സർവ്വലോക ആവിഷ്കാര തൊഴിലാളികളേ, കിതാബ് തുറന്ന് വായിക്കൂ...
കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിൽ ഓന്നാം സ്ഥാനം നേടിയ നാടകം വിവാദമായിരിക്കുകയാണല്ലോ.മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകം ഓൺലൈൻ വഴി കണ്ടു.ഉണ്ണി ആർ എഴുതിയ വാങ്ക് എന്ന കഥയും വായിച്ചു.ഉണ്ണിയുടെ വാങ്കിന്റെ സ്വതന്ത്ര രംഗാവിഷ്‌ക്കാരമാണ് നാടകമെന്നാണല്ലോ സംവിധായകന്റെ അവകാശവാദം.രണ്ടും കണ്ടപ്പോൾ എനിക്ക് തോന്നുന്നത് ഇത് 'സ്വന്തമായ അവഹേളനാവിഷ്കാരം'ആണ് എന്നാണ്.അതിനർത്ഥം ഉണ്ണിയുടെ കഥ 'പരിശുദ്ധ ഭാവനയുടെ ' മൂർത്തഭാവമാണ് എന്നൊന്നുമല്ല കെട്ടോ..!
മനം കവരുന്ന ഭാവനയും സാഹിത്യാഭിരുചിയുമില്ലാത്ത എഴുത്തുകാരും സംവിധായകരും ശ്രദ്ധ നേടാൻ വേണ്ടി നടത്തുന്ന പ്രവവണതകളിലൊന്നാണ് സംസ്‌കാരത്തേയും വിശ്വാസത്തെയും അവഹേളിച്ച് ആവിഷ്കാരം നടത്തുക എന്നത്.അതിന്റെ ഉദാഹരണങ്ങളിലൊന്നാണ് മേമുണ്ട നാടകം.നല്ല കലാവിഷ്കാരങ്ങൾ നില നിൽക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങളായാണ് പറയപ്പെടാറ്.വിവാദ നാടകത്തിലെ സംഭാഷണങ്ങളും ചിത്രീകരണങ്ങളും ഒരു ജനതയോടുള്ള സ്നേഹമോ സമുദായത്തെ നവീകരിക്കണമെന്ന ചിന്തയോ അല്ലെന്ന് വ്യക്തം.നാടകത്തിലെ സംഭാഷണങ്ങള്‍ പലതും മുസ്ലിം സമൂഹത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്. നാടകത്തില്‍ ഉപ്പ എന്ന കഥാ പാത്രം പറയുന്നുണ്ട്, പുരുഷന്മാരുടെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീകളെ സൃഷ്ടിച്ചത്, അത് കൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയെ ഉണ്ടാവുകയുള്ളൂ എന്ന്. പുരുഷന്റെ ബുദ്ധിയുടെ പകുതിയേ സ്ത്രീകള്‍ക്കുള്ളൂവെങ്കില്‍ പുരുഷന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതി സ്ത്രീ കഴിച്ചാല്‍ പോരേ, പുരുഷന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പകുതി ധരിച്ചാല്‍ പോരേ എന്നും കഥാപാത്രം ചോദിക്കുന്നുണ്ട്. ഒരു യുക്തിയുമില്ലാതെ പടച്ച് വിട്ട ജൽപ്പനങ്ങളാണിവയെല്ലാം.
മുക്രിയുടെ നാലാമത്തെ ഭാര്യ തന്റെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഭക്ഷണത്തിന് കോഴിയെ പിടിക്കാന്‍ ഓടുന്ന രംഗം പ്രാധാന്യത്തോടെ കാണിക്കുന്നുണ്ട്. ഇസ്ലാമിലെ ബഹുഭാര്യത്വം യുക്തിഭദ്രമായി പണ്ഡിതന്മാർ സമർത്ഥിച്ചിട്ടുണ്ട്.അനിവാര്യതകളിൽ അനുവർത്തിക്കാവുന്ന ഒരു ഓപ്ഷനാണ് ബഹുഭാരത്വം.
കലാകാരൻമാർ പ്രതികരിക്കേണ്ടത് അവരുടെ കാഴ്ചപ്പാടനുസരിച്ചെങ്കിലും അനഭിലഷണീയമായ സാമുഹിക പ്രവണതകളോടണല്ലോ.പ്രണത പോകട്ടെ,നാല് പെണ്ണ് കെട്ടിയ ഒരു മുക്രി എങ്കിലും ഇന്ന് കേരളത്തിലുണ്ടോ?നാലല്ല രണ്ട് ഭാര്യമാരുള്ള എത്രശതമാനം മാപ്പിള പുരുഷരുണ്ടീ ലോക മലയാളത്തിൽ?ഹാലിയുടെ വാൽ നക്ഷത്രം പോലെ അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളെ സാമൂഹിക പ്രവണതയായി കണ്ട് വിവാദം സൃഷ്ടിക്കാൻ വേണ്ടിയുള്ള നാടകങ്ങൾക്ക് ഒന്നാം സ്ഥാനം നൽകപ്പെടുന്നത് കലാ താൽപര്യമോ വർഗ്ഗ/വർഗീയ താൽപര്യമോ?
ഇസ്ലാമിൽ സ്ത്രീയെ പുരുഷന്റെ അടിമയായിക്കാണുന്ന വിശ്വാസമല്ല ഉള്ളത്. വർഷങ്ങൾ മദ്രസയിലും SSLCക്ക് ശേഷം അഞ്ച് വർഷം മത ഭൗതിക കോളേജിലും പഠിച്ചിട്ടും അങ്ങനെ ഞങ്ങളൊന്നും പഠിച്ചിട്ടില്ല.(ഏതങ്കിലും പാർട്ടി ക്ലാസിൽ അങ്ങനെ പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല).അന്തസ്സോടെ ജീവിക്കാനുള്ള പാഠങ്ങളാണ് മദ്രസയിലെ കിതാബിൽ നിന്ന് പഠിച്ചത്.ആൺ മനസ്സിന്റെ അലഞ്ഞ ഭാവനകൾ ഞങ്ങൾ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കേണ്ട.ഞങ്ങൾക്ക് ബാങ്ക് കൊടുക്കാനും നിസ്കാരത്തിന് ഇമാമത്ത് നിൽക്കാനും ഉണ്ണിയുടെ കഥയിലെ ഷാഹിന കാട്ടിൽ പോയത് പോലെ പേകേണ്ടതില്ല,സ്വന്തം വീട്ടിൽ അതെല്ലാം അന്തസ്സോടെ ചെയ്യുന്നുണ്ട് ഞങ്ങൾ.പള്ളിയിലെ മുക്രിയും ക്ഷേത്രത്തിലെ പൂജാരിയും ചർച്ചിലെ കപ്യാരുമായി സ്ത്രീകൾ നിയമിക്കപ്പെടലാണോ പുരോഗതിയുടെയും നവോത്ഥാനത്തിന്റെയും അടയാളം? നവ ലിബറൽ യുക്തിവാദം പ്രചാരം നൽകിയ അനേകം അബദ്ദങ്ങളിൽ ഒന്നാണിത്.
ജെ.ദേവിക നിരീക്ഷിക്കും പോലെ ഈ നാടകാഭാസം കേരളത്തിലെ മുസ്ലിം സമുദായത്തിലുണ്ടായിരിക്കുന്ന സാമൂഹ്യ മാറ്റത്തെ അവഗണിക്കുന്നു.സ്ത്രീ വിദ്യാഭ്യാസത്തിലും ജനന നിരക്കിലും ഉന്നതവിദ്യാഭ്യാസത്തിലും വിവാഹരീതികളിലുമെല്ലാം മുസ്ലിം സമൂഹം പുരോഗതിയുടെ പാതയിലാണ്.ഇതെല്ലാം കണക്കുകളിലൂടെയും പഠനങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞവയാണ്. അതുകൊണ്ടുതന്നെ അവ സാമൂഹ്യപരിഷ്ക്കരണ നാടകരചനയിൽ അവഗണിക്കാവുന്നവയല്ല.കഥകളിലും നാടകങ്ങളിലും ചാനലുകളിലും നാൽപ്പത് കൊല്ലം മുമ്പുള്ള വേഷവും രീതികളും സമകാലികമായി അവതരിപ്പിക്കന്നതിന്റെ പൊളിറ്റിക്സ് എല്ലാവർക്കും കൃതൃത്യമായി അറിയാം. റിയലിസം യഥാതഥവാദമായിരിക്കണം.അല്ലാതെ ഹിഢൺ അജണ്ടകൾ സ്ഥാപിക്കാനുള്ളതാവരുത്.
സമുദായത്തിലെ വനിതകളുടെ നവീകരണവും പുരോഗതിയുമാണ് ലക്ഷ്യമെങ്കിൽ ആന്തരികമായി അവരെ സംസ്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ട ആവിഷ്കാരങ്ങളാണ് ഉയരേണ്ടത്.
വിവാദ നാടകം അവസാനിക്കുന്നത് ഇങ്ങനെയാണല്ലോ:ഹയ്യാ അലസ്വലാ...
ഹയ്യാ അലൽ ഫലാഹ്...(നിസ്കാരത്തിലേക്ക് വരൂ...
വിജയത്തിലേക്ക് വരൂ...)
ആ സന്ദേശത്തിലേക്ക് മുസ്ലിം സ്ത്രീകളെ ക്ഷണിക്കാൻ പുരോഗമന നാട്യക്കാർ തയ്യാറാകുമോ?പച്ചയായി പറഞ്ഞാൽ ബാങ്ക് നിസ്കാരത്തിലേക്കുള്ള ക്ഷണമാണല്ലോ. നിസ്കാരത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത മുസ്ലിം സ്ത്രീകളെ അഞ്ച് നേരത്തെ നിസ്കാരം കൃത്യമായി നിർവ്വഹിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമ കൂടി ഇറക്കുമായിരിക്കുമല്ലേ..!
കിതാബ് തുറന്ന് നോക്കാതെ ഫത് വ പറയുന്ന മാപ്പിള സഖാക്കളോട് ഒന്നേ പറയാനുള്ളൂ:
സർവ്വലോക ആവിഷ്കാര തൊഴിലാളികളേ,കിതാബ് തുറന്ന് വായിക്കുവിൻ, അജ്ഞതയല്ലാതെ മറ്റൊന്നും നിങ്ങൾക്ക് നഷ്ടപ്പെടാനില്ല...!
Leave A Comment