സൗബാനുന്നബവിയുടെ സങ്കടം
പ്രവാചകരുടെ സന്തത സഹചാരിയായിരുന്നു ഹിംയര്‍ ദേശക്കാരനായ സൌബാന്‍(റ). അടിമച്ചന്തയില്‍നിന്ന് വാങ്ങി പ്രവാചകര്‍ മോചിപ്പിച്ചെങ്കിലും സൌബാന്‍ സ്വന്തം നാട്ടിലേക്കോ കുടുംബത്തിലേക്കോ തിരിച്ച് പോകാന്‍ കൂട്ടാക്കിയില്ല. തനിക്ക് പ്രവാചകരോടൊത്തുള്ള ജീവിതം തന്നെ മതിയെന്ന് പറഞ്ഞ് മദീനയില്‍ തന്നെ കൂടിയ അദ്ദേഹം, പ്രവാചകരുടെ മരണം വരെ, അവിടേക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുത്ത് കൂടെ നിന്നു.
വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുമായിരുന്ന സൌബാന്‍(റ)ന് ഏറ്റവും ദുസ്സഹമായിരുന്നത് പ്രവാചകരോടൊപ്പമല്ലാത്ത ആ നിമിഷങ്ങളായിരുന്നു. അത് കൊണ്ട് തന്നെ നേരം വെളുക്കുമ്പോഴേക്കും അദ്ദേഹം പ്രവാചകസന്നിധിയില്‍ തിരിച്ചെത്തുകയും ചെയ്യും. അതായിരുന്നു അദ്ദേഹത്തിന്റെ പതിവ്.
ഒരു ദിവസം എത്തിയപ്പോള്‍ സൌബാന്‍(റ) ആകെ വിവര്‍ണ്ണനായിരിക്കുന്നത് പ്രവാചകരുടെ ശ്രദ്ധയില്‍ പെട്ടു. എന്തോ കാര്യമായ വിഷമമുണ്ടെന്ന് മനസ്സിലാക്കിയ പ്രവാചകര്‍ അദ്ദേഹത്തോട് കാര്യമന്വേഷിച്ചു, സൌബാന്‍, എന്തേ ഇങ്ങനെ നിറമൊക്കെ ആകെ മാറിയിരിക്കുന്നു, എന്താണ് താങ്കളെ വിഷമിപ്പിക്കുന്നത്.
Read More: റബീഅ് രണ്ട് , സവാദ്(റ) ആവശ്യപ്പെട്ട പ്രതികാരം
അദ്ദേഹം ഏറെ ഭവ്യതയോടെ ഇങ്ങനെ മറുപടി പറഞ്ഞു, പ്രവാചകരേ, എനിക്ക് അസുഖമോ വേദനയോ ഒന്നുമുള്ളത് കൊണ്ടല്ല ഈ മാറ്റം. മറിച്ച്, അങ്ങയെ കാണാതിരിക്കുമ്പോഴെല്ലാം എനിക്ക് വല്ലാത്ത വിഷമമാണ്. പിന്നെ, വീണ്ടും കാണുന്നത് വരെ എങ്ങനെയാണ് കഴിച്ച് കൂട്ടുന്നത് എന്ന് എനിക്ക് പോലും അറിയില്ല. അപ്പോഴാണ് ഞാന്‍ പരലോകത്തെ കാര്യമോര്‍ത്തത്. അങ്ങ് പ്രവാചകരോടൊപ്പം ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗത്തിലായിരിക്കുമല്ലോ. എനിക്ക് സ്വര്‍ഗ്ഗപ്രവേശം നിഷേധിക്കപ്പെട്ടാല്‍ പിന്നെ, താങ്കളെ ഒരിക്കലും കാണാനാവില്ല. ഇനി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ പോലും, അത് താങ്കളുടേതിനേക്കാള്‍ താഴെയുള്ള തട്ടുകളിലായിരിക്കും. അവിടെയും താങ്കളെ കണ്ട് മുട്ടുക എന്നത് സാധ്യമായിരിക്കില്ല. അപ്പോള്‍ ഞാന്‍ എങ്ങനെയാണ് അവിടെ ചെലവഴിക്കുക എന്നത് ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം അടക്കാനായില്ല. ആ വിഷമസന്ധിയെ കുറിച്ച് ആലോചിച്ചാണ് ഈ നിറപ്പകര്‍ച്ചക്ക് കാരണമായിരിക്കുന്നത്.
Read More: ബദ്റിലെ രണ്ട് മുആദുമാര്‍
അധികംവൈകാതെ, വാന ലോകത്ത് നിന്ന് ദിവ്യവെളിപാടുമായി ജിബ്‍രീല്‍(അ) എത്തി, സൂറതുന്നിസാഇലെ 69-ാം സൂക്തമായിരുന്നു അവിടെ അവതരിച്ചത്. അതിങ്ങനെ വായിക്കാം, ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെട്ടാല്‍ അവര്‍ (പരലോകത്ത്), പ്രവാചകന്മാര്‍, സ്വിദ്ധീഖുകള്‍, രക്തസാക്ഷികള്‍, സജ്ജനങ്ങള്‍ തുടങ്ങി അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ കൂടെയായിരിക്കും.
പ്രവാചകരോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ഫലമാണ് ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ അവതരണം പോലുമെന്ന് പറയാം. നമുക്കും ശ്രമിക്കാം, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നമ്മെയും തേടിയെത്താതിരിക്കില്ല.
Leave A Comment