ഉമ്മു കുല്‍സൂം (റ)
ഹസ്റത്ത് ഉമ്മു കുല്‍സൂം ചരിത്രത്തിലെ അതുല്യ വ്യക്തിത്വമാണ്. ഇസ്‌ലാം മക്കയില്‍ ഉദയംകൊണ്ടപ്പോള്‍ നാലു ഭാഗത്തു നിന്നും ശത്രുക്കളുടെ ശക്തമായ എതിര്‍പ്പുകളായിരുന്നു. ഇസ്‌ലാമിന്റെ ആദര്‍ശം ഹൃദയത്തിന്റെ ഉള്‍വിളിക്കനുസൃതമായി ആരുടെയും പ്രേരണയില്ലാതെ അംഗീകരിച്ചാല്‍ തന്നെ പീഡനത്തിന്റെ പ്രഹരമാണ് ഏല്‍ക്കേണ്ടി വന്നിരുന്നത്. അവഗണനയുടെയും അവഹേളനത്തിന്റെയും തീച്ചൂളയില്‍ ആദര്‍ശം കൈവെടിയാതെ സധൈര്യം ജീവിച്ചു പോന്ന അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നായിരുന്നു ഉമ്മു കുല്‍സൂം (റ).
ഇസ്‌ലാമികാദര്‍ശങ്ങളോടെന്നല്ല പ്രവാചകന്‍ മുഹമ്മദ് നബി(സ)യോട് ഏറ്റവും വൈരാഗ്യമുണ്ടായിരുന്ന വ്യക്തികളുടെ മുന്‍നിരയിലായിരുന്നു ഉമ്മു കുല്‍സൂം(റ)യുടെ പിതാവ് ഉഖ്ബത്ത്(ല).
ഒരിക്കല്‍ നബി(സ) കഅബ പരിസരത്ത് നിസ്‌കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഖുറൈശീ പ്രമുഖര്‍ ഉത്ത്ബത്ത്, ശൈബത്ത്, അബൂജഹല്‍, ഉഖ്ബത്ത്, ഉമയ്യത്ത് എന്നിവര്‍ മസ്ജിദുല്‍ ഹറമില്‍ കുശലം പറയുന്നു. കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു: ”ഒട്ടകത്തിന്റെ കുടല്‍ മാലകള്‍ കൊണ്ടുവന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോള്‍ കഴുത്തില്‍ ചാര്‍ത്താന്‍ ആരാണ് സന്നദ്ധനാവുക?” ഉടന്‍ ഉഖ്ബത്ത് എഴുന്നേറ്റു പോയി ചീഞ്ഞു നാറുന്ന ആ കുടല്‍ മാലകള്‍ വലിച്ചിഴച്ചു കൊണ്ടു വന്നു പ്രവാചകന്റെ മുതുകില്‍ കേറ്റിയിട്ടു. അത് കണ്ടു ആസ്വദിച്ചു ആനന്ദമാടുകയായിരുന്നു ആ കാപാലികര്‍.
സുജൂദില്‍ നിന്നുയരാന്‍ സാധിക്കാതെ പ്രവാചകന്‍ പ്രയാസപ്പെടുന്നത് കണ്ട പുത്രി ഫാത്വിമ ഓടി വന്നു പിതാവിന്റെ മുതുകില്‍ നിന്നും അതെല്ലാം എടുത്തു മാറ്റി ശക്തമായ ഭാഷയില്‍ അവരെ അധിക്ഷേപിച്ചു. ഒട്ടധികം പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടും ക്ഷമിച്ചിരുന്ന പ്രവാചകര്‍ രക്ഷിതാവിന് സിജൂദ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തിയപ്പോള്‍ ആ കാപാലികര്‍ക്കെതിരെ റബ്ബിനോട് മനസ്സു തുറന്നു:
”രക്ഷിതാവേ… ഈ ഖുറൈശി പ്രമുഖരെ നീ നിലക്കു നിര്‍ത്തേണമേ.. ഉത്ബത്തുബ്‌നു റബീഅത്തിനെയും ശൈബത്തുബ്‌നു റബീഅത്തിനെയും അബൂജഹ്‌ലുബ്‌നു ഹിശാമിനെയും ഉഖ്ബത്ബ്‌നു അബീ മുഐതിനെയും ഉമയ്യത്തുബ്‌നു ഖലഫിനെയും നീ നശിപ്പിക്കേണമേ…” ആ മനമുരുകിയ പ്രാര്‍ഥന രക്ഷിതാവ് സ്വീകരിച്ചു. ബദ്‌റില്‍ അവരെല്ലാം ദയനീയമായി വധിക്കപ്പെട്ടു.
കൂട്ടത്തില്‍ ഏറ്റവും ക്രൂരനായിരുന്നു ഉഖ്ബത്ത്. സ്വന്തം കൈകൊണ്ട് പ്രവാചകനെ പലപ്പോഴും അദ്ദേഹം പ്രഹരിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകന്‍ ഹിജ്‌റ് ഇസ്മായിലില്‍ ഇരിക്കുകയായിരുന്നു. ഉഖ്ബത്(ല) കടന്നു വന്നു പ്രവാചകരുടെ കഴുത്തില്‍ മുണ്ടിട്ടു മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. ഈ രംഗം കണ്ടു കടന്നുവന്നത് അബൂബക്കര്‍ സിദ്ദീഖ്(റ) ആയിരുന്നു. ആ ദുഷ്ടനെ പിടിച്ചുമാറ്റി അബൂബക്കര്‍ ചോദിച്ചു: ”രക്ഷിതാവില്‍ നിന്നും വ്യക്തമായ തെളിവു മുഖേന നിങ്ങളെ സമീപിച്ച ഒരു മനുഷ്യന്‍ എന്റെ രക്ഷിതാവ് അല്ലാഹുവാണെന്നു പറഞ്ഞതിനു അദ്ദേഹത്തെ നിങ്ങള്‍ വധിക്കുകയോ?”
മറ്റൊരിക്കല്‍ റസൂല്‍(സ) കഅബയുടെ പരിസരത്ത് നിസ്‌കരിച്ചു കൊണ്ടിരിക്കെ സുജൂദ് ചെയ്തപ്പോള്‍ ഉത്ബത്ത് പിരടിയില്‍ ചവിട്ടിക്കയറി പ്രവാചകനെ വധിക്കാന്‍ ശ്രമച്ചു. ഇങ്ങനെ ക്രൂരതകള്‍ മാത്രം ചെയ്തിരുന്ന ഉഖ്ബത് ബ്‌നു അബീ മുഐതിന്റെ മകളാണ് ഉമ്മുകുല്‍സൂം(റ).
അര്‍വാ ബിന്‍ത് ഖുറൈസ് ബ്‌നു റബീഅത് ഉമ്മുകുല്‍സൂമിന്റെ മാതാവാണ്. ഉസ്മാനുബ്‌നു അഫാന്‍(റ) ഉമ്മ വഴി സഹോദരനും രണ്ടു പേരും ഇസ്‌ലാമിന്റെ പ്രഭാത ഘട്ടത്തില്‍ തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിട്ടുമുണ്ടായിരുന്നു. ആ വഴി പിന്തുടര്‍ന്നു ഉമ്മുകുല്‍സൂമും ഇസ്‌ലാം മതത്തില്‍ ചെറുപ്രായത്തില്‍ തന്നെ അംഗമമാവുകയായിരുന്നു. പ്രവാചക ശത്രുവായിരുന്ന പിതാവിന്റെ നീചമായ പ്രവര്‍ത്തനങ്ങളോട് അത്യധികം വെറുപ്പും മാനസിക പ്രയാസവും ഉമ്മുകുല്‍സൂമിനുണ്ടായിരുന്നിട്ടും മാതാവിന്റെയും സഹോദരന്റെയും മാര്‍ഗങ്ങള്‍ സമാധാനത്തിനും സന്തോഷത്തിനും വഴി കാട്ടുകയായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ഉഖ്ബത് തടവുകാരനായി മുസ്‌ലിംകളുടെ കൈയ്യിലകപ്പെട്ടു വധിക്കപ്പെടുമ്പോഴും മകള്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗത്തില്‍ രക്ഷിതാവിന് ഒരായിരം സ്‌തോത്രങ്ങളര്‍പ്പിക്കുകയായിരുന്നു.
നബി(സ) തങ്ങളും അനുചരന്‍മാരും മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ ഉമ്മുകുല്‍സൂമിനു ഹിജ്‌റ പേകാനായില്ല.
ഇസ്‌ലാമതമാശ്ലേഷിച്ച ഒട്ടുമുക്കാല്‍ ആളുകളും മദീനയിലെത്തി. സ്വന്തം മാതാവും, സഹോദരന്‍മാരും നേരെത്തതന്നെ മദീനയിലെത്തിയിട്ടുണ്ട്. പക്ഷെ, അവരോടൊപ്പമൊന്നും ഹിജ്‌റ പോകാന്‍ ഉമ്മുകുല്‍സൂമിനായില്ല. മക്കയിലെ മുശ്‌രിക്കുകള്‍ക്കിടയില്‍ പീഡനങ്ങള്‍ സഹിച്ചു കൊണ്ടവര്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുകയായിരുന്നു. നീണ്ട ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നബി(സ)യും സ്വഹാബത്തും ഉംറ നിര്‍വ്വഹിക്കാന്‍ ഹുദൈബിയ്യയിലെത്തിച്ചേര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത ഉമ്മുകുല്‍സൂമിനെ പുളകമണിയിച്ചു. ഉംറ കഴിഞ്ഞവര്‍ തിരിച്ചു പോകുമ്പോള്‍ തനിക്കും ഒരംഗമായി അവരോടൊപ്പം അണി ചേരണമെന്നവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പിച്ചു കൊണ്ട് പ്രവാചകര്‍(സ) ഹുദൈബിയ്യയില്‍ ഖുറൈശികളുമായി സുപ്രധാനമായ ഒരു സന്ധിയിലേര്‍പ്പെടുകയും അടുത്ത വര്‍ഷം ഉംറ നിര്‍വ്വഹിക്കാനായി തിരിച്ചു വരാമെന്ന കരാറില്‍ മദീനയിലേക്കു തന്നെ തിരിച്ചുപോവുകയും ചെയ്തത് ഉമ്മുകുല്‍സൂമിനെ വല്ലാതെ പ്രയാസപ്പെടുത്തുകയുണ്ടായി.
ഉമ്മുകുല്‍സൂം മദീനയിലെത്തിച്ചേരാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു ഒട്ടേറെ ചിന്തിച്ചു. കുടുംബം മൊത്തമായും അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെയൊന്നും കണ്ണുവെട്ടിച്ചു പുറത്തിറങ്ങാന്‍ പോലും അവര്‍ക്കാവുന്നില്ല. ഈ സാഹചര്യത്തില്‍ അവരുടെ ഹൃദയത്തില്‍ ഉദിച്ചു വന്ന ഒരു പോംവഴി ഉമ്മുകുല്‍സൂം വിവരിക്കുന്നു:
”എന്റെ കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ‘ബാദിയത്’ മലഞ്ചെരു ഞങ്ങള്‍ക്കടുത്ത് ഞങ്ങളുടെ തന്നെ ഉടമസ്ഥതയിലുണ്ടായിരുന്നു. സാധാരണയായി ഞാനവിടെ പോവാറും മൂന്നോ നാലോ ദിവസം കഴിഞ്ഞു തിരിച്ചു വരാറുമുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ പ്രസ്തുത മലഞ്ചെരുവിലേെക്കന്ന ഭാവേന വീട്ടില്‍ നിന്നിറങ്ങി. എന്നെ വീക്ഷിച്ചു കൊണ്ട് പിന്തുടര്‍ന്നവരൊക്കെ ഞാന്‍ ബദിയത്തിലേക്ക് തന്നെയാണെന്ന ധാരണയില്‍ തിരിച്ചുപോയി. അപ്പോള്‍ ഞാന്‍ സധൈര്യം മദീനയിലേക്കുള്ള പാതയില്‍ പ്രവേശിച്ചു. സാധാരണയിലുള്ള നാലു ദിവസം പിന്നിട്ടാലല്ലാതെ എന്നെ അവര്‍ അന്വേഷിക്കുകയില്ലെന്ന ധൈര്യത്തില്‍ യാത്ര തുടര്‍ന്നു. അപ്പോഴേക്കും എനിക്കു മദീനയില്‍ എന്റെ പ്രിയപ്പെട്ട പ്രവാചകന്റെയും അനുചരന്‍മാരുടെയും അടുത്തെത്തിച്ചേരാം. പക്ഷെ, എന്നെ അന്വേഷിച്ചുകൊണ്ടാരെങ്കിലും മദീനയില്‍ എത്തിച്ചേര്‍ന്നാല്‍ ഞാന്‍ തിരിച്ചയക്കപ്പെടുമോ എന്ന ഭീതിയും. എല്ലാം സര്‍വ്വ ശക്തനില്‍ അര്‍പ്പിച്ചു കൊണ്ട് ഞാന്‍ നടന്നു നീങ്ങി. വഴി മദ്ധ്യേ ഖുസാആ ഗോത്രക്കാരനായ ഒരാള്‍ എന്നെ കണ്ടുമുട്ടി. വിജനമായ മരുഭൂമിയില്‍ ഒറ്റയായി ഒരു പെണ്ണിനെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു: ”ഓ, അറബികളുടെ സഹോദരീ, നീ എവിടെപ്പോവുന്നു?”
അയാളുടെ ചോദ്യത്തിനു മറുപടി കൊടുക്കുന്നതിനു മുമ്പായി ഞാന്‍ ധൈര്യത്തില്‍ തന്നെ ചോദിച്ചു: ”നിങ്ങള്‍ ആരാണ്, നിങ്ങളുടെ ചോദ്യം എന്താണ്?” പതുങ്ങിയ സ്വരത്തില്‍ അയാള്‍ പറഞ്ഞു: ”ഞാന്‍ ഖുസാഅ ഗോത്രത്തില്‍ പെട്ട ആളാണ്.”
ഖുസാഅ ഗോത്രക്കാര്‍ നബി(സ)യുമായി ഉടമ്പടിയുള്ളവരായതുകൊണ്ട് അതു കേട്ട മാത്രയില്‍ എന്റെ ഹൃദയം തണുത്തു. ഭീതി അകന്നു. ഉടനെ ഞാനദ്ദേഹത്തോടു ചോദിച്ചു: ”ഞാന്‍ ഖുറൈശി ഒരംഗമാണ്. നബി(സ)യുടെ ഓരത്തേക്കുള്ള യാത്രയാണ്. എനിക്കാണെങ്കില്‍ വഴി അറിയുകയുമില്ല. ഞാനിതിനു മുമ്പ് മദീനയിലേക്കു പോയിട്ടുമില്ല.”
അയാള്‍ മാന്യതയോടെ പറഞ്ഞു: ”എങ്കില്‍ ഞാന്‍ നിന്നെ മദീനയില്‍ എത്തിച്ചു തരാം.”
എന്നിട്ടയാള്‍ പോയി ഒരു ഒട്ടകത്തെ കൊണ്ടുവന്നു. ഞാനതില്‍ കയറി. അയാളെന്റെ കൂടെ നടന്നു. ഒരക്ഷരം പോലും എന്നോടയാള്‍ സംസാരിച്ചില്ല. ഒട്ടകം മുട്ടു കുത്തുമ്പോള്‍ അയാള്‍ മാറി നില്‍ക്കും. ഞാന്‍ ഒട്ടകപ്പുറത്തു നിന്നിറങ്ങിയാല്‍ അയാള്‍ വന്നു ഒട്ടകത്തെ വല്ല മരത്തിലും തളച്ചിടുകയും മരത്തണലിലേക്കു മാറി നില്‍ക്കുകയും ചെയ്യും. പോവാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ ഒട്ടകത്തെ ഒരുക്കി എന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തി തിരിഞ്ഞു നില്‍ക്കും. ഞാന്‍ കയറിക്കഴിഞ്ഞാല്‍ അയാള്‍ ഒട്ടകത്തിന്റെ കയര്‍ പിടിച്ചു മുന്നില്‍ നടക്കും. പിറകോട്ട് തിരിഞ്ഞു നോക്കുകയില്ല. വളരെ മാന്യമായ രൂപത്തില്‍ ഞാന്‍ മദീനയില്‍ എത്തിച്ചേര്‍ന്നു.
മദീനയില്‍ എത്തിയ ഞാന്‍ എന്റെ സഹോദരന്‍ ഉസ്മാനുബ്‌നു അഫാന്റെ അടുത്തേക്കല്ല പോയത്.പ്രകാശത്തിന്റെ ഉറവിടമായ പ്രവാചകരെ കാണാനാണ് ഞാന്‍ തീരുമാനിച്ചത്. അങ്ങനെ മൂടുപടം ധരിച്ചു കൊണ്ട് ഞാന്‍ പ്രവാചകന്റെ പത്‌നി ഉമ്മുസലമയുടെ വീട്ടിലേക്ക് കടന്നുചെന്നു. മൂടുപടം ഊരിവെക്കുന്നതു വരെ എന്നെ അവര്‍ക്ക് മനസ്സിലായിരുന്നില്ല. ഉമ്മുസലമ(റ)ക്ക് എന്നെ മനസ്സിലായപ്പോള്‍ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു: ”ഓ… ഉമ്മുകുല്‍സൂം, നീ അല്ലാഹുവിലേക്കും റസൂലിലേക്കും ഹിജ്‌റ വന്നതാണോ?”
ഞാന്‍ പറഞ്ഞു: ”അതെ. പക്ഷെ, നബി(സ) അബൂജന്തലിനെയും അബൂ ബസ്വീദിനെയും തിരിച്ചയച്ചതു പോലെ എന്നെയും തിരിച്ചയക്കുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. സ്ത്രീയും പുരുഷനും ഒരുപോലെ അല്ലല്ലോ. ഞാന്‍ വീടുവിട്ട് അഞ്ചു ദിവസമായി. സാധാരണയില്‍ ഞാന്‍ അവരുമായി വിട്ടുനില്‍ക്കുന്ന സമയം കഴിഞ്ഞാല്‍ അവരെന്നെ അന്വേഷിച്ചു തുടങ്ങും. കാണാതാവുമ്പോള്‍ അവര്‍ മദീനയിലേക്കു യാത്ര തിരിക്കും.’
ഞങ്ങള്‍ ഇക്കാര്യത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ, നബി(സ) കടന്നുവന്നു. ഉമ്മുസലമ(റ) എന്നെക്കുറിച്ച് നബി(സ) തങ്ങള്‍ക്ക് വിവരം നല്‍കുകയും എന്റെ കഥകളൊക്കെ വിവരിച്ചു കൊടുക്കുകയും ചെയ്തപ്പോള്‍ നബി(സ) എനിക്ക് സ്വാഗതമരുളുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ”നബിയേ… അങ്ങയിലേക്ക് എന്റെ ദീനുമായി ഓടിവന്നവളാണു ഞാന്‍. എന്നെ നിങ്ങള്‍ തടഞ്ഞുവെക്കണം. തിരിച്ചയക്കരുത്. സത്യനിഷേധികള്‍ എന്നെ നശിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യും. എനിക്കത് സഹിക്കാന്‍ കഴിയില്ല. അങ്ങ് രണ്ടു പുരുഷന്‍മാരെ തിരിച്ചയച്ചത് എനിക്കറിയാം. ഞാനൊരു പെണ്ണാണ്. പെണ്ണിന്റെ ദൗര്‍ബല്യം അങ്ങേക്കറിയാമല്ലോ?” ഉടന്‍ നബി(സ) പ്രതികരിച്ചു: ”സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹു കരാര്‍ പൊളിച്ചിരിക്കുന്നു.”
അപ്പോഴേക്കും എന്റെ സഹോദരങ്ങളായ അമ്മാറും വലീദും എന്നെ മക്കയിലേക്കു തിരിച്ചു കൊണ്ടു പോകാന്‍ മദീനയിലെത്തിയിരുന്നു.
”നബി(സ) ഉമ്മുസലമയുടെ അടുത്തുനിന്നും പുറത്തിറങ്ങിയതേയുള്ളൂ. അല്ലാഹു ഇംതിഹാനിലെ സൂക്തം അവതരിപ്പിക്കുകയായിരുന്നു:
”ഓ, സത്യവിശ്വാസികളേ… സത്യവിശ്വാസിനികളായ പെണ്ണുങ്ങള്‍ ഹിജ്‌റ വന്നവരായി നിങ്ങളെ സമീപിച്ചാല്‍ അവരെ നിങ്ങള്‍ പരീക്ഷിക്കുക. അല്ലാഹു അവരുടെ ഈമാനിനെ അറിയുന്നവനാണ്. അവര്‍ മുഅ്മിനത്തുകളാണെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ സത്യനിഷേധികളിലേക്ക് അവരെ നിങ്ങള്‍ തിരിച്ചു വിടരുത്. വിശ്വാസിനികള്‍ അവിശ്വാസികള്‍ക്കും അവിശ്വാസികള്‍ വിശ്വാസിനികള്‍ക്കും അനുവദിനീയമല്ല. അവര്‍ ചെലവഴിച്ചത് അവര്‍ക്ക് നിങ്ങള്‍ തിരിച്ചു നല്‍കുക. അവര്‍ക്കുള്ള (വിശ്വാസിനികള്‍) വിവാഹമൂല്യം നിങ്ങള്‍ നല്‍കിയാല്‍ അവരെ നിങ്ങള്‍ക്ക് നിക്കാഹ് ചെയ്യുന്നതിന് കുഴപ്പമില്ല. സത്യനിഷേധികളുടെ ആശ്രയങ്ങള്‍ കൊണ്ട് നിങ്ങള്‍ പിടിച്ചുനില്‍ക്കരുത്. നിങ്ങള്‍ ചെലവാക്കിയത് നിങ്ങളും അവര്‍ ചെലവാക്കിയത് അവരും ചോദിക്കട്ടെ. ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. അവന്‍ നിങ്ങള്‍ക്കിടയില്‍ തീരുമാനമെടുക്കും. അല്ലാഹു അറിയുന്നവനും തീരുമാനമെടുക്കുന്നവനുമാകുന്നു.” (മുംതഹിന -10)
ഹുദൈബിയ്യ സന്ധി പ്രകാരം മക്കയില്‍നിന്ന് വിശ്വാസികളായി മദീനയിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും മക്കയിലേക്ക് ചെല്ലുന്നവരെ തിരിച്ചു വിടില്ല’ എന്നുമുള്ള കരാര്‍ പ്രകാരം അമ്മാറും വലീദും ഉമ്മുകുല്‍സൂമിനെ തിരികെ കൊണ്ടുപോകാന്‍ നബി(സ)യോട് അനുവാദം ചോദിച്ചു. നബി(സ) പറഞ്ഞു: ”പുരുഷന്‍മാരുടെ കാര്യത്തിലാണ് കരാറുള്ളത്. സ്ത്രീകളുടെ കാര്യത്തില്‍ കരാര്‍ ബാധകമല്ല.”
അമ്മാറും വലീദും മക്കയിലേക്ക് മടങ്ങി. പ്രസ്തുത വിഷയം ഖുറൈശികളെ ധരിപ്പിച്ചു. ആര്‍ക്കും എതിരുണ്ടായിരുന്നില്ലെന്നു മാത്രമല്ല, എല്ലാവരും അതില്‍ തൃപ്തിപ്പെടുകയും ചെയ്തു.
ഉമ്മുകുല്‍സൂം വളരെ പക്വമതിയായ പെണ്‍കുട്ടിയായിരുന്നു. അചഞ്ചലമായ വിശ്വാസത്തോടൊപ്പം സൗന്ദര്യവും കുലീനതയും ഉമ്മുകുല്‍സൂമിനെ കൂടുതല്‍ മഹത്വത്തിലേക്കെത്തിക്കുകയായിരുന്നു. സ്വന്തം കുടുംബങ്ങള്‍ക്കിടയില്‍ നിന്ന് പ്രവാചക സാമീപ്യം മാത്രം തേടി ഒറ്റക്ക് മദീനയിലെത്തിയ ഉമ്മുകുല്‍സൂം സ്വന്തം സഹോദരന്റെയും മാതാവിന്റെയും കൂടെ മദീനയില്‍ ജീവിതമാരംഭിച്ചു. തന്റേടിയും തന്ത്രശാലിയും സാഹിത്യകാരിയും സൗന്ദര്യവതിയും എല്ലാമായ ഉമ്മുകുല്‍സൂമിനെ ജീവിതസഖിയാക്കാന്‍ മദീനയിലെ പല പ്രഗത്ഭരും ആഗ്രഹിച്ചു. സുബൈറുബ്‌നുല്‍ അവ്വാം, സൈദുബ്‌നു ഹാരിസത്, അബ്ദു റഹ്മാനുബ്‌നു ഔഫ്, അംറുബ്‌നു ആസ്(റ) എന്നിവര്‍ അവരിലെ പ്രധാനികളായിരുന്നു. ഇവരൊക്കെത്തന്നെ കല്ല്യാണമന്വേഷിച്ചു വന്നപ്പോള്‍ സഹോദരന്‍ ഉസ്മാനുബ്‌നു അഫാന്‍(റ)വുമായി മുശാവറ ചെയ്തു. ഉസ്മാന്‍(റ) അക്കാര്യം നബിയുടെ സന്നിധിയിലേക്കു നീക്കി. നബി(സ)യുടെ സന്നിധിയില്‍ അക്കാര്യം ബോധിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) ഉമ്മുകുല്‍സൂമിനോടു പറഞ്ഞു: ”നീ സൈദുബ്‌നു ഹാരിസയെ കല്ല്യാണം കഴിക്കുക. അതാണ് നിനക്ക് ഉത്തമം.”
സൈദുബ്‌നു ഹാരിസ അവരെ വിവാഹം കഴിച്ചു. അടിമയായിരുന്ന സൈദും സ്വതന്ത്രയായ ഉമ്മുകുല്‍സൂമും തമ്മിലുള്ള വിവാഹം സത്യവിശ്വാസികള്‍ക്കിടയില്‍ അത്ര പ്രാധാന്യം കല്‍പിക്കപ്പെട്ടില്ല. പക്ഷെ, കറുത്തവനും വെളുത്തവനും തമ്മിലും അടിമയും സ്വതന്ത്രനും തമ്മിലും അറബിയും അനറബിയും തമ്മിലും വ്യത്യാസം ഭക്തി കൊണ്ടു മാത്രമാണെന്ന പ്രവാചകാധ്യാപനം ഇവിടെ സ്വീകരിക്കപ്പെടുകയായിരുന്നു. ഇരുവരുടെയും ജീവിതം സമ്പുഷ്ടമായി നീങ്ങി. ആ ജീവിതത്തില്‍ സൈദ്, റുഖിയ്യ എന്നീ രണ്ട് കുസുമങ്ങള്‍ പിറന്നു. പക്ഷെ, സൈദ് പിന്നീട് അധികകാലം ജീവിച്ചില്ല. ശാമിലെ മുത്തത്ത് രണാങ്കളത്തില്‍ സൈദ് ശഹീദായി.
കാലം മുന്നോട്ടു നീങ്ങി. വിധവയായ ഉമ്മുകുല്‍സൂമിനെത്തേടി സുബൈറുബ്‌നു അവ്വാം എത്തി. നബി(സ)യുടെ സന്തതസഹചാരിയും അസദ് കുടുംബത്തിലെ പ്രഗത്ഭനുമായ സുബൈര്‍ നേരത്തെത്തന്നെ ഉമ്മുകുല്‍സൂമിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതാണ്. അവര്‍ രണ്ടു പേരും വിവാഹിതരായി. ആ ജീവിതത്തില്‍ പിറന്നതാണ് സൈനബ്. പക്ഷെ, സു ബൈര്‍(റ)വിന് സ്ത്രീകളോടുണ്ടായിരുന്ന കടുത്ത സ്വഭാവം കാരണമായി ഉമ്മുകുല്‍സൂം സ്വയം വിവാഹമോചിതയാവുകയായിരുന്നു.
പിന്നീട് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്ന അബ്ദുറഹ്മാനുബ്‌നു ഔഫാണ് വിവാഹം ചെയ്തത്. മദീനയിലെ വ്യവസായ പ്രമുഖനായിരുന്ന അബ്ദുറഹ്മാനുബ്‌നു ഔഫിനോടൊന്നിച്ചു സംതൃപ്തമായ ജീവിതം നയിക്കാന്‍ ഉമ്മുകുല്‍സൂമിനവസരമുണ്ടായി. ഇബ്രാഹീം, ഹുമൈദ് എന്നീ രണ്ടു മക്കള്‍ ജനിക്കുകയും ചെയ്തു. രണ്ടു പേരും പ്രഗത്ഭ പണ്ഡിതരും ബുദ്ധിമാന്‍മാരുമായിരുന്നു. കൂട്ടത്തില്‍ ഹുമൈദ്(റ) പ്രശസ്തനും പ്രഗത്ഭ പണ്ഡിതരുമായി അറിയപ്പെട്ട വ്യക്തിത്വമാണ്. ഹിജ്‌റ 95 ലാണ് അദ്ദേഹം മരണപ്പെട്ടത്.
ഹിജ്‌റ 18ല്‍ അബ്ദുറഹ്മാനുബ്‌നു ഔഫ് വഫാതാവുന്നതു വരെ ഉമ്മുകുല്‍സൂം അദ്ദേഹത്തോടൊപ്പം ജീവിച്ചു. പിന്നീട് അംറുബ്‌നു ആസിനെ കല്ല്യാണം കഴിക്കുകയും അദ്ദേഹത്തോടൊപ്പമുള്ള ജീവിത കാലത്ത് മഹതി മരണപ്പെടുകയും ചെയ്തു.
Leave A Comment