സിന്ധിന്റെ നായകന്‍ 5 ( അഞ്ചാം ഭാഗം)
5
പടയോട്ടമല്ല മുന്നേററം.
സ്ത്രീകള്‍ അബലകളാണ്. അവരുടെ ബലവും ശക്തിയും പുരുഷന്‍മാരാണ്. പുരുഷന്‍മാരില്ലാത്ത സ്ത്രീകളെ തട്ടിയെടുക്കുക, അവരുടെ കയ്യിലുണ്ടായിരുന്ന വിലകൂടിയ വസ്തുവകകള്‍ കൈക്കലാക്കുക എന്നത് ഈ സംഭവങ്ങള്‍ നടക്കുന്ന ഏഴാം നൂററാണ്ടില്‍ ഒരു വലിയ പ്രശ്‌നം തന്നെയായിരുന്നു. അതിനു ശേഷമോ വര്‍ത്തമാന കാലത്തോ അത് അത്ര വലിയ ഒരു പ്രകോപനമാണ് എന്ന് കരുതപ്പെട്ടുകൊള്ളണമെന്നില്ല. എന്നാല്‍ അക്കാലത്ത് അങ്ങനെയല്ല. ഈ കാരണം മാത്രം മതി ഒരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുവാനുള്ള കാരണവും ന്യായവുമായി.
ഇത് ഇസ്‌ലാമിന്റെ മാത്രം ചരിത്രത്തിലുള്ളതല്ല. പുരാതന യൂറോപ്പിലും ചൈനയിലും ഇങ്ങനെ പല വന്‍യുദ്ധങ്ങളുമുണ്ടായത് ചരിത്രത്തിലെ അധ്യായങ്ങളായി കിടക്കുന്നുണ്ട്. ചൂതുകളിയില്‍ തോററതിനും തോല്‍പ്പിച്ചതിനും യുദ്ധങ്ങളും വന്‍ പ്രതികാരങ്ങളുമുണ്ടായ കഥകള്‍ ഹൈന്ദധര്‍മ്മത്തിലുമുണ്ടല്ലോ. ഇവിടെ മുസ്‌ലിംകളുടെ ന്യായം അതാണ്. ഏതു മനസാക്ഷിയേയും ഞെട്ടിക്കുന്ന ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുകയും ശിക്ഷിക്കുകയും അതോടൊപ്പം ബന്ദികളായവരെ മോചിപ്പിക്കുകയും ചെയ്യുക എന്ന തികച്ചും മാന്യമായ ഒരു ആവശ്യമാണ് ദാഹിര്‍ രാജാവ് നിരസിച്ചത്. അത് ഒരു വ്യക്തിയുടെ ആവശ്യമല്ലായിരുന്നു. അമവികള്‍ എന്ന അക്കാലത്തെ ഏററവും വലിയ സാമ്രാജ്യത്തിന്റെ ന്യായമായ ആവശ്യമായിരുന്നു. അതു നിരസിക്കുക വഴി ദാഹിര്‍ സ്വയം അപകടം വിളിച്ചുവരുത്തിയിരിക്കുകയാണ്.
അതിന്റെ പേരിലുള്ള ഒരു സ്വാഭാവിക നടപടിയാണിത്. മുഹമ്മദ് ബിന്‍ ഖാസിം തന്റെ സേനയെ സജ്ജമാക്കി. ആയുധങ്ങളും ഭക്ഷണ സാമഗ്രികളും കപ്പലുകളില്‍ കയററി. ഇസ്‌ലാമിക സേന മറെറാരു ദൗത്യത്തിനിറങ്ങുകയാണ്.പതിനേഴുകാരനായ നായകന്‍ കല്‍പ്പന നല്‍കി. സൈന്യം മുന്നോട്ടു നീങ്ങി. ദൈബലിനടുത്ത് നങ്കൂരമിട്ട കപ്പലില്‍ നിന്നും മുസലിം സേന അവരുടെ പുതുമണ്ണില്‍ ആവേശപൂര്‍വ്വം കാലുകുത്തി.
മുഹമ്മദ് ബിന്‍ ഖാസിമിന്റെ സൈന്യം മുക്‌റാന്‍ എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് ഖന്‍സബൂറിലെത്തി. പിന്നെ അര്‍മാഈലിലേക്ക്. ഇവിടെയൊന്നും മുഹമ്മദ് ബിന്‍ ഖാസിമിന്റെ സേനയെ തടയുവാന്‍ ആരും ധൈര്യപ്പെട്ടില്ല. അതിനാല്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ ഈ സ്ഥലങ്ങള്‍ കടന്ന സേന ദൈബലിലേക്കാണ് പോകുന്നത്. ദൈബലാണ് സിന്ധിലെ ഏററവും പ്രധാനപ്പെട്ട നഗരം. ദാഹിര്‍ രാജാവിന്റെ രാജ്യത്തിന്റെ ഹൃദയഭൂമിയാണത്. അവിടെ വെച്ചാണ് മുസ്‌ലിം സ്ത്രീകളും കുഞ്ഞുങ്ങളും തട്ടിയെടുക്കപ്പെട്ടത്. അവിടെയാണ് കടല്‍കൊള്ളക്കാരുടെ താവളം. ഒരു തലസ്ഥാന നഗരത്തിന്റെ എല്ലാ പ്രൗഢിയും ദൈബലിനുണ്ട്. മുഹമ്മദ് ബിന്‍ ഖാസിം സേനയെ അങ്ങോട്ടു തിരിച്ചു.
വഴിയിലെ അനുഭവമല്ല ദൈബലിലില്‍ മുഹമ്മദ് ബിന്‍ ഖാസിമിനേയും സൈന്യത്തേയും കാത്തിരുന്നിരുന്നത്. അവിടെ ശക്തമായ പ്രതിരോധമുണ്ടായിരുന്നു. അതിനാല്‍ കടുത്ത കരുതലോടെയായിരുന്നു മുഹമ്മദ് ബിന്‍ ഖാസിമിന്റെ നീക്കങ്ങള്‍. ദൈബലിലെ നഗരമധ്യത്തിലെത്തിയ മുഹമ്മദ് ബിന്‍ ഖാസിം തന്റെ സേനാവിന്യാസം ആരംഭിച്ചു. അതിവിദഗ്ദമായി സേനയെ വിന്യസിച്ച അദ്ദേഹം ഓരോ കാര്യവും നേരിട്ട് മേല്‍നോട്ടം ചെയ്തു. ശാമില്‍ നിന്നുള്ള ഭടന്‍മാരും ആയുധങ്ങളുമെല്ലാം സജ്ജമായി.
മുഹമ്മദ് ബിന്‍ ഖാസിമിന്റെ ഏററവും വലിയ ആയുധം മിഞ്ചനീഖ് ആയിരുന്നു. ഭാരമേറിയ കല്ലുകളും തീയുണ്ടകളും ദൂരേക്ക് ശത്രുവിനു നേരെ തൊടുത്തുവിടുവാനുള്ള ഒരു തരം ബലവും ഭാരവുമേറിയ വില്ലാണ് മിഞ്ചനീഖ്. അക്കാലത്തെ ഏററവും അത്യന്താധുനിക ആയുധമാണ് ഇത്. തന്റെ മിഞ്ചനീഖിന് അല്‍ അറൂസ് എന്നായിരുന്നു മുഹമ്മദ് ബിന്‍ ഖാസിം നാമകരണം ചെയ്തിരുന്നത്.
ദാഹിറിന്റെയും മുഹമ്മദ് ബിന്‍ ഖാസിമിന്‍േറയും സേനകള്‍ മുഖാമുഖം നിന്നു. യുദ്ധ കാഹളം മുഴങ്ങി. ഭേരി മുഴക്കിക്കൊണ്ട് രണ്ട് സേനയും പരസ്പരം ചാടിവീണു. കടുത്ത യുദ്ധം നടന്നു.
നായകന്‍ മുഹമ്മദ് ബിന്‍ ഖാസിം എന്ന പതിനേഴുകാരന്‍ യുദ്ധക്കളത്തെ ശരിക്കും അല്‍ഭുതപ്പെടുത്തി. അപാരമായ മെയ്‌വഴക്കത്തില്‍ ഇബ്‌നു ഖാസിമിനു മുമ്പില്‍ വമ്പന്‍മാര്‍ അടിയറവ് പറഞ്ഞു. മൂന്നു ദിവസം വേണ്ടിവന്നു കാര്യങ്ങള്‍ മുസ്‌ലിംസേനക്ക് കൈപ്പിടിയിലൊതുക്കുവാന്‍. വന്‍ കോട്ടകളും തന്ത്രപ്രധാനമായ സ്ഥലങ്ങളും കീഴടക്കിയതോടെ സിന്ധിന്റെ ഹൃദയഭൂമിയായിരുന്ന ദൈബല്‍ മുസ്‌ലിം സേനയുടെ കയ്യിലൊതുങ്ങി. സമൃദ്ധമായ ഈ നാട് അമവികളുടേതായി. അവിടെ അമവികളുടെ പതാകയുയര്‍ന്നു. അധികം വൈകാതെ പള്ളിയുയര്‍ന്നു. പള്ളിയില്‍ നിന്നും പുതിയ സന്ദേശത്തിന്റെ അലയൊലികള്‍ ആ നാട്ടിന്റെ വായുവില്‍ നിറഞ്ഞു. അല്ലാഹുവല്ലാതെ മറെറാരു ഇലാഹുമില്ല എന്ന സന്ദേശം. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതുമായി വന്ന ദൂതനാണ് എന്ന മഹാസത്യം.
ഹിജ്‌റ 88മുതല്‍ 89 വരേയുള്ള കാലത്തിനിടക്ക് ദൈബലടക്കം പ്രധാന സിന്ധിയന്‍ നഗരങ്ങള്‍ എല്ലാം കീഴടക്കി മുഹമ്മദ് ബിന്‍ ഖാസിമും സേനയും സാക്ഷാല്‍ ദാഹിര്‍ രാജാവിനടുത്തെത്തി. റാവര്‍ എന്ന സ്ഥലത്തായിരുന്നു ദാഹിറിന്റെ ആസ്ഥാനം. ഇതു സിന്ധു നദിയുടെ തീരത്തെവിടെയോ ഉണ്ടായിരുന്ന ഒരു നഗരമാണ്. കടന്നുപോകുന്ന വഴികളൊക്കെയും പിടിച്ചടക്കി മുന്നേറിയ മുസ്‌ലിം സേനയെ തുരത്തുവാനും നേരിടുവാനും ദാഹിര്‍ രാജാവ് തീര്‍ച്ചപ്പെടുത്തി. ഓരോന്നായി തന്റെ പ്രദേശങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ കോപാന്ധനായിരുന്നു അദ്ദേഹം.
ആനകളടക്കമുള്ള ഒരു വന്‍ സൈന്യത്തെ ദാഹിര്‍ സജ്ജമാക്കി. കരുത്തരായ പോരാളികളെ ഏതു വെല്ലുവിളിയും നേരിടുവാനായി കരുതിവെച്ചു. രണ്ടു സൈന്യവും മുഖാമുഖം നിന്നു. യുദ്ധത്തിന്റെ ചൂളം വിളി ഉയര്‍ന്നു. കടുത്ത യുദ്ധം തുടങ്ങി.
ഇന്ത്യന്‍ ഉപ‘ൂഖണ്‍ഡവും അറബികളും കണ്ടതില്‍ വെച്ചേററവും വലിയ പോരാട്ടമായിരുന്നു പിന്നെ അവിടെ നടന്നത്. ദാഹിറിന്റെ കരുത്തരായ പടയാളികള്‍ മുസ്‌ലിംകളുടെ ആത്മവിശ്വാസം കണ്ട് അമ്പരന്നു. മുസ്‌ലിംകളുടെ ഏെക്യവും നിശ്ചയദാര്‍ഢ്യവും അവരുടെ മനോവീര്യം കെടുത്തി. അവര്‍ പരാചയത്തിന്റെ കയ്പറിഞ്ഞുതുടങ്ങി.ദാഹിറിന്റെ സൈന്യം തകര്‍ന്നു. അവര്‍ പിന്‍മാറുവാന്‍ തുടങ്ങി.
യുദ്ധക്കളത്തില്‍ നായകത്വം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയായിരുന്ന ദാഹിറിനു നേരെ ഒരു പടയാളി ഓടിയടുത്തു. അയാള്‍ ദാഹിറിനെ വെട്ടി വീഴ്തി. അതോടെ യുദ്ധം പിടിച്ചുനിറുത്തിയതു പോലെ നിന്നു. സിന്‍ധിലെ ഏററവും വലിയ രാജാവായിരുന്ന ദാഹിറിന്റെ വീഴ്ചയോടെ സിന്ധ് മുസ്‌ലിംകളുടെ കയ്യിലെത്തി.
പിടിച്ചടക്കിയ സ്ഥലങ്ങളില്‍ തുടര്‍ സംരക്ഷണത്തിന് ആവശ്യമായ നായകരെയും സൈന്യത്തേയും വിന്യസിച്ച് മുഹമ്മദ് ബിന്‍ ഖാസിം തന്റെ ജൈത്രയാത്ര തുടര്‍ന്നു. പല പ്രദേശങ്ങളിലും പേരിനു പോലും ചെറുത്തുനില്‍പ്പുണ്ടായില്ല. അവസാനം മുഹമ്മദ് ബിന്‍ ഖാസിം മുല്‍താനിലെത്തി. മുല്‍ത്താന്‍ സിന്ധിന്റെ ഏററവും പരിശുദ്ധമായ സ്ഥലമായിരുന്നു. അവിടെയും ഇബ്‌നു ഖാസിം തന്റെ കൊടിനാട്ടി.
അങ്ങനെ മുക്‌റാനില്‍ നിന്ന് ഖന്‍സബൂരിലേക്കും അവിടെ നിന്ന് ദൈബലിലേക്കും പിന്നെ ബിറൂനിലേക്കും അവിടെ നിന്ന് റാവറിലേക്കും പിന്നെ മുല്‍ത്താനിലേക്കും തുടര്‍ന്ന് ബ്രാഹ്മണാബാദിലേക്കും നീങ്ങി മുഹമ്മദ് ബിന്‍ ഖാസിം തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു. പിടിച്ചടക്കിയതും കീഴടങ്ങിയതുമായ സ്ഥലങ്ങളിലൊന്നിലും അദ്ദേഹം പ്രതികാരം കാണിച്ചില്ല. മുന്നേററത്തില്‍ അന്ധാളിച്ചുനില്‍ക്കുന്ന ഓരോ സ്ഥലത്തേയും ജനങ്ങള്‍ക്ക് അതിവേഗം സുരക്ഷയുടെ ആത്മവിശ്വാസം പകരുവാന്‍ അദ്ദേഹം ശ്രമിച്ചു. ആരുടെയും സ്വത്തോ അഭിമാനമോ അപഹരിക്കരുതെന്ന് അദ്ദേഹം സൈന്യത്തിനും നായകന്‍മാര്‍ക്കും കര്‍ശനമായ കല്‍പ്പന കൊടുത്തു. ഇസ്‌ലാം ആരെയും കഷ്ടപ്പെടുത്തുവാനുള്ളതല്ല. എല്ലാവര്‍ക്കും സന്തോഷവും സുരക്ഷയും ഉറപ്പുവരുത്തുവാനുള്ളതാണ്. അദ്ദേഹം തന്റെ സൈന്യത്തെ വേണ്ടവിധം തര്യപ്പെടുത്തി. യുദ്ധങ്ങളില്‍ പിടിച്ചടക്കപ്പെട്ട വിലപിടിപ്പുള്ള സ്വത്തുവകകള്‍ അദ്ദേഹം തദ്ദേശീയര്‍ക്കു തന്നെ വിതരണം ചെയ്തു.
മുഹമ്മദ് ബിന്‍ ഖാസിം പിടിച്ചടക്കിയ സ്ഥലങ്ങള്‍ പലതും അക്കാലത്തെ പേരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നതാണ് വസ്തുത. ഈ സ്ഥലങ്ങളിലധികവും ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമാണ്. തുറമുഖ നഗരമായിരുന്ന ദൈബല്‍ ഇന്നത്തെ കറാച്ചിക്കടുത്ത് എവിടെയോ ആയിരുന്നിരിക്കുവാനാണ് സാധ്യത എന്ന് ചില പ്രമുഖ ചരിത്രകാരന്‍മാര്‍ അനുമാനിക്കുന്നു. ദാഹിറുമായി ഏററുമുട്ടിയ റാവര്‍ സിന്ധിന്റെ തെക്കുഭാഗത്ത് എവിടെയോ ആയിരുന്നിരിക്കുവാനാണ് സാധ്യത. ഇബ്‌നു ഖാസിമിന്റെ പടയോട്ടം നടന്ന സ്ഥലങ്ങളധികവും ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായിരിക്കാമെങ്കിലും ബാക്കി ഒരു നല്ല ഭാഗം ഇന്നത്തെ ഇന്ത്യയില്‍ തന്നെയാണ്. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ മുസ്‌ലിം സാന്നിദ്ധ്യമുണ്ടാക്കിയത് റാവര്‍ യുദ്ധമായിരുന്നു എന്ന് ചരിത്ര നിരീക്ഷണമുണ്ട്.
സിന്ധില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇറാഖിനേയും ഡമാസ്‌കസിനേയും പുളകം കൊള്ളിച്ചു. ഇസ്‌ലാമിക ലോകത്താകമാനം മുഹമ്മദ് ബിന്‍ ഖാസിം ഒരു താരമായി മാറി. ഹിജ്‌റ 94 ആയപ്പോഴേക്കും സിന്ധിലെ വിജയങ്ങള്‍ പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിന്‍ ഖാസിം പുതിയ ദൗത്യങ്ങളിലേക്ക് കടക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണ്.
റാവര്‍ യുദ്ധം കഴിഞ്ഞു ഇബ്‌നുഖാസിം അന്നത്തെ ഗുജറാത്ത് പ്രദേശത്തിനടുത്തെവിടെയോ ഉണ്ടായിരുന്ന ഖനൂജ് എന്ന സ്ഥലത്തേക്ക് തിരിഞ്ഞു. വടക്കേഇന്ത്യയില്‍ അക്കാലത്തുണ്ടായിരുന്ന ഒരു പ്രബല രാജവംശത്തിനു കീഴിലായി അവിടെ ഒരു സാമ്രാജ്യം നിലനിന്നിരുന്നു. അങ്ങോട്ടുതിരിയുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ആ വാര്‍ത്ത വന്നത്.
Leave A Comment