നന്മയുടെ റാണി (ഭാഗം പതിനൊന്ന്)
ബര്‍മകുകള്‍
ഉത്തര അഫ്ഗാസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയിലെ ഖുറാസാനില്‍ ജീവിച്ചിരുന്ന ബര്‍മക് എന്ന ബുദ്ധസന്യാസിയായിരുന്ന ബര്‍മക് എന്നയാളില്‍ നിന്നാണ് ബര്‍മകുകളുടെ ചരിത്രം തുടങ്ങുന്നത്. കാലക്രമത്തില്‍ അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. അവരിലെ ഖാലിദ് ബിന്‍ ബര്‍മക് എന്നയാള്‍ വലിയ ബുദ്ധിമാനും നയതന്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ സാമര്‍ഥ്യത്തില്‍ ആകൃഷ്ടനായ അബ്ബാസീ ഖലീഫ സഫ്ഫാഹ് ഖാലിദിനെ രാജ്യത്തെ നികുതി വകുപ്പിന്റെ ചുമതലക്കാരനായി നിയമിച്ചു. ക്രമേണ സൈന്യത്തിന്റെ ചുമതലയും അദ്ദേഹത്തിനു നല്‍കി. സമര്‍ഥമായ സേവനങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ ഖാലിദ് സഫ്ഫാഹിന്റെ മരണത്തിനു ശേഷം അബൂ ജഅ്ഫറുല്‍ മന്‍സ്വൂറിന്റെ കാലത്ത് ഭരണചക്രത്തിലെ ഒന്നാമനായി വളര്‍ന്നു.
ബഗ്ദാദിലെ ഏററവും ശ്രദ്ധേയനായി മാറിയ ഖാലിദ് മൂന്നാം ഭരണാധികാരി ഖലീഫ മഹ്ദിയുടെയും തുടര്‍ന്നുവന്ന ഖലീഫാ ഹാദിയുടേയുമെല്ലാം വലംകയ്യായി വര്‍ത്തിച്ചു. അപ്പോഴേക്കും ഖാലിദിന്റെ മകന്‍ യഹ്‌യയും രാഷ്ട്രീയത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു. ഇതിനിടെ അബ്ബാസീ രാഷ്ട്രീയത്തില്‍ ചില അടിയൊഴുക്കുകളുണ്ടായി. ഹാദി കിരീടാവകാശിയായിരുന്ന ഹാറൂന്‍ റഷീദിനെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയതായിരുന്നു അത്. വളരെ ചെറിയ കുട്ടിയായിരുന്നു ഖലീഫാ ഹാദിയുടെ മകന്‍. സമര്‍ഥനായ ഹാറൂനിനെ മാററി പകരം ചെറിയ ഒരു കുട്ടിയെ കിരീടാവകാശിയായി നിയമിക്കുന്നത് ഗൗരവഭാവം വേണ്ട രാഷ്ട്രീയത്തെ വെറുമൊരു കുട്ടിക്കളിയാക്കി മാററിയേക്കും എന്ന് എല്ലാവരും അടക്കം പറഞ്ഞു. പക്ഷെ, അതു നടന്നില്ല. കുട്ടിയെ വാസിക്കും മുമ്പ് ഹാദി മരണപ്പെട്ടു. ഈ പ്രതിസന്ധിയില്‍ യഹ്‌യയും അദ്ദേഹത്തിന്റെ മക്കളായ ഫള്‌ലും ജഅ്ഫറും ഹാറൂന്‍ റഷീദിന്റെ ഒപ്പം നിന്നു. തന്റെ കയ്യില്‍ അധികാരം വന്നുചേര്‍ന്നതോടെ ഇതിനു ഹാറൂന്‍ റഷീദ് ഉപകാരസ്മരണ കാണിച്ചു. യഹ്‌യയെയും മക്കളെയും തന്റെ ഏററവും അടുത്ത ആളുകളായി പരിഗണിച്ചു.
ഖലീഫയുടെ മകന്‍ അമീനിന്റെ സംരക്ഷണമടക്കം വലിയ ചുമതലകള്‍ ഫള്‌ലിനായിരുന്നു ഖലീഫ നല്‍കിയത്.പിന്നീട് ഫള്‌നിനു തന്നെ കോടതി കാര്യവും നല്‍കുകയുണ്ടായി. ജഅ്ഫറിനാവട്ടെ രാജ്യത്തിന്റെ സുപ്രധാന പരിഷ്‌കാരങ്ങളുടെ ചുമതലയും നല്‍കി. നാണയം, കുതിരത്തപാല്‍ തുടങ്ങിയ പരിഷ്‌കാരങ്ങളുടെയൊക്കെ ചുമതല ജഅ്ഫറിനായിരുന്നു. പിന്നീട് മൊറോക്കോയുടെ ഭരണച്ചുമതല നല്‍കി ജഅ്ഫറിനെ ഭരണത്തോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. കിട്ടിയ സ്ഥാനങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി ഫള്‌ലും ജഅ്ഫറും ഹാറൂന്‍ റഷീദിന്റെ ഭരണത്തിലെ ചാലകശക്തികളായി മാറി. താന്‍ ഇതിനു കനത്ത വില നല്‍കേണ്ടി വരുമൊന്ന് ഹാറൂന്‍ റഷീദ് ഒരിക്കലും അപ്പോഴൊന്നും ചിന്തിച്ചതേയില്ല. തന്റെ കാര്യങ്ങള്‍ക്കു ഖജനാവിലെ കാശു ലഭിക്കുവാന്‍ പോലും ഇവരുടെ സമ്മതവും അനുവാദവും വേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങള്‍ വളര്‍ന്നു.
Also Read:നന്മയുടെ റാണി (ഭാഗം പത്ത്)
ബര്‍മകുകള്‍ ഖലീഫയോക്കാള്‍ വളര്‍ന്നു. അവര്‍ ഖലീഫയുടെ സമ്മതമോ അറിവോ ഇല്ലാതെ തന്നെ സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സാഹചര്യം വന്നു. സ്വജനപക്ഷപാതം, ദുര്‍വ്യയം, മതമൂല്യങ്ങളുടെ പരസ്യമായ ലംഘനം തുടങ്ങി പലതിലും ബര്‍മകുകള്‍ വിമര്‍ശിക്കപ്പെട്ടു. പക്ഷെ, അപ്പോഴേക്കും ബര്‍മകുകള്‍ ഒരു ശക്തിയായി വളര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ പ്രശ്‌നം ഉടലെടുത്തത്. തന്റെ മക്കളില്‍ ആരായിരിക്കണം കിരീടാവകാശി എന്ന പ്രശ്‌നം.
ഹാറൂന്‍ റഷീദിന്റെ കാലമായപ്പോഴേക്കും അവര്‍ രാജ്യത്തിന്റെ കണ്ണായ ഭാഗങ്ങളെല്ലാം കയ്യടക്കിക്കഴിഞ്ഞിരുന്നു. ഖലീഫക്കുവേണ്ടി അവരാണ് ഭരണം തന്നെ നടത്തിയിരുന്നത്. അവരുടെ സാമര്‍ഥ്യം ഉണ്ടാക്കുന്ന നേട്ടങ്ങളുടെ ബാഹുല്യം കാരണം ഖലീഫ ഒരുതരം ഇടപെടലും നടത്തിയതുമില്ല. ഈ സമയത്താണ് കിരീടാവകാശി പ്രശ്‌നം തലപൊക്കിയത്. മഅ്മൂനിനെ കിരീടാവകാശിയാക്കണം എന്ന് അവര്‍ തുറന്നുപറഞ്ഞു. രാജ്യം ചൂടേറിയ ചര്‍ച്ചകളിലേക്കു കടന്നു. ഭൂരിപക്ഷവും മഅ്മൂനിന് പിന്തുണ നല്‍കുന്നവരായിരുന്നു.
ബര്‍മകുകള്‍ക്ക് ഇക്കാര്യത്തില്‍ മറെറാരു വികാരം കൂടിയുണ്ട്. അതുകൂടി ചേര്‍ന്നതിനാലാണ് അവര്‍ ഈ വിഷയത്തില്‍ ഇത്രയധികം ഇടപെടുന്നത്. അത് മഅ്മൂനിന്റെ ഉമ്മ ഒരു പേര്‍ഷ്യന്‍ വംശജയായിരുന്നു എന്നതാണ്. പേര്‍ഷ്യയില്‍ നിന്നും കൊട്ടാരത്തിലെത്തിയ മറാജില്‍ എന്ന സുന്ദരിയായ അടിമസ്ത്രീയില്‍ ഹാറൂന്‍ റഷീദ് അനുരക്തനാവുകയായിരുന്നു. അതിലുണ്ടായ കുട്ടിയാണ് മഅ്മൂന്‍. മഅ്മൂനിനെ പ്രസവിച്ച അതേ പ്രസവത്തില്‍ തന്ന രക്തസ്രാവം നിലക്കാതെയോ പനി ബാധയുണ്ടായോ മറാജില്‍ മരണപ്പെടുകയായിരുന്നു. ബര്‍മകുകളും പേര്‍ഷ്യന്‍ വംശജരാണ്. അതിനാല്‍ ഒരു വംശീയ വികാരം കൂടി ഇതിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വിഷയം പെട്ടെന്നു കത്തിയയര്‍ന്നതും.
(തുടരും)
Leave A Comment