അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ); വ്യത്യസ്ത അരുവികള്‍ കൂടിച്ചേര്‍ന്ന മഹാസാഗരം

മഹത്വത്തിന്‍റെ പ്രതീകമായ സഹാബി വര്യന്‍. പരിശുദ്ധ റസൂലിനോടുള്ള സഹവാസം കൊണ്ട് ജീവിതം തിരുത്തിയെഴുതിയ മഹാന്‍. പ്രവാചക പിതൃവ്യ പുത്രന്‍, ഉമ്മത്തു മുഹമ്മദിയയിലെ അറിവിന്റെ വസന്തം. രാത്രി നിസ്‌കാരത്തിലും പകല്‍ മുഴുവന്‍ വ്രതവുമായി ദിന രാത്രങ്ങളെ ജീവിപ്പിച്ച അപൂര്‍വവ്യക്തിത്വത്തിനുടമ. സ്വഹാബി ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖന്‍. ഹിജ്‌റയുടെ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പെ പിറന്ന് വീണ അദ്ധേഹത്തിന് പ്രവാചകന്‍ വഫാത്താകുമ്പോള്‍ വെറും പതിമൂന്ന് വയസ്സ്. എങ്കിലും അപ്പോഴേക്കും 1660 ഹദീസ് ഹൃദിസ്ഥമാക്കിയെന്ന് ഇമാം ബുഖാരിയും മുസ് ലിമും റിപ്പോര്‍ട്ട് ചെയ്ത വ്യക്തിത്വം.ഇബനു അനസ് തങ്ങളെ പ്രസവിച്ച് മുലയൂട്ടുന്നതിനു മുമ്പ് തന്നെ ആദ്യമായി നല്‍കിയത് പ്രവാചകരുടെ ഉമിനീര് കലര്‍ന്ന മധുരമായിരുന്നു. അറിവും യുക്തി ബോധവും വിശുദ്ധിയുമെല്ലാം ആ ഉമിനീരിനൊപ്പം ആ ഹൃദയത്തിന്റെ അടിത്തട്ടുകളിലേക്ക് ഇറങ്ങി.യാത്രയിലും പ്രാര്‍ത്ഥനയിലും എന്ന് വേണ്ട എല്ലാത്തിലും പ്രവാചകരുടെ സന്തത സഹചാരി. ഒരിക്കല്‍ പ്രവാചകന്‍ അംഗസ്‌നാനത്തിനെഴുനേറ്റപ്പോഴേക്കും ഇബ്‌നു അബ്ബാസ്(റ) വെള്ളം കൊണ്ടുവന്നു കൊടുത്തു.

പ്രവാചകന്‍ നിസ്‌കാരത്തിന് എഴുന്നേറ്റപ്പോള്‍ വലഭാഗത്ത് നില്‍ക്കാന്‍ പറഞ്ഞെങ്കിലും അദ്ധേഹം പിന്നിലാണ് നിന്നത്.നിസ്‌കാര ശേഷം പ്രവാചകന്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അങ്ങയോടുള്ള ബഹുമാനം കൊണ്ടാണെന്ന് പറഞ്ഞു. അല്ലാഹുവിന്റെ റസൂല്‍, അല്ലാഹുവേ തന്ത്രജ്ഞാനം അദ്ദേഹത്തിന് നീ ചൊരിഞ്ഞുകൊടുക്കണേ എന്ന് പ്രാര്‍ഥിച്ചുകൊടുക്കുകയുംചെയ്തു. ഖലീഫ അലി (റ) ഭരണമേറ്റെടുത്തപ്പോള്‍ നേരിടേണ്ടിവന്ന എതിരാളികളെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് അടക്കിനിര്‍ത്തി സത്യത്തെകൃത്യമായി വ്യക്തമാക്കിക്കൊടുക്കാന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹമായിരുന്നു. ജീവിതകാലത്ത് അറിവ് നേടാന്‍ ആര്‍ക്കു മുമ്പിലും വിനയാന്വിതനാവാന്‍ മടിയുണ്ടായിരുന്നില്ല അദ്ദേഹത്തിന്. റസൂലിന്റെ അറിവിന്റെ അരുവിയില്‍ നിന്ന് കിട്ടാവുന്നത്ര നേടിയെടുത്ത് സമൂഹത്തിന് പകര്ന്ന് തിരിച്ച് പകര്‍ന്നു കൊടുക്കാനും മടിച്ചില്ല. അറിവിന്‍റെ വാഹകനും പ്രചാരകനുമായിരുന്നു ഇബ്നു അബ്ബാസ് (റ).

പ്രവാചകരുടെ വഹ്‍യ് എഴുതിയിരുന്ന, കര്മശാസ്ത്ര വിഷയത്തില്‍ അഗ്രഗണ്യനായ സൈദ് ബ്‌നു സാബിതില്‍ നിന്ന് വിജ്ഞാനം നുകരാന്‍ താഴ്മയോടെ ഇരുന്നു ഒരു ദിവസം അദ്ദേഹം. സൈദു ബ്‌നു സാബിത്(റ) തിരിച്ച് ആദരവോടെ ചുംബനമര്‍പിക്കുകയായിരുന്നു. തദ്സംഭവം തന്നെ മഹാനവര്‍കളുടെ ജീവിത വിനയത്തിന്റെ കഥ പറയുന്നു. നോക്കിനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കിടയിലെ ഏറ്റവും സൗന്ദര്യവാനും സംസാരിക്കുുമ്പോള്‍ ഏറ്റവും വലിയ സാഹിത്യകാരനും അറിവിന്റെ സദസ്സുകളിലെ അവസാന വാക്കുമാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) എന്ന് താബിഉകളിലെ പ്രമുഖനായ മസ്‌റൂഖ് ബ്‌നു അശ്ജഅ്(റ) പറയുന്നു. കഴിയുന്നത്ര അറിവ് സംഭരിച്ചശേഷം അധ്യാപന ജീവിതത്തിലേക്ക് വഴിമാറുകയായിരുന്നു അദ്ദേഹം.

ഇന്നുള്ളതരം സര്‍വകലാശാലകളിലേതിനു വിപരീതമായി, പത്തും നൂറും അധ്യാപകര്‍ക്കു പകരം ഒരു മഹാന്റെ നേതൃത്തത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ വിദ്യപകര്‍ന്നുകൊടുക്കപ്പെട്ട സര്‍വപാഠശാലക്കായിരുന്നു ഇബ്നു അബ്ബാസ്(റ) നേതൃത്വംകൊടുത്തത്. വിശുദ്ധഖുര്‍ആന്‍ വ്യാഖാനവും കര്‍മശാസ്ത്രവിശകലനവും ഹദീസും കവിതയും യുദ്ധ ചരിത്രവും സാഹിത്യവും ഒത്ത്‌ചേര്‍ന്ന ശരിക്കുമൊരു ഉത്തമ സര്‍വകലാശാല. ഉമറി(റ)ന്റെ ഭരണകാലത്ത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കിടയില്‍ പണ്ഡിത സദസ്സുകളില്‍ പരിഹാരം കണ്ടെത്താറ് ഇബ്നു അബ്ബാസാണ്. ചോദ്യകര്‍ത്താക്കളുടെ അവസ്ഥ തിരിച്ചറിഞ്ഞ് മറുപടി തക്കസമയത്തു തന്നെ ഒാരോരുത്തര്‍ക്കും നല്‍കി അദ്ദേഹം.ഹിജ്റ അറുനൂറ്റി എൺപത്തി ഏഴില്‍ താഇഫില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു. അപ്പോള്‍ ലോകത്തിന് നഷ്ടമായത് വ്യത്യസ്ത അരുവികള്‍ കൂടിച്ചേര്‍ന്ന മഹാ സാഗരത്തെയായിരുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter