മുസ്അബ് ബ്‌നു ഉമൈര്‍ (റ)

മുസ്അബുല്‍ ഖൈര്‍ എന്ന പേരില്‍ അറിയപ്പെട്ട മുസ്അബ് ബ്‌നു ഉമൈര്‍ ഇസ്‌ലാമിലെ പ്രഥമ സന്ദേശവാഹകനാണ്. മക്കയിലെ ധനിക കുടുംബത്തില്‍ പിറന്നു. വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ അണിഞ്ഞും മേത്തരം സുഗന്ധദ്രവ്യങ്ങളുപയോഗിച്ചുമായിരുന്നു ഇസ്‌ലാമിനു മുമ്പത്തെ ജീവിതം. ധനാഢ്യരായ മാതാപിതാക്കള്‍ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആയിടെയാണ് പ്രവാചകന്‍ സത്യമതവുമായി മക്കയിലെത്തിയ വിവരം മുസ്അബിന്റെ ചെവിയിലെത്തുന്നത്. അദ്ദേഹം അതിനെക്കുറിച്ച് പഠിക്കുകയും ഒടുവില്‍  പ്രവാചക സവിധത്തില്‍ ചെന്ന് മുസ്‌ലിമാവുകയും ചെയ്തു. പ്രവാചകന്‍ ദാറുല്‍ അര്‍ഖമില്‍ ഉള്ള സമയമായിരുന്നു അത്. വിവരം തന്റെ മാതാവറിയാതെ സൂക്ഷിച്ച അദ്ദേഹം ഇടക്കിടെ പ്രവാചകരെ സന്ദര്‍ശിച്ചു. അനുഷ്ഠാനങ്ങളും ആരാധനകളും പഠിച്ചു. ആയിടെ ഒരിക്കല്‍ ഉസ്മാന്‍ ബിന്‍ ഥല്‍ഹ എന്നൊരാള്‍ അദ്ദേഹത്തെ പ്രവാചകരോടൊപ്പം കാണുകയും അദ്ദേഹത്തിന്റെ മാതാവിന് വിവരം നല്‍കുകയും ചെയ്തു. ഇതറിഞ്ഞ മാതാവും നാട്ടുകാരും അദ്ദേഹത്തെ വെറുക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്തു. വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തിന് ഭക്ഷണം നല്‍കിയില്ല. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ എല്ലാ വേദനകളും കടിച്ചിറക്കിയ മുസ്അബ് ഉമ്മയെ സമീപിക്കുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയുമുണ്ടായി. പക്ഷെ, ഉമ്മ അതിന് തയ്യാറായില്ല.
ആയിടെ മുസ്‌ലിംകളില്‍നിന്നും ഒരു സംഘം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. കൂട്ടത്തില്‍ മുസ്അബുമുണ്ടായിരുന്നു. പിന്നീട് കുറച്ചു കാലം പീഢനങ്ങള്‍ സഹിച്ച് മക്കയില്‍തന്നെ താമസിച്ചു. മദീന ഇസ്‌ലാമിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അതിനിടെ പ്രവാചകരും മദീനക്കാരുമായി ഒന്നാം അഖബയും രണ്ടാം അഖബയും നടന്നു. മദീനക്കാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാനും ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ഒരാളുടെ ആവശ്യം അനിവാര്യമായി. പ്രവാചകന്‍ മുസ്അബ് ബ്‌നു ഉമൈര്‍ (റ) വിനെ  അതിനായി മദീനയിലേക്കയച്ചു. ഇസ്‌ലാമിനെ പ്രചരിപ്പിക്കാന്‍ മക്കയില്‍നിന്നും പുറത്തേക്കയക്കപ്പെട്ട പ്രഥമ വ്യക്തിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക പ്രചരണാര്‍ത്ഥം മദീനയിലേക്കു ആദ്യമായി കടന്നുചെന്നതും അദ്ദേഹമായിരുന്നു.
മദീനയില്‍ മുസ്അബ് (റ) വിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിഫലനമുണ്ടായി. അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയും പെരുമാറ്റവും ആളുകളെ ആകര്‍ഷിച്ചു. ഇതുകണ്ട ഉസൈദ് ബ്‌നു ഹുളൈര്‍, സഅദ് ബ്‌നു മുആദ് തുടങ്ങിയ പൗരപ്രധാനികളടക്കം അനവധിയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. ഹിജ്‌റയോടുകൂടി മുസ്‌ലിംകളൊന്നടങ്കം മദീനയിലെത്തി. ശേഷം ബദ്‌റും മറ്റു മുന്നൊരുക്കങ്ങളും നടന്നു. മുസ്അബ് ബ്‌നു ഉമൈര്‍ (റ) എല്ലാറ്റിലും സജീവമായി പങ്കെടുത്തു. ഉഹ്ദ് യുദ്ധത്തില്‍ പതാക വഹിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. ശക്തമായ പദ്ധതികളോടുകൂടി  വിശ്വാസികളെ അണിനിരത്തി അദ്ദേഹം യുദ്ധം ചെയ്തു. അതിനാല്‍, യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയമുണ്ടായി. അതിനിടെ, മലയിലുണ്ടായിരുന്ന അമ്പെയ്ത്തുകാര്‍ താഴെയിറങ്ങിയതോടെ യുദ്ധത്തിന്റെ ഗതിമാറുകയും മുസ്‌ലിംകള്‍ ശക്തമായ പരീക്ഷണത്തിലകപ്പെടുകയും ചെയ്തു. പ്രവാചകന്‍ വധിക്കപ്പെട്ടുവെന്ന കിംവദന്തി പരന്നതോടെ എല്ലാവരും അങ്കലാപ്പിലായി. വിശ്വാസികള്‍ ചിതറിയോടി. ഈ നിര്‍ണായക ഘട്ടത്തില്‍ മുസ്അബ് (റ) സധീരം രംഗത്തുവരികയും സര്‍വ്വ ശക്തിയുമുപയോഗിച്ച് ശത്രുക്കള്‍ക്കെതിരെ പോരാടുകയും ചെയ്തു. ഇരു കൈകളും ശരീരവും വെട്ടിനുറുക്കപ്പെട്ട അദ്ദേഹം ഒടുവില്‍ രണാങ്കണത്തില്‍ ശഹീദായി വീഴുകയായിരുന്നു. യുദ്ധം കഴിഞ്ഞ് പോര്‍ക്കളത്തിലൂടെ നടന്നുനോക്കിയ പ്രവാചകരും സ്വഹാബത്തും രക്തത്തില്‍ കുളിച്ചുകിടക്കുന്ന മുസ്അബ് (റ) വിന്റെ ശരീരം കണ്ടു. അദ്ദേഹത്തിന്റെയടുത്തുള്ള വസ്ത്രമുപയോഗിച്ച് അവര്‍ കഫന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് മതിയാകുമായിരുന്നില്ല. കാല് മറക്കുമ്പോള്‍ തലയും തല മറക്കുമ്പോള്‍ കാലും പുറത്തായിരുന്നു. ഇതുകണ്ട പ്രവാചകന്‍ വസ്ത്രം കൊണ്ട് തലഭാഗം മൂടാനും ഇദ്ഖിര്‍ എന്ന പുല്ലുകൊണ്ട് കാല്‍ഭാഗം മറക്കാനും കല്‍പിച്ചു. അങ്ങനെയാണ് അദ്ദേഹത്തെ ഖബറടക്കിയത് (ബുഖാരി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter