സഈദു ബ്നു ആമിര്‍ (റ)

മക്കയുടെ പ്രാന്ത പ്രദേശമായ തന്‍ഈമില്‍ തടിച്ചു കൂടിയ ആ പുരുഷാരത്തിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു ചുറുചുറുക്കും പ്രസരിപ്പുമുള്ള സഈദു ബ്നു ആമിറെന്ന യുവാവ്. അവിടെ ജനമദ്ധ്യത്തില്‍ ഒരു പൊക്കമേറിയ സ്ഥലത്ത് തളര്‍ച്ച ബാധിച്ചതെങ്കിലും അവര്‍ണ്ണനീയമായൊരു ശാന്തിയും ദിവ്യശോഭയും കളിയാടുന്ന മുഖത്തോടെ ഖുബൈബു ബ്നു അദിയ്യ‍് നിന്നു. തന്നെ കുരിശില്‍ തറക്കുന്ന കാഴ്ച കണ്‍നിറയെ കണ്ട് തൃപ്തിയടയാന്‍ വന്ന ഇരമ്പി നില്‍ക്കുന്ന ആ ജനക്കൂട്ടത്തിനു നേര്‍ക്ക് തന്നെ ബന്ധിച്ച ചങ്ങലയും പേറി അദ്ദേഹം അക്ഷോഭ്യനായി നോക്കി. സഈദിന് കാഴ്ചകള്‍ വ്യക്തമായി കാണാമായിരുന്നു. ഖുബൈബിന്‍റെ രക്തത്തിനായി ഉയരുന്ന മുറവിളികള്‍ക്കിടയില്‍ അദ്ദേഹം ആ അധരങ്ങള്‍ പതിയെ മൊഴിയുന്നത് ഇങ്ങനെ കേട്ടു :"നിങ്ങളനുവദിച്ചാല്‍ എനിക്ക് രണ്ട് റക്അത്ത് നിസ്ക്കരിക്കണമായിരുന്നു." വശ്യ സുന്ദരവും അതിഹൃസ്വവുമായ നിസ്ക്കാരം.... ഞാനിതാ നിന്നിലേക്ക് മടങ്ങുന്നുവെന്ന് തന്‍റെ നാഥനോട് മന്ത്രിക്കും പോലെ....

കഴുമരത്തിലേറ്റിയ ഖുബൈബിന്‍റെ പൂമേനിയില്‍ നിന്ന് ഖുറൈശികള്‍ അവയവങ്ങളോരോന്നായി ഛേദിച്ചെടുക്കാന്‍ തുടങ്ങി. വേദനയോടെ പുളയുന്ന അദ്ദേഹത്തൊടവര്‍ ഇടയ്ക്ക് ആരാഞ്ഞു:'നീ രക്ഷപ്പെട്ട് നിന്‍റെ സ്ഥാനം മുഹമ്മദിനു നല്‍കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?' 'എന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷയേക്കാള്‍ എന്‍റെ വേവലാതി എന്‍റെ പ്രേമഭാജനത്തിന്‍റെ പാദത്തില്‍ ഒരു മുള്ള് തറക്കുന്നതിലാണെ'ന്ന കലര്‍പ്പില്ലാത്ത സ്നേഹത്തിന്‍റെ ഉറച്ച പ്രഖ്യാപനത്തിനു മുന്നില്‍ സകല നിയന്ത്രണവും നഷ്ടപ്പെട്ട് അവര്‍ ഇഞ്ചിഞ്ചായി ആ കൃത്യം പൂര്‍ത്തിയാക്കി. തന്‍റെ അന്ത്യവേളകളില്‍ ആ അധരത്തില്‍ നിന്ന് ഖുറൈശികള്‍ക്കു മേല്‍ ഉതിര്‍ന്നു വീണ ശാപവചനം കാഴ്ച കണ്ട് രസിച്ചു നിന്നിരുന്ന സഈദിന്‍റെ കാതുകളില്‍ വ്യക്തമായി പതിഞ്ഞു. മക്കക്കാര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങി. ജീവിതത്തിന്‍റെ മുന്നോട്ടുള്ള ഗമനത്തിനിടയില്‍ അവര്‍ ഖുബൈബിനെയും അദ്ദേഹത്തിന്‍റെ നിഷ്ഠൂരമായ അന്ത്യത്തെയും ഓര്‍മ്മകളുടെ അരികിലേക്ക് നിര്‍ത്തി. എന്നാല്‍ സഈദെന്ന ചെറുപ്പക്കാരനെ മാത്രം ആ ദിവസം വേട്ടയാടിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്‍റെ പകല്‍വേളകള്‍ ഖുബൈബിന്‍റെ ഓര്‍മകളാല്‍ നിണവര്‍ണ്ണമണിഞ്ഞു. രാത്രിയുറക്കങ്ങളില്‍ ഖുബൈബ് അന്ത്യവേളയിലുരുവിട്ട ഭൂമി പിളര്‍ക്കുന്ന ആ ശാപവചനങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ അസ്വസ്ഥപൂര്‍ണ്ണമായ പ്രതിധ്വനിയായി പെയ്ത് അദ്ദേഹം ഞെട്ടിയുണര്‍ന്നു.

സഈദ് ചിന്തിക്കാന്‍ തുടങ്ങുകയായിരുന്നു; ഖുബൈബിന്‍റെ മുഖത്ത് കളിയാടിയിരുന്ന ആ അഭൌമ ശോഭയെക്കുറിച്ച്, അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ചയും മനസ്സിന് തീര്‍ച്ചയും നല്‍കിയ തന്‍റെ വിശ്വാസത്തോടും ആദര്‍ശത്തോടുമുള്ള അദ്ദേഹത്തിന്‍റെ പ്രതിപത്തിയെക്കുറിച്ച്, സര്‍വ്വോപരി തന്‍റെ ജീവനുപരി അദ്ദേഹം സ്നേഹിക്കുന്ന ആ മഹാമനീഷിയെക്കുറിച്ച്. ഒടുക്കം ഖുബൈബിന്‍റെ വഴിയിലേക്ക്, അദ്ദേഹത്തെപ്പോലെ ആയിരങ്ങള്‍ ജീവന്‍ നല്‍കി സംരക്ഷിച്ച മഹത്തായ ആദര്‍ശത്തിന്‍റെ രാജവീഥിയിലേക്ക് സഈദു ബ്നു ആമിറും നടന്നു കയറി.

മദീനയിലേക്ക് ഹിജ്റ ചെയ്ത സഈദു ബ്നു ആമിര്‍ തിരുനബി(സ)യുടെ നിഴലായി മാറി. ഖൈബറിലും ശേഷം നടന്ന വിശുദ്ധയുദ്ധങ്ങളിലും ഇസ്ലാമിന്‍റെ ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ പോരാട്ടവീര്യം അനുഭവിച്ചറിഞ്ഞു. ഐഹിക ജീവിതത്തിന്‍റെ നിസ്സാരത തിരിച്ചറിഞ്ഞ അദ്ദേഹം സമ്പൂര്‍ണ്ണമായ ഭൌതിക വിരക്തിയുടെ പാത കൈക്കൊണ്ട് തന്‍റെ ശിഷ്ടജീവിതം നയിച്ചു. പുണ്യ റസൂലി(സ)ന്‍റെ കാലശേഷം ഖലീഫമാരായ അബൂബക്കറും(റ) ഉമറും(റ) അദ്ദേഹത്തിന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ സദാ സന്നദ്ധരായി നിലകൊണ്ടു. ഉമറി(റ)ന്‍റെ കാലത്ത് അദ്ദേഹം ഹിംസിലെ ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടു. അധികാരമെന്ന മഹാപരീക്ഷണം താങ്ങാന്‍ തന്‍റെ ദുര്‍ബ്ബല മേനിക്ക് കരുത്തില്ലെന്ന അദ്ദേഹത്തിന്‍റെ ന്യായങ്ങള്‍ അമീറുല്‍ മുഅ്മിനീന്‍റെ മുന്നില്‍ വിലപ്പോവുന്നതായിരുന്നില്ല.

ഗവര്‍ണറുടെ പദവിയിലിരിക്കുമ്പോഴും ദരിദ്രരില്‍ ദരിദ്രനായാണ് അദ്ദേഹം കഴിഞ്ഞത്. മദീന സന്ദര്‍ശിച്ച ചില ഹിംസുകാരോട് തങ്ങളുടെ നാട്ടിലെ ദരിദ്രരുടെ പേരെഴുതി നല്‍കാന്‍ പറഞ്ഞ ഖലീഫക്ക് അവര്‍ ആദ്യം നല്‍കിയ പേര് തങ്ങളുടെ ഗവര്‍ണറുടേതായിരുന്നു. അങ്ങനെയിരിക്കെ ഉമര്‍(റ) തന്‍റെ ശാം സന്ദര്‍ശനത്തിനിടയില്‍ ഹിംസിലുമെത്തി. ഭരണാധിപരെക്കുറിച്ചു പരാതി പറയുന്നതില്‍ കൂഫക്കാരെപ്പോലെ പേരെടുത്തത് മൂലം കൊച്ചു കൂഫ എന്നറിയപ്പെട്ടിരുന്ന ഹിംസിലെ ജനങ്ങള്‍ പ്രതീക്ഷിച്ച പോലെ തങ്ങളുടെ ഗവര്‍ണറെക്കുറിച്ച് പരാതിയുടെ നീണ്ട നിര തന്നെ ഖലീഫക്കു മുന്നില്‍ നിരത്തി. ജനങ്ങളുടെ പരാതി കേട്ടു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഇടക്കിടെ ബോധക്ഷയം സംഭവിക്കുകയും പരാതിക്കാര്‍ ഇതുമൂലം പ്രയാസമനുഭവിക്കുകയും ചെയ്യുന്നു എന്നായിരുന്നു അവയിലൊന്ന്. പരാതികള്‍ സശ്രദ്ധം കേട്ട ഉമര്‍(റ) ഗവര്‍ണറായ സഈദ് ബ്നു ആമിറി(റ)നെയും ജനങ്ങളെയും ഒരുമിച്ചു കൂട്ടി.

പുണ്യനബി(സ)യുടെ അരുമ ശിഷ്യനെക്കുറിച്ചുള്ള തന്‍റെ ധാരണകളില്‍ മാറ്റം വരുത്തല്ലെ നാഥാ എന്ന പ്രാര്‍ത്ഥനയായിരുന്നു അദ്ദേഹത്തിന്‍റെ ഉള്ളം നിറയെ. സഈദി(റ)നോട് പരാതികള്‍ ആവര്‍ത്തിക്കപ്പെട്ടു. അദ്ദേഹം നിര്‍ഭയനായി ഓരോന്നിനും കൃത്യമായ മറുപടിയും നല്‍കി. തന്‍റെ ഇടക്കിടെയുള്ള ബോധക്ഷയത്തെക്കുറിച്ചുള്ള പരാതി ഉയര്‍ന്നപ്പോള്‍ അദ്ദേഹമൊന്ന് നിശ്ശബ്ദനായി. പിന്നെ മടിച്ച് സജലങ്ങളായ നയനങ്ങളും വിറക്കുന്ന അധരങ്ങളുമായി പറഞ്ഞു തുടങ്ങി:"അമീറുല്‍ മുഅ്മിനീന്‍... ഖുറൈശികള്‍ മഹാനായ ഖുബൈബു ബ്നു അദിയ്യി(റ)നെ കഴുമരത്തിലേറ്റി ഇഞ്ചിഞ്ചായി വധിക്കുമ്പോള്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഈ മഹാപാപിയുമുണ്ടായിരുന്നു. ആ ദിനത്തെക്കുറിച്ചുള്ള ചിന്തകള്‍ കടന്നു വരുമ്പോള്‍ ഞാനന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ മുതിരാതിരുന്നതിന് അല്ലാഹു എനിക്ക് പൊറുത്തു തരാതിരുന്നെങ്കിലോ എന്ന ഭീതിദ ചിന്ത എന്നെ മഥിക്കുകയും അതിന്‍റെ തീവ്രതയാല്‍ എന്‍റെ ബോധം നശിക്കുകയുമാണ്".

സഈദി(റ)ന്‍റെ മറുപടി കേട്ട ഖലീഫയുടെയും ജനങ്ങളുടെയും നയനങ്ങള്‍ ഒരു പോലെ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. ഉമര്‍(റ) നാഥനെ സ്തുതിച്ച് കൊണ്ട് ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിട്ടു. ഖുബൈബി(റ)ന്‍റെ സ്നേഹദീപത്താല്‍ തിരിതെളിഞ്ഞ സഈദു ബ്നു ആമിറെ(റ)ന്ന പൊന്‍നാളം അങ്ങനെ ജീവിത വിശുദ്ധിയുടെ മാതൃകയായി തന്‍റെ ജീവിതം നയിച്ച് നന്മയുടെ ലോകത്ത് മായ്ച്ചു കളയാനാവാത്ത അടയാളപ്പെടുത്തലുകള്‍ നടത്തി തന്‍റെ ജീവിത ദൌത്യം പൂര്‍ത്തിയാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter