എന്താണ് ഖിലാഫത്ത് ? ദാഇശും ഖിലാഫത്തും തമ്മിലെന്ത്?
ഇസ്‍ലാമിക ചരിത്രത്തില്‍ പൊതുവായും ഒന്നാം ലോക മഹായുദ്ധാനന്തരം ആധുനിക ലോക ചരിത്രത്തിലും നമ്മുടെ മലബാറിന്റെ സാമൂഹ്യ സമരങ്ങളില്‍ വരെയും പ്രത്യേകമായും പരാമര്‍ശിക്കപ്പെടുന്ന സംജ്ഞയാണ് ഖിലാഫത്. നിലവിലെ ആഗോള രാഷ്ട്രീയത്തിലും ഐസിസിനോട് ചേര്‍ത്തി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സങ്കേതം നമുക്കൊന്ന് പരിചയപ്പെടാം.
പ്രവാചകര്‍ മുഹമ്മദ് നബി (സ) മക്കയിലും മദീനയിലുമായി ആരംഭിച്ച മതാത്മക സാമൂഹിക രാഷ്ട്രീയ ക്രമങ്ങളുടെ തുടര്‍ച്ചാസംവിധാനമാണ് ഖിലാഫത്ത്. പ്രാതിനിധ്യം എന്നാണ് ഈ അറബി പദത്തിന്റെ മൂലാര്‍ത്ഥം. ഖലീഫതു റസൂലില്ലാഹ് അഥവാ അല്ലാഹുവിന്റെ തിരുദൂതരുടെ പ്രതിനിധി എന്നര്‍ഥത്തിലാണ് ഖലീഫ പ്രയോഗത്തില്‍ വരുന്നത്.
മക്കയില്‍ ഇസ്‍ലാം വരുന്നതിന് മുമ്പ് സാര്‍വത്രികമായി ഉപയോഗിക്കപ്പെട്ടിരുന്നത് രാജാവ് എന്നര്‍ത്ഥം വരുന്ന മലിക് എന്ന പദമായിരുന്നു. അതിന് പകരമാണ്, പ്രവാചകര്‍ക്ക് ശേഷം ഇസ്‍ലാമിക രാഷ്ട്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തവര്‍, ഖലീഫ എന്ന പേര് സ്വീകരിച്ചത്.
പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ വിയോഗ ശേഷം ആ നേതൃസ്ഥാനത്ത് ഇനിയാര് എന്ന ചര്‍ച്ചകള്‍ അനുചരര്‍ക്കിടയില്‍ സജീവമായിരുന്നു. മദീനയിലെ ബനൂ സാഇദ ഗോത്രത്തിന്റെ സഖീഫ അങ്കണത്തില്‍ നടന്ന ചര്‍ച്ചകളാണ് അബൂബക്ര്‍ സിദ്ദീഖ് (റ)യെ ആദ്യ ഖലീഫയായി തെരെഞ്ഞടുക്കാനുള്ള തീരുമാനത്തിലെത്തുന്നത്. തുടര്‍ന്ന് അബൂബക്ര്‍ സിദ്ദീഖ് (റ), ഉമര്‍ ബിന്‍ ഖത്താബ് (റ), ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍(റ), അലി ബിന്‍ അബീ ത്വാലിബ് (റ) എന്നിവരാണ് ഇസ്‍ലാമിക ചരിത്രത്തിലെ ആദ്യ നാല് ഖലീഫമാര്‍. ഖുലഫാഉറാശിദൂന്‍/ സച്ചരിതരായ പ്രവാചക പ്രതിനിധികള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മുപ്പത് വര്‍ഷക്കാലത്തെ സംഭവബഹുലമായ ഭരണകാലമായിരുന്നു അത്. പിന്നീട് വന്ന, അമവിയ്യ, അബാസിയ്യ, ഉസ്മാനിയ്യ ഭരണകൂടങ്ങളും ഖിലാഫത്തുകളായി തന്നെയാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്.
മുസ്‌ലിം ഭരണാധികാരിയുടെ നേതൃത്വത്തില്‍ ഉപാധികളോടെ മതനിയമങ്ങള്‍ക്കനുസൃതമായി ചലിക്കുന്ന മുസ്‌ലിം ഭരണ വ്യവസ്ഥയാണ് ഖിലാഫത്. സാമൂഹിക നീതിയും സുരക്ഷയും മതത്തിന്റെയും വിശ്വാസികളുടെയും നിലനില്‍പ്പും ഖിലാഫത്തില്‍ നിര്‍ണായക ഘടകങ്ങളാണ്. അല്ലാഹു മനുഷ്യനെ ഭൂമിയിലേക്ക് പ്രതിനിധിയായി നിയോഗിച്ചിരിക്കുന്നുവെന്ന് പറയുന്ന, സൂറത്തുല്‍ ബഖറയിലെ മുപ്പതാം സൂക്തമാണ് ഖിലാഫത് എന്ന സങ്കേതത്തിന്റെ അടിസ്ഥാനം.
ഇസ്‍ലാമിക ശരീഅതിന്റെ നിയമങ്ങള്‍ സമഗ്രമായി നടപ്പില്‍ വരുത്താനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഖിലാഫത്ത് വിവക്ഷിക്കപ്പെടുന്നത്. ഖിലാഫത്തിന്റെ യോഗ്യത, അതിന്റെ ചട്ടക്കൂട് എന്നിവയുമായി ബന്ധപ്പെട്ട് സുന്നി-ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ അനേകം ഭിന്നതകള്‍ രൂപപ്പെട്ടതായികാണാം. ചരിത്രകാരനും മുസ്ലിം പണ്ഡിതനായ ഇബ്‌നു ഖല്‍ദൂന്‍ ഖിലാഫത്തിനെ പരിചയപ്പെടുത്തുന്നത് മുസ്‍ലിം സമൂഹത്തിന്റെ മത സുരക്ഷയും ഭൗതിക ജീവിതത്തിന്റെ നേതൃത്വവും ഉറപ്പുവരുത്തുന്ന ഭരണസംവിധാനം എന്നര്‍ഥത്തിലാണ്. വിജ്ഞാനം, വ്യക്തിഗുണങ്ങള്‍, നേതൃപാടവം, ആരോഗ്യം എന്നീ മാനദണ്ഡങ്ങള്‍ ഖിലാഫത്ത് നല്‍കപ്പെടാനുള്ള യോഗ്യതകളായി കര്‍മശാസ്ത്രപണ്ഡിതര്‍ എണ്ണുന്നുണ്ട്.
ഖിലാഫത്ത് എന്ന സങ്കല്‍പ്പനത്തിന്റെ അര്‍ഥങ്ങളെ പലതരം മേഖലകളിലൂടെ ചര്‍ച്ചചെയ്യുന്ന അനേകം കൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം മാവര്‍ദിയുടെ അല്‍ അഹ്കാമു സുല്‍ത്വാനിയ്യ, ഇമാം ഗസാലിയുടെ അത്തിബ്‌റുല്‍ മസ്ബൂക് ഫീ നസ്വീഹത്തില്‍ മുലൂക്, ഇബ്‌നുതൈമിയ്യയുടെ അസ്സിയാസതുശ്ശറഇയ്യ ഫീ ഇസ്‍ലാഹി റാഇര്‍റഇയ്ച, ഇബ്‌നു ഖയ്യിമുല്‍ ജൗസിയുടെ അത്തുറുഖുല്‍ ഹുകൂമിയ്യ ഫിസ്സിയാസത്തി ശറഇയ്യ, ഇബ്‌നു ഖുതൈബയുടെ അല്‍ ഇമാമ വസ്സിയാസ, നിളാമുല്‍ മുല്‍കിന്റെ സിയാസത് നാമ, അലി അബ്ദു റസാഖിന്റെ അല്‍ ഇസ്‍ലാം വഉസൂലുല്‍ ഹുക്ം, ഉസാമ അസ്ഹരിയുടെ അല്‍ ഹഖു ഉല്‍ മുബീന്‍ ഫീ റദ്ദീ അലാ മന്‍ തലാഅബ ബിദ്ദീന്‍ എന്നീ കൃതികള്‍ അവയില്‍ പ്രധാനമാണ്.
മുസ്‍ലിം ലോകത്ത് ഖിലാഫത്തിനെക്കുറിച്ച് സുന്നി-ശിയാ-ഇഖ്‍വാനീ ധാരകള്‍ക്കിടയിലും വിഭിന്ന അഭിപ്രായങ്ങളാണുള്ളത്. പ്രവാചകന്‍ മുഹമ്മദ് (സ)യ്ക്ക് ശേഷം ഖുലഫാഉ റാശിദീങ്ങളുടെ ശ്രേണി തന്നെയാണ് ശരി എന്ന് സുന്നി പക്ഷം വാദിക്കുമ്പോള്‍, നബി(സ) ക്ക് ശേഷം ആ സ്ഥാനത്തിന് അര്‍ഹന്‍ അലി (റ)വും ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ഹസന്‍ (റ) വുമാണെന്നാണ് ശിയാക്കളുടെ വാദം. അതേസമയം, ഖിലാഫത്തുല്ലാഹ് അഥവാ, ദൈവാധികാരം എന്ന ആശയത്തിലൂടെ പാന്‍ ഇസ്‍ലാമിക് മൂവ്‌മെന്റിന് വേണ്ടി വാദിക്കുന്നതാണ് മൌദൂദിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുന്ന ഇഖ്‍വാനുല്‍ മുസ്‍ലിമീന്‍റെ നിലപാട്.
ലോകരാഷ്ട്രങ്ങളില്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഉദയം ചെയ്തതിന് ശേഷം പ്രത്യക്ഷപ്പെട്ട താലിബാന്‍, അല്‍ഖായിദ, ഐസിസ് തുടങ്ങിയവയെല്ലാം ഇസ്‍ലാമിക ഖിലാഫത്തിനെ തങ്ങളുടേതായി ഉയര്‍ത്തിക്കാണിക്കുന്നുവെങ്കിലും, അവയെല്ലാം ഖിലാഫതിന്റെ മൗലിക സങ്കല്‍പ്പങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ആഗോള തലത്തില്‍ ഇസ്‍ലാമും മുസ്‍ലിംകളും ഖിലാഫത് അടക്കമുള്ള പദാവലികളുമെല്ലാം തെറ്റിദ്ധരിക്കപ്പെടാനും തീവ്രവാദത്തിന്റെ പ്രതീകങ്ങളായി മുദ്ര കുത്തപ്പെടാനും അത്തരം സംഘങ്ങള്‍ കാരണമായി എന്ന് പറയാതെ വയ്യ. അവയുടെയെല്ലാം പിന്നില്‍ ആരാണെന്നതിനെ ചുറ്റിപറ്റിയുള്ള സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതും അത് കൊണ്ട് തന്നെ.
Leave A Comment