ഈ ദാനമനസ്ഥിതി തന്നെയാണ്. ഇന്ന് നാം കാണുന്ന ആയിരക്കണക്കായ സ്ഥാപനങ്ങളും മദ്റസകളും ദര്‍സുകളും അംബരചുംബികളായ പള്ളികളുമെല്ലാം ഇങ്ങനെത്തന്നെയാണ് രൂപപ്പെട്ടത്.

എന്നാല്‍, ഈ പുതിയ യുഗത്തില്‍ സമുദായത്തിന്റെ നിക്ഷേപ മുന്‍ഗണനാക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത് വരേണ്ട ഒന്നുണ്ട്, അതാണ് മാധ്യമസ്ഥാപനം. 

ഇന്ന്, മാധ്യമങ്ങള്‍ വിവരക്കൈമാറ്റത്തിനുള്ള കേവലം ഉപാധികള്‍ മാത്രമല്ല. മറിച്ച്, ആധുനിക ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന, ആശയരൂപീകരണം നടത്തുന്ന അധികാര കേന്ദ്രങ്ങള്‍ കൂടിയാണ് അവ. ഈ മാറിയ സാഹചര്യത്തില്‍ നാമാരാണെന്നും നമ്മുടെ ചരിത്രവും പാരമ്പര്യവും എന്താണെന്നും രാഷ്ട്രനിര്‍മിതിയില്‍ നാം വഹിച്ച പങ്കെന്താണെന്നും വിശദീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. ദുഃഖകരമെന്ന് പറയട്ടേ, പേരിന് ഒരു മാധ്യമ സ്ഥാപനം പോലും ഇന്ത്യയില്‍ ഈ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം.

മതേതര ലിബറലിസ്റ്റുകള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും എന്ന് സമാധാനിച്ച് ഇനിയും നിഷ്‌ക്രിയരായിരിക്കുന്നത് മൌഢ്യമാണ്. നമ്മുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നാം തയാറാവുന്നില്ലെങ്കില്‍ നമുക്കെതിരെ അനീതികള്‍ നടമാടുമ്പോള്‍ നമ്മുടെ നിഴലുകള്‍ പോലും കൂടെയുണ്ടായെന്ന് വരില്ല. ഇത്തരം പ്രക്ഷുബ്ധ സാഹചര്യങ്ങളില്‍ നമ്മുടെ ശബ്ദം ഉയര്‍ന്ന് പൊങ്ങേണ്ടതുണ്ട്. ലോകവും അധികാരികളും അത് കേള്‍ക്കുകയും മനസ്സിലാക്കുകയും അനീതികള്‍ക്ക് അറുതി വരുത്തുകയും ചെയ്യുന്നത് വരെ അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്.

ആശയക്കൈമാറ്റമാണ് ഇസ്‌ലാമിനെ എന്നും ജീവിപ്പിച്ച് നിര്‍ത്തിയിട്ടുള്ളത്. അല്ലാഹു ലോകത്തേക്കയച്ച മുഴുവന്‍ നബിമാരും ചെയ്തത് അത് തന്നെയായിരുന്നു. അല്ലാഹുവിന്റെ മഹത്തായ സന്ദേശം ഏറ്റവും സുന്ദരവും സ്പഷ്ടവുമായ രീതിയില്‍.മാലോകരിലേക്കെത്തിക്കുക എന്നതായിരുന്നു അത്.

പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്, 1940 കള്‍ക്ക് ശേഷം ഇസ്‌ലാമികാശ്ലേഷണങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഇത് കൂടുതല്‍ ശക്തമാവുകയും ചെയ്യുമെന്നാണ്. നവമാധ്യമങ്ങളിലൂടെ ഇസ്‌ലാമിനെ കുറിച്ച് കേള്‍ക്കുകയും അതിനെ കുറിച്ച് പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് ഇത്തരത്തില്‍ ഇസ്‍ലാം പുല്‍കുന്നത്.

ഇങ്ങനെ വരുന്ന കണക്കുകള്‍ സ്വാഭാവികമായും ഇതരരെ ആകുലപ്പെടുത്താതിരിക്കില്ല. അതോടൊപ്പം, സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുടെ ലാഭക്കൊതിയും അതിനായി സൃഷ്ടിക്കപ്പെടുന്ന യുദ്ധങ്ങളുമെല്ലാം അതിന് ആക്കം കൂട്ടുന്നുവെന്ന് മാത്രം. അതിന്റെ ചുവട് പിടിച്ചാണ്, ഇസ്‌ലാമിനെയും മുസ്‍ലിംകളെയും താറടിക്കാനും അവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ നടത്താനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും നിരന്തരം നടന്നു കൊണ്ടിരിക്കുന്നത്. 

അത് കൊണ്ട് തന്നെ, അവയെ ഫലപ്രദമായി നേരിടാനും നിഷ്പക്ഷ വായനക്കാര്‍ക്ക് കുല്‍സിത പ്രചാരണങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്ന് കാണിക്കാനും തിന്മയോട് സധൈര്യം അരുതെന്ന് പറയാനും നമുക്ക് മാധ്യമ സ്ഥാപനങ്ങള്‍ ഉണ്ടായേ തീരൂ. പള്ളി, മദ്റസാ നിര്‍മാണത്തോളമോ ചിലപ്പോഴെങ്കിലും അതേക്കാള്‍ പ്രഥമ ഗണനീയമോ ആണ് ഇത്തരം മാധ്യമ സ്ഥാപനങ്ങള്‍. കാരണം, അവയാണ് സമുദായത്തിന്റെ വരും നാളുകളിലെ അഭിമാനകരമായ അസ്തിത്വവും നിലനില്‍പ്പ് പോലും തീരുമാനിക്കുന്നത്. നിലനില്‍പ്പുണ്ടെങ്കിലേ പള്ളിയും മതസ്ഥാപനങ്ങളും പ്രസക്തമാവുന്നു പോലുമുള്ളൂ. 

MuslimMirror.com, TwoCircles.net, ClarionIndia.net, ( thesite.in, islamonweb.net തുടങ്ങി വേറെയുമുണ്ട്) തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ഈ രംഗത്തെ എളിയ ശ്രമങ്ങളാണ്, അവയെ പ്രശംസിക്കാതെ വയ്യ. എന്നാല്‍, കേവലം വെബ്പോര്‍ട്ടലുകളില്‍ നിന്ന് ഇത്തരം സംരംഭങ്ങളെ ഇന്ത്യയിലെ തന്നെ ഒന്നാം കിട മാധ്യമ സ്ഥാപനമായി നാം വളര്‍ത്തിയെടുക്കേണ്ടത്. സമൂഹത്തിലെ ഉന്നത സ്ഥാനീയരും സംഘടനകളും ഇങ്ങനെയുള്ള സ്ഥാപനങ്ങളെ ഏറ്റെടുക്കുകയും അവയില്‍ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യണം. അങ്ങനെ നമുക്ക് നമ്മുടേതായ മാര്‍ഗങ്ങളിലൂടെ ലോകത്തിന് മുന്നില്‍ സത്യം ഉറക്കെ വിളിച്ച് പറയാം.

ആയിരക്കണക്കിന് കോളജുകളും പള്ളികളും മദ്‌റസകളുമാണ് നാം പണിതുയര്‍ത്തിയിട്ടുള്ളത്. എന്നാല്‍, പര്യാപ്തമായ മാധ്യമ സ്ഥാപനങ്ങള്‍ പണിയുന്നതില്‍ നാം പരാജയപ്പെട്ടുവെന്ന് മാത്രമല്ല അതിന്റെ പ്രാധാന്യം യഥാവിധി ഉള്‍കൊള്ളാന്‍ പോലും ഇനിയും നമുക്കായിട്ടില്ല. ഇനിയും നാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നഷ്ടം നമുക്ക് മാത്രമായിരിക്കും.

(അബ്ദുൽ സത്താർ ശൈഖ്  മുസ് ലിം മിററില്‍  http://muslimmirror.com/eng/  എഴുതിയ ലേഖനത്തിന്‍റെ  സ്വതന്ത്ര്യ വിവര്‍ത്തനം

വിവർത്തനം : ഷഹിൻ ഷാ ഹുദവി ഏമങ്ങാട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter