മുത്വലാഖ് ക്രിമിനല്‍ കുറ്റമോ?!

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തു സമസ്ത കേരള ജംഇയത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണല്ലോ.

മറ്റു മതങ്ങളില്‍‍ വിവാഹമോചനം ക്രിമിനല്‍ കുറ്റമല്ലാത്ത സ്ഥിതിക്ക് ഇസ്‌ലാം മതാനുയായികളുടേതു മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നതിനെയാണ് സമസ്ത ചോദ്യം ചെയ്യുന്നത്. ഏത് മതം സ്വീകരിക്കാനും മതാനുസൃതമായി ജീവിക്കാനും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നിട്ടും ഒരു മതത്തെ മാത്രം ലക്ഷ്യമാക്കി, അവരുടെ മതനിയമത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഒരു നിലക്കും നീതീകരിക്കാനാവില്ല.

ഇസ് ലാമിലെ മുത്വലാഖ് അല്ല, വനിതാസമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നതും ചിന്താവിധേയമാക്കേണ്ടതുണ്ട്. സ്ത്രീ സുരക്ഷക്കു വേണ്ടി നിര്‍മിക്കപ്പെട്ട നിയമമാകട്ടെ ആ സ്ത്രീയുടെയും കുട്ടികളുടെയും നിരാശ്രയത്വവും അരക്ഷിതാവസ്ഥയുമാണ് വരുത്തിവെക്കുക. മുത്വലാഖ് ചൊല്ലിയവന്‍ തടങ്കലിലാവുകയാണല്ലോ. ശരീഅത്ത് നിയമ ഭേദഗതിയിലേക്കുള്ള ചവിട്ടുപടിയാണിത് എന്നും മറന്നുകൂടാ.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുത്വലാഖ് നിരോധനം തന്നെ സ്രഷ്ടാവിന്റെ തീരുമാനത്തോടുള്ള വെല്ലുവിളിയാണ്. മാത്രവുമല്ല, ഭൗതിക നിയമത്തിന്റെ പേരില്‍ മുത്വലാഖിന് നിയമസാധുത കല്‍പിക്കാതിരുന്നാല്‍ ഇണകള്‍ തമ്മില്‍ പിന്നീടുണ്ടാകുന്ന ശാരീരിക ബന്ധങ്ങള്‍ വ്യഭിചാരമായിട്ടാണ് മതദൃഷ്ട്യാ ഗണിക്കപ്പെടുന്നത്.

മുത്വലാഖ് വിഷയത്തിലെ സമസ്തയുടെ ഏകാംഗ പോരാട്ടത്തിനു കൂടൂതല്‍ പിന്തുണയുണ്ടാകേണ്ടതുണ്ട്. രാജ്യത്തെ മറ്റു മത-രാഷ്ട്രീയ സംഘടനകളും ഈ നിയമ പോരാട്ടത്തിന്റെ പ്രാധാന്യം വേണ്ട രീതിയില്‍ ഉള്‍കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter