തലാസ്: മധ്യേഷ്യയുടെ നാഗരിക ഭാവി നിശ്ചയിച്ച യുദ്ധം

മധ്യേഷ്യയിൽ മുസ്‍ലിം സൈന്യത്തിന്റെ  വിജയം പ്രവചിച്ചുകൊണ്ടും സമർഖന്ദ്-ബുഖാറ നഗരങ്ങളെ മനോഹരമാം രീതിയിൽ വർണിച്ചുകൊണ്ടുമുള്ള ഒരു ഹദീസ് മധ്യകാല അറബി ഭൂമിശാസ്ത്രജ്ഞനായ യാഖൂതുൽ ഹമവി ഉദ്ധരിക്കുന്നുണ്ട്. ഹദീസിന്റെ ആധികാരികതയിൽ പണ്ഡിതര്‍ സംശയം പ്രകടിപ്പിക്കുകയും ചിലർ ഹദീസ് സ്വഹീഹ് അല്ല എന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും മധ്യേഷ്യ എത്രത്തോളം ഇസ്‍ലാമിക സംസ്കാരത്തിൽ പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും അനറബി ലോകത്ത് വിസ്മയകരമായ സാഹിത്യ സാംസ്‌കാരിക ചലനങ്ങൾ സൃഷ്‌ടിച്ച ഖുറാസാൻ മാവറഉന്നഹ്‍റ് പ്രവിശ്യകൾ ഇസ്‍ലാമിക സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്നുവെന്നും ഈ ഹദീസ് പശ്ചാത്തലത്തിൽ  നിന്നും വ്യക്തമാവുന്നുണ്ട്.

ക്രിസ്താബ്ദം 651 ൽ പേർഷ്യ പൂർണമായും കീഴടക്കിക്കൊണ്ട് ഉമർ (റ)ന്റെ കാലത്തു അഹ്‌നഫ് ഇബ്ൻ ഖൈസ്(റ) ആണ് മധ്യേഷ്യൻ വിജയങ്ങൾക്ക് തുടക്കമിടുന്നത്. ഫാതിഹ് ഖുറാസാൻ എന്നറിയപ്പെട്ട അഹ്‌നഫിന്റെ തേരോട്ടം മർവ് വരെ തുടർന്നു. ആദ്യകാല അറബി പോരാട്ട വിജയങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതും കടുത്ത വെല്ലുവിളി നേരിട്ടതും മാവാറാഉന്നഹ്‍റ് കീഴടക്കുന്നതിലായിരുന്നുവെന്ന് കാണാം. 651 ൽ മർവ് കീഴടക്കിയതിനു ശേഷം അരനൂറ്റാണ്ടോളം വേണ്ടി വന്നു മധ്യേഷ്യ പൂർണമായും ഇസ്‍ലാമിന് കീഴിലാവാൻ.

651-705 വരെയുള്ള കാലഘട്ടത്തിൽ മർവ് കേന്ദ്രമാക്കി  നിരവധി ആക്രമണങ്ങൾ മധ്യേഷ്യൻ നാടുകളിൽ നടത്തിയെങ്കിലും, സ്ഥിരമായ മുന്നേറ്റത്തിനോ കീഴടക്കലിനോ സാധ്യമാകാതെ തിരിച്ചു മർവിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്. അമവീ ഖലീഫ വലീദിന്റെ കാലത്താണ് ഖുതൈബതുബ്നുമുസ്‍ലിമിന് കീഴിൽ വ്യവസ്ഥാപിതമായ മുന്നേറ്റങ്ങളും വിജയങ്ങളുമുണ്ടായത്. സമർഖന്ദും ബുഖാറയും സോഗ്ദിയയും ത്വഖരിസ്താനും ഖുതൈബ ജയിച്ചടക്കി. 

നിർഭാഗ്യവശാൽ, വലീദിന്റെ മരണവർത്തയറിഞ്ഞ ഖുതൈബ പുതിയ ഖലീഫയായി ചുമതലയേറ്റ സുലൈമാൻ തന്നെ സ്ഥാന ഭ്രഷ്ടനാക്കുമോ എന്ന് പേടിച്ഛ് ഒരു സൈനിക അട്ടിമറി നടത്താൻ തുനിഞ്ഞു. സുലൈമാൻ ആ വിഫല ശ്രമം ഒതുക്കി എന്ന് മാത്രമല്ല, ധീരനായ ആ സൈനിക നേതാവിനെ വധിച്ചു കളയുകയും ചെയ്തു. ഇത്രയും കാലം ഇസ്‍ലാമിക സാമ്രാജ്യം വികസിപ്പിക്കാൻ അദ്ധ്വാനിച്ച ഒരു സൈനിക നേതാവിന് ലഭിക്കേണ്ട അന്ത്യമായിരുന്നില്ല ഖുതൈബയുടേത്.

എന്നാൽ തന്റെ ശ്രദ്ധ മുഴുവൻ കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ച സുലൈമാന് മധ്യേഷ്യയിൽ വേണ്ടത്ര നീക്കങ്ങൾ നടത്താൻ സാധിച്ചതുമില്ല. സുലൈമാന്റെ കോൺസ്റ്റാന്റിനോപ്പിൾ ഉദ്യമം പരാജയപ്പെട്ടതും അക്കാലത്തു അമവി സൈന്യം നേരിട്ടിരുന്ന പരാജയങ്ങളും തുടർന്ന് വന്ന ഖലീഫ ഉമർ രണ്ടാമനെ യുദ്ധ സൈനിക മുന്നേറ്റങ്ങളിൽനിന്നും പിൻവലിയാൻ പ്രേരിപ്പിച്ചു. അറബികളുടെ ആധിപത്യം നൂറു വർഷത്തിനുള്ളിൽ ഒതുങ്ങി എന്ന് വരെയുള്ള സ്വരങ്ങൾ ഉയർന്നത് ഈ പശ്ചാത്തലത്തിലായിരുന്നു.

737 നു ശേഷം ഹിഷാം ഇബ്ൻ അബ്ദുൽ മാലിക്കിന് കീഴിൽ ഖുറാസാൻ ഗവർണ്ണർ ആയിരുന്ന അസദ്‌ ഇബ്ൻ അബ്ദില്ലയുടെയും ശേഷം വന്ന നസ്ർ ഇബ്ൻ സയ്യാറിന്റെയും ശ്രമഫലമായി മധ്യേഷ്യൻ പ്രവിശ്യകളിൽ അറബികളുടെ  ആധിപത്യം ഊട്ടിയുറപ്പിക്കാൻ വീണ്ടും സാധിച്ചു. ഇക്കാലമത്രയും മധ്യേഷ്യയിൽ നടന്ന സൈനിക നീക്കങ്ങളുടെ ഇസ്‍ലാമിക യുദ്ധ വിജയങ്ങളുടെയും കൃത്യമായ രേഖകൾ അറബി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ കാല യുദ്ധ ചരിത്രപഠനങ്ങളിൽ മധ്യേഷ്യയിൽ നടന്ന നീക്കങ്ങളെ കുറിച്ച് മറ്റുള്ളവയേക്കാൾ കൂടുതൽ വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ മധ്യേഷ്യൻ വിജയങ്ങളിൽ അവസാനത്തേതും ചൈനീസ് മുസ്‍ലിം പോരാട്ടങ്ങളിൽ ആദ്യത്തേതും അവാസനത്തേതുമായ തലാസ് യുദ്ധം അറബി രേഖകളിൽ വളരെ വിരളമായേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ.

പശ്ചിമേഷ്യൻ ചരിത്രം രേഖപ്പെടുത്തുന്നതിൽ മുഴുകിയിരുന്ന അറബികൾ പശ്ചിമ ചൈനയിൽ നടന്ന ഈ യുദ്ധവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തുന്നതിൽ ശ്രദ്ധ കാണിച്ചില്ല എന്ന് പ്രമുഖ റഷ്യൻ ഓറിയന്റലിസ്റ്റായ വസിലി ബർതോൾഡ് അഭിപ്രായപ്പെടുന്നുണ്ട്. ചൈനീസ് താങ്ങ് ഭരണകൂടത്തിന് തലസ്‌ യുദ്ധത്തിൽ മുസ്‌ലിംകളോടേറ്റ പരാജയമാണ്, ഈ രണ്ടു നാഗരികതകളിൽ ഏതാണ് മധ്യേഷ്യയിൽ ബാക്കിയാവേണ്ടതെന്ന് തീരുമാനിച്ചുവെന്നും ബർതോൾഡ് സൂചിപ്പിക്കുന്നുണ്ട്.

747 - 49 കാലഘട്ടത്തിൽ കച്ചയിലെ ചൈനീസ് ഗവർണ്ണർ പ്രദേശത്തെ കൊള്ളസംഘത്തെ ഒതുക്കാൻ കൊറിയൻ ഓഫീസറായ താങ്ങ് ജനറൽ ഗാവോ ഷിൻസിയെ അയച്ചു കൊടുത്തു. കൊള്ളസംഘത്തെ അടിച്ചമർത്തിയതിനു ശേഷം ഫെർഗാന രാജാവ് തന്റെ അതിർത്തി പ്രദേശമായ ഷാഷിലെ രാജാവിനെതിരെ സഹായിക്കാൻ താങ്ങ് ജനറലിനെ വിളിപ്പിച്ചു. ചൈനക്കാർ ഷാഷ് പിടിച്ചടക്കി മുന്നോട്ട് നീങ്ങി. അവിടെ നിന്നും അഭയാർഥികളായി സമർഖന്ദിലെത്തിയവരിൽനിന്നും അബ്ബാസികൾ ഈ വിവരമറിഞ്ഞു. അന്നത്തെ ഖുറാസാൻ ഗവർണ്ണർ ആയിരുന്ന അബ്ബാസി വക്താവ് അബു മുസ്‍ലിം കമാണ്ടറായ സിയാദ് ഇബ്ൻ സാലിഹിനെ രംഗസ്ഥലത്തേക്കയച്ചു. അബു മുസ്‍ലിം സൈന്യത്തെ സജ്ജമാക്കി യുദ്ധത്തിനൊരുങ്ങിയിരുന്നുവെന്നും പക്ഷെ, അബ്ബാസി വിപ്ലവ നേതാവ് അബുൽ അബ്ബാസ് അസ്സഫാഹ് സഹായത്തിനു വിളിച്ചത് മൂലം പോകാൻ കഴിഞ്ഞില്ലെന്നും പ്രമുഖ അറബി ഭൂമിശാസ്ത്രജ്ഞനായ അൽമഖ്ദിസി രേഖപ്പെടുത്തുന്നുണ്ട്.

751 ജൂലൈയിൽ അഞ്ചു ദിവസത്തോളം കസാഖ്-കിർഗിസ് അതിർത്തി സ്ഥലമായ തലാസിൽ വെച്ച് ഇരു സൈന്യവും ഏറ്റുമുട്ടുകയും അവസാനം അറബികൾ വിജയിക്കുകയുമുണ്ടായി. യുദ്ധാനന്തരം ഖുറാസാന്റെ പൂർണ ആധിപത്യം അറബികളുടെ കൈകളിലായി. യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ടവരിൽ നിന്നുമാണ് ഇസ്‍ലാമിക ലോകത്തേക് പേപ്പർ ടെക്നോളജി കടന്നു വന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത് ആധികാരികമല്ലെന്നാണ് മനസ്സിലാവുന്നത്. എന്നാലും യുദ്ധഫലമായി സമർഖന്ദിൽ പേപ്പർ നിർമാണം അവതരിപ്പിക്കപ്പെട്ടുവെന്നും ശേഷം മധ്യേഷ്യൻ ഇസ്‍ലാമിക നഗരങ്ങളിലും 795ല്‍ ബാഗ്ദാദിലും ഇത് പ്രചാരത്തിലായെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്.

പശ്ചിമ യൂറോപ്പിൽ, ഗൗളിൽ അമവി അധിനിവേശം മൂലമുണ്ടായ  ടൂർസ് യുദ്ധത്തെപ്പോലെ തന്നെയാണ് തലാസ്‌ യുദ്ധത്തെയും ചരിത്രപണ്ഡിതർ ഗണിക്കുന്നത്. ഇരു യുദ്ധങ്ങളുടെയും വിശദമായ പഠനം അറബി ലോകത്തു നിന്ന് വന്നില്ല എന്നത് തന്നെ കാരണം. പക്ഷെ, ടൂർസ് യുദ്ധത്തിൽ അമവികൾ ഫ്രാങ്കിഷ്‌ ശക്തിയോട് പരാജയപ്പെടുകയായിരുന്നെങ്കില്‍ ഇവിടെ മുസ്‍ലിംകള്‍ വിജയിക്കുകയായിരുന്നു.

ആധുനിക ചൈനീസ് ചരിത്ര പഠനത്തിൽ വിപ്ലവാത്മകമായ മുന്നേറ്റം നടത്തുകയും, ചൈനീസ് മുസ്‍ലിംകളുടെ ചരിത്രം പഠിക്കുന്നതിൽ പാശ്ചാത്യർ ചൈനക്കാരെക്കാളും ശ്രമങ്ങൾ നടത്തിയെന്ന് വാദിച്ച് ചൈനക്കാരെ ചൈനീസ് മുസ്‍ലിം ചരിത്രം പഠിക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്ത ബായി ഷൗയി എന്ന ചരിത്രകാരൻ തലാസ് യുദ്ധത്തിനുശേഷം മധ്യേഷ്യയിലെ ചൈനീസ് വ്യാപനം നിലച്ചിരുന്നില്ലെന്നും പിന്നീടുള്ള കാലങ്ങളിലും തുടർന്നിരുന്നുവെന്നും സമർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്.

യുദ്ധാനന്തരം അറബികളുടെയും ചൈനക്കാരുടെയും പരസ്പര ബന്ധങ്ങൾക്ക് കോട്ടം തട്ടിയിരുന്നില്ല. നയതന്ത്ര ഇടപാടുകളിൽ അബ്ബാസികളിൽ നിന്ന് നിരന്തരമായി ചൈനീസ് ഭരണ കൂടത്തിലേക്ക് പ്രതിനിധി സംഘങ്ങൾ അയക്കപ്പെട്ടിരുന്നു. തദ്ഫലമായി 792 - 98 കാലഘട്ടങ്ങളിൽ പതിമൂന്നോളം സമ്മാന കൈമാറ്റങ്ങളും നടന്നിരുന്നുവത്രെ.

തലാസ്‌ യുദ്ധം കഴിഞ്ഞയുടനെ താങ്ങ് ഭരണകൂടത്തിൽ 755-ൽ ആരംഭിച്ച അൻ ലുഷൻ കലാപം 763 വരെ നീണ്ടുനിന്നു. ഏകദേശം 100 വർഷത്തെ പരമാധികാരത്തിനു ശേഷം താങ്ങ് സൈന്യത്തെ സിൻജിയാംഗിൽ നിന്ന് പിൻവാങ്ങാൻ കലാപം നിർബന്ധിതരാക്കി. ഇത് മധ്യേഷ്യയിലെ ടാങ് ചൈനീസ് സാന്നിധ്യം ഫലപ്രദമായി അവസാനിപ്പിച്ചു. തുടർന്ന് വന്ന ആഭ്യന്തരപ്രശ്നങ്ങളും അറബികളുടെ പ്രദേശത്തുള്ള സ്വാധീനം ശക്തിപ്പെടുത്താനും അധികാരം നിലനിർത്താനും കാരണമായി മാറുകയും ചെയ്തു.

അവലംബം:
In God's Path: The Arab Conquests and the Creation of an Islamic Empire -Robert G. Hoyland
The great Arab conquests - Hugh N. Kennedy
The house of wisdom

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter