ഇഖ്റഅ് 01- വായിക്കാം, വിസ്മയാവഹമായ ഈ പ്രപഞ്ചത്തെ
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍. മനുഷ്യസമൂഹത്തിനൊന്നടങ്കം സന്മാര്‍ഗ്ഗമായി അവതരിച്ച ആ ഗ്രന്ഥം തുടങ്ങുന്നത് തന്നെ ഇഖ്റഅ് അഥവാ വായിക്കുക, എന്ന നിര്‍ദ്ദേശത്തോടെയാണ്. ശേഷമുള്ള ഇരുപത്ത് മൂന്ന് വര്‍ഷങ്ങളിലൂടെ പ്രവാചകര്‍ക്ക് അവതീര്‍ണ്ണമായതെല്ലാം വായിക്കാനുള്ളതായിരുന്നു, നാഥനെ വേണ്ടവിധം മനസ്സിലാക്കി, അവന്റെ നാമത്തില്‍ അവ വായിച്ചാല്‍, ഏത് സമൂഹവും ഏറ്റവും ഉത്തമരായി മാറുമെന്നത് അത് തെളിയിക്കുക കൂടി ചെയ്തു. ആ ഗ്രന്ഥത്തിന്റെ അവതരണ മാസമായ ഈ വിശുദ്ധ റമദാനില്‍ നമുക്കും അവയില്‍ ചിലത് വായിക്കാന്‍ ശ്രമിക്കാം...
ഇഖ്റഅ് 01- വായിക്കാം, വിസ്മയാവഹമായ ഈ പ്രപഞ്ചത്തെ
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
തട്ടുകളായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് (അവന്‍). കരുണാനിധിയായ അല്ലാഹുവിന്റെ സൃഷ്ടിയില്‍ യാതൊരു ഏറ്റവ്യത്യാസവും നീ കാണുകയില്ല. എന്നാല്‍, നീ ഒന്ന് നിന്റെ ദൃഷ്ടി കൊണ്ട് ആവര്‍ത്തിച്ചു നോക്കൂ, വല്ല വിടവും നീ കാണുന്നുണ്ടോ? പിന്നെയും നിന്റെ ദൃഷ്ടികള്‍ കൊണ്ട് രണ്ടു വട്ടം ആവര്‍ത്തിച്ചുനോക്കുക. എന്നാല്‍, ദൃഷ്ടികള്‍ പരാജയമടഞ്ഞ നിലയില്‍ നിന്നിലേക്കുതന്നെ തിരിച്ചുവരും. അതാവട്ടെ അങ്ങേയറ്റം ക്ഷീണിച്ചതുമായിരിക്കും (സൂറതുല്‍ മുല്‍ക് – 3,4)
മനുഷ്യന് മുന്നില്‍ പരന്ന് കിടക്കുന്ന ഏറ്റവും പ്രകടവും പ്രവിശാലവുമായ പുസ്തകമാണ് ഈ പ്രപഞ്ചം. തൂണുകളില്ലാതെ നിലകൊള്ളുന്ന ആകാശവും ജീവജാലങ്ങള്‍ക്കെല്ലാം അനുഗുണമാം വിധം ആവശ്യമായതെല്ലാം സംവിധാനിക്കപ്പെട്ട ഭൂമിയും ആരെയും അല്‍ഭുതപ്പെടുത്താതിരിക്കില്ല. തമ്മില്‍ കൂട്ടമുട്ടുകയോ വ്യതിചലിക്കുകയോ ചെയ്യാതെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യനക്ഷത്രാദികള്‍, അലകളടങ്ങാതെ സദാസമയവും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്ന സാഗരവീചികള്‍, ചെറുകൃമി കീടങ്ങള്‍ മുതല്‍ ആഫ്രിക്കന്‍ ആനകള്‍ വരെയുള്ള ജീവജാലങ്ങള്‍ക്കെല്ലാം സുഖവാസമൊരുക്കുന്ന പ്രവിശാലമായ വിരിപ്പായി പരന്ന് കിടക്കുന്ന ഭൂപ്രദേശങ്ങള്‍, ഇവയെല്ലാം വായിക്കാനുള്ള പുസ്തകങ്ങളാണ്. വായിച്ചാലും വായിച്ചാലും തീരാത്ത അമൂല്യ താളുകളാണ് അവ ഓരോന്നും.
Read More: റമദാന്‍-1 – നവൈതു സൌമ ഗദിന്‍...
ശബ്ദകോലാഹലങ്ങളില്‍നിന്നെല്ലാം അകന്ന്, സ്വഛമായ മനസ്സുമായി, രാത്രി കാലത്ത് ആകാശത്തേക്ക് നോക്കി കിടന്ന് നോക്കൂ. അവിടെ കാണുന്ന ചന്ദ്രനും അവിരാമം ചലിച്ചുകൊണ്ടിരിക്കുന്ന കാര്‍മേഘക്കൂട്ടങ്ങളും അങ്ങ് ദൂരെ ദൂരെ മിന്നിത്തെളിയുന്ന കൊച്ചു താരകങ്ങളുമെല്ലാം ചേര്‍ന്ന് ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകളെ, വാക്കുകള്‍ കൊണ്ട് എങ്ങനെ വര്‍ണ്ണിക്കാനാണ്. കാണുന്നതിനേക്കാള്‍ അനേകവും അനന്തവുമാണത്രെ നാം കാണാത്ത നക്ഷത്രക്കൂടങ്ങളും അവ ഉള്‍ക്കൊള്ളുന്ന സൌരയൂഥങ്ങളും. അവയെല്ലാം ഒരു വേള മനസ്സിലൂടെ കടന്നുപോവുമ്പോള്‍, എത്രമാത്രം ചെറുതാണ് നാമെന്ന് സ്വയം ബോധ്യപ്പെടാതിരിക്കില്ല.
പലയിടത്തും നാഥന്‍ ആകാശത്തെ പിടിച്ച് സത്യം ചെയ്യുന്നതും അത് കൊണ്ട് തന്നെയാവാം. വിശാലമായ ആ പുസ്തകത്തിന്റെ താളുകളോരോന്നും അവയിലെ ഓരോ വാക്കുകളും വാക്യങ്ങളും നാഥന്റെ നാമത്തില്‍ വായിച്ചാല്‍, തീര്‍ച്ചയായും നാം അറിയാതെ പറഞ്ഞുപോകും, ഞങ്ങളുടെ നാഥാ, നീ ഇത് സൃഷ്ടിച്ചത് അര്‍ത്ഥശൂന്യമായിട്ടല്ല, നീയെത്ര പരിശുദ്ധനാണ് എന്ന്.
ഇഖ്റഇന്റെ ഈ ദിനങ്ങളില്‍ നമുക്ക് വായിച്ചുകൊണ്ടേയിരിക്കാം.. സൃഷ്ടിച്ച നാഥന്റെ നാമത്തില്‍.
Leave A Comment