ഇഖ്റഅ് 17- മനുഷ്യശരീരമെന്ന വിസ്മയഗ്രന്ഥം

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
നമ്മുടെ ദൃഷ്ടാന്തങ്ങളെ നാനാഭാഗങ്ങളിലും-അവരില്‍ തന്നെയും നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. അങ്ങനെ അത് സത്യം തന്നെയാണെന്ന് അവര്‍ക്ക് വ്യക്തമാകും. (സൂറതു ഫുസ്സ്വിലത്)

ഭൂമിയിലെ സൃഷ്ടികളില്‍ ഏറ്റവും അല്‍ഭുതകരമായ ഒന്നാണ് മനുഷ്യശരീരം. മനുഷ്യശരീരത്തെയും അതില്‍ നിരന്തരമായ നടന്നുകൊണ്ടിരിക്കുന്ന പരശ്ശതം പ്രവര്‍ത്തനങ്ങളെയും മനസ്സിലാക്കിയാല്‍ തന്നെ, സൃഷ്ടിച്ച പ്രപഞ്ച നാഥനിലേക്ക് എത്താതിരിക്കില്ല. ആരെങ്കിലും തന്റെ ശരീരത്തെ വേണ്ട വിധം മനസ്സിലാക്കിയാല്‍, അവന്‍ തന്റെ രക്ഷിതാവിനെ മനസ്സിലാക്കുമെന്ന പ്രവാചക വചനവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

ശ്വസനം, ഭക്ഷണം, വെള്ളം എന്നീ അടിസ്ഥാന ആവശ്യങ്ങളെ ഭംഗിയായി നിറവേറ്റാനും ബാക്കിവരുന്നവയെ  വളരെ കൃത്യമായി സംസ്കരിച്ച് വേണ്ടത് ചെയ്യാനുമുള്ളതെല്ലാം മനുഷ്യശരീരത്തില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നു. അവക്ക് പുറമെ, കേള്‍വി, കാഴ്ച, ഗന്ധം, രുചി, സ്പര്‍ശം, തുടങ്ങി അറിയേണ്ടതെല്ലാം അറിയാനുള്ള പഞ്ചേന്ദ്രിയ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. അവക്കെല്ലാം ഉപരിയായി ചിന്തിക്കാനും വിവേചിച്ചറിയാനുമുള്ള ബുദ്ധിയും വിവേകവും. എല്ലാത്തിനെയും ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്ന, ഇന്ന് വരെ ആര്‍ക്കും പിടി കൊടുക്കാതെ കഴിയുന്ന ആത്മാവ് ഇവക്കെല്ലാം അപ്പുറത്തുള്ള അല്‍ഭുതമാണ്.

അറുപത് കിലോമീറ്ററിലധികം നീളം വരുന്ന ഞരമ്പുകളും 7 മീറ്ററിലധികം വരുന്ന കുടലുകളും ട്രില്യന്‍ കണക്കിന് വരുന്ന രക്തകോശങ്ങളുമെല്ലാം ചേര്‍ന്ന് മനുഷ്യശരീരത്തില്‍ നടത്തി വരുന്നത് അത്യല്‍ഭുതകരമായ പ്രവര്‍ത്തനങ്ങളാണ്. എല്ലാം കൂടിച്ചേര്‍ന്ന്, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന മനുഷ്യശരീരമാണ് ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി എന്ന് തന്നെ പറയാം. 

Read More: റമളാൻ ഡ്രൈവ്-നവൈതു 17

ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുന്ന ഒരു ഫാക്ടറി നിര്‍മ്മിക്കുന്ന പക്ഷം, അതിന്റെ ശബ്ദം കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് വരെ കേള്‍ക്കാനാവുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആര്‍ക്കും ഒരു ശബ്ദശല്യം പോലുമില്ലാതെയാണ് പ്രപഞ്ചനാഥന്‍ ഇവയെല്ലാം സംവിധാനിച്ചിരിക്കുന്നത്.


മനുഷ്യനിര്‍മ്മിതമായ മറ്റു യന്ത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ശരീരം ദൈനംദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതും അല്‍ഭുതമാണ്. പിറന്ന് വീഴുന്ന കുഞ്ഞ് മുതല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ മനുഷ്യനില്‍ വരെ ഇവയെല്ലാം ഭംഗിയായി നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. വളരും തോറും, ഓരോ അവയവവും ആവശ്യം പോലെ വളരുകയും യഥാസമയങ്ങളില്‍ വേണ്ടതെല്ലാം നിര്‍വ്വഹിക്കാന്‍ അവ പാകമാവുകയും ചെയ്യുന്നു. 

എല്ലാം കൃത്യമായ നടക്കുമ്പോള് ഇതൊന്നും നാം അറിയുന്നേയില്ല എന്നതല്ലേ സത്യം. അതേസമയം, ഏതെങ്കിലും ഒരു അവയവത്തിന് പ്രശ്നങ്ങളെന്തെങ്കിലും വരുമ്പോള്‍ മാത്രമാണ് നാം അതിന്റെ വില തിരിച്ചറിയുന്നത്. കണ്ണുണ്ടാവുമ്പോള്‍ തന്നെ അതിന്റെ വില തിരിച്ചറിയുന്നവനാണ് യഥാര്‍ത്ഥ ബുദ്ധിശാലി. അവന്‍ സദാ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും, നാഥാ, നിന്റെ സൃഷ്ടികര്‍മ്മം എത്ര അല്‍ഭുതകരം. നീയെത്ര പരിശുദ്ധന്‍, നിനക്കാണ് സര്‍വ്വ സ്തുതിയും.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter