ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-24 തിരുപ്പറവിയുടെ മാസം, തുര്‍കിയിലൂടെ നടക്കുമ്പോള്‍
ഇത് റബീഉല്‍ അവ്വല്‍ മാസം...
ഞങ്ങള്‍ ദര്‍വീശുമാര്‍ക്ക് ഏറെ ആനന്ദകരമാണ് ഈ മാസത്തിന്റെ പേര് പോലും. ലോകമുസ്‍ലിംകളെല്ലാം പ്രവാചകതിരുമേനിയുടെ പ്രകീര്‍ത്തനങ്ങളില്‍ മുഴുകുന്ന സമയമാണല്ലോ ഇത്. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും ഈ മാസത്തില്‍ മദ്ഹ് ഗീതങ്ങള്‍ ആസ്വദിക്കാം, പ്രവാചകരെ പുകഴ്ത്തുന്ന മൌലിദ് സദസ്സുകളില്‍ ചെന്നിരിക്കാം, എവിടെയും എപ്പോഴും സ്വര്‍ഗ്ഗാരാമം തീര്‍ത്ത പ്രതീതിയാണ് ഈ മാസം എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്.
ഭൂരിഭാഗരാജ്യങ്ങളിലെയും അവസ്ഥ ഇതാണെങ്കിലും തുര്‍ക്കിയിലെത്തുന്നതോടെ അതിന് സൌന്ദര്യവും സൌരഭ്യവും വര്‍ദ്ധിക്കുന്നത് പോലെയാണ് എനിക്ക് തോന്നാറ്. ഉസ്മാനി ഖലീഫമാരുടെ കാലം മുതലേ ഔദ്യോഗിക രീതികളിലാണ് ഇവിടെ മീലാദ് ആഘോഷങ്ങള്‍ നടന്നുവരുന്നത്. ഇടക്ക് രാജ്യം ആധുനികതയിലേക്ക് തെളിക്കപ്പെട്ടപ്പോഴും, നാട്ടുകാര്‍ ആ സുകൃതം വിടാതെ മുറുകെ പിടിച്ചു എന്ന് വേണം പറയാന്‍.
റബീഉല്‍അവ്വല്‍ പിറക്കുന്നതോടെ, തുര്‍ക്കിയുടെ തെരുവോരങ്ങള്‍ അലംകൃതമാവുന്നു. എങ്ങും തോരണങ്ങളും ദീപാലങ്കാരങ്ങളും നിറഞ്ഞ പാതകളിലൂടെ നടക്കാന്‍ തന്നെ വല്ലാത്തൊരു രസമാണ്. പള്ളികളും മിനാരങ്ങളുമെല്ലാം ആ പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്നു. പ്രശസ്തങ്ങളായ ഹയാ സോഫിയ മസ്ജിദ്, സുലൈമാനിയ്യ മസ്ജിദ്, ഫാത്തിഹ് മസ്ജിദ് എന്നിവയെല്ലാം പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ പുളകിതമാവുന്നു.
പ്രവാചകരുടെ പേര് പരാമർശിക്കുമ്പോഴെല്ലാം സ്വാലത് ചെല്ലുന്നതോടൊപ്പം, തലകുനിച്ച് നെഞ്ചിൽ കൈ വെക്കുന്നത് തുര്‍കികളുടെ പ്രത്യേക രീതിയാണ്. ഉസ്മാനിയ്യ സംസ്കാരത്തിന്റെ ബാക്കിപത്രമാണ് ഈ ആദരപ്രകടനം. ഇതേ കുറിച്ച് ഒരു വൃദ്ധന്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, പ്രവാചകരുടെ പേര് കേൾക്കുന്ന അവസരത്തിൽ കൈകൾ ഹ്യദയഭാഗത്ത് വെക്കുമ്പോൾ വല്ലാത്ത ഒരു ശാന്തതയാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. അവിടുന്ന് കോരിത്തരുന്ന ഹൗളുൽ കൗസർ കുടിക്കാനായി തല കുനിക്കുന്ന പ്രതീതിയും അത് ഞങ്ങളിൽ ജനിപ്പിക്കുന്നു. പ്രിയപ്പെട്ട പ്രവാചകന്റെ സ്മരണ സദാ തങ്ങളുടെ ഹൃദയങ്ങളിലുണ്ടെന്നും ആ പ്രവാചകനെ സര്‍വ്വാത്മനാ നെഞ്ചേറ്റുകയാണ് തങ്ങളെന്നും കൂടി അത് സൂചിപ്പിക്കുന്നുണ്ട്. നബി തങ്ങളുടെ പെരു കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലി രണ്ടു തള്ള വിരലുകളില്‍ ഊതി ആ വിരലുകൾ കണ്ണിൽ തടവുന്ന ഉത്തരേന്ത്യൻ രീതിയും ചില ദർവീശുമാർ കൊണ്ടു നടക്കാറുണ്ട്.
ഇന്ത്യയിലും കേരളത്തിലും മൗലിദ് വരുന്നതിന്റെ മുമ്പു തന്നെ സൽജൂഖികളുടെ അനാട്ടോളിയയിൽ മൗലിദുകൾ നിലവിലുണ്ട്. തുർക്കി ഭാഷയിലും മറ്റുമായി ഇരുന്നൂറിലധികം മൗലിദുകൾ അവിടെ പ്രചാരത്തിലുണ്ട്. മുന്‍കഴിഞ്ഞുപോയ പല സ്വൂഫികളും അവരുടേതായ മൌലിദുകള്‍ രചിക്കുകയും ഇന്നും അവരുടെ സരണികളും ഗാഹുകളും അവയുടെ പാരായണം തുടരുകയും ചെയ്യുന്നുണ്ട്. എഡി. 1409-ൽ സൂഫിയും ബുർസയിലെ ഇമാമുമായ സുലൈമാൻ ചെലെബിയുടെ "വസീലത്തുൻ നജാദ് മെവ്ലീദ്" ഇതിൽ പ്രധാനപ്പെട്ടതാണ്.
ഒട്ടോമൻ രാജാക്കന്മാര്‍ പ്രവാചക സ്നേഹത്തിന് പേര് കേട്ടവരായിരുന്നുവല്ലോ. അവരുടെ കാലത്ത് സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഒട്ടേറെ പ്രവാചക പ്രകീര്‍ത്തന രചനകള്‍ നടന്നിട്ടുണ്ടായിരുന്നു. വളരെ വലിയ ബഹുമാനത്തോടെയാണ് ഇന്നും തുര്‍കികള്‍ ആ മൌലിദുകള്‍ ഓതുന്നതും കേള്‍ക്കുന്നതും. മെവ്‌ലിദ്, മുഹമ്മദിയെ, അഹമ്മദിയെ, കാര ദാവുദ്, മുസെക്കിൻ-നൂഫസ് എന്നിവ അവയില്‍ ചിലതാണ്. പ്രവാചകരോടുള്ള സ്‌നേഹത്തിന്റെ ഭാഗമായി പ്രവാചക കുടുംബമായ സയ്യിദുമാര്‍ക്കും അവർ വലിയ ആദരവ് നല്കിയിരുന്നു. ഒട്ടോമൻ നിയമപ്രകാരം സയ്യിദുകൾ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ഭണകൂടം അവർക്ക് പ്രത്യേക പെൻഷൻ നൽകുകയും ചെയ്തിരുന്നു. സാമ്രാജ്യത്തിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള സയ്യിദിന് നഖീബുല്‍ അശ്റാഫ് എന്ന സ്ഥാന നാമം വരെ നൽകപ്പെട്ടിരുന്നു.
മദീനയിലെ മസ്ജിദുന്നബവിയിൽ ആദ്യമായി വൈദ്യുതി എത്തിച്ചതും ഉസ്മാനിയ ഖലീഫയായിരുന്നു അബ്ദുല്‍ഹമീദ് രണ്ടാമനായിരുന്നു. തന്റെ കൊട്ടാരത്തില്‍ വൈദ്യുതി എത്തും മുമ്പ് പ്രവാചകന്റെ പള്ളിയില്‍ അത് എത്തിയിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മദീനാപള്ളിയില്‍ സ്ഥാപിച്ച ബള്‍ബുകളിലൊന്ന് അദ്ദേഹം ബര്‍കതിനായി തുര്‍കിയിലേക്ക് കൊണ്ട് പോയതും അവിടത്തെ പുരാതന പള്ളിയില്‍ സ്ഥാപിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-21 ബിസിലി ബാബ- പൂച്ചകളെ സ്നേഹിച്ച ശൈഖിന്റെ നാട്ടിലൂടെ
ആ സ്നേഹവും ആദരവും ഇന്നും തുര്‍ക്കികള്‍ തുടര്‍ന്നുപോരുന്നുണ്ടെന്ന് റബീഉല്‍അവ്വല്‍ മാസത്തിലെ അവിടത്തെ തെരുവോരങ്ങള്‍ നമ്മോട് പറയും. കഹ്‍വ (പ്രത്യേക കോഫി) പ്രേമികളായ തുർക്കികൾ മൌലിദു സദസ്സിൽ അവരുടെ ശൈഖിന് ചുറ്റും ഒരുമിച്ചുകൂടുന്നു. ഏറെ ശാന്തമായാണ് അവര്‍ മൌലിദ് പാരായണം ചെയ്യുന്നത്. ഇമാം ബുഖാരിയുടെ നാട്ടിലെ ഈണമാണ് അവർ തുടരുന്നത്. മൌലിദുകള്‍ പാരായണം ചെയ്യുന്നത് മാത്രമല്ല, കേള്‍ക്കുന്നതും അവര്‍ വളരെ പുണ്യകരമായി കണക്കാക്കുന്നു. വായനാ സംസ്കാരത്തോടൊപ്പം തന്നെ ശ്രവണ സംസ്കാരം കൂടി സൂക്ഷിക്കുന്നവരാണല്ലോ തുര്‍ക്കികള്‍. അത് മൌലിദുകളുടെ കാര്യത്തിലും ബാധമാക്കി, പ്രവാചക പ്രകീര്‍ത്തനങ്ങളെ നിത്യജീവിതത്തിന്റെ ഭാഗമാക്കി നിര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്.
ഖിലാഫതിന് ശേഷം വന്ന ആധുനികതയുടെ കൊടുങ്കാറ്റിലും പിടിവിടാതെ തുര്‍ക്കി വീണ്ടും യഥാര്‍ത്ഥ ഇസ്‍ലാമിക രീതികളിലേക്ക് തിരിച്ച് നടന്നതും ഒരു പക്ഷെ, ഇത്തരം നല്ല ശീലങ്ങളെ കൊണ്ട് തന്നെയാവാം.
Leave A Comment